Tuesday, January 21, 2014

യവ്തുഷെങ്കോ - സൌമനസ്യം


(മയക്കോവ്സ്കിയുടെ അമ്മ മകന്റെ ജഡത്തിനരികില്‍ )

ഏതു കാലത്തേതു വിധമാണിതു നടപ്പുരീതിയായത്:
“ജീവിച്ചിരിക്കുന്നവരോടു മനഃപൂർവ്വമായ ഉദാസീനത,
                              മരിച്ചവർക്കു മനഃപൂർവ്വമായ പരിലാളന?”
ആളുകളുടെ തോളുകളിടിയുന്നു,
അവർ ചിലപ്പോൾ കുടിച്ചു മതികെടുന്നു,
ഒന്നൊന്നായവർ വിട്ടുപോകുന്നു,
പ്രഭാഷകന്മാർ ശവപ്പറമ്പുകളിൽ നിന്നുകൊണ്ട്
സൌമനസ്യം കലർന്ന വാക്കുകൾ ചരിത്രത്തോടു പറയുന്നു...
മയക്കോവ്സ്കിയുടെ ജീവനെടുത്തതെന്തായിരുന്നു?
അദ്ദേഹത്തിന്റെ കൈകളിൽ തോക്കു വച്ചുകൊടുത്തതെന്തായിരുന്നു?
ആ ശബ്ദത്തിനുടമയായൊരാൾ,
ആ രൂപത്തിനുടമയായൊരാൾ:
സൌമനസ്യത്തിന്റെ ഒരു തുണ്ടെങ്കിലും
ജീവിച്ചിരിക്കുമ്പോൾ അവർ അദ്ദേഹത്തിനു വച്ചുനീട്ടിയിരുന്നെങ്കിൽ.
മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ-
                          അവർ ശല്യക്കാരാണ്‌.
സൌമനസ്യം

                          ഒരു മരണാനന്തരബഹുമതിയത്രെ.

(1955) 

No comments: