ലി ഷാങ്ങ്-യിൻ(813-858)-ഒരു ഭിക്ഷുവിനെത്തേടി
സൂര്യനിറങ്ങിയ പശ്ചിമഗിരിയിൽ
തേടിയലഞ്ഞേൻ ഭിക്ഷുവിനെ.
അവന്റെ വൈക്കോൽക്കൂരയിലിന്നോ
വീണുകിടപ്പൂ കരിയിലകൾ.
കുളിരും മേഘമടക്കുകൾ നൂഴെ
അകലെക്കേട്ടൂ മണിനാദം.
ദുർബലമെന്നുടെ വടിയിൽത്താങ്ങിയി-
തോർത്തു വിചാരപ്പെട്ടേൻ ഞാൻ-
ഈ ലോകത്തിൽ,ഈ മൺതരിയിൽ
നരകാമനകൾക്കെവിടെയിടം?
ഹി ചി-ചാങ്ങ്(659-744)-മടക്കം
ഏറെനാൾ മുമ്പു ഞാൻ വീടു വിട്ടു
കിഴവനായിന്നു ഞാൻ വീട്ടിലെത്തി;
അറിയുന്നില്ലെന്നെയെൻ പൊന്നുമക്കൾ,
പുഞ്ചിരിക്കൊണ്ടവർ ചോദ്യമായി:
'എങ്ങു നിന്നിങ്ങെത്തി നീ പഥികാ?'
ത്‌സെൻ - ത്‌സാൻ(എട്ടാം നൂറ്റാണ്ട്) -തലസ്ഥാനനഗരത്തിലേക്കു പോകുന്ന ദൂതനോട്
നാടങ്ങു ദൂരെയാ,ണേറെക്കിഴക്കാണെൻ
കണ്ണീരാലീറനിക്കൈത്തലങ്ങൾ.
വൃദ്ധനായന്യമാം നാട്ടിൽ നരയ്ക്കുന്നൊ-
രിപ്പാവം ചൊന്നതായ് ചൊല്ലുമോ നീ
-ഇല്ലെഴുതാനുള്ളുപായങ്ങളൊന്നുമേ-
'ഇങ്ങു സുരക്ഷിത'നെന്നു മാത്രം?
1 comment:
moonnum Istaayi!
Post a Comment