സകുതരോ ഹഗിവര-ബുദ്ധൻ(ലോകത്തിന്റെ നിഗൂഢത)
കുന്നു നിറഞ്ഞ്
ചുവന്ന മണ്ണു നിറഞ്ഞൊരു നാട്ടിൽ
പാഴടഞ്ഞൊരു ഗുഹയ്ക്കുള്ളിൽ
ഒരാളുറങ്ങുന്നു
നീയൊരു തോടല്ല,എലുമ്പല്ല, ഒരു വസ്തുവുമല്ല
കടൽപ്പായലുണങ്ങുന്ന മണൽപ്പരപ്പിൽ
പൊടി കേറി ദ്രവിച്ച പഴയ വാച്ചുമല്ല
നീ സത്യത്തിന്റെ നിഴലാണോ?
അതോ ഒരു ഭൂതമോ?
അന്തമില്ലാതെ ഇരുപ്പു പിടിച്ചവനേ,
അത്ഭുതമത്സ്യം പോലെ ജീവിക്കുന്നവനേ,
അസഹ്യമായൊരീ പാഴ്‌നിലത്തിനങ്ങേയറ്റത്ത്
കടലാകാശത്തോടു ഗർജ്ജിക്കുന്നു
ഭൂകമ്പത്തിരകളിരമ്പിവരുന്ന മുഴക്കം കേൾക്കുന്നു.
നീ നിൻ കാതുകൾ കൊണ്ടതു കേൾക്കുന്നുണ്ടോ?
നിത്യനായവനേ,
ബുദ്ധനായവനേ?
മിനോരു യോഷിയോക്ക-മുട്ട
അന്നു ദൈവങ്ങളുണ്ടായിരുന്നില്ല
ജീവനുള്ളവയുടെ നിഴലുകളുണ്ടായിരുന്നില്ല
മരണത്തിന്റെ ഗന്ധം പോലുമുയർന്നിരുന്നില്ല
അഗാധമായ അവസാദത്തിന്റെ ഗ്രീഷ്മാപരാഹ്നം.
തരിശ്ശായൊരിടത്ത്
പതഞ്ഞുകവിഞ്ഞൊഴുകുന്ന മേഘരൂപങ്ങളെ കീറിയുയർന്ന്
ഒരു വസ്തു ഉൽപത്തിയാകുന്നു;
ജീവൻ സൂചിപ്പിക്കുന്ന ഒരു വസ്തു.
പൊടിയും വെളിച്ചവും തേച്ചുവിളക്കിയ
മഹത്തായ ഭൂമിയെ അധിവസിക്കുന്ന
ഒരേയൊരു മുട്ട.
ഷിൻജിരോ കുരഹര-ഒരു രഹസ്യസങ്കേതം
അകാലത്തിലുയർന്നുവരുന്നൊരീ വസ്തു
എന്താകാം?
ഭാവിയിൽ നിന്നൊരു രഹസ്യസങ്കേതം.
ഒരു മനുഷ്യജീവി അയച്ചതല്ലത്
ദൈവം പോലെയൊരാളയച്ചതുമല്ല.
അകലെയകലെയാ മണൽപ്പരപ്പിൽ
വറ്റിവറ്റിവരുന്നൊരാകാശത്തിൻ കീഴിൽ
ഭൂമിയിലവശേഷിച്ച ഒരേയൊരു പുൽക്കൊടിയിൽ
പറ്റിച്ചേർന്നിരുന്നുകൊണ്ട്
അവസാനത്തെ ചിത്രശലഭം
ഒരടയാളമയക്കുകയാണ്.
സബുരോ കുരോഡാ-പ്രകൃതി
കുതറിയോടി
അലറിക്കരഞ്ഞ്
അട്ടഹസിച്ചുചിരിച്ച്
നിങ്ങളെ കൈയിൽപ്പിടിച്ചുവലിച്ച്
മണലു ചവിട്ടിത്തൊഴിച്ച്
ഒരു വീട്ടുമൃഗത്തിൽ നിന്ന്
കാട്ടുപ്രകൃതിയിലേക്ക്
കടൽ
മടങ്ങുന്നു.
No comments:
Post a Comment