Monday, December 7, 2009

കാഫ്ക-വചനങ്ങള്‍

kafka

*
വിചാരണ നേരിടുന്ന മനുഷ്യനും അതിനു സാക്ഷിയായി നിൽക്കുന്നവനും ഞാനൊരാൾ തന്നെ.

*
ഞാൻ,ക്ഷമിക്കണേ,തീർത്തും അഗണ്യനായ ഒരു മനുഷ്യനാണ്‌; നിങ്ങളെന്നെ കാണാതെപോയാൽ അതു വലിയൊരുപകാരമായിരിക്കും.

*
എന്റെ ചിരി ഒരു കന്മതിലാണ്‌.

*
എഴുതപ്പെട്ടത്‌ ലോകത്തെ പ്രകാശിപ്പിക്കുന്നു; എഴുതിയവനോ, ഇരുട്ടിൽ മറഞ്ഞും പോകുന്നു.

*
ജീവിതം ഒരു പതനമാണ്‌; പാപത്തിലേക്കുള്ള പതനമെന്നും പറയാം.

*
ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾക്ക്‌ മരിക്കാൻ പേടിയില്ല. മരണഭയമെന്നത്‌ സഫലമാകാത്ത ഒരു ജീവിതത്തിന്റെ അന്തിമഫലമത്രെ. ഒരു വഞ്ചനയുടെ ലക്ഷണമാണത്‌.

*
നിന്റെ പുഞ്ചിരിയോ? അമർത്തിയ കണ്ണീരായിരുന്നു അത്‌.

*
യേശു-വെളിച്ചം കൊണ്ടു നിറഞ്ഞ ഒരു ഗർത്തം.

*
ജീവിതത്തെ വലിച്ചെറിയുക, അതിനെ വീണ്ടെടുക്കാൻ.

*
നിങ്ങൾ ഒരു സമസ്യയാണ്‌; ഒരു പണ്ഡിതൻ അടുത്തെങ്ങുമില്ലതാനും.

*
എന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടുകയെന്നാൽ അത്‌ ദൈവത്തെ കിട്ടുന്നതിനു തുല്യമാണ്‌.

*
വേദിയിൽ ഇരുട്ടല്ല എന്നതാണു യാഥാർത്ഥ്യം. അതു നിറയെ പകൽവെളിച്ചമാണ്‌. അതുകാരണമാണ്‌ ആളുകൾ കണ്ണടയ്ക്കുന്നതും അധികമൊന്നും കാണാത്തതും.

*
എന്തിനെങ്കിലും പ്രാപ്തനാണു നിങ്ങളെങ്കിൽ നിങ്ങൾക്കതിന്റെ ആവശ്യം തന്നെ വരില്ല.

*
അധമമായ കാര്യങ്ങൾ അങ്ങനെതന്നെ കിടക്കട്ടെ എന്നുവയ്ക്കാൻ നിങ്ങൾക്കധികാരമില്ല, മരണക്കിടക്കയിലല്ല നിങ്ങളെങ്കിൽ.

*
നിങ്ങളെ അനന്തമായി സ്നേഹിക്കുന്ന ഒരു നിഴൽ; പക്ഷേ അതിനെ വെളിച്ചത്തിലേക്കു പിടിച്ചുനിർത്തുക എന്നതുണ്ടാവില്ല.

*
തടവറയുടെ മുറ്റത്ത്‌ കഴുമരം ഉയർത്തുന്നതു കണ്ട്‌ അതു തനിക്കാണെന്നു തെറ്റിദ്ധരിക്കുകയും രാത്രിയിൽ തന്റെ മുറി തകർത്തു പുറത്തിറങ്ങി അതിൽച്ചെന്നു തൂങ്ങിച്ചാവുകയും ചെയ്യുന്ന തടവുകാരനെപ്പോലെയാണ്‌ ആത്മഹത്യയ്ക്കു തുനിയുന്നവൻ.
*
രക്തസാക്ഷികൾ തങ്ങളുടെ ഉടലുകളെ വിലകുറച്ചുകാണുന്നില്ല; അവർ അതിനെ കുരിശിലേക്കുയർത്താൻ വിട്ടുകൊടുക്കുകയാണ്‌. ഇക്കാര്യത്തിൽ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

*
യുദ്ധം കഴിഞ്ഞു വരുന്ന മൽപ്പിടുത്തക്കാരന്റേതു പോലെയായിരുന്നു അയാളുടെ ക്ഷീണം; അയാളുടെ ജോലിയാവട്ടെ, ഒരു സർക്കാരോഫീസിന്റെ ഒരു മൂല വെള്ളവലിക്കുകയും.

*
വേട്ടനായ്ക്കൾ മുറ്റത്തു കളിച്ചുകൊണ്ടുനിൽക്കുകയാണെങ്കിൽക്കൂടി അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി എത്രവേഗം കാട്ടിനുള്ളിലൂടെ പാഞ്ഞാൽപ്പോലും.

*
ലോകത്തിനും നിങ്ങൾക്കുമിടയിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

*
കിട്ടേണ്ടത്‌ ആർക്കും കിട്ടാതെയാക്കരുത്‌, ലോകത്തിനാണു ജയമെങ്കിൽ അതുപോലും.

*
ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തേക്കാൾ മനസ്സിനുന്മേഷമേകാൻ വേറെന്തിനാകും?

*
ജീവിക്കാൻ തുടങ്ങുമ്പോൾ രണ്ടു കാര്യങ്ങൾ ചെയ്യണം: നിങ്ങളുടെ ഭ്രമണപഥം ചുരുക്കിച്ചുരുക്കി കൊണ്ടുവരിക; പിന്നെ സ്വന്തം ഭ്രമണപഥത്തിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പുവരുത്തുക.

*
പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചാണ്‌ അതിന്റെ സഞ്ചാരം.

*
ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ തിരിച്ചെത്തൽ എന്നതില്ല. ആ ഘട്ടം എത്തേണ്ടിയിരിക്കുന്നു.

*
തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ഒരുകൈ നോക്കാം എന്നു നിങ്ങളോടുള്ള വെല്ലുവിളി. സ്ത്രീകളോടുള്ള യുദ്ധം പോലെയാണത്‌, കിടക്കയിലാണതിന്റെ അവസാനം.

*
തിന്മയിൽ നിന്ന് രഹസ്യങ്ങൾ സൂക്ഷിക്കാൻ പറ്റുമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

*
ആശ്രയം തേടി ലോകത്തിന്റെ മടിയിലേക്കോടിച്ചെന്നാലല്ലാതെ നിങ്ങൾ അതിൽ നിന്ന് ഏങ്ങനെ സുഖം കണ്ടെത്തും?

*
തിന്മയ്ക്ക്‌ പാർക്കാൻ ഒരിടം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നിങ്ങൾ അതിനെ വിശ്വസിക്കണമെന്ന് അതിനുമില്ല.

*
ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു;അതിൽ സംശയമൊന്നുമില്ല; പക്ഷേ അതുകൊണ്ട്‌ ആകാശം നിഷേധിക്കപ്പെടുന്നുമില്ല.കാരണം ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കസാധ്യമായത്‌.

*
ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്ക്‌ അസഹ്യമായിത്തോന്നുന്നു; മറ്റൊന്നാവട്ടെ അപ്രാപ്യവും. മരിക്കാനാഗ്രഹിക്കുന്നതിൽ നിങ്ങൾക്കിപ്പോൾ യാതൊരു നാണക്കേടും തോന്നുന്നില്ല. പഴയ തടവറയിൽ നിന്ന്(നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയൊരു തടവറയിലേക്ക്‌(അതിനെ വെറുക്കാൻ പഠിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌.

*
സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നതു പക്ഷേ, ഉയരത്തിലല്ല തറനിരപ്പിനു തൊട്ടു മുകളിലായിട്ടാണെന്നേയുള്ളു. നടന്നുപോവുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതുകൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.

*
മനുഷ്യന്റെ മുഖ്യമായ പാപങ്ങൾ രണ്ടാണ്‌: അക്ഷമയും ആലസ്യവും. മറ്റു പാപങ്ങൾ ജന്മമെടുക്കുന്നതും ഈ രണ്ടിൽ നിന്നുതന്നെ. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി; ആലസ്യം കാരണമായി അവർ പിന്നെ മടങ്ങിയതുമില്ല. ഇനിയഥവാ പാപം ഒന്നേയുള്ളുവെന്നും പറയാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി; അതുകാരണം തന്നെ അവർ മടങ്ങിയതുമില്ല.

*
ഒരാപ്പിളിന്റെ കാര്യം തന്നെയെടുക്കൂ: എത്ര വ്യത്യസ്തമായ രീതികളിൽ അതിനെ കാണാനാകും. ഒരു കൊച്ചുകുട്ടിക്ക്‌ കഷ്ടപ്പെട്ടു കഴുത്തുനീട്ടി നോക്കിയാൽ മാത്രമേ മേശപ്പുറത്തിരിക്കുന്ന ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; അതേസമയം ഗൃഹനാഥനാവട്ടെ, ആപ്പിൾ കൈയിലെടുത്ത്‌ എതിർവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.

*
പുള്ളിപ്പുലികൾ അമ്പലത്തിനുള്ളിൽ ചാടിക്കയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിക്കുന്നു; ഇതു പലതവണ ആവർത്തിച്ചുകഴിയുമ്പോൾ ഇനിയതെന്നുണ്ടാവുമെന്ന് ഗണിച്ചെടുക്കാമെന്നുമാകുന്നു; അത്‌ അനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.

*
ഒളിച്ചിരിക്കാനുള്ള ഇടങ്ങൾ അസംഖ്യമാണ്‌; മോചനമോ ഒന്നു മാത്രം. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയത്രേ.

*
ലക്ഷ്യമുണ്ട്‌, മാർഗ്ഗമില്ല; മാർഗ്ഗമെന്നു നാം പറയുന്നത്‌ ഒരിടർച്ചയാണ്‌.

*
ഏതു ഗൂഢോദ്ദേശ്യത്തോടെയാണോ നിങ്ങൾ തിന്മയ്ക്കു പാർക്കാൻ ഒരിടം കൊടുക്കുന്നത്‌, അതു നിങ്ങളുടേതല്ല തിന്മയുടേതു തന്നെയാണ്‌.

*
എന്റെ ചോദ്യത്തിനുത്തരം കിട്ടാത്തതെന്തുകൊണ്ടെന്നായിരുന്നു മുൻപെനിക്കു മനസ്സിലാകാതിരുന്നത്‌; പക്ഷെ ചോദ്യം ചോദിക്കാൻ കെൽപ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെ കഴിഞ്ഞു എന്നതാണ്‌ ഇപ്പോഴെനിക്കു മനസ്സിലാകാത്തത്‌. സത്യത്തിൽ ഞാൻ ചോദിച്ചുവെന്നേയുള്ളു, വിശ്വാസം എനിക്കുണ്ടായിരുന്നില്ല.

*
നിത്യതയുടെ പാതയിലൂടെ എത്ര നിഷ്പ്രയാസമായിട്ടാണു തന്റെ സഞ്ചാരം എന്ന് ആശ്ചര്യപ്പെട്ട ഒരാളുണ്ടായിരുന്നു; അയാൾ ഒരു കൊടുംചരിവ്‌ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.

*
അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിക്കുന്നത്‌ കാലത്തെക്കുറിച്ച്‌ നമ്മുടെ സങ്കൽപം ആ വിധമായതുകൊണ്ടുമാത്രമാണ്‌; യഥാർത്ഥത്തിൽ അതൊരു നിത്യവിചാരണയത്രെ.

*
പുരോഗതിയിൽ വിശ്വസിക്കുക എന്നാൽ പുരോഗതിയെന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കലല്ല; അങ്ങനെ ചെയ്താൽ അതു യഥാർത്ഥമായ ഒരു വിശ്വാസപ്രകടനവുമല്ല.

*
സർപ്പത്തിന്റെ മാധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല; പാപത്തിനു മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.

*
ഒരാൾ ഏറ്റവും കുറവു കള്ളം പറയുന്നത്‌ അയാൾ ഏറ്റവും കുറച്ച്‌ കള്ളം പറയുമ്പോൾ മാത്രമാണ്‌!, അല്ലാതെ കള്ളം പറയാനുള്ള അവസരങ്ങൾ ഏറ്റവും കുറവുള്ളപ്പോഴല്ല.

*
നാശമില്ലാത്ത്‌ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള സ്ഥിരവിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല. പക്ഷേ ആ നാശമില്ലാത്ത വസ്തുവും അതിന്മേലുള്ള വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടിയില്ലെന്നും വരാം. ആ നിത്യമായ ഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

6 comments:

അരുണ്‍ said...

വേട്ടനായ്ക്കൾ മുറ്റത്തു കളിച്ചുകൊണ്ടുനിൽക്കുകയാണെങ്കിൽക്കൂടി അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി എത്രവേഗം കാട്ടിനുള്ളിലൂടെ പാഞ്ഞാൽപ്പോലും

എന്തൊരു പറച്ചില്‍ ! സഹാനുഭൂതി ഒട്ടുമില്ലാതെ

പാമരന്‍ said...

great! thanx.

Melethil said...

nalla vivrathanam

ഈണം വൈക്കം said...

രവി,
വചനങ്ങൾ അസ്സലായി.

kichu said...

Mashe vachanangal kollatto assalaayittund

Echmukutty said...

ഗംഭീരം!