1
തിന്നുക കുടിയ്ക്കുക
ഉറങ്ങുക ഉണരുക-
നമുക്കു കർമ്മങ്ങളിതൊക്കെ.
പിന്നെയെന്തുണ്ടു ബാക്കി?
മരിക്കുകതന്നെ.
2
മനസ്സിനില്ലിളക്കമെങ്കിൽ
ലോകത്തിനുമില്ലിളക്കം;
ഉള്ളതൊന്നുമുള്ളതല്ല,
ഇല്ലാത്തതില്ലാതെയുമല്ല.
ഉള്ളതിലള്ളിപ്പിടിയ്ക്കാതെ,
ഇല്ലാത്തതിൽപ്പോയിക്കുടുങ്ങാതെ.
യോഗിയല്ല,ജ്ഞാനിയുമല്ല നിങ്ങൾ
ചെയ്യാനുള്ളതൊക്കെ ചെയ്തുതീർത്ത
സാമാന്യനായൊരാൾ.
3
കൈയിലൊന്നുമെടുത്തില്ല,
തൂമ്പയുണ്ടെൻ കൈയില്ലെന്നാൽ;
നടന്നിട്ടാണു പോക്കെന്നാൽ
പോത്തിൻപുറത്താണിരുപ്പെനിക്ക്.
പാലം കടന്നുപോകുമ്പോൾ
ഉറഞ്ഞ പുഴ, ഒഴുകുന്ന പാലം.
4
എവിടുന്നു വന്നു ബുദ്ധൻ,
എവിടെയ്ക്കു പോകുന്നു ബുദ്ധൻ?
എവിടെയുമുണ്ടു ബുദ്ധനെങ്കിൽ
എവിടെക്കാണും ബുദ്ധനെ?
5
ദേഹമൊരു ബോധി
ആത്മാവൊരു ദർപ്പണം;
പൊടി പറ്റിപ്പിടിയ്ക്കാതെ
എന്നും തുടച്ചുവയ്ക്കത്.
6
ആയിരം മലകൾക്കു മേൽ
ഉയരത്തിലൊരു മലമുടി.
അതിലുണ്ടൊരു പാഴ്ക്കുടിൽ.
ഒരു പാതിയിലൊരു ഭിക്ഷു
മറുപാതിയിലൊരു മേഘം.
ഇന്നലത്തെ കൊടുങ്കാറ്റിൽ
മേഘമങ്ങു പാറിപ്പോയി.
മേഘത്തിനെങ്ങുന്നു കിട്ടാൻ
ഈ കിഴവന്റെയാക്കഴിവ്!
7
അത്ഭുതശക്തി,ആശ്ചര്യവൃത്തി-
വെള്ളം കോരുക, വിറകു വെട്ടുക!
2 comments:
വെളിച്ചത്തിന് എന്തൊരുവെളിച്ചം!(ബഷീര്‍)
നന്ദി.ആശംസകള്‍!
കൊള്ളാം
Post a Comment