Wednesday, December 30, 2009

ബോദ്‌ലെയർ-നല്ല നായ്ക്കൾ

(ജോസഫ്‌ സ്റ്റീവൻസിന്‌)

എന്റെ നൂറ്റാണ്ടിലെ ചെറുപ്പക്കാരായ എഴുത്തുകാർക്കു മുന്നിൽ വച്ചുപോലും ബൂഫോണിനോടുള്ള എന്റെ മതിപ്പിനെ പുറത്തു കാണിക്കുന്നതിൽ എനിക്കൊരിക്കലും നാണക്കേടു തോന്നിയിട്ടില്ല. പക്ഷേ ഇന്നു ഞാൻ എന്നെ സഹായിക്കാനായി ആവാഹിച്ചുവരുത്തുന്നത്‌ പ്രകൃതിയെ മഹത്വപ്പെടുത്തിയ ആ ചിത്രകാരന്റെ ആത്മാവിനെയല്ല. അല്ല.  image
സ്റ്റേണിനെ വിളിച്ചുവരുത്താനാണു ഞാനിഷ്ടപ്പെടുക; ഞാൻ അദ്ദേഹത്തോടു പറയും:'അല്ലേ, വികാരജീവിയായ വിദൂഷകാ, താരതമ്യമില്ലാത്ത വിദൂഷകാ, നല്ല നായ്ക്കളെ, സാധുനായ്ക്കളെ കീർത്തിക്കാൻ, അങ്ങയുടെ നിലയ്ക്കു ചേർന്ന ഒരു ഗാനം ചെയ്യാൻ എനിക്കു പ്രചോദനമാകേണ്ടതിലേക്കായി ആ സ്വർഗ്ഗം വിട്ട്‌ അങ്ങിറങ്ങി വന്നാലും എലീഷിയത്തിൽ നിന്നുയർന്നു വന്നാലും! വരുംതലമുറയുടെ ഓർമ്മയിൽ അങ്ങയെ വിട്ടുപിരിയാത്ത പേരുകേട്ട ആ കഴുതയുടെ പുറത്തു കയറി അങ്ങു മടങ്ങിവരൂ! അവന്റെ ചുണ്ടുകൾക്കിടയിൽ അനശ്വരമായ ആ മാക്കറൂൺ ഉണ്ടാകണമെന്നതു മറക്കുകയും ചെയ്യരുതേ!'
image
പണ്ഡിതന്മാരുടെ കാവ്യദേവത മാറിയിരിക്കട്ടെ! നാണം നടിക്കുന്ന ആ കിഴവിയുമായി ഒരിടപാടും എനിക്കു വേണ്ട. ഞാൻ വിളിക്കുന്നത്‌ അടുത്തിടപഴകുന്ന കാവ്യദേവതയെയാണ്‌, ഉശിരുള്ള പട്ടണക്കാരിപ്പെണ്ണിനെയാണ്‌; നല്ല നായ്ക്കളെക്കുറിച്ചു പാടാൻ, സാധുനായ്ക്കളെക്കുറിച്ചു പാടാൻ, നാറുന്ന നായ്ക്കളെക്കുറിച്ചു പാടാൻ അവളെന്നെ തുണയ്ക്കട്ടെ; ചെള്ളരിക്കുന്നതെന്നും വ്യാധി പിടിച്ചതെന്നും പറഞ്ഞ്‌ ആട്ടിയോടിയ്ക്കുകയാണവയെ അവ മാത്രം തുണയായ സാധുക്കളും, അവയെ ഉടപ്പിറന്നവരെപ്പോലെ കാണുന്ന കവിയുമൊഴികെ സകലരും.
ആ നാൽക്കാലിജളൻ, സുന്ദരവിഡ്ഡി, ഗ്രേറ്റ്‌ ഡെയ്ൻ, കിംഗ്‌ ചാൾസ്‌,പഗ്‌,സ്പാനിയൽ അവനെ എനിക്കു കണ്ണിനു കണ്ടുകൂടാ; അവർക്കു തന്നെ ഇഷ്ടപ്പെടാതെ എവിടെപ്പോകാൻ എന്നൊരു ഭാവത്തോടെയാണ്‌ വരുന്നവരുടെ മടിയിലേക്കോ കാലുകളിലേക്കോ അവൻ ചാടിക്കയറുന്നത്‌. ഒരു കുട്ടിയെപ്പോലെ ശല്യക്കാരൻ, തെരുവുവേശ്യയെപ്പോലെ ബുദ്ധി മന്ദിച്ചവൻ,വേലക്കാരനെപ്പോലെ മര്യാദകെട്ടവനും ശാഠ്യക്കാരനും! ഗ്രേഹൗണ്ടെന്നു പേരുള്ള ആ വിറയന്മാർ,അലസന്മാർ അവരും എന്റെ കണ്മറയത്തു പോകട്ടെ; ആ മുനയൻമൂക്കിലുണ്ടോ ഒരു ചങ്ങാതി പോയ വഴിയറിയാനുള്ള ഘ്രാണശക്തി! ആ പരന്നൊട്ടിയ തലയിൽ എവിടെയിരിക്കുന്നു ഒരു ഡൊമിനോ കളിയ്ക്കാനെങ്കിലുമുള്ള ബുദ്ധിശക്തി!

 
മനസ്സു മടുപ്പിക്കുന്ന ആ പരാന്നഭുക്കുകൾ പോയി കൂട്ടിൽ കേറട്ടെ! മെത്തയിട്ടതും പട്ടു വിരിച്ചതുമായ കൂടുകൾ കിടപ്പുണ്ടല്ലോ അവറ്റയ്ക്കു ശയിക്കാൻ!

ഞാൻ കീർത്തിക്കുന്നത്‌ അഴുക്കുപിടിച്ച നായയെയാണ്‌, പാവം നായയെയാണ്‌, വീടില്ലാതെ അലയുന്ന നായയെയാണ്‌, കസർത്തു കാണിക്കുന്ന നായയെയാണ്‌; ദരിദ്രനെപ്പോലെ,ജിപ്സിയെപ്പോലെ,നാടകക്കാര നെപ്പോലെ ആവശ്യം (ധിഷണകളുടെ യഥാർത്ഥരക്ഷകയായ ആ നല്ലമ്മ) ജന്മവാസനയെ മൂർച്ചപ്പെടുത്തിയ ആ നായയെയാണ്‌!
ഞാൻ കീർത്തിക്കുന്നത്‌ ഭാഗ്യദോഷികളായ നായ്ക്കളെയാണ്‌; വിപുലമായ നഗരങ്ങളിലെ ചുറ്റിച്ചുഴലുന്ന ഓടകളിൽ ഏകാകികളായി അലഞ്ഞുനടക്കുന്ന നായ്ക്കൾ; ധിഷണ സ്ഫുരിക്കുന്ന ചിമ്മുന്ന കണ്ണുകൾ കൊണ്ട്‌ ഭ്രഷ്ടരായ മനുഷ്യരോട്‌ ഇങ്ങനെ പറയുന്ന നായ്ക്കൾ:'എന്നെ ഒപ്പം കൂട്ടൂ; രണ്ടുതരം ദുരിതങ്ങളിൽ നിന്ന് ഒരുതരം സന്തോഷം കരുപ്പിടിപ്പിക്കാൻ നമുക്കായാലോ!'

image
'നായ്ക്കൾ പോകുന്നതെങ്ങോട്ട്‌?' അനശ്വരമായ ഒരു ലേഖനത്തിൽ നെസ്റ്റർ റോക്യൂപ്ലാൻ ഒരിക്കൽ ചോദിച്ചു; അദ്ദേഹം തന്നെ മറന്നിരിക്കാവുന്ന ആ ലേഖനം ഞാൻ മാത്രമേ,ഒരുപക്ഷേ സാങ്ങ്‌-ബ്യൂവും, ഇന്നും ഓർമ്മയിൽ വയ്ക്കുന്നുള്ളു.
 
നായ്ക്കൾ പോകുന്നതെങ്ങോട്ടെന്നാണോ, ശ്രദ്ധയില്ലാത്ത ഹേ മനുഷ്യാ, തനിക്കറിയേണ്ടത്‌? അവർ തങ്ങളുടെ പാടു നോക്കി പോകുന്നു.

അവർക്കുണ്ട്‌ തൊഴിൽസംബന്ധമായ ഇടപാടുകൾ, പ്രണയസംബന്ധമായ ഇടപാടുകൾ. മൂടൽമഞ്ഞി ലൂടെ,മഞ്ഞുവീഴ്ചയിലൂടെ,ചെളിയിലൂടെ,തിളയ്ക്കുന്ന വേനൽച്ചൂടിലൂടെ, ചൊരിയുന്ന മഴയിലൂടെ ചെള്ളോ തൃഷ്ണയോ, ആവശ്യമോ കടമയോ കുത്തിയിളക്കിവിട്ട്‌ അവർ വരികയും പോവുകയുമാണ്‌, വണ്ടികൾക്കടിയിലൂടെ നൂണ്ടുകടക്കുകയാണ്‌,ധൃതിയിൽ പാഞ്ഞുപോവുകയാണ്‌. നമ്മെപ്പോലെ അവരും അതിരാവിലെ എഴുന്നേറ്റ്‌ ജീവിതം കഴിക്കാനുള്ള വഴികൾ തേടുകയാണ്‌, തങ്ങളുടേതായ ആനന്ദങ്ങൾക്കു പിന്നാലെ പായുകയാണ്‌.

ചിലർ  പട്ടണത്തിനു പുറത്തുള്ള വല്ല പൊളിഞ്ഞ കെട്ടിടത്തിലും കിടന്നുറങ്ങിയിട്ട്‌ എന്നും കൃത്യസമയത്ത്‌ പലൈ-റോയലിലെ ഏതെങ്കിലും അടുക്കളവാതിൽക്കൽ ചെന്നു കാത്തുകിടക്കും; മറ്റുചിലർ സംഘം ചേർന്ന് പതിനഞ്ചു മൈൽ ഓടിപ്പോയി വിവാഹം കഴിക്കാത്ത ചില അറുപതുകാരികൾ ഉണ്ടാക്കിവിളമ്പുന്ന ധർമ്മക്കഞ്ഞി കഴിക്കാൻ ചെല്ലും; ശേഷി കെട്ട പുരുഷന്മാർക്കു വേണ്ടെന്നതിനാൽ അവർ തങ്ങളുടെ ഹൃദയങ്ങൾ മൃഗങ്ങൾക്കു പങ്കു വയ്ക്കുകയാണ്‌.
മറ്റുചിലരോ, പ്രണയഭ്രാന്തു മൂത്ത്‌ ഒളിച്ചോടുന്ന അടിമകളെപ്പോലെ ചില നാളുകളിൽ സ്വന്തം തട്ടകം വിട്ട്‌ നഗരത്തിലെത്തുകയും ഒരു മണിക്കൂറും അതിലേറെയും ഏതെങ്കിലുമൊരു പെൺപട്ടിയെ ചുറ്റിപ്പറ്റിനടക്കുകയും ചെയ്യുന്നു;അൽപം ചേലു കെട്ടതാണെങ്കിൽക്കൂടി അവൾക്കതിൽ നന്ദിയും അഭിമാനവുമുണ്ട്‌.
image
അവരൊക്കെ കണിശവും കൃത്യനിഷ്ഠയുള്ളവരുമാണ്‌; ഡയറിയും നോട്ടുബുക്കും പോക്കറ്റുബുക്കുമൊന്നും അവർക്കാ വശ്യം വരുന്നില്ല.

ആലസ്യമാർന്ന ബൽജിയത്തിൽ നിങ്ങൾ പോയിട്ടുണ്ടോ? അവിടെ കശാപ്പുകാരന്റെയോ,പാൽക്കാരിയു ടെയോ,അതുമല്ലെങ്കിൽ ബേക്കറിക്കാരന്റെയോ വണ്ടി വലിയ്ക്കുന്ന ഉശിരന്മാരായ നായ്ക്കളെ എന്നെപ്പോലെ ആരാധനയോടെ നിങ്ങൾ നോക്കിനിന്നിട്ടുണ്ടോ? കുതിരകൾക്കു കിടനിൽക്കുന്നതിലുള്ള ആഹ്ലാദവും അഭിമാനവും സാക്ഷ്യപ്പെടുത്തുന്ന ജയഭേരികളാണ്‌ അവരുടെ കുരകൾ.
image
സംസ്ക്കാരത്തിന്റെ അൽപം കൂടി ഉയർന്ന പടവിലുള്ള രണ്ടു നായ്ക്കളെ മനസ്സിൽക്കണ്ടുനോക്കുക! ഒരു തെരുവുസർക്കസുകാരന്റെ മുറിയിലേക്ക്‌ അയാളില്ലാത്ത നേരത്ത്‌ ഞാൻ നിങ്ങളെ ഒന്നു കൊണ്ടുപോവുകയാണ്‌. ചായം തേച്ച ഒരു തടിക്കട്ടിൽ, തിരശ്ശീലകളില്ലാത്ത ജനാലകൾ,മൂട്ടകളുടെ പാടു പറ്റിയ ചുളിഞ്ഞ വിരിപ്പുകൾ,രണ്ടു ചൂരൽക്കസേരകൾ,ഒരിരുമ്പുസ്റ്റൗ,ഒന്നുരണ്ടു വാദ്യോപകരണങ്ങൾ. ഹാ, കണ്ടാലേ വിഷാദം തോന്നുന്ന ഉരുപ്പടികൾ! പക്ഷേ ധിഷണാശാലികളായ ആ രണ്ടു ജീവികളെ ഒന്നു നോക്കൂ: പിന്നിക്കീറിയതെങ്കിലും മോടിയുള്ള ചില ഉടുപ്പുകളുമിട്ട്‌, ഗായകരെയോ പടയാളികളെയോ പോലെ വെടിപ്പായി, സ്റ്റൗവിൽ തിളച്ചുകൊണ്ടിരിക്കുന്ന ഏതോ അജ്ഞാതദ്രാവകത്തിന്‌ മന്ത്രവാദികളെപ്പോലെ കാവലിരിക്കുകയണവർ; കൽപ്പണി കഴിഞ്ഞുവെന്നറിയി ക്കാൻ കെട്ടിടങ്ങളുടെ മുകളറ്റത്തു കുത്തിനിർത്തുന്ന കഴ പോലെ ഒരു നീണ്ട കയിൽ അതിൽ നിന്നു പൊന്തിനിൽപ്പുണ്ട്‌.
ഉത്സാഹികളായ ആ അഭിനേതാക്കൾ കട്ടിയും കടുപ്പവുമുള്ള ഒരു സൂപ്പു കഴിച്ചിട്ട്‌ വഴിയിലേക്കിറങ്ങുന്നതല്ലേ ഭംഗി? എന്താ അങ്ങനെയല്ലേ? ആ സാധുക്കൾക്ക്‌ അങ്ങനെയൊരാനന്ദം നിഷേധിക്കാൻ നിങ്ങൾക്കു മനസ്സു വരുമോ? പൊതുജനത്തിന്റെ നിസ്സംഗതയും നാലുപേരുടെ സൂപ്പ്‌ ഒറ്റയ്ക്കകത്താക്കുന്ന ഒരു മാനേജരുടെ മര്യാദകേടും ഓരോദിവസവും നേരിടാനുള്ളതല്ലേ അവർ?

image
നാലുകാലുള്ള ആ ചിന്തകരെ, എളിമയും അർപ്പണബോധവുമുറ്റ ആ അടിമകളെ, സഹതാപം കലർന്ന ഒരു പുഞ്ചിരിയോടെ എത്ര തവണ നോക്കിനിന്നിരിക്കുന്നുവെന്നോ ഞാൻ. മനുഷ്യരുടെ ക്ഷേമത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന റിപ്പബ്ലിക്കിന്‌ നായ്ക്കളെക്കുറിച്ചും ഒരു ചിന്തയുണ്ടായിരുന്നുവെങ്കിൽ തങ്ങളുടെ നിഘണ്ടുവിൽ കണക്കിൽപ്പെടാത്ത അടിമകളുടെ വിഭാഗത്തിൽപ്പെടുത്താം അവർക്കാ ജീവികളെ.

image
ഇത്രയും ധൈര്യത്തിനും ഇത്രയും ക്ഷമയ്ക്കും ഇത്രയും അധ്വാനത്തിനും പ്രതിഫലമായി ഒരിടം(അങ്ങനെ യൊന്നില്ലെന്ന് ആർക്കു പറയാൻ പറ്റും?)നല്ല നായ്ക്കൾക്ക്‌, സാധുനായ്ക്കൾക്ക്‌, നാറുന്ന,സങ്കടപ്പെടുന്ന നായ്ക്കൾക്ക്‌ ഒരു പ്രത്യേകസ്വർഗ്ഗം കാണേണ്ടതല്ലേയെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്‌. പ്രത്യേകിച്ചൊരിടം തുർക്കികൾക്കുണ്ടെന്നും മറ്റൊന്ന് ഡച്ചുകാർക്കുമുണ്ടെന്നും സ്വീഡൻബർഗ്‌ ഉറപ്പിച്ചു പറയുന്നുമുണ്ടല്ലോ!
വിർജിലിന്റെയും തിയോക്രിറ്റസിന്റെയും ആട്ടിടയന്മാർ സംഗീതമത്സരങ്ങളിൽ സമ്മാനങ്ങളായി പ്രതീക്ഷിച്ചിരുന്നത്‌ നല്ലൊരു പാൽക്കട്ടി,പ്രഗത്ഭനായ ഒരു കൈവേലക്കാരൻ തീർത്ത പുല്ലാങ്കുഴൽ, അതുമല്ലെങ്കിൽ അകിടു വീർത്ത ഒരാട്‌ ഇതൊക്കെയാണല്ലോ. പാവം നായ്ക്കളെ കീർത്തിച്ച കവിയ്ക്കു സമ്മാനം കിട്ടിയത്‌ മനോഹരമായ ഒരു മേലുടുപ്പായിരുന്നു; അതിന്റെ മങ്ങിയതെങ്കിലും ഉജ്ജ്വലമായ നിറം ഓർമ്മപ്പെടുത്തിയതോ, ശരൽക്കാല സൂര്യന്മാരെ,പാകം വന്ന സ്ത്രീകളുടെ സൗന്ദര്യത്തെ,കടുത്ത വേനൽനാളുകളെ.

എന്തു വ്യഗ്രതയോടെയാണ്‌ ചിത്രകാരൻ തന്റെ മേൽക്കുപ്പായമൂരി കവിയെ അണിയിച്ചതെന്ന് വില്ലാ-ഹെർമോ സായിലെ മദ്യക്കടയിൽ അന്നുണ്ടായിരുന്ന ഒരാളും മറക്കാൻ പോകുന്നില്ല; സാധുനായ്ക്കളെ കീർത്തിക്കുക അത്ര നന്മയും നേരുമുള്ള സംഗതിയാണെന്ന് അത്രയ്ക്കദ്ദേഹം മനസ്സു കൊണ്ടറിഞ്ഞിരിക്കുന്നു.

പണ്ടുകാലത്ത്‌ പ്രതാപിയായ ഒരു ഇറ്റാലിയൻ രാജാവ്‌ അമൂല്യമായ ഒരു ഗീതകത്തിനോ വിചിത്രമായ ഒരു ആക്ഷേപഹാസ്യകാവ്യത്തിനോ പകരമായി ദിവ്യനായ അരെറ്റിനോവിന്‌ രത്നങ്ങൾ പതിച്ച ഒരു കഠാരയോ രാജകീയവസ്ത്രമോ ഉപഹാരമായി നൽകിയതും ഈവിധം തന്നെ.

കവി ആ ചിത്രകാരന്റെ മേലുടുപ്പെടുത്തണിയുമ്പോഴൊക്കെയും അയാൾക്കോർക്കാതിരിക്കാനാവുന്നില്ല നല്ല നായ്ക്കളെ,ചിന്തകരായ നായ്ക്കളെ,കടുത്ത വേനൽനാളുകളെ,യൗവനം കടന്ന സ്ത്രീകളുടെ സൗന്ദര്യത്തെ.
_________________________________________________________________________________________________________________________
ജോസഫ്‌ സ്റ്റീവൻസ്‌(1816-18920) ബോദ്‌ലെയറുടെ സ്നേഹിതനായ ബൽജിയം ചിത്രകാരൻ. മൃഗങ്ങളുടെ,പ്രത്യേകിച്ചും നായകളുടെ ചിത്രകാരനെന്ന നിലയിൽ പ്രസിദ്ധി. അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്‌ ഈ കവിതയ്ക്കു പ്രേരകമായതും.
ബുഫോൺ(1707-1788) ജന്തുജീവിതത്തെക്കുറിച്ച്‌ ധാരാളമെഴുതി.
സ്റ്റേൺ-ട്രിസ്റ്റ്‌റാം ഷാൻഡിയിലാണ്‌ കഴുതയുടെയും മാക്കറൂണിന്റെയും കഥ.
നെസ്റ്റർ റോക്യൂപ്ലാൻ(1804-1870) നാടകസംവിധായകനും വിമർശകനും
സാങ്ങ്‌-ബ്യൂ(1804-1869) ബോദ്‌ലെയറിന്റെ കാലത്തെ പ്രമുഖ സാഹിത്യനായകൻ.
അരെറ്റിനോ(1492-1556) ബോദ്‌ലെയർ ബഹുമാനിച്ചിരുന്ന ഒരു ലാറ്റിൻ കവി.
ബ്രസ്സൽസിലെ ഒരു മദ്യക്കടയിൽ വച്ച്‌ ജോസഫ്‌ സ്റ്റീവൻസ്‌ തനിക്കൊരു മേലുടുപ്പു സമ്മാനിച്ചതിനെയാണ്‌ പരാമർശിക്കുന്നത്‌.
IMAGES FROM WIKIMEDIA COMMONS

1 comment:

വിനുവേട്ടന്‍|vinuvettan said...

ഞാനും ഒരു വിവര്‍ത്തനത്തില്‍ കൈവച്ചിട്ടുണ്ട്‌. ഇതുവരെ 26 എപ്പിസോഡുകളായി. സമയം കിട്ടുമ്പോള്‍ സന്ദര്‍ശിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുമല്ലോ...

http://stormwarn.blogspot.com/

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.