തണുപ്പിനൊരായിരം രൂപങ്ങളാണ്; അതിന്റെ ലോകസഞ്ചാരത്തിന് ഒരായിരം രീതികളുമാണ്. കടലിൽ അത് കുതിരപ്പറ്റം പോലെ കുതിച്ചുപായുമ്പോൾ നാട്ടിൻപുറത്ത് വെട്ടുക്കിളിപ്പറ്റം പോലെ വന്നുവീഴുകയാണത്. നഗരങ്ങളിലാവട്ടെ, അത് കത്തിയലകു പോലെ തെരുവുകളെ കീറിമുറിക്കുകയും ചൂടു പിടിപ്പിക്കാത്ത വീടുകളുടെ വിള്ളലുകളിലൂടെ തുളച്ചുകേറുകയും ചെയ്യുന്നു. മാർക്കോവാൽഡോയുടെ വീട്ടിൽ അന്നു വൈകുന്നേരമായതോടെ അവർ അവസാനത്തെ ചുള്ളിക്കമ്പും എരിച്ചുകഴിഞ്ഞിരുന്നു. സ്റ്റൗവിൽ കനലുകൾ കെട്ടുമറയുന്നതും ഓരോതവണ ശ്വാസം വിടുമ്പോഴും തങ്ങളുടെ വായകളിൽ നിന്ന് കുഞ്ഞുമേഘങ്ങൾ ഉയരുന്നതും നോക്കി ഓവർക്കോട്ടുകളിൽ കൂനിപ്പിടിച്ചിരിക്കുകയായിരുന്നു ആ കുടുംബം. അവർ സംസാരം നിർത്തിയിരുന്നു; അവർക്കു പകരം ആ കുഞ്ഞുമേഘങ്ങളാണ് സംസാരിച്ചത്. മാർക്കോവാൽഡോയുടെ ഭാര്യയുടെ വായിൽ നിന്നുയർന്നത് ദീർഘനിശ്വാസങ്ങൾ പോലെ നീണ്ടുകനത്ത മേഘങ്ങളായിരുന്നു; കുട്ടികൾ പലതരം സോപ്പുകുമിളകൾ പോലെ അവ ഊതിവിട്ടു. മാർക്കോവാൽഡോയുടെ വായിൽ നിന്നാവട്ടെ, പ്രതിഭയുടെ മിന്നായങ്ങൾ പോലെ വന്നതും മാഞ്ഞുപോകുന്ന മേഘങ്ങളാണ് തെറിച്ചുതെറിച്ചു പുറത്തേക്കു വന്നത്.
അവസാനം മാർക്കോവാൽഡോ ഒരു തീരുമാനമെടുത്തു:"ഞാൻ വിറകു കിട്ടുമോയെന്നു നോക്കിയിട്ടുവരാം. എവിടുന്നെങ്കിലും കിട്ടിയാലോ?" തണുത്ത കാറ്റിനെതിരെ ഒരു കവചമെന്നപോലെ ഷർട്ടിനും ജാക്കറ്റിനുമിടയിലായി നാലഞ്ചു പത്രക്കടലാസുകൾ തിരുകി, ഓവർക്കോട്ടിനുള്ളിൽ നീണ്ടൊരു അറുക്കവാളും ഒളിപ്പിച്ചുവച്ച് ആ ഇരുട്ടത്ത് അയാൾ ഇറങ്ങിപ്പോയി. ഒരു കുടുംബത്തിന്റെ നിർന്നിമേഷവും പ്രതീക്ഷ നിറഞ്ഞതുമായ നോട്ടങ്ങൾ അയാളെ പിന്തുടർന്നുചെന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും കടലാസ്സുരുമ്മുന്ന മർമ്മരം അയാളിൽ നിന്നുയരുന്നുണ്ടായിരുന്നു; ഇടയ്ക്കിടെ കോളറിനു മുകളിൽ നിന്ന് അറുക്കവാൾ തല നീട്ടുകയും ചെയ്തിരുന്നു.
നഗരത്തിൽ വിറകന്വേഷിക്കുക: പറയാനെന്തെളുപ്പം! രണ്ടു തെരുവുകൾക്കിടയിലുള്ള ഒരു പാർക്കിനു നേർക്ക് മാർക്കോവാൽഡോ വച്ചുപിടിച്ചു. എങ്ങും ആരുമില്ല. ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങൾ അയാളുടെ നിരീക്ഷണത്തിനു വിധേയമായി. പല്ലു കൂട്ടിയിടിച്ചുകൊണ്ട് തന്നെ കാത്തിരിക്കുന്ന ഒരു കുടുംബമായിരുന്നു അയാളുടെ മനസ്സിൽ.
സ്കൂളിലെ വായനശാലയിൽ നിന്ന് അന്നെടുത്ത നാടോടിക്കഥകളുടെ പുസ്തകം പല്ലും കൂട്ടിയിടിച്ചുകൊണ്ട് വായിക്കുകയായിരുന്നു കൊച്ചുമിഷെലിനോ. ഒരു മരംവെട്ടിയുടെ മകൻ മഴുവുമെടുത്ത് കാട്ടിൽ മരം വെട്ടാൻ പോകുന്നതാണു കഥ. "അവിടെയല്ലേ പോകേണ്ടത്! മരം വേണമെങ്കിൽ കാട്ടിൽ പോകണം." നഗരത്തിൽ ജനിച്ചുവളർന്ന ആ കുട്ടി ദൂരെനിന്നുപോലും കാടു കണ്ടിട്ടില്ല.
അവൻ അപ്പോൾത്തന്നെ ഏട്ടന്മാരുമായി കൂടിയാലോചിച്ച് ഒരു പദ്ധതിയിട്ടു. ഒരാൾ മഴുവെടുത്തു; മറ്റൊരാൾ കൊളുത്തും ഇനിയൊരാൾ കയറുമെടുത്തു. എന്നിട്ട് മമ്മായോടു യാത്രയും പറഞ്ഞ് അവർ കാടു തിരക്കിയിറങ്ങി.
തെരുവുവിളക്കുകൾ പ്രകാശം പരത്തിയ നഗരത്തിലൂടെ അവർ ചുറ്റിനടന്നു. പക്ഷേ അവർ കണ്ടത് കെട്ടിടങ്ങൾ മാത്രമാണ്; കാടിന്റെ പൊടിപോലുമില്ല. ഇടയ്ക്ക് എതിരേ വരുന്നവരോട് കാടെവിടെ എന്നന്വേഷിക്കാൻ അവർക്കു ധൈര്യം വന്നതുമില്ല. നടന്നുനടന്ന് തെരുവ് ഒരു ഹൈവേയിലേക്കു പ്രവേശിക്കുന്നിടത്ത് അവർ എത്തിച്ചേർന്നു. ഹൈവേക്കിരുവശവുമായി കുട്ടികൾ കാടു കണ്ടു. വിചിത്രമായ മരങ്ങളുടെ ഒരു പെരുംകാട് വയലുകളുടെ കാഴ്ച മറച്ചുനിൽക്കുകയാണ്. നിവർന്നും ചാഞ്ഞുമൊക്കെ നിൽക്കുന്ന അവയുടെ തടി വളരെ മെല്ലിച്ചവയായിരുന്നു; തലപ്പുകളാവട്ടെ, പരന്നുപന്തലിച്ചതും. കടന്നുപോകുന്ന കാറുകളുടെ വെളിച്ചമടിക്കുമ്പോൾ എത്രയും വിചിത്രമായ രൂപങ്ങളും നിറങ്ങളും അവയിൽ തെളിഞ്ഞു. ടൂത്ത്പേസ്റ്റ് ട്യൂബിന്റെയും മുഖത്തിന്റെയും ചീസിന്റെയും കൈയുടെയും റേസറിന്റെയും കുപ്പിയുടെയും പശുവിന്റെയും ടയറിന്റെയും ആകൃതിയിലുള്ള ചില്ലകൾ; അവയ്ക്കിടയിൽ അക്ഷരങ്ങളുടെ ഇലപ്പടർപ്പുകൾ.
"ഹായ്!" മിഷെലിനോ ആർത്തുവിളിച്ചു. "ഇതാ കാട്!"
ആ വിചിത്രമായ നിഴലുകൾക്കിടയിലൂടെ ചന്ദ്രനുദിച്ചുയരുന്നതും നോക്കി മന്ത്രമുഗ്ധരായി അവർ നിന്നു. "എന്തു ഭംഗിയാണ്....!" തങ്ങൾ വന്നതെന്തിനാണെന്ന് മിഷെലിനോ അവരെ ഓർമ്മപ്പെടുത്തി: വിറകു ശേഖരിക്കുക. അങ്ങനെ മഞ്ഞറോസാക്കുലയുടെ രൂപമുള്ള ഒരു കൊച്ചുമരം വെട്ടിവീഴ്ത്തി കഷണങ്ങളാക്കി അവർ വീട്ടിലേക്കു തിരിച്ചു.
മർക്കോവാൽഡോ തനിക്കു കിട്ടിയ നനഞ്ഞ ചുള്ളിക്കമ്പുകളുമായി വീട്ടിലെത്തിയപ്പോൾ കാര്യമായിട്ടു സ്റ്റൗവെരിയുന്നതാണു കണ്ടത്.
"ഇതെവിടുന്നു കിട്ടി?" പരസ്യബോർഡിന്റെ ബാക്കിവന്ന ഒരു കഷണത്തിലേക്കു ചൂണ്ടി അയാൾ ചോദിച്ചു. പ്ലൈവുഡായതുകാരണം ബാക്കിയുള്ളതൊക്കെ എരിഞ്ഞുതീർന്നിരുന്നു.
"കാട്ടിൽ നിന്ന്," കുട്ടികൾ പറഞ്ഞു.
"ഏതു കാട്?"
"ഹൈവേയുടെ അടുത്തുള്ളത്; അതുനിറയെ മരങ്ങളാണച്ഛാ."
സംഗതി ഇത്ര ലളിതമായ സ്ഥിതിക്ക്, വിറകിനിയും വേണ്ടിവരുമെന്നതിനാലും, താനും കുട്ടികളുടെ മാർഗ്ഗം പിന്തുടർന്നാലെന്തെന്ന് മാർക്കോവാൽഡോയ്ക്ക് ചിന്തപോയി. അറുക്കവാളുമായി അയാൾ വീണ്ടും പുറത്തേക്കിറങ്ങി; ഹൈവേയിലേക്കാണ് അയാൾ പോയത്.
ഹൈവേപോലീസിൽപ്പെട്ട ഓഫീസർ അസ്റ്റോൾഫോ അൽപ്പം കാഴ്ചക്കുറവുള്ളയാളാണ്; രാത്രിഡ്യൂട്ടിക്ക് മോട്ടോർസൈക്കിളിൽ പോകുമ്പോൾ അയാൾ കണ്ണട വയ്ക്കേണ്ടതുമാണ്. പക്ഷേ പ്രമോഷനെ ബാധിക്കുമോയെന്ന പേടി കാരണം അയാൾ സംഗതി പുറത്തു മിണ്ടിയിട്ടില്ല.
കുറേ കുട്ടികൾ പരസ്യബോർഡുകൾ നശിപ്പിക്കുന്നതായി അന്നു രാത്രി ഒരു റിപ്പോർട്ടു കിട്ടിയിരുന്നു. ഓഫീസർ അസ്റ്റോൾഫോ അതന്വേഷിക്കാൻ പുറപ്പെട്ടിരിക്കുകയാണ്.
ഹൈവേക്കിരുവശവുമായി വിചിത്രരൂപങ്ങൾ നിറഞ്ഞ ഒരു വനം ഉപദേശങ്ങൾ നൽകിയും ചേഷ്ടകൾ കാണിച്ചും അയാളെ അകമ്പടി സേവിച്ചു. വെള്ളെഴുത്തു പിടിച്ച കണ്ണുകൾ വിടർത്തി അയാൾ അവയോരോന്നിനെയും സൂക്ഷിച്ചുനോക്കി. മോട്ടോർസൈക്കിളിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു പരസ്യത്തിന്റെ മുകളറ്റത്തു കയറിപ്പറ്റിയ ഒരു കൊച്ചുപയ്യനെ അയാൾ കണ്ടുപിടിച്ചു. അസ്റ്റോൾഫോ ബ്രേക്കിട്ടു."എന്തെടാ അവിടെ ചെയ്യുന്നത്! ഇറങ്ങിവാടാ!" പയ്യൻ പക്ഷേ ഒരു കുലുക്കവുമില്ലാതെ നാവും നീട്ടിക്കാണിച്ചു നിന്നതേയുള്ളു. അസ്റ്റോൾഫോ അടുത്തുചെന്നു നോക്കി; ഒരു ചീസിന്റെ പരസ്യമായിരുന്നു അത്. ഒരു കുട്ടി ചിറി നക്കുന്ന ചിത്രവുമുണ്ട്. "ഓഹോ, അതു ശരി," അയാൾ പറഞ്ഞു; എന്നിട്ടയാൾ മോട്ടോർസൈക്കിൾ ഇരമ്പിച്ച് മുന്നോട്ടുപോയി.
അൽപ്പദൂരം ചെന്നപ്പോൾ വലിയൊരു പരസ്യബോർഡിന്റെ നിഴലത്ത് ഭീതിയും വിഷാദവും നിറഞ്ഞ ഒരു മുഖം അയാളുടെ കണ്ണിൽപ്പെട്ടു. "അനങ്ങിപ്പോകരുത്! ഓടിക്കളയാനൊന്നും നോക്കേണ്ട!" പക്ഷേ ആരും ഓടിപ്പോയില്ല; ആണി ബാധിച്ച ഒരു പാദത്തിന്റെ നടുക്കു വരച്ചുവച്ചിരുന്ന വേദന തിന്നുന്ന ഒരു മുഖമായിരുന്നു അത്: ആണിരോഗത്തിനുള്ള ഏതോ മരുന്നിന്റെ പരസ്യം. "അയ്യോ, പാവം!" തന്നത്താൻ പറഞ്ഞുകൊണ്ട് അസ്റ്റോൾഫോ വീണ്ടും മുന്നോട്ടു കുതിച്ചു.
ഒരു വേദനസംഹാരിയുടെ പരസ്യം തലനോവു കൊണ്ടു കണ്ണും പൊത്തിനിൽക്കുന്ന വലിയൊരു മനുഷ്യശിരസ്സായിരുന്നു. അസ്റ്റോൾഫോ അതിനു മുന്നിലൂടെ പോകുമ്പോൾ ഹെഡ്ലൈറ്റിന്റെ വെളിച്ചം മാർക്കോവാൽഡോയുടെ മുഖത്തടിച്ചു; അറുക്കവാളുമായി അതിന്റെ മുകളിൽ കയറി ഇരിക്കുകയായിരുന്നു അയാൾ. വെളിച്ചമടിച്ചു കണ്ണഞ്ചിയപ്പോൾ അയാൾ ആ വൻതലയുടെ ഒരു ചെവിയിൽ മുറുകെപ്പിടിച്ച് നിശ്ചേഷ്ടനായി കൂനിക്കൂടിയിരുന്നു. അറുക്കവാൾ അറുത്തറുത്ത് നെറ്റിയുടെ പകുതി വരെ എത്തിയിരുന്നു.
അസ്റ്റോൾഫോ പരസ്യം അതിസൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയിട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു:"അതുശരി, സ്റ്റപ്പാഗ്ഗുളിക! ഒന്നാന്തരം പരസ്യം! അറുക്കവാളുമായി മുകളിലിരിക്കുന്ന ആ കൊച്ചുമനുഷ്യൻ തല വെട്ടിപ്പൊളിക്കുന്ന ചെന്നിക്കുത്തിനെയാണ് കാണിക്കുന്നത്. എനിക്കെത്രവേഗം സംഗതി പിടികിട്ടി!" അയാൾ തൃപ്തിയോടെ വണ്ടി വിട്ടു.
എങ്ങും നിശ്ശബ്ദതയും തണുപ്പും മാത്രമായി. മാർക്കോവാൽഡോ ഒരു ദീർഘനിശ്വാസം വിട്ടു. ഒട്ടും സുഖമില്ലാത്ത ആ ഇരുപ്പിലിരുന്നുകൊണ്ട് അയാൾ തന്റെ മുടങ്ങിയ പണി പുനരാരംഭിച്ചു. അറുക്കവാൾ തടിയിലുരയുന്ന അമർന്ന ശബ്ദം നിലാവു നിറഞ്ഞ ആകാശത്തു പരന്നു.
(ഇറ്റാലിയൻ കഥ)
3 comments:
iniyum vivarthanangal prathkshikunnu
ഇതിഷ്ടായി, ഈ റേഞ്ചിലുള്ള എല്ലാ എഴുത്തുകാരും എനിയ്ക്കിഷ്ടപ്പെട്ടവാരാന്. ആദ്യായിട്ടാണ് കാല്വിനോയെ മലയാളത്തില്‍ വായിയ്ക്കുന്നത്. വേറെ ഉണ്ടോ ആവോ ,മലയാളത്തില്‍ അധികം വിവര്‍ത്തനം ചെയ്യപ്പെടാത്ത എഴുത്തുകാരന്‍ ആണെന്ന് തോന്നുന്നു കാല്‍വിനോ, ഞാന്‍ ഏതായാലും കണ്ടിട്ടില്ല.
നന്ദി. മനോഹരമായ ഈ വിവര്‍ത്തനങ്ങള്‍ക്ക്.
Post a Comment