മരണം നിങ്ങളെ ചാപ്പ കുത്തിക്കഴിഞ്ഞാൽ
ആർക്കും പിന്നെ നിങ്ങളെ ഇഷ്ടമില്ലാതാവുന്നു,
അവൻ നിങ്ങളെ കൊണ്ടുപോകും മുമ്പേ തന്നെ
നിങ്ങൾ മാറ്റിനിർത്തപ്പെട്ടവനായിക്കഴിഞ്ഞു.
നിങ്ങൾ ചിരിച്ചുകളിച്ചു നടക്കുമായിരുന്നു,
നിങ്ങൾ നന്നായി പിയാനോ വായിക്കുമായിരുന്നു,
ഇന്നു പക്ഷേ, എന്തു കാരണത്താലെന്നറിയുന്നില്ല,
കൂട്ടുകാർ നിങ്ങളിൽ നിന്നകന്നുപോയിരിക്കുന്നു.
എത്ര ഊർജ്ജസ്വലമാണു നിങ്ങളുടെ പ്രകൃതമെന്ന്
ഒരിക്കലവരേറെപ്പുകഴ്ത്തിയതായിരുന്നു;
ഇന്നവരുടെ നിശിതമായ ചൂണ്ടുവിരലുകൾ
നിങ്ങളെ ഏകാന്തത്തടവിലേക്കയക്കുന്നു.
നിങ്ങളുടെ കവിളുകൾ വീണുകഴിഞ്ഞു,
നിങ്ങളുടെ കണ്ണുകൾ വീങ്ങിയിരിക്കുന്നു,
അവരിലൊരാളിങ്ങനെ ചോദിച്ചുവെന്നു വരാം:
‘ഇയാൾക്കിതെന്തു പറ്റി?’
അവസാനത്തെ രാത്രിക്കായൊരുങ്ങി
നിങ്ങൾ ചെന്നു കിടക്കും മുമ്പേ
ഭ്രഷ്ടിന്റെ ഉണക്കറൊട്ടി
നിങ്ങൾക്കു രുചിക്കേണ്ടിവരും.
ശൂന്യമായിക്കഴിഞ്ഞ സുഹൃദ് വലയത്തിനുള്ളിൽ നിന്നും
അപ്രത്യക്ഷനാവാൻ നിങ്ങൾക്കനുമതി കിട്ടും മുമ്പേ
ഗോളാന്തരാളങ്ങളുടെ മഞ്ഞുവെള്ളം
നിങ്ങൾക്കേറെക്കുടിക്കേണ്ടിവരും.
ഫ്രാൻസ് വെർഫെൽ(1890-1945)- കാഫ്കയുടെ സമകാലീനനായ ഓസ്ട്രിയൻ കവിയും നാടകകൃത്തും.
No comments:
Post a Comment