Saturday, January 18, 2014

യവ്തുഷെങ്കോ -അസൂയ

images

എനിക്കസൂയയുണ്ട്.
ഈ രഹസ്യം
ഇതേവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല.
എനിക്കറിയാം
ഞാൻ കണക്കറ്റസൂയപ്പെടുന്ന ഒരു കുട്ടി
എവിടെയോ ഉണ്ടെന്ന്.
അവനെപ്പോലെ
ഇത്ര നിഷ്കളങ്കനും ധൈര്യശാലിയുമാവാൻ
എനിക്കിതേവരെ കഴിഞ്ഞിട്ടില്ല.
അവൻ ചിരിക്കുന്ന രീതി കാണുമ്പോൾ
ഞാൻ അസൂയപ്പെട്ടുപോകുന്നു-
അതുപോലെ ചിരിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.
ദേഹം മുഴുവൻ മുഴയും മുറിവുമായിട്ടാണവൻ നടക്കുക;
ഞാൻ മുടി ഭംഗിയായി കോതിവച്ചും ഉടവു തട്ടാതെയും.
പുസ്തകങ്ങളിൽ ഞാൻ കാണാതെപോയ ഭാഗങ്ങൾ
അവന്റെ കണ്ണിൽപ്പെടാതെപോയിട്ടില്ല.
ഇവിടെ കൂടുതൽ കരുത്തനും അവനായിരുന്നു.
ആർജ്ജവം കൂടുതൽ അവനായിരുന്നു,
നിശിതമായ സത്യസന്ധതയും.
അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടെന്നു വന്നാല്ക്കൂടി
ഒരു തിന്മയ്ക്കും അവൻ മാപ്പു കൊടുത്തിരുന്നില്ല.
“ഇതു കൊണ്ടെന്തു കാര്യം?”
എന്നു പറഞ്ഞു ഞാൻ പേന താഴെ വച്ചിരുന്നിടത്തു നിന്ന്
“അതുകൊണ്ടു കാര്യമുണ്ട്!”
എന്നുറപ്പിച്ചു പറഞ്ഞുകൊണ്ട്
അവൻ പേനയെടുത്തിരുന്നു.
കുരുക്കഴിക്കാനായില്ലെങ്കിൽ
അവനതു വെട്ടിമുറിക്കുമായിരുന്നു,
എനിക്കാവട്ടെ, അഴിക്കാനുമായില്ല, മുറിക്കാനുമായില്ല.
അവന്റെ പ്രണയം ഉറച്ചതായിരുന്നു,
എനിക്കത് കയറിയിറങ്ങാനുള്ളതായിരുന്നു.
ഞാനെന്റെ അസൂയ മറച്ചുവയ്ക്കുന്നു.
മുഖത്തു ചിരി വരുത്തുന്നു.
ഒരു സാധുജന്മമാണു ഞാനെന്നു നടിക്കുന്നു:
“ചിരിക്കാനുമൊരാൾ വേണ്ടേ;
എല്ലാവരും ഒരേപോലെയല്ലല്ലോ ജീവിക്കേണ്ടതും...“
”ഓരോ ആൾക്കും ഓരോ തലയിലെഴുത്ത്“
എന്നുരുക്കഴിച്ചുകൊണ്ട്
സ്വയം വിശ്വസിപ്പിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും,
എനിക്കു മറക്കാൻ കഴിയുന്നില്ല,
എവിടെയോ ഒരു കുട്ടിയുണ്ട്,
എന്നെക്കാൾ നേട്ടങ്ങൾ കൈവരിക്കുന്നവനെന്ന്.

(1955)


No comments: