നിശബ്ദതയ്ക്കു ഞാൻ കാതു കൊടുക്കുന്നു. നിശബ്ദത എന്നൊരു വസ്തുവുണ്ടോ? നാം അതിന്റെ പേരു മറക്കുകയും എന്താണതിലുള്ളതെന്നതിനു ശ്രദ്ധയോടെ കാതു കൊടുക്കുകയും ചെയ്താൽ സ്ഥലരാശിയിലലയുന്ന കാറ്റുകളുടെ ശബ്ദവും ആദിമഗുഹകളിലേക്കു മടങ്ങുന്ന ഒച്ചകളും നമുക്കു കേൾക്കാറാകും. കാറ്റത്താവിയായി ലയിച്ച ശബ്ദമാണു നിശബ്ദത; പ്രപഞ്ചവിപുലമായ തണ്ണീർക്കുടങ്ങളിലിട്ടടച്ചു വച്ചിരിക്കുന്ന മാറ്റൊലികളായിച്ചിതറിയ ശബ്ദമാണത്. ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, ദൈവത്തിന്റെ ഉദ്യാനത്തിൽ ഒരു കല്ലിന്മേൽ ആപ്പിൾ വന്നുവീഴുന്ന ചതഞ്ഞ ശബ്ദം, സ്വന്തം ചോര ആദ്യമായി കണ്ട ആബേലിന്റെ ഭയന്ന നിലവിളി, തങ്ങൾ എന്താണു ചെയ്യുന്നതെന്നറിയാത്ത ഒരാണിനും പെണ്ണിനുമിടയിലെ തൃഷ്ണയുടെ ആദിമരോദനങ്ങൾ. തിമിംഗലത്തിന്റെ ഉദരത്തിലിരുന്നുള്ള യോനായുടെ ചിന്തകളും ആദിദേവതകൾ തമ്മിലുള്ള രഹസ്യസംഭാഷണങ്ങളും നമുക്കു കേൾക്കാം. നിശബ്ദതയുടെ മൂടുപടത്തിനു പിന്നിലെന്താണുള്ളതെന്നതിനു നാം ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, പ്രവാചകന്മാരും ഭാര്യമാരും തമ്മിലുള്ള രാത്രിസംഭാഷണങ്ങൾ, പ്രാക്തനകവിതയുടെ താളങ്ങൾ, സുഖങ്ങൾ മടുത്ത സിബറൈറ്റുകളുടെ പരാതികൾ, ഏതെന്നറിയാത്തൊരു സ്ഥലത്തും കാലത്തും നടന്ന ഒരു പടയുടെ കുളമ്പടിശബ്ദങ്ങൾ, വിഷയാസക്തി എന്ന പാവനാനുഷ്ഠാനത്തിന്റെ പിന്നണിസംഗീതം, തന്റെ സ്നേഹിതനായ എങ്കിഡുവിനെച്ചൊല്ലി ഗിൽഗമേഷിന്റെ കണ്ണീർത്തുള്ളികൾ, ഗോത്രസിംഹാസനമേറ്റെടുക്കാനായി മരങ്ങൾക്കിടയിൽ നിന്നു പുറത്തു ചാടുമ്പോൾ വാനരന്റെ സംഭ്രാന്തികൾ, സാറായും ഹഗാറും പരസ്പരം ചൊരിഞ്ഞ അധിക്ഷേപങ്ങളും. നിശബ്ദതയുടെ ശബ്ദത്തിനു ശ്രദ്ധയോടെ കാതു കൊടുത്താൽ നാം ഇത്ര തന്നെ സംസാരിക്കുകയുമില്ല.
ആബേൽ- ഭ്രാതൃഹത്യയുടെ ആദ്യത്തെ ഇര
യോന- മൂന്നു രാപകലുകൾ ഒരു തിമിംഗലത്തിന്റെ വയറ്റിൽ കഴിച്ച പഴയനിയമത്തിലെ പ്രവാചകൻ
സിബറൈറ്റുകൾ- സിബറിസ് എന്ന പ്രാചീന ഗ്രീക്കുനഗരത്തിലെ സുഖലോലുപരായ നിവാസികൾ
ഗിൽഗമേഷ്, എങ്കിഡു- സുമേറിയൻ ഇതിഹാസകഥാപാത്രങ്ങൾ
സാറാ, ഹഗാർ- പഴയ നിയമത്തിൽ അബ്രഹാമിന്റെ ഭാര്യയും വേലക്കാരിയും
No comments:
Post a Comment