ചിലിയിലെ സാന്തിയാഗോയിൽ
പകലുകൾ അന്തമറ്റത്.
ഒരുപാടു നിത്യതകൾ ഒരേ നാളിൽ.
കടൽപ്പായൽ വിൽക്കാൻ
കോവർകഴുതപ്പുറത്തു പോകുന്ന കച്ചവടക്കാരെപ്പോലെ
നിങ്ങൾ കോട്ടുവായിടുന്നു-
കോട്ടുവായിട്ടുകൊണ്ടേയിരിക്കുന്നു.
പക്ഷേ ആഴ്ചകൾക്ക് ദൈർഘ്യമേയില്ല
മാസങ്ങൾ പാഞ്ഞുപോകുന്നു
ആണ്ടുകൾക്ക് ചിറകുമുണ്ട്.
അവസാനത്തെ പാനോപചാരം
ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും
നമ്മുടെ തിരഞ്ഞെടുപ്പ് മൂന്നിലൊതുങ്ങുന്നു
ഇന്നലെ ഇന്ന് നാളെ
മൂന്നുപോലുമില്ല
തത്വചിന്തകൻ പറഞ്ഞപോലെ
ഇന്നലെ ഇന്നലെയാണല്ലോ
അതോർമ്മയിലേയുള്ളു
പറിച്ചുകഴിഞ്ഞ റോസാപ്പൂവിൽ നിന്ന്
ഇനിയൊരിതൾ കൂടി പറിക്കാനില്ല
കളിക്കാനിനി ശീട്ടുകൾ
രണ്ടേ രണ്ട്
വർത്തമാനവും ഭാവിയും
രണ്ടുണ്ടെന്നും പറയാമോ
വർത്തമാനകാലം എന്നൊന്നില്ലെന്ന്
എല്ലാവർക്കുമറിയാവുന്നതാണല്ലോ
ഓരം ചേർന്നു പോകുന്നതും
യൗവനം പോലെ കഴിയുന്നതുമാണത്
ഒടുവിൽ ബാക്കിയാവുന്നത്
നാളെ മാത്രം
ഒരിക്കലും വന്നുചേരാത്ത ആ നാളിനായി
ഞാനെന്റെ ഗ്ലാസ്സുയർത്തുന്നു
എന്തായായാലും
നമുക്കുള്ളതെന്നു പറയാൻ
അതല്ലേയുള്ളു.
1 comment:
:)
എന്തായായാലും
നമുക്കുള്ളതെന്നു പറയാൻ
അതല്ലേയുള്ളു.
Post a Comment