Friday, April 30, 2010

നെരൂദ-തിരിഞ്ഞുനോക്കാനെനിക്കു കൊതി…



തിരിഞ്ഞുനോക്കാൻ, ചില്ലകളിൽ നിന്നെക്കാണാനെനിക്കു കൊതി;
കാണെക്കാണെയൊരു കനിയായി മാറി നീ.
നുരയുന്ന നീരിന്റെ പാട്ടും പാടി
വേരുകളിൻ നിന്നെത്രയനായാസം പൊന്തി നീ.

പരിമളം പരത്തുന്ന പൂവാകും നീയവിടെയാദ്യം,
ചുംബനത്തിന്റെ ശില്പരൂപമാകും പിന്നെ,
സൂര്യനും ഭൂമിയും, ചോരയുമാകാശവും നിറവേറ്റും നിന്നിൽ
മധുരത്തി,ന്നാഹ്ലാദത്തിൻ വാഗ്ദാനങ്ങൾ.

ആ ചില്ലകളിൽ കണ്ടറിയും ഞാൻ നിന്റെ മുടിയിഴകൾ,
ഇലകളിൽ തഴയ്ക്കുന്ന നിന്റെ പ്രതിരൂപം,
എന്റെ ദാഹത്തിനരികിലെത്തും നിന്റെ പൂവിതളുകൾ,

എന്റെ വായിൽ നിറയും നിന്റെ രുചി,
നിന്റെ ചോരയിൽ, ഒരു പ്രേമക്കനിയുടെ ചോരയിൽക്കലർന്നു
മണ്ണിൽ നിന്നുയരുന്ന ചുംബനം.

 

(പ്രണയഗീതകം-47)

Thursday, April 29, 2010

നെരൂദ-ഉടഞ്ഞുപോയ വസ്തുക്കൾക്ക്‌

വസ്തുക്കൾ വീണുടയുന്നു
വീട്ടിനുള്ളിൽ,
കണ്ണിൽപ്പെടാത്തൊരാൾ
മിനക്കെട്ടു തള്ളിയിടുമ്പോൽ;
ആ കൈകളെന്റേതല്ല,
നിങ്ങളുടേതല്ല,
മുരത്ത നഖങ്ങളുമായി
ഭൂമി കുലുക്കി നടക്കുന്ന
പെൺകുട്ടികളുടേതുമല്ല:
ഇല്ലാത്ത ഒന്നാണത്‌,
ഇല്ലാത്തൊരാളാണത്‌,
കാറ്റല്ലത്‌,
ഓറഞ്ചുനിറം പകർന്ന പകലല്ലത്‌,
ഭൂമിയിലെ രാത്രിയല്ല,
മൂക്കല്ല, കൈമുട്ടല്ല,
തടിച്ച ജഘനമല്ല,
കണംകൈയോ,
വീശിവന്ന കാറ്റോ അല്ല:
തളിക പൊട്ടി, വിളക്കു വീണു,
ഒന്നൊന്നായി
പൂപ്പാത്രങ്ങൾ തകർന്നു,
കുങ്കുമം തുളുമ്പുന്ന ഒക്റ്റോബറിൽ
വയലറ്റുപൂക്കൾ താങ്ങാനാവാതെ
ഒരെണ്ണം,
ഒഴിഞ്ഞ മറ്റൊന്നോ,
മഞ്ഞുകാലമുടനീള-
മുരുണ്ടുരുണ്ടുരുണ്ടൊടുവിൽ
വെറുമൊരു പൂപ്പാത്രക്കാടിയായി,
ഉടഞ്ഞൊരോർമ്മ, മിന്നുന്ന ധൂളി.

ആ ഘടികാരം,
നമ്മുടെ ജീവിതങ്ങൾക്കു നാവ്‌,
നമ്മുടെ ആഴ്ചകളിലോടുന്ന രഹസ്യച്ചരട്‌,
എത്രയോ മണിക്കൂറുകളെ
തേനിനോട്‌, നിശ്ശബ്ദതയോട്‌,
എത്രയോ പിറവികളോട്‌,
ദുരിതങ്ങളോടും
കോർത്തെടുത്ത ആ ഘടികാരം
അതും വീണു
അതിന്റെ ലോലമായ
നീലക്കുടൽമാല,
ചുരുളഴിഞ്ഞ നീണ്ട ഹൃദയം,
ഉടഞ്ഞ ചില്ലുകൾക്കിടയിൽ സ്പന്ദിച്ചുകിടന്നു.

ജീവിതം
ചില്ലുകൾ കരണ്ടുതിന്നുന്നു,
ഉടുവസ്ത്രങ്ങൾ പഴന്തുണിയാക്കുന്നു,
രൂപങ്ങളെ ഉടയ്ക്കുന്നു,
കാലത്തിൽ ശേഷിക്കുന്നതോ,
ഒരു തുരുത്തു പോലെ
കടലിലെ കപ്പൽ പോലെ
നശ്വരം,
അപായങ്ങളാൽ,
തടുക്കരുതാത്ത ജലത്താൽ, ഭീഷണികളാൽ
വലയിതം.

സകലതും
നമുക്കൊരു ചാക്കിൽ കെട്ടിയെടുക്കുക,
ഘടികാരങ്ങൾ, തളികകൾ,
മഞ്ഞിന്റെ വിരലോടിയ ചില്ലുകൾ,
നമ്മുടെ നിധികളെ കടലിലേക്കെടുക്കുക,
ഒറ്റയടിയ്ക്കൊരിടത്തു തകരട്ടെ
നമ്മുടെ സമ്പാദ്യങ്ങൾ,
പുഴയുടെ ഒച്ചയോടെ
തകരട്ടെ സർവ്വതും,
കടൽ പിന്നെ പുനഃസൃഷ്ടിക്കട്ടെ
ദീർഘവും കഠിനവുമായ ഏറ്റിറക്കങ്ങളാൽ
ആരുമുടയ്ക്കാത്ത,
എന്നാലുടഞ്ഞും പോകുന്ന
അത്രയും നിരുപയോഗവസ്തുക്കളെ.

Wednesday, April 28, 2010

നെരൂദ-പ്രണയഗീതകം 3



നിശിതമായ പ്രണയമേ, മുൾക്കിരീടം വച്ച വയലറ്റുപൂവേ,
അത്രയുമാസക്തികൾ മുനകൂർപ്പിച്ച കള്ളിമുൾക്കാടേ,
വേദനകളുടെ ശൂലമേ, രോഷത്തിന്റെ ദളപുടമേ,
നീയെന്നെക്കണ്ടെത്താനേതൊക്കെ വഴികൾ താണ്ടി?

എന്റെ ജീവിതപ്പാതയിൽ വീണുകിടന്ന കുളിരിലകൾക്കു മേൽ
നീയെന്തിനിത്ര പൊടുന്നനേ എരിതീ  കോരിയൊഴിച്ചു?
ആരു നിന്നെപ്പഠിപ്പിച്ചു, എന്നിലേക്കെത്തുന്ന ചുവടു വയ്ക്കാൻ?
ഞാനിരിക്കുമിടം നിനക്കു കാട്ടിത്തന്നതേതു പൂ,വേതുക,ല്ലേതു പുക  ?

നടന്നതെന്തെന്നാൽ- ആ ഭീഷണരാത്രി വിറപൂണ്ടു,
ചഷകങ്ങളായ ചഷകങ്ങളിലുഷസ്സതിന്റെ മദിര പകർന്നു,
സൂര്യനവന്റെ സ്വർഗ്ഗീയസാന്നിദ്ധ്യമറിയിച്ചു;

ക്രൂരമായ പ്രണയം പിന്നെയെന്നെ വലയം ചെയ്തു,
വാളുകൾ കൊണ്ടു വെട്ടി, മുള്ളുകൾ കുത്തിയിറക്കി,
എന്റെ നെഞ്ചിൽ പൊള്ളുന്ന വഴിയൊന്നതു വെട്ടിത്തുറന്നു.

()

നെരൂദ-സൗമ്യശീലനായ ഇഷ്ടികപ്പണിക്കാരന്‌

File:Workers Movement Memorial.jpg

ഇഷ്ടികപ്പണിക്കാരൻ
ഇഷ്ടികകൾ
നിരത്തിവച്ചു.
മണലു കൂട്ടി
കുമ്മായം കുഴച്ചു.

ഒരു തിരക്കുമില്ലാതെ,
യാതൊന്നും മിണ്ടാതെ
അയാൾ തന്റെ പണി നടത്തുന്നു,
ഏണി ചാരിവയ്ക്കുന്നു,
സിമന്റു പരത്തുന്നു.

ഉരുണ്ട ചുമലുകൾ,
ഗൗരവം പൂണ്ട കണ്ണുകൾക്കു മേൽ
പുരികങ്ങൾ.

മനസ്സിൽ ചിന്തകളുമായി
അയാൾ വന്നു,
വേലയിലേക്കു കടന്നു,
അയാളുടെ കൈയ്ക്കടിയില്‍
അയാളുടെ സൃഷ്ടി
വളർന്നുവന്നു.
ചാന്തുകൂട്ട്‌ ചുമരുകളെ പൊതിഞ്ഞു,
ആകാശത്തിൻ നേർക്കൊരു തൂണു പൊന്തി,
ഒരു മേൽക്കൂര
കോപിഷ്ഠനായ സൂര്യന്റെ രോഷത്തിന്‌
തടയുമിട്ടു.

മുന്നോട്ടും പിന്നോട്ടും പോകുന്നു
ഇഷ്ടികപ്പണിക്കാരൻ,
ഇണക്കമുള്ള കൈകൾ
ദ്രവ്യങ്ങൾ കൈയ്യാളുന്നു.
ഒരു വാരം പോകും മുമ്പേ
തൂണുകളും കമാനവും,
കുമ്മായത്തിന്റെ, മണലിന്റെ,
വിവേകത്തിന്റെയും കൈകളുടെയും,
സന്തതികൾ
ഈടുറ്റ, ശീതളമായ
ലാളിത്യത്തെ
ഘോഷിച്ചും കഴിഞ്ഞു.

ഹാ, സൗമ്യശീലനായ
ആ ഇഷ്ടികപ്പണിക്കാരനിൽ നിന്ന്
ഞാൻ പഠിച്ചൊരു പാഠം!

 

 

image from wikimedia

Tuesday, April 27, 2010

നെരൂദ-പല്ലിയ്ക്ക്‌

 

മണലത്ത്‌
ഒരു
പല്ലി,
മണലിന്റെ
വാലുമായി.
ഒരിലച്ചോട്ടിൽ
ഒരിലത്തല.

ഏതു ഗ്രഹത്തിൽ നിന്നോ,
തണുത്ത പച്ചക്കന-
ലേതിൽ നിന്നോ
നീ താഴെ വീണു?
ഏതു ചന്ദ്രനിൽ നിന്ന്?
ഏതുറഞ്ഞ സ്ഥലരാശിയിൽ നിന്ന്?
ഇനിയഥവാ
മരതകത്തിൽ നിന്നോ
നിന്റെ വർണ്ണം
വള്ളിമേലേറി?

ദ്രവിക്കുന്ന
മരക്കൊമ്പിൽ
ജീവനുറ്റ
കൂമ്പു നീ,
ഇലച്ചാർത്തിന്റെ
ചാട്ടുളി.
കല്ലിന്മേൽ
കല്ലു നീ,
അതിനുണ്ടു രണ്ടു
പൊടിക്കണ്ണുകൾ ,
പ്രാചീനനേത്രങ്ങൾ-
കല്ലിന്റെ കണ്ണുകൾ.
ആറ്റിനരികെ
നീ
നിശ്ശബ്ദൻ,
വഴുക്കുന്ന
ചെളി.
ഈച്ചയ്ക്കോ,
സംഹരിക്കുന്ന വ്യാളിയുടെ
ചാട്ടുളി.

എനിയ്ക്കോ,
എന്റെ ബാല്യം,
ആലസ്യം പൂണ്ട
പുഴയുടെ കരയിലെ
വസന്തം,
അതാണു നീ!
തണുത്ത
പച്ചയായ
ചെറുതായ
പല്ലി;
കുളിരുന്ന ചോലക്കരെ,
തുറക്കാത്ത പുസ്തകങ്ങൾക്കരികെ,
പണ്ടൊരു കാലത്തെ
ഉച്ചമയക്കമാണു നീ.

പുഴയൊഴുകുന്നു പാട്ടും പാടി.

തലയ്ക്കുമേൽ ആകാശമോ,
ഊഷ്മളമായൊരു ദളപുടം.

നെരൂദ-തക്കാളികൾക്ക്‌


File:Tomato400ppx.png
തെരുവിൽ നിറഞ്ഞൂ
തക്കാളികൾ,
മധ്യാഹ്നവും
വേനലും,
വെളിച്ചം
രണ്ടായി വെടിയ്ക്കുന്നു
ഒരു
തക്കാളി പോലെ,
അതിന്റെ ചാറൊഴുകുന്നു
തെരുവുകളിലൂടെ.
ഡിസംബറിൽ
നിർത്തില്ലാതെ
അടുക്കളകൾ
കൈയേറുന്നു
തക്കാളികൾ,
ഉച്ചയൂണിന്റെ നേരത്തതു
വന്നുകയറുന്നു,
മേശപ്പുറങ്ങളിൽ
അലസം വന്നിടം പിടിയ്ക്കുന്നു
ഗ്ലാസ്സുകൾക്കിടയിൽ,
വെണ്ണത്തളികകൾക്കിടയിൽ,
ഉപ്പുഭരണികൾക്കിടയിൽ.
അതു പ്രസരിപ്പിക്കുന്നു
സ്വന്തം ദീപ്തി,
സൗമ്യപ്രൗഢി.
കഷ്ടമേ, നമുക്കതിനെ
കൊല ചെയ്യേണ്ടിവരുന്നു:
കത്തിയാഴ്‌ന്നിറങ്ങുന്നു
പച്ചമാംസത്തിൽ,
ചോരച്ച കുടലിൽ,
ഒരു ശീതളസൂര്യൻ,
അക്ഷയമഗാധം,
ചിലിയിലെ സലാഡുകളിൽ
കുടിയേറുന്നു,
തെളിമയേറിയ ഉള്ളിയെ
സസന്തോഷം
പരിണയിക്കുന്നു,
ആ വേഴ്ചയെ കൊണ്ടാടാനത്രെ
അതിന്നർദ്ധഗോളങ്ങളില്‍
നാം
എണ്ണ പകരുന്നു,
ഒലീവിന്റെ
സത്തായ സന്തതി,
കുരുമുളകതിന്റെ
സുഗന്ധം നൽകുന്നു,
ഉപ്പതിന്റെ
കാന്തപ്രഭാവവും;
അയമോദകം
തന്റെ
കൊടിയുയർത്തുന്നു,
ഊറ്റം പൂണ്ടുതുള്ളുന്നു
ഉരുളക്കിഴങ്ങുകൾ,
പൊരിച്ച മണം
വാതിൽക്കൽ
വന്നു മുട്ടുന്നു,
ഒക്കെക്കാലമായി!
വരൂ, വരൂ!
അങ്ങനെ
മേശപ്പുറത്ത്‌,
വേനലിന്റെ നടുപ്പകുതിയ്ക്ക്‌,
തക്കാളി,
ഭൂമിയിലെ നക്ഷത്രം,
ഉർവ്വരതയുടെ
പുനർജ്ജനിക്കുന്ന നക്ഷത്രം,
അതിന്റെ മോടികൾ
വിളിച്ചുകാട്ടുന്നു,
അതിന്റെ ചുഴലികൾ,
ചാലുകൾ,
വിസ്തൃതികൾ,
സമൃദ്ധിയും,
തുളയില്ല,
തോടില്ല,
ഇലയും മുള്ളുമില്ല,
തക്കാളി കാഴ്ച വയ്ക്കുന്നു
അതിന്റെ ഉപഹാരം,
അഗ്നിയുടെ വർണ്ണം,
ശീതളമായ പൂർണ്ണത.

Monday, April 26, 2010

ഒരു പ്രണയഗീതം

 

Geisha playing shamisen.svg
കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിയ്ക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻപ്രേമമെത്രയചഞ്ചലമേ.

                                                                  (ജാപ്പനീസ്‌ ടങ്ക)

ജുവാൻ റമൊൻ ജിമെനെസ്‌ - ഞാനല്ല ഞാൻ

File:Juan Ramón Jiménez.jpg
എന്റെ കണ്ണിൽപ്പെടാതെ എന്നോടൊത്തു നടക്കുന്ന
ഈയാളാണു ഞാൻ;
ചിലനേരം ഞാനയാളെ ചെന്നുകാണും ,
ചിലനേരം ഞാനയാളെ മറന്നും പോകും;
ഞാൻ വായ തുറക്കുമ്പോൾ മിണ്ടാതിരിക്കുന്നൊരാൾ,
ഞാൻ വെറുക്കുമ്പോൾ പൊറുക്കുന്നൊരാൾ,
ഞാൻ വീട്ടിലിരിക്കുമ്പോൾ നടക്കാനിറങ്ങുന്നൊരാൾ,
ഞാൻ മരിക്കുന്ന കാലം നേരേനിൽക്കുമയാൾ.

ജിമെനെസ്‌ (1881-1958) - 1956ൽ നൊബേൽ സമ്മാനം നേടിയ സ്പാനിഷ്‌ കവി.
link to jimenez

നെരൂദ-പുസ്തകത്തിന്‌ -II


File:Old books by bionicteaching.jpg

പുസ്തകമേ,
മനോഹരമായ
പുസ്തകമേ,
അത്രയ്ക്കു ചെറിയ
വനമേ,
ഓരോരോ
ഇലത്താളും
വാസനിയ്ക്കുന്നു
മൂലകങ്ങൾ;
ഉദയവും അസ്തമയവുമാണു
നീ,
ധാന്യമണിയും
കടലും നീ;
നിന്നാദ്യത്തെ താളുകളിലുണ്ട്‌
കരടിവേട്ടക്കാർ,
മിസ്സിസ്സിപ്പിയോരത്തെ
ആഴി കൂട്ടലുകൾ,
തുരുത്തുകളിലെ
ചിറ്റോടങ്ങളും;
പിൽക്കാലം
നിരത്തുകൾ,
പിന്നെയും നിരത്തുകൾ,
വെളിപാടുകൾ,
എതിരന്മാർ,
റിംബോ,
ചെളിക്കുണ്ടിൽ
ചോര വാർന്നു കിതയ്ക്കുന്ന
മുറിപ്പെട്ട മത്സ്യം,
സാഹോദര്യത്തിന്റെ
സൗന്ദര്യവും;
കല്ലിന്മേൽ കല്ലായി
മനുഷ്യന്റെ കോട്ട ഉയരുന്നു,
ഒരുമയും കരളുറപ്പും
സങ്കടങ്ങൾക്കു
ചാന്തുകൂട്ട്‌;
കീശയിൽ നിന്നു
കീശയിലേക്ക്‌
ഒരു പുസ്തകം
ഒളിച്ചുകടക്കുന്നു,
ഇരുട്ടത്തൊളിപ്പിച്ച
വിളക്കിന്റെ വെട്ടം,
ഒരു ചുവന്ന നക്ഷത്രം.

ഊരുതെണ്ടികളായ
കവികൾ
ഞങ്ങൾ
ലോകം മുഴുവൻ
പരതിനടന്നു,
ഓരോ വാതിൽക്കലും
ജീവിതം ഞങ്ങളെ വരവേറ്റു,
മണ്ണിന്റെ പോരാട്ടത്തിൽ
ഞങ്ങളും പങ്കു ചേർന്നു.
എന്തായിരുന്നു ഞങ്ങളുടെ വിജയം?
ഒരു പുസ്തകം,
മനുഷ്യരെക്കൊണ്ട്‌,
കുപ്പായങ്ങളെക്കൊണ്ട്‌
തിങ്ങി നിറഞ്ഞ
ഒരു പുസ്തകം,
ജീവിതം കൊണ്ട്‌,
മനുഷ്യരെയും
പണിയായുധങ്ങളെയും കൊണ്ട്‌
നുരയുന്ന
ഒരു പുസ്തകം,
ഞങ്ങൾക്കുള്ള വിജയമത്രെ
ഒരു പുസ്തകം.
എല്ലാ പഴങ്ങളെയും പോലെ
അതും പഴുത്തുവീഴുന്നു,
പുസ്തകത്തിനുണ്ട്‌
വെളിച്ചം,
നിഴലും,
അതും പക്ഷേ,
മങ്ങിപ്പോകും,
അതുമില കൊഴിക്കും,
തെരുവുകളിൽ
കാണാതെയാകും,
നിലം പറ്റും.
കവിതയുടെ
പ്രഭാതപുസ്തകമേ,
ഇനിയും
നിന്റെ താളുകളിൽ വളരട്ടെ
മഞ്ഞും പായലും,
കണ്ണുകളുടെ പാടുകൾ
അവയിൽ വീഴട്ടെ;
ഒരിക്കൽക്കൂടി ലോകത്തെ
ഞങ്ങൾക്കു വിവരിച്ചു തന്നാലും:
കാട്ടുപൊന്തകളിലെ
ചോലകൾ,
നെടുമരങ്ങളുടെ കാവുകൾ,
ധ്രുവങ്ങളിലെ ഗ്രഹങ്ങൾ,
വഴികളിൽ,
പുതുവഴികളിൽ
യാത്ര പോകുന്ന മനുഷ്യൻ,
കാട്ടിൽ,
നീറ്റിൽ,
ആകാശത്ത്‌,
കടലിന്റെ നഗ്നമായ ഏകാന്തതയിൽ
കടന്നുകയറുന്ന മനുഷ്യൻ,
ആത്യന്തികരഹസ്യങ്ങൾ
കണ്ടെത്തുന്ന മനുഷ്യൻ,
പുസ്തകവുമേന്തി
തിരിച്ചുവരുന്ന മനുഷ്യൻ,
പുസ്തകവുമായി
മടങ്ങുന്ന വേട്ടക്കാരൻ,
പുസ്തകം
കൊഴുവാക്കിയ
കർഷകൻ.

Sunday, April 25, 2010

നെരൂദ-ഒരു ലാബ്‌ ടെക്നിഷ്യന്‌

File:Gandhi microscope.jpg

അദൃശ്യനായ ഒരു മനുഷ്യൻ
ശേഷിമാനായ സൈക്ലോപ്സിൻ്റെ
ഒറ്റക്കണ്ണും വച്ച്‌
ഉറ്റുനോക്കിയിരിക്കുകയാണ്‌
കണ്ണിൽപ്പെടാത്ത വസ്തുക്കളെ,
രക്തത്തെ,
വെള്ളത്തുള്ളികളെ;
ഉറ്റുനോക്കുകയാണയാൾ,
പിന്നെ കുത്തിക്കുറിക്കുകയും
തിട്ടപ്പെടുത്തുകയുമാണ്‌;
ആ തുള്ളിയിൽ ചുറ്റിക്കറങ്ങുന്നുണ്ട്‌
പ്രപഞ്ചം,
ഒരു കുഞ്ഞുപുഴ പോലെ വിറകൊള്ളുന്നുണ്ട്‌
ആകാശഗംഗ;
ആ മനുഷ്യൻ
ഉറ്റുനോക്കുന്നു,
കുറിപ്പെടുക്കുന്നു;
ചോരയിൽ
സൂക്ഷ്മമായ ശോണബിന്ദുക്കൾ,
ഭ്രമണം ചെയ്യുന്ന
ഗ്രഹങ്ങൾ,
ഐതിഹാസികമായ
വെള്ളപ്പടകളുടെ അധിനിവേശങ്ങൾ;
കണ്ണു വച്ച മനുഷ്യൻ
ഒക്കെയും കണ്ടെഴുതുകയാണ്‌;
അവിടെ തളഞ്ഞുകിടക്കുകയാണ്‌
ജീവന്റെ അഗ്നിപർവ്വതം,
മിന്നിത്തിളങ്ങുന്ന നഭോമണ്ഡലമായി
ശുക്ലം,
കുതിച്ചുപായുന്ന,
തുടിയ്ക്കുന്ന
നിധി,
മനുഷ്യന്റെ സൂക്ഷ്മബീജങ്ങൾ;
പിന്നെ അയാളുടെ
നിറമില്ലാത്ത ഫലകത്തിൽ
ഒരു തുള്ളി മൂത്രം വെളിവാക്കുന്നു
മഞ്ഞിച്ച ദേശങ്ങൾ,
നിങ്ങളുടെ മാംസത്തിൽ
കുപ്പിക്കല്ലിന്റെ കുന്നുകൾ,
വിറപൂണ്ട പുൽപ്പരപ്പുകൾ,
ഹരിതതാരാപഥങ്ങൾ,
അയാൾ പക്ഷേ
കുറിപ്പെടുക്കുന്നതേയുള്ളു,
കുത്തിക്കുറിക്കുന്നതേയുള്ളു,
ഒരു ഭീഷണി
അയാൾ കണ്ടെത്തുന്നു,
പിളർന്നുപോയ സൂചിമുന,
ഒരു കരിമേഘം,
അയാൾ അതിനെ കണ്ടുപിടിക്കുന്നു,
തന്റെ ഗ്രന്ഥവുമായി
ഒത്തുനോക്കുന്നു,
അതിനിനി രക്ഷയില്ല,
നിങ്ങളുടെ ശരീരത്തിൽ
ഒരു വേട്ട നടക്കാൻ പോകുന്നു,
ഒരു ടെക്നിഷ്യന്റെ കണ്ണിൽ
തുടങ്ങിയ യുദ്ധം:
അമ്മയ്ക്കരികെ
രാത്രിയായിരിക്കും,
കുഞ്ഞിനരികെ
മരണമായിരിക്കും,
കാണാത്ത പേടിയുടെ
ചിറകുകൾ,
ഒരു വ്രണത്തിനുള്ളിലെ യുദ്ധം,
ഒക്കെത്തുടങ്ങിയത്‌
ആ മനുഷ്യനിൽ നിന്ന്,
ചോരയുടെ ആകാശത്ത്‌
ഒരശുഭനക്ഷത്രത്തെത്തിരഞ്ഞ
കണ്ണിൽ നിന്ന്.
വെളുത്ത കോട്ടുമിട്ടിരുന്ന്
അയാൾ
വേദനയുടെ
ഇഴ പിരിക്കുന്നു,
ജ്വരത്തിന്റെ
മുദ്ര കണ്ടെത്തുന്നു,
മനുഷ്യവളർച്ചയുടെ
ആദ്യലക്ഷണം തിരയുന്നു,
മരണത്തിന്റെയോ
ജീവിതത്തിന്റെയോ
ചിഹ്നത്തിനായി,
എണ്ണത്തിനായി,
നിറത്തിനായി
തന്റെ
അന്വേഷണം തുടരുന്നു.

അതിൽപ്പിന്നെ
ആരും കണ്ടെത്താത്ത
ആ കണ്ടെത്തലുകാരൻ,
നിങ്ങളുടെ സിരകളിലൂടെ
ഒരു യാത്ര നടത്തിയ
ആ മനുഷ്യൻ,
നിങ്ങളുടെ ആന്തരാവയവങ്ങളുടെ
തെക്കോ വടക്കോ
മുഖംമൂടി വച്ച ഒരാൾ
കടന്നുകയറിയെന്ന്
അറിയിപ്പു നൽകിയ ആ മനുഷ്യൻ,
കണ്ണു വച്ചു പേടിപ്പിക്കുന്ന
ആ മനുഷ്യൻ,
തന്റെ തൊപ്പിയെടുക്കുന്നു,
തലയിൽ വയ്ക്കുന്നു,
ഒരു സിഗററ്റു കൊളുത്തുന്നു,
പുറത്തേക്കു നടക്കുന്നു,
നടന്നുപോകുന്നു,
പിരിഞ്ഞുപോകുന്നു,
തെരുവുകളിലൂടെ
ഒഴുകിപ്പായുന്നു,
ആൾക്കൂട്ടത്തിൽ
അലിഞ്ഞുചേരുന്നു,
ഒടുവിൽ കാണാതെയുമാവുന്നു,
ഒരു വ്യാളിയെപ്പോലെ,
ലാബിലെ ഒരു തുള്ളിയിൽ
മറന്നിട്ട,
കണ്ണിൽപ്പെടാതെ പകരുന്ന
ആ രാക്ഷസനെപ്പോലെ.


Image: Mahatma Gandhi studying leprosy germs at Sevagram Ashram, 1940

Friday, April 23, 2010

നെരൂദ-മരൂരിതെരുവിലെ വാടകവീട്‌

 

File:Usanos Street scene.jpg


മരൂരി എന്നൊരു തെരുവ്‌.
ഒന്നുപോലല്ല വീടുകൾ,
ഒന്നിനോടൊന്നിനിഷ്ടവുമില്ല.
എന്നാൽക്കൂടിയവ
ചുമരോടു ചുമരൊട്ടിച്ചേർന്നവ;
അവയുടെ ജനാലകളെന്നാൽ
തെരുവിലേക്കു നോക്കില്ല,
ഉരിയാട്ടവുമില്ലവയ്ക്ക്‌.
നിശ്ശബ്ദതയാണവ.

മഞ്ഞുകാലത്തിന്റെ മരത്തിൽ നിന്നൊരഴുകിയൊരിലപോലെ
ഒരു കടലാസുതുണ്ടു പറന്നുപോകുന്നു.

സായാഹ്നം ഒരസ്തയമയത്തിനു തിരികൊളുത്തുന്നു.
സ്വസ്ഥത പോയ ആകാശമോ,
അഗ്നിച്ചിറകുകൾ വിരുത്തി പലായനം ചെയ്യുന്നു.

മട്ടുപ്പാവുകളിൽ ഇരുണ്ട മൂടൽമഞ്ഞു കടന്നുകയറുന്നു.

ഞാനെന്റെ പുസ്തകം നിവർത്തുന്നു.
ഒരു ഖനിയ്ക്കുള്ളിലെന്നപോലെ,
നനഞ്ഞാളൊഴിഞ്ഞ ഗാലറിയിലെന്നപോലെ
ഞാനിരുന്നെഴുതുന്നു.
ആരുമില്ല വീട്ടിൽ, തെരുവിൽ,
മനം കടുത്ത നഗരത്തിലെന്നെനിയ്ക്കറിയാം.
വാതിൽ തുറന്നുകിടക്കുന്ന തടവറയിലെ,
തുറന്നുവയ്ച്ച ലോകത്തിലെ
തടവുകാരൻ ഞാൻ.
അന്തിവെട്ടത്തിലാണ്ടുമുങ്ങിയ
ചിന്താവിഷ്ടനായ വിദ്യാർത്ഥി;
പിന്നെ ഒരു നൂലപ്പത്തിന്റെയിഴയിൽ പിടിച്ചുകയറി
ഞാനെന്റെ കിടക്കയിലേക്കിറങ്ങുന്നു,
അടുത്ത നാളിലേക്കും.

Monday, April 19, 2010

ഒരു വിലാപം

 

File:Bagamati cremation.jpg

ഒരു യാത്ര ബാക്കിയുണ്ടെ-
ന്നന്നേ കേട്ടതാണെന്നാ-
ലിന്നാണതെന്നു തെല്ലുമേ-
യോർത്തതില്ല ഞാനിന്നലെ.

(നരിഹിര)

(2010 ഏപ്രിൽ 10-ന്‌ തൊണ്ണൂറ്റാറാമത്തെ വയസ്സിൽ പൂർണ്ണാരോഗ്യവാനായി ലോകം വിട്ടുപോയ അച്ഛന്റെ ഓർമ്മയ്ക്ക്‌ )

Saturday, April 10, 2010

നെരൂദ-പോയ കാലം


File:Flock-of-tundra-swans.jpg
ആ പഴയ നാളുകൾ,
സമൃദ്ധിയുടെ നാളുകൾ,
ആഹ്ലാദത്തിന്റെ നശ്വരഭണ്ഡാരങ്ങൾ,
അവയിനി മടങ്ങിവരില്ല.

ഒരു കേട്ടുകേള്‍വി മാത്രമായിരുന്നു
നമ്മുടെ പുഷ്കലകാലം;
നിലവറകളിൽ നുരഞ്ഞുനിറയുന്ന
ഇരുണ്ട വീഞ്ഞായില്ല നാം.
വിട, വിട,
അത്രയും യാത്രാശിസ്സുകൾ
നമ്മെക്കടന്നുപോകുന്നു,
മാനത്തു മാടപ്രാവുകൾ പോലെ
തെക്കു നോക്കിപ്പറക്കുന്നു,
നിശ്ശബ്ദതയ്ക്കുള്ളിലേക്കു
കയറിപ്പോകുന്നു.

Friday, April 9, 2010

റെയ്നർ മരിയ റിൽക്കെ-പുതിയൊരിടം

 

File:Rainer Maria Rilke.jpg

 

നിങ്ങളവിടെയുണ്ടെന്ന് ഒരാൾക്കും, ഈ ലോകത്തൊരാൾക്കും ഊഹിക്കാൻ പറ്റാത്തൊരിടത്ത്‌ ഉറക്കമുണരുക എന്നത്‌ എത്ര ആസ്വാദ്യകരമാണ്‌. യാത്രയ്ക്കിടയിൽ ഞാൻ ചിലപ്പോൾ ചെറിയ പട്ടണങ്ങളിൽ വെറുതേയൊന്നു തങ്ങാറുണ്ട്‌, ഞാൻ അവിടെയുണ്ടെന്നത്‌ ഒരു ജീവിയുടെയും സങ്കൽപ്പത്തിലില്ലല്ലോ എന്ന ആഹ്ലാദം നുകരുവാൻ വേണ്ടിമാത്രം. എന്റെ ആത്മാവിനെ അതെന്തുമാത്രം ലാഘവപ്പെടുത്തിയിട്ടുണ്ടെന്നോ!

ഞാൻ കൊർദോവയിലായിരുന്ന ചില നാളുകൾ എനിക്കോർമ്മവരുന്നു; ആർക്കുമെന്നെ അറിയില്ലെന്നതിനാൽ സുതാര്യമെന്നു പറയാവുന്നതായിരുന്നു അവിടെ എന്റെ ജീവിതം. ചെറിയൊരു സ്പാനിഷ്‌പട്ടണത്തിൽ താമസിക്കുന്നതിന്റെ സുഖം- ചില നായ്ക്കളോടും അന്ധനായ ഒരു ഭിക്ഷക്കാരനോടും മാത്രമേ നിങ്ങൾക്കെന്തെങ്കിലും ബന്ധമുള്ളു; ആ ഭിക്ഷക്കാരനാണ്‌ കൂടുതൽ അപകടകാരി, കാരണം അയാൾക്കു നിങ്ങളെ വായിക്കാൻ പറ്റും. പക്ഷേ മൂന്നു ദിവസത്തിനു ശേഷം താനിരിക്കുന്ന പള്ളിയിലേക്ക്‌, ഒരേ സമയത്ത്‌ നിങ്ങൾ മടങ്ങിച്ചെല്ലുന്നതായി അയാൾ കേട്ടാൽ ജീവനുള്ള ഒരാളായി അയാൾ നിങ്ങളെയും ഗണിച്ചുതുടങ്ങും, തന്റെ ശബ്ദങ്ങളുടെ ലോകത്തേക്ക്‌ നിങ്ങളെയും അയാൾ ഉൾപ്പെടുത്തുകയാണ്‌.

അങ്ങനെ പുതിയൊരു ജന്മം, നിഗൂഢതയുടെ, ഇരുട്ടിന്റെ ഒരു ജന്മം ലഭിക്കാനുള്ള ഭാഗധേയം നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു.

(1923 ഫെബ്‌ 3-ന്‌ ഒരു സ്നേഹിതനെഴുതിയ കത്ത്‌)

ഇറ്റാലോ കാൽവിനോ-കരിങ്കാലി

File:Bewickthief big.jpg

എല്ലാവരും കള്ളന്മാരായിരുന്ന ഒരു നാടുണ്ടായിരുന്നു.

രാത്രിയാകുമ്പോൾ സകലരും കള്ളത്താക്കോലും മറച്ച റാന്തലുമായി വീടു വിട്ടിറങ്ങി അയൽക്കാരന്റെ വീടു കുത്തിത്തുറക്കാൻ പോവും. കവർച്ചമുതലുമായി പുലർച്ചയ്ക്കു മടങ്ങി വരുമ്പോൾ സ്വന്തം വീടുകൾ കുത്തിത്തുറന്നതായി അവർ കാണുകയും ചെയ്യും.

അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചുപോന്നു; കാരണം ഒരാൾ മറ്റൊരാളിൽ നിന്നു മോഷ്ടിക്കുമ്പോൾ, ഈ മറ്റൊരാൾ ഇനിയുമൊരാളുടെ മുതലു മോഷ്ടിക്കുകയും, അങ്ങനെ പോയിപ്പോയി ഒടുവിലത്തെയാളിന്റെയടുത്തെത്തുമ്പോൾ അയാൾ ആദ്യത്തെയാളിന്റെ വീട്ടിൽ കക്കാൻ കയറുകയുമാണ്‌. ആ നാട്ടിലെ കച്ചവടം എന്നാൽ വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ള ഒരു കള്ളക്കളിയായിരുന്നു. സർക്കാരെന്നു പറയുന്നത്‌, സ്വന്തം ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു ക്രിമിനൽ സംവിധാനമായിരുന്നു; തിരിച്ച്‌ ജനങ്ങളാവട്ടെ, സർക്കാരിനെ പറ്റിയ്ക്കുകയും ചെയ്തുപോന്നു. അങ്ങനെ അക്ലിഷ്ടസുന്ദരമായി മുന്നോട്ടു പോവുകയായിരുന്നു ജീവിതം; ആരും പണക്കാരായിരുന്നില്ല, പാവങ്ങളെന്നു പറയാനും ആരുമില്ല.

ഒരു ദിവസം, ഇതെങ്ങനെ സംഭവിച്ചുവെന്ന് നമുക്കറിയില്ല, സത്യസന്ധനായ ഒരാൾ ആ നാട്ടിൽ താമസമാക്കി. രാത്രിയിൽ മറ്റുള്ളവരെപ്പോലെ ചാക്കും റാന്തലുമെടുത്ത്‌ പുറത്തു പോകുന്നതിനു പകരം ഇദ്ദേഹം പുകവലിയും നോവൽവായനയുമായി വീട്ടിൽ കുത്തിയിരിക്കുകയാണു ചെയ്തത്‌.

കള്ളന്മാർ വന്നപ്പോൾ വീട്ടിനുള്ളിൽ വെളിച്ചം കണ്ട്‌ കയറാതെ മടങ്ങിപ്പോയി.

ഇങ്ങനെ കുറേ നാളായപ്പോൾ അവർ അയാൾക്കു കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു: ഒന്നും ചെയ്യാതെ ജീവിക്കാനാണ്‌ അയാൾക്കാഗ്രഹമെങ്കിൽ അങ്ങനെയായിക്കോ, പക്ഷേ മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നതിന്‌ അതൊരു തടസ്സമാകുന്നതിൽ യുക്തി പോരാ. അയാൾ വീട്ടിലുണ്ടാവുന്ന ഓരോ ദിവസവും കൊണ്ടർത്ഥമാകുന്നത്‌ അടുത്ത നാൾ ഒരു കുടുംബം പട്ടിണിയായിരിക്കുമെന്നു തന്നെയാണ്‌.

ആ യുക്തിവിചാരത്തിനു മുന്നിൽ നമ്മുടെ സത്യസന്ധനു മറുപടിയൊന്നും പറയാനുണ്ടായില്ല. അങ്ങനെ അയാൾ എന്നും വൈകിട്ട്‌ സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോകുന്നതൊരു ശീലമാക്കി; പിറ്റേന്നു കാലത്ത്‌ മറ്റുള്ളവരെപ്പോലെ അയാൾ മടങ്ങിവരും; പക്ഷേ അയാൾ മോഷ്ടിക്കാൻ പോയില്ല. അയാൾ ഒരു നേരുകാരൻ മനുഷ്യനാണ്‌; അതങ്ങനെയല്ലാതാക്കാൻ നിങ്ങൾ വിചാരിച്ചാൽ പറ്റില്ല. അയാൾ പാലം വരെ ചെന്നിട്ട്‌ താഴെ പുഴയൊഴുകുന്നതും നോക്കിനിൽക്കും. തന്റെ സാധനങ്ങൾ മോഷണം പോയതായി വീട്ടിലെത്തുമ്പോൾ അയാൾ കാണുകയും ചെയ്യും.

ഒരാഴ്ച കഴിയേണ്ട താമസം, സത്യസന്ധന്റെ കൈയിൽ നയാപ്പൈസ ഇല്ലാതായി; ആഹാരത്തിനു വകയില്ല, വീടു ശൂന്യവുമായി. പക്ഷേ അതൊരു പ്രശ്നമാണെന്നു പറയാനില്ല; കാരണം, അയാളുടെ പിശകു കൊണ്ടു വന്നതാണങ്ങനെ; അതല്ല, അയാളുടെ ഈ പെരുമാറ്റം കൊണ്ട്‌ മറ്റു സകലതും തകിടം മറിഞ്ഞു എന്നതാണ്‌ യഥാർത്ഥത്തിൽ പ്രശ്നമായത്‌. മറ്റുള്ളവർക്കു തന്റെ വീടു മോഷണത്തിനു വിട്ടുകൊടുക്കുന്ന ഈയാൾ തിരിച്ചു മോഷ്ടിക്കാൻ പോകുന്നില്ലല്ലോ; അതുകാരണം കാലത്തു വീട്ടിലെത്തുന്ന ആരെങ്കിലും ഒരാൾ കാണുന്നത്‌ തന്റെ വീട്ടിൽ കള്ളൻ കയറിയിട്ടില്ലെന്നാണ്‌: ഇദ്ദേഹം കക്കാൻ പോകേണ്ട വീടാണത്‌. എന്തായാലുമിങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ കള്ളൻ കയറാത്ത വീട്ടുകാർ ചിലർ തങ്ങൾ മറ്റുള്ളവരെക്കാൾ പണക്കാരാണെന്നു കണ്ടു; ഇനി കക്കാൻ പോകാൻ അവർക്കു താത്പര്യവുമില്ലാതായി. അതും പോകട്ടെ, സത്യസന്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നവർക്ക്‌ ഒന്നുമില്ലാത്ത ആ വീട്ടിൽ നിന്ന് എന്തു കിട്ടാൻ? അങ്ങനെ അവർ പാവങ്ങളായി.

ഇതിനിടയിൽ പണക്കാരായവർ സത്യസന്ധന്റെ മാതൃക പിന്തുടർന്ന് രാത്രിയിൽ പാലത്തിനടുത്തു ചെന്ന് താഴെ പുഴയൊഴുകുന്നതും നോക്കി നിൽക്കുക ശീലവുമാക്കി. അതോടെ ആകെ ആശയക്കുഴപ്പമായി; കൂടുതൽ പേർ പണക്കാരാവുകയും കൂടുതൽ പേർ പാവങ്ങളാവുകയും ചെയ്യുകയാണല്ലോ ഇതുകൊണ്ടു വരിക.

എന്നും രാത്രിയിൽ പാലം കാണാൻ പോവുകയാണെങ്കിൽ അധികം വൈകാതെ തങ്ങൾ പാവങ്ങളാവുമെന്ന് പണക്കാർ മനസ്സിലാക്കി. അവർ ആലോചിച്ചു: 'നമുക്കു വേണ്ടി കക്കാൻ പോകാൻ ചില പാവങ്ങളെ ഏർപ്പാടാക്കിയേക്കാം.' അങ്ങനെ അവർ കരാറുകളുണ്ടാക്കി, ശമ്പളവും വിഹിതവും നിശ്ചയിച്ചു. അപ്പോഴും അവർ കള്ളന്മാരായിരുന്നുവെന്നതു ശരി തന്നെ; അന്യോന്യം കബളിപ്പിക്കാൻ അവർ ശ്രമിച്ചും പോന്നു. എന്തായാലും പണക്കാർ കൂടുതൽ പണക്കാരായി, പാവങ്ങൾ കൂടുതൽ പാവങ്ങളുമായി.

ഈ പണക്കാരിൽ ചിലർ അത്രയ്ക്കു പണക്കാരായി; എന്നു പറഞ്ഞാൽ അവർക്കു പിന്നെ കക്കാൻ പോകേണ്ട ആവശ്യവുമില്ല, തങ്ങൾക്കു വേണ്ടി കക്കാൻ പോകാൻ ആരെയെങ്കിലും ഏർപ്പെടുത്തേണ്ട ആവശ്യവുമില്ല. പക്ഷേ മോഷണം നിർത്തിയാൽ അവർ പാവങ്ങളാവും, കാരണം പാവങ്ങൾ അവരുടെ മുതൽ മോഷ്ടിക്കുന്നുണ്ടല്ലോ. അങ്ങനെ പാവങ്ങളിൽ നിന്നു സ്വന്തം സ്വത്തു കാത്തുസൂക്ഷിക്കാനായി അവർ ഏറ്റവും പാവപ്പെട്ടവരെ ശമ്പളം കൊടുത്തു നിയമിച്ചു; അതിനർത്ഥം  പോലീസും ജയിലും ഉണ്ടായി എന്നുതന്നെ.

അങ്ങനെയാണ്‌ നമ്മുടെ സത്യസന്ധൻ ആവിർഭവിച്ച്‌ അധികവർഷങ്ങൾ കഴിയുന്നതിനു മുമ്പ്‌ ആളുകൾ മോഷ്ടിക്കാൻ പോകുന്നവരെയും മോഷണത്തിനിരയാവുന്നവരെയും കുറിച്ചു പറയുന്നതു നിർത്തി പണക്കാരെയും പാവങ്ങളെയും കുറിച്ചു പറയാൻ തുടങ്ങുന്നത്‌; രണ്ടുകൂട്ടരും പക്ഷേ അപ്പോഴും കള്ളന്മാരുമായിരുന്നു.

ഒരേയൊരു സത്യസന്ധൻ തുടക്കത്തിൽ നാം കണ്ടയാളു മാത്രമായിരുന്നു; അയാൾ വൈകാതെ വിശന്നുചാവുകയും ചെയ്തു.

Thursday, April 8, 2010

ഇറ്റാലോ കാൽവിനോ-മനഃസാക്ഷി


File:Maestegmemorial.jpg

യുദ്ധം വന്നപ്പോൾ ലൂയിഗി എന്നൊരാള്‍ യുദ്ധത്തിൽ ചേരാൻ സന്നദ്ധനായി മുന്നോട്ടുവന്നു.

എല്ലാവരും അയാളെ പ്രശംസിച്ചു. തോക്കുകൾ വിതരണം ചെയ്യുന്ന സ്ഥലത്തു ചെന്ന് ഒരു തോക്കെടുത്തിട്ട്‌ അയാൾ പറഞ്ഞു: 'ഞാൻ ചെന്ന് ആൽബെർട്ടോ എന്നൊരുത്തനെ കൊല്ലാൻ പോവുകയാണ്‌.'

ആരാണീ ആൽബെർട്ടോ എന്ന് അവർ ചോദിച്ചു.

'ഒരു ശത്രു,' അയാൾ പറഞ്ഞു, എന്റെയൊരു ശത്രു.'

ഒരു പ്രത്യേകതരത്തിൽപ്പെട്ട ശത്രുക്കളെയാണ്‌ അയാൾ കൊല്ലേണ്ടതെന്നും, അല്ലാതെ തനിക്കു തോന്നുന്നവരെ കൊല്ലാനല്ല അയാളെ പറഞ്ഞുവിടുന്നതെന്നും അവർ അയാൾക്കു വിശദീകരിച്ചുകൊടുത്തു.

‘എന്നു വച്ചാൽ?' ലൂയി ചോദിച്ചു. 'ഞാനെന്താ, മന്ദബുദ്ധിയാണെന്നാണോ നിങ്ങൾ കരുതിയത്‌? അത്തരം കക്ഷി തന്നെയാണ്‌ ഈ ആൽബെർട്ടോയും. നിങ്ങൾ അവർക്കെതിരെ യുദ്ധത്തിനു പോകുന്നുവെന്നു കേട്ടപ്പോൾ ഞാൻ കരുതി, ഒപ്പം ചേർന്നാൽ എനിക്കീ ആൽബെർട്ടോയെ കൊല്ലാമെന്ന്. അതു കാരണമാണു ഞാൻ വന്നത്‌. ഒരു ചതിയനാണ്‌ ഈ ആൽബെർട്ടോയെന്ന് എനിക്കറിയാം. അവനെന്നെ വഞ്ചിക്കുകയായിരുന്നു; ഒരു പെണ്ണിന്റെ മുന്നിൽ ഒരാവശ്യവുമില്ലാതെ അവനെന്നെ നാണം കെടുത്തി. അതൊരു പഴയ കഥയാണ്‌. നിങ്ങൾക്കു വിശ്വാസമാകുന്നില്ലെങ്കിൽ ഞാൻ ആദ്യം മുതലേ പറയാം.'

ശരി,ശരിയെന്ന് അവർ പറഞ്ഞു.

'അപ്പോൾ' ലൂയിഗി പറഞ്ഞു, 'ആൽബെർട്ടോ എവിടെയാണെന്നൊന്നു പറഞ്ഞാട്ടെ, ഞാൻ അവിടെപ്പോയി അവനുമായിട്ടു യുദ്ധം ചെയ്യട്ടെ.'

അതു തങ്ങൾക്കറിയില്ലെന്നായി അവർ.

‘അതു സാരമില്ല,' ലൂയിഗി പറഞ്ഞു. 'അറിയുന്ന ആരെയെങ്കിലും ഞാൻ കണ്ടുപിടിച്ചോളം. എന്നെങ്കിലും അവനെന്റെ പിടിയിലാവും.'

അതു പറ്റില്ലെന്ന് അവർ പറഞ്ഞു; തങ്ങൾ പറയുന്നിടത്തു ചെന്ന് അവിടെ കാണുന്നവരെയാണ്‌ അയാൾ കൊല്ലേണ്ടത്‌. ഈ ആൽബെർട്ടോയുടെ കാര്യമൊന്നും തങ്ങൾക്കറിയില്ല.

'ഇതൊന്നു കേൾക്കെന്നേ,' ലൂയിഗി നിർബന്ധം പിടിച്ചു. 'ഞാൻ കഥ മുഴുവൻ പറയേണ്ടിവരുമെന്നു തോന്നുന്നു. അത്ര ചതിയനാണീ ആൽബെർട്ടോ; അവനെതിരെ യുദ്ധത്തിനു പോവുകയെന്നാൽ അതു ശരിയായ നടപടി തന്നെയാണ്‌.'

അവർക്കു പക്ഷേ അതൊന്നും കേൾക്കേണ്ട.

അതിന്റെ യുക്തി ലൂയിഗിയ്ക്കു മനസ്സിലായില്ല: 'ക്ഷമിക്കണേ, ശത്രുവെന്ന പേരിൽ ആരെയെങ്കിലും കൊന്നാൽ മതിയെന്നാവും നിങ്ങൾക്ക്‌; പക്ഷേ ആൽബെർട്ടോയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ കൊല്ലേണ്ടി വന്നാൽ എന്റെ മനസ്സമാധാനം പോവും.'

മറ്റുള്ളവരുടെ ക്ഷമ നശിച്ചു.

അവരവനെ കണക്കിനു ശകാരിച്ചു; യുദ്ധമെന്നാൽ എന്താണെന്നും തനിയ്ക്കു വേണ്ട ഒരു ശത്രുവിനെ തെരഞ്ഞുപിടിച്ചു കൊല്ലലല്ല യുദ്ധമെന്നും അവർ അവനെ പറഞ്ഞു മനസ്സിലാക്കി.

ലൂയിഗി തോളു വെട്ടിച്ചു. 'അങ്ങനെയാണു സംഗതിയെങ്കിൽ,' അയാൾ പറഞ്ഞു, 'എന്നെ ഒഴിവാക്കിക്കോ.'

' ചേർന്നാൽപ്പിന്നെ തനിക്കങ്ങനെ വിട്ടുപോകാനും പറ്റില്ല,' അവർ ഒച്ചവച്ചു.

'ഫോർവേഡ്‌ മാർച്ച്‌, വൺ-ടു. വൺ-ടു!' അവർ അവനെ യുദ്ധത്തിനു പറഞ്ഞയച്ചു.

ലൂയിഗിയ്ക്ക്‌ ഒരു സന്തോഷവും തോന്നിയില്ല. ആൽബെർട്ടോയോ അവന്റെ കുടുംബത്തിൽപ്പെട്ട ആരെങ്കിലുമോ കൂട്ടത്തിൽപ്പെട്ടാലോ എന്ന ചിന്തയോടെ അയാൾ ഒന്നും നോക്കാതെ ആളുകളെ കൊന്നു. അയാൾ കൊല്ലുന്ന ഓരോ ശത്രുവിനും പകരമായി അവർ അയാൾക്ക്‌ ഒരു മെഡൽ സമ്മാനിച്ചു; പക്ഷേ ലൂയിഗിയ്ക്കു സന്തോഷം തോന്നിയില്ല. 'ആൽബെർട്ടോയെ കൊല്ലാൻ പറ്റിയില്ലെങ്കിൽ,' അയാൾ സ്വയം പറഞ്ഞു, 'എത്രപേരെ ഞാൻ കൊല്ലേണ്ടിവരും.' അയാൾക്കു കുറ്റബോധം തോന്നി.

ഇതിനിടയ്ക്ക്‌ അവർ അയാൾക്കു മെഡലുകൾ വാരിക്കോരി കൊടുക്കുകയായിരുന്നു, വെള്ളി, സ്വർണ്ണം, സകലതും.

ലൂയിഗി മനസ്സിൽ പറഞ്ഞു: 'ഇന്നൊരുത്തനെ കൊല്ലുക, നാളെ വേറൊരുത്തനെ കൊല്ലുക, ആളുകളുടെ എൺനം കുറഞ്ഞുവരുമ്പോൾ ആ വഞ്ചകന്റെ ഊഴവുമെത്തും.'

പക്ഷേ ലൂയിഗിയ്ക്ക്‌ ആൽബെർട്ടോയെ കണ്ടെത്താൻ കഴിയുന്നതിനു മുമ്പ്‌ ശത്രു കീഴടങ്ങി. ഒരാവശ്യവുമില്ലാതെ ഇത്രയധികം പേരെ കൊല്ലേണ്ടി വന്നതിൽ അയാൾക്കു കുറ്റബോധം തോന്നി. ഇപ്പോൾ സമാധാനത്തിന്റെ കാലമായതിനാൽ അയാൾ മെഡലുകളൊക്കെ വാരിക്കൂട്ടി സഞ്ചിയിലാക്കി ശത്രുദേശത്തു ചെന്നിട്ട്‌ മരിച്ചവരുടെ ഭാര്യമാർക്കും കുട്ടികൾക്കും അവ വാരിക്കൊടുത്തു.

ഇങ്ങനെ ചുറ്റിനടക്കുന്ന വഴി അയാൾ എതിരെ ആൽബെർട്ടോ വരുന്നതു കണ്ടു.

'നന്നായി, അയാൾ പറഞ്ഞു, 'ഇപ്പോഴെങ്കിലും പറ്റിയല്ലോ,' എന്നിട്ട്‌ അയാൾ അവനെ കൊന്നു.

അപ്പോൾ അവർ അയാളെ അറസ്റ്റു ചെയ്യുകയും, കൊലക്കുറ്റത്തിനു വിചാരണ ചെയ്യുകയും, പിന്നെ തൂക്കിക്കൊല്ലുകയും ചെയ്തു. തന്റെ മനഃസാക്ഷിയുടെ ഭാരം തീർക്കാനായിട്ടാണു താനതു ചെയ്തതെന്ന് വിചാരണസമയത്ത്‌ അയാൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു; പക്ഷേ ആരുമതു ശ്രദ്ധിക്കാൻ പോയില്ല.

 

 

image from wikimedia

Wednesday, April 7, 2010

നെരൂദ-പ്രണയം


ഒരു കൈക്കുഞ്ഞാകുമായിരുന്നു ഞാൻ, സ്ത്രീയേ,
നിന്റെ മാറിന്നുറവയിലെപ്പാൽ നുകരാൻ,
അരികിൽ നിന്നെക്കാണാൻ, തൊട്ടുകിടക്കാൻ,
നിന്റെ പൊൻചിരിയും ചില്ലുനാദവും സ്വന്തമാക്കാൻ.

പുഴയിൽ ദൈവത്തെപ്പോലെൻ സിരകളിൽ നിന്നെയറിയാൻ,
പൊടിയുടെ, ചുണ്ണാമ്പിന്റെ ദാരുണാസ്ഥികളിൽ നിന്നെപ്പൂജിക്കാൻ,
തിന്മകൾ സകലം കഴുകിപ്പോയിട്ടൊരു കവിതയിൽ
നീ വന്നു നിറയുന്നതു കാണാൻ.

എത്രമേൽ പ്രണയിക്കുമെന്നോ നിന്നെ ഞാൻ, സ്ത്രീയേ,
ഇതിൻ മുമ്പാരും പ്രണയിക്കാത്ത മാതിരി!
മരിച്ചാലുമത്രമേൽ
പ്രണയിക്കും നിന്നെ ഞാൻ.
പ്രണയിക്കും
                  നിന്നെ ഞാ-
                                      നത്രമേ-
                                                     ലത്രമേൽ.


(1920)

Tuesday, April 6, 2010

നെരൂദ- ഒരു പിടി മണ്ണായ നിന്നെ ഞാൻ പ്രണയിക്കുന്നു,




ഒരു പിടി മണ്ണായ നിന്നെ ഞാൻ പ്രേമിക്കുന്നു,
ഗ്രഹം പോൽ വിശാലമതിൻ പുൽപ്പരപ്പുകൾ,
അതിനാലെനിക്കു വേണ്ട വേറൊരു  നക്ഷത്രം.
വികസ്വരപ്രപഞ്ചത്തിന്റെ തനിപ്പകർപ്പെനിക്കു നീ.

പരാജിതതാരാജാലങ്ങളിൽ ശേഷിക്കുന്ന വെളിച്ചം-
അതാണെനിക്കു നിന്റെ നിർന്നിമേഷനേത്രങ്ങൾ;
മഴയത്തു പാഞ്ഞുപോകുമൊരുൽക്ക തൻ താര പോലെ
പ്രകമ്പനം കൊള്ളുകയാണു  നിന്റെ ചർമ്മം.

എനിക്കൊത്ത ചന്ദ്രനായിരുന്നു നിന്റെ ജഘനം,
എനിക്കൊത്ത സൂര്യനായിരുന്നു നിന്റെ അധരം,
ഇരുണ്ട മധു പോലൊരു പ്രചണ്ഡദീപ്തിയായിരുന്നു,

അസ്തമയക്കതിരെരിക്കുന്ന നിന്റെ ഹൃദയം.
നിന്നെരിയുമുടലുടനീളമുമ്മവയ്ച്ചു കടക്കുന്നേൻ,
ഒതുങ്ങിയ ഗ്രഹമേ, എന്റെ മാടപ്രാവേ, എന്റെ ഭൂഗോളമേ.

(പ്രണയഗീതകം - 16)

Monday, April 5, 2010

റിയുനോസുകെ അകുതഗാവ-ഒരു മുളംകൂട്ടത്തിൽ വച്ച്‌


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു മരംവെട്ടി ബോധിപ്പിച്ചത്‌
ഇതു സത്യമാണേ. ഞാൻ തന്നെയാണേ ജഡം കണ്ടത്‌. ഞാൻ താമസിക്കുന്നതിനു പിന്നാമ്പുറത്തുള്ള കുന്നിൽ ഇന്നു കാലത്തും ഞാൻ മരം വെട്ടാൻ പോയിരുന്നു. മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിലാണു ജഡം കിടന്നിരുന്നത്‌. കൃത്യമായ സ്ഥാനമോ? യമാഷിനായിലേക്കുള്ള വഴിയിൽ നിന്ന് കുറച്ചുള്ളിലായിരുന്നു. മുളകൾക്കിടയിൽ മുരടിച്ച കുറേ ദേവദാരുക്കളുമുള്ള ഒരൊഴിഞ്ഞ സ്ഥലമായിരുന്നു അത്‌.
ഇളംനീലനിറത്തിലുള്ള കിമോണോ ധരിച്ച ആ മനുഷ്യൻ മലർന്നുകിടക്കുകയായിരുന്നു; ക്യോട്ടോവിൽ കാണുന്നതരം ഒരു കറുത്ത തൊപ്പിയും അയാൾക്കുണ്ടായിരുന്നു. കത്തി കൊണ്ട്‌ ഒറ്റക്കുത്തേ കണ്ടുള്ളു; അതുപക്ഷേ ഒത്ത നെഞ്ചത്തുമായിരുന്നു; ജഡത്തിനു ചുറ്റും കിടന്ന മുളയിലയിലാകെ കറുത്തു കൊഴുത്ത ചോരയായിരുന്നു. ഇല്ലേ, ചോരവാർച്ച നിന്നിരുന്നേ. മുറിവുണങ്ങിയിരുന്നപോലെ തോന്നി; വലിയൊരു കന്നീച്ച ചോര കുടിച്ചുകൊണ്ടിരിക്കുന്നതു കണ്ടു; ഞാൻ നടന്നുചെല്ലുന്നത്‌ അതറിഞ്ഞിട്ടില്ല.
ഒരു വാളോ മറ്റോ കണ്ടോയെന്നോ? ഇല്ലേ, അങ്ങനെയൊരു വസ്തു കണ്ടതേയില്ലേ. ജഡത്തിനടുത്തുള്ള ഒരു ദേവദാരുവിനടുത്തായി ഒരു കയറു മാത്രം കിടക്കുന്നതു കണ്ടു. അതെയതെ, ഒരു ചീർപ്പും കണ്ടിരുന്നു. ആകെ ആ കയറും ചീർപ്പും മാത്രമേ ഞാൻ കണ്ടുള്ളു. പക്ഷേ നിലത്തെ പുല്ലും മുളയിലകളും ചവിട്ടിക്കുഴച്ച മട്ടിലായിരുന്നു: അവർ തന്നെ കൊല്ലുന്നതിനു മുമ്പ്‌ അയാൾ ശരിക്കും ചെറുത്തു നിന്നിട്ടുണ്ടാവണം. എന്തോ?- കുതിരയോ? ഇല്ലേ, അങ്ങോട്ടു കുതിരയ്ക്കൊന്നും ഇറങ്ങിച്ചെല്ലാൻ പറ്റില്ലേ. വഴിയിൽ നിന്നതുവരെ നല്ല മുളംകൂട്ടമാണേ.


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു ഭിക്ഷു ബോധിപ്പിച്ചത്‌
ഇന്നലെ വഴിയിൽ വച്ച്‌ അയാളെ കണ്ടുവെന്ന് എനിക്കു നല്ല തീർച്ചയാണ്‌. ഇന്നലെ ഒരുച്ചതിരിഞ്ഞുകാണണം. യമാഷിനായിലേക്കു പോകുന്ന വഴി ചുങ്കപ്പുര നിൽക്കുന്ന കുന്നിനടുത്തു വച്ചാണ്‌. കുതിരപ്പുറത്ത്‌ ഒരു സ്ത്രീയുമായി ചുങ്കപ്പുരയിലേക്കു പോവുകയായിരുന്നു അയാൾ. അവളുടെ തലയിൽ വട്ടത്തിൽ ഒരു വൈക്കോൽത്തൊപ്പി കണ്ടു; അതിന്റെ വിളുമ്പിൽ നിന്ന് നീണ്ടൊരു മൂടുപടം വീണുകിടപ്പുണ്ടായിരുന്നു. ഞാൻ അവളുടെ മുഖം കണ്ടില്ല; വേഷം മാത്രമേ കണ്ടുള്ളു. പച്ചയും നീലയും കരയുള്ള കടുംചുവപ്പൊരു വേഷമായിരുന്നു അതെന്നു തോന്നുന്നു. കുതിര ചാരനിറത്തിൽ, ഇടയ്ക്കു ചുവപ്പുമായി പുള്ളികുത്തിയ ഒരു ജാതിയായിരുന്നു; അതിന്റെ കുഞ്ചിരോമം കത്രിച്ചിരുന്നുവെന്നും എനിക്കു നല്ല തീർച്ചയുണ്ട്‌. വലിയ കുതിര ആയിരുന്നോയെന്നോ? സാധാരണയിലും കുറച്ചുകൂടി വലിപ്പമുള്ളതാണെന്നേ എനിക്കു പറയാൻ പറ്റൂ; ഭിക്ഷുവായ എനിക്ക്‌ കുതിരകളുടെ കാര്യം വലിയ പിടിയുണ്ടാവാൻ വഴിയില്ലല്ലോ. ആ മനുഷ്യനോ? അയാളുടെ കൈയിൽ സാമാന്യം വലിപ്പമുള്ള ഒരു വാളുണ്ടായിരുന്നു, പിന്നെ ഒരു വില്ലും അമ്പും. കറുത്ത അരക്കു തേച്ച ആവനാഴി ഞാൻ ഇപ്പോഴും കണ്മുന്നിൽ കാണുന്നു: ഇരുപതോ, അതിൽക്കൂടുതലോ അമ്പുകൾ അതിൽ ഉണ്ടായിരുന്നിരിക്കണം. ഇങ്ങനെയൊരു മനുഷ്യന്‌ ഇതുമാതിരിയൊന്നു സംഭവിക്കുമെന്ന് എനിക്കു സ്വപ്നം കാണാൻ പറ്റില്ല. ഹാ, എന്താണീ മനുഷ്യജീവിതം എന്നു പറയുന്നത്‌- ഒരു മഞ്ഞുതുള്ളി, ഒരു മിന്നൽപ്പിണർ? വളരെ കഷ്ടമായിപ്പോയി, വളരെ കഷ്ടമായിപ്പോയി, ഞാനെന്താ പറയേണ്ടത്‌?

മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു പോലീസുകാരൻ ബോധിപ്പിച്ചത്‌
ഞാൻ പിടികൂടിയവനോ, അങ്ങുന്നേ? അവൻ ആ കുപ്രസിദ്ധനായ കൊള്ളക്കാരൻ തജോമാരു ആണെന്ന് എനിക്കു നല്ല തീർച്ചയാണ്‌.ശരിയാണ്‌, ഞാൻ ചെന്നു പിടികൂടുമ്പോൾ അവതാഗുച്ചിയിലെ കല്ലുപാലത്തിനടുത്ത്‌ കുതിരപ്പുറത്തു നിന്നു വീണുകിടന്ന് മോങ്ങുകയും ഞരങ്ങുകയും ചെയ്യുകയായിരുന്നു അവൻ. സമയമോ? ഇന്നലെ രാത്രി എട്ടു മണിയ്ക്കാണ്‌. മുമ്പൊരു തവണ എന്നെ വെട്ടിച്ചോടുമ്പോൾ ധരിച്ചിരുന്ന അതേ കടുംനീലക്കുപ്പായമാണ്‌ അവൻ ഇട്ടിരുന്നത്‌; കൈയിൽ അതേ നീണ്ട വാളുമുണ്ടായിരുന്നു. ഒപ്പം ഒരു വില്ലും അമ്പും കൂടിക്കണ്ടു. അയ്യോ, അങ്ങനെയാണോ? മരിച്ചയാൾക്കും? അപ്പോൾ ഒന്നും സംശയിക്കാനില്ല; ഈ തജോമാരു തന്നെയാണ്‌ കൊലയാളി. തോലു പൊതിഞ്ഞ വില്ല്, കറുത്ത അരക്കു തേച്ച ആവനാഴി, പുള്ളിൻതൂവൽ പിടിപ്പിച്ച പതിനേഴമ്പുകൾ- അതൊക്കെ ആ ചത്തയാളിന്റെയായിരിക്കണം. അതെയതെ, അങ്ങു പറയുന്ന പോലെ ചെമപ്പു കലർന്ന നരച്ച പുള്ളിയുള്ളതായിരുന്നു കുതിര, അതിന്റെ കുഞ്ചിരോമം കത്രിച്ചതുമായിരുന്നു. ബുദ്ധിയില്ലാത്തൊരു ജന്തുവാണെങ്കിലും ആ കൊള്ളക്കാരനെ കുടഞ്ഞു താഴെയിട്ട്‌ അവനു കിട്ടേണ്ടത്‌ അതു കൊടുത്തല്ലോ. പാലത്തിന്‌ അൽപ്പം അപ്പുറത്തായി കടിഞ്ഞാൺ നിലത്തിഴച്ചുകൊണ്ട്‌ പുല്ലു തിന്നുകയായിരുന്നു അത്‌.
ക്യോട്ടോവിനു ചുറ്റും പരുങ്ങിനടക്കുന്ന കള്ളന്മാരിൽ ഈ തജോമാരുവിനാണ്‌ പെണ്ണുങ്ങളിൽ ഒരു കണ്ണുള്ളതെന്നാണ്‌ സംസാരം. കഴിഞ്ഞ ശരൽക്കാലത്ത്‌ ബിൻസുരു പ്രതിമയ്ക്കു പിന്നിലുള്ള കുന്നിൻപുറത്ത്‌ രണ്ടു തീർത്ഥാടകരെ കൊല ചെയ്തിട്ടിരിക്കുന്നതായി തോരിബേ ക്ഷേത്രത്തിലെ ആളുകൾ കണ്ടു- ഒരു സ്ത്രീയും കുട്ടിയും. അതു ചെയ്തത്‌ തജോമാരു തന്നെയാണെന്നാണ്‌ ജനങ്ങൾ പറഞ്ഞത്‌. ആ മനുഷ്യനെ കൊന്നത്‌ ഇവനാണെന്നു തെളിഞ്ഞാൽപ്പിന്നെ കുതിരപ്പുറത്തുണ്ടായിരുന്ന സ്ത്രീയെ അവൻ എന്തു ചെയ്തുവെന്ന് പറയേണ്ട ആവശ്യമില്ല. ഞാൻ വേണ്ടാത്ത കാര്യത്തിൽ ഇടപെടുകയല്ലങ്ങുന്നേ; എന്നാലും അതിനെ സംബന്ധിച്ച്‌ അവനെ ഒന്നു ചോദ്യം ചെയ്യണമെന്നാണ്‌ എന്റെയൊരു തോന്നൽ.

മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു വൃദ്ധ ബോധിപ്പിച്ചത്‌
അതേയങ്ങുന്നേ, ആ മരിച്ചയാൾക്കാണ്‌ എന്റെ മകളെ കല്യാണം കഴിച്ചു കൊടുത്തിരുന്നത്‌. അയാൾ പക്ഷേ ക്യോട്ടോക്കാരനായിരുന്നില്ല. വകാസാ പ്രവിശ്യയിലെ സമുരായി ആയിരുന്നു അയാൾ. കനസാവാ നോ തകേഹിരോ എന്നായിരുന്നു അയാളുടെ പേര്‌, വയസ്സ്‌ ഇരുപത്താറും. അല്ലങ്ങുന്നേ, ആൾ നല്ല സ്വഭാവമായിരുന്നു. ഇങ്ങനെയൊരു സംഗതി ചെയ്യാനും വേണ്ടിയുള്ള വിരോധം അയാളോട്‌ ആർക്കെങ്കിലും ഉണ്ടായിരുന്നതായി എനിക്കു വിശ്വാസം വരുന്നില്ല.
എന്റെ മകളോ, അങ്ങുന്നേ? മസാഗോ എന്നാണ്‌ അവളുടെ പേര്‌; പത്തൊമ്പതു വയസ്സാണ്‌ അവൾക്കു പ്രായം. ഏതാണിനെപ്പോലെയും ധൈര്യവതിയാണവൾ; എന്നുവച്ച്‌ തകേഹിരോ അല്ലാതെ മറ്റൊരാണിനെ അവൾക്കറിയുകയുമില്ല. അൽപ്പം കറുത്തിട്ടാണവൾ, ഇടതു കൺകോണിനടുത്തായി ഒരു അരിമ്പാറയുമുണ്ട്‌; പക്ഷേ അവളുടെ മുഖം നല്ലൊരു കുഞ്ഞുവട്ടമായിരുന്നു.
തകേഹിരോ ഇന്നലെ എന്റെ മകളെയും കൂട്ടി വകാസയ്ക്കു പോയതാണ്‌; ഇങ്ങനെയൊരു ദുർവ്വിധി വന്നത്‌ എന്തു കൊണ്ടാണാവോ? എന്റെ മകളുടെ ഭർത്താവിന്റെ കാര്യത്തിൽ ഇനി എനിക്കൊന്നും ചെയ്യാനില്ല; എന്നാൽ എന്റെ മകളുടെ ഗതി എന്താണ്‌? അവളുടെ കാര്യത്തിലാണ്‌ എന്റെ ആധി മുഴുക്കെയും അവളെ കണ്ടുപിടിക്കാൻ ആവുന്നതൊക്കെയും ചെയ്യണേ, അങ്ങുന്നേ; ഒരു വഴിയും വിട്ടുകളയരുതേ. ഇത്രകാലം ജീവിച്ച ഞാൻ മറ്റൊന്നിനും വേണ്ടി ഇത്രയും ആഗ്രഹിച്ചിട്ടില്ലങ്ങുന്നേ. ആ, ആ തജോമാരു!- ഹൊ, അവനോടുള്ള എന്റെ വെറുപ്പ്‌ ഞാൻ എങ്ങനെ പറഞ്ഞറിയിക്കും! എന്റെ മകളുടെ ഭർത്താവിനെ മാത്രമല്ല, എന്റെ മകളെക്കൂടിയും...(ഇത്രയുമായപ്പോഴേക്കും കിഴവിയ്ക്കു നിയന്ത്രണം വിട്ടു, അവർക്കു പിന്നെ തുടരാനായില്ല.)

****************************************************************************************************************************

തജോമാരുവിന്റെ കുറ്റസമ്മതം
അയാളെ കൊന്നതു ഞാൻ തന്നെ. പക്ഷേ ആ പെണ്ണിനെ ഞാൻ കൊന്നിട്ടില്ല. അപ്പോൾപ്പിന്നെ അവൾ എവിടെപ്പോയി? നിങ്ങൾക്കുള്ളത്ര അറിവേ അക്കാര്യത്തിൽ എനിക്കുമുള്ളു. അല്ല, ഒന്നു നിൽക്കണേ- നിങ്ങൾക്കു തോന്നുമ്പോലെ എന്നെ എന്തു വേണമെങ്കിലും ചെയ്തോ, പക്ഷേ എനിക്കറിയാത്ത ഒന്നിനെക്കുറിച്ചു പറയാൻ എനിക്കു പറ്റില്ല. അതുമല്ല, നിങ്ങൾക്കെന്നെ പിടികിട്ടിയ സ്ഥിതിയ്ക്ക്‌ ഞാൻ യാതൊന്നും മറയ്ച്ചുവയ്ക്കാനും പോകുന്നില്ല. ഞാൻ ഭീരുവൊന്നുമല്ല.
ഞാൻ അവരെ ഇന്നലെയാണു കണ്ടത്‌, ഉച്ച തിരിഞ്ഞുകാണണം. ആ സമയത്തുതന്നെ ഒരു കാറ്റടിച്ച്‌ അവളുടെ മൂടുപടം മാറി; ഒരു നിമിഷത്തേക്ക്‌ അവളുടെ മുഖം ഞാനൊന്നു കാണുകയും ചെയ്തു. ഒരു നിമിഷത്തേക്കു മാത്രം: അതു കൊണ്ടായിരിക്കണം അവൾ അത്ര പരിപൂർണ്ണയായി എനിക്കു തോന്നിയത്‌- ബോധിസത്വനെപ്പോലെ ഒരു സ്ത്രീ. ആ മനുഷ്യനെ കൊല്ലേണ്ടിവന്നാലും അവളെ സ്വന്തമാക്കാൻ ആ നിമിഷം ഞാൻ നിശ്ചയിച്ചു.
ഹ, എന്തായിങ്ങനെ, നിങ്ങളെപ്പോലുള്ളവർ കരുതുന്ന പോലെ അത്ര വലിയ കാര്യമൊന്നുമല്ല ഒരു മനുഷ്യനെ കൊല്ലുകയെന്നത്‌. മറ്റൊരൊരാളുടെ പെണ്ണിനെ നിങ്ങളെടുക്കാൻ പോവുകയാണെങ്കിൽ അയാൾ ചാവുകതന്നെ വേണം. ഞാൻ ഒരാളെ കൊല്ലുമ്പോൾ വാളു കൊണ്ടാണ്‌ അതു ചെയ്യാറ്‌, പക്ഷേ നിങ്ങളെപ്പോലുള്ളവർ വാളുപയോഗിക്കാറില്ലല്ലോ. നിങ്ങൾ മാന്യന്മാർ നിങ്ങളുടെ അധികാരം ഉപയോഗിച്ചാണ്‌ ആളുകളെ കൊല്ലുക, നിങ്ങളുടെ പണം ഉപയോഗിച്ച്‌, ചിലനേരം വെറും വാക്കുകൾ കൊണ്ടും; നിങ്ങൾ ആളുകളോടു പറയും, നിങ്ങൾ ഒരു സൗജന്യം ചെയ്യുകയാണെന്ന്. ശരിയാണ്‌, ചോരയൊഴുകുന്നില്ല, ആൾക്കു ജീവൻ നഷ്ടപ്പെടുന്നില്ല, അതേസമയം നിങ്ങൾ അയാളെ കൊല്ലുകയും ചെയ്തുകഴിഞ്ഞു. ആരുടെ പാപമാണു വലുതെന്ന് എനിക്കു മനസ്സിലാകുന്നില്ല- നിങ്ങളുടേതോ എന്റേതൊ. (നിന്ദാഗർഭമായ ഒരു പുഞ്ചിരി.)
അതെയതെ, ആണിനെ തട്ടാതെ പെണ്ണിനെ കിട്ടിയാൽ അതുതന്നെയാണു കേമം. ഇന്നലെ എന്റെ പ്രതീക്ഷയും അതുതന്നെയായിരുന്നു. പക്ഷേ യമാഷിദാപാതയിൽ വച്ചു സംഗതി നടക്കില്ലല്ലോ; അതിനാൽ അവരെ കുന്നിലേക്കു കൊണ്ടുപോകാൻ ഞാനൊരു വഴി ആലോചിച്ചു.
അതു വളരെ എളുപ്പമായിരുന്നില്ലേ. ഞാൻ അവരുടെ മുന്നിൽ ചെന്നുനിന്ന് ഒരു കഥ ഉണ്ടാക്കിപ്പറഞ്ഞു. കുന്നുമ്പുറത്തു ഞാനൊരു പഴയ ശവമാടം കണ്ടുവെന്നും, തുറന്നപ്പോൾ അതു നിറയെ വാളുകളും കണ്ണാടികളും മറ്റുമായിരുന്നുവെന്നും ഞാൻ തട്ടിവിട്ടു. സംഗതി ആരും കണ്ടുപിടിക്കാതിരിക്കാനായി മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിൽ ഞാനതു കുഴിച്ചിട്ടിരിക്കുകയാണെന്നും, നല്ലൊരാവശ്യക്കാരനെ കിട്ടിയാൽ വലിയ ലാഭമൊന്നുമെടുക്കാതെ വിറ്റാൽക്കൊള്ളാമെന്നുണ്ടെന്നും ഞാൻ സൂചിപ്പിച്ചു. അയാൾക്ക്‌ അതു കേട്ടപ്പോൾ വലിയ താത്പര്യമായി. ആർത്തി കൊണ്ട്‌ മനുഷ്യർ എന്തൊക്കെച്ചെയ്യുമെന്നു കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോവില്ലേ, എന്താ അങ്ങനെയല്ലേ? ഒരു മണിക്കൂർ കഴിഞ്ഞില്ല, ഞാൻ അവരെയും അവരുടെ കുതിരയെയും മലകേറ്റി.
കാട്ടിലെത്തിയപ്പോൾ ഞാൻ പറഞ്ഞു, അതിനുള്ളിലാണു സംഗതി കുഴിച്ചിട്ടിരിക്കുന്നതെന്നും, അവരും എന്റെ കൂടെ വന്ന് അതൊന്നു നോക്കണമെന്നും. അയാൾ ചാടിക്കയറി വരാൻ തയാറായി; പക്ഷേ താൻ കുതിരയുടെ അടുത്തു നിൽക്കാമെന്നായി പെണ്ണ്‌. എന്താണു നടക്കാൻ പോകുന്നതെന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി- നല്ല കൊടുംകാടാണ്‌. അവർ നേരേ എന്റെ കെണിയിൽ വന്നു ചാടി. ഞങ്ങൾ പെണ്ണിനെ ഒറ്റയ്ക്കു നിർത്തിയിട്ട്‌ കാട്ടിനുള്ളിലേക്കു പോയി.
ആദ്യം വെറും മുളകൾ മാത്രമായിരുന്നു. ഒരു നൂറടി ചെന്നു കഴിഞ്ഞപ്പോൾ കുറേ ദേവദാരുക്കൾ വളർന്നുനിൽക്കുന്ന ഒരു വെളിസ്ഥലം കണ്ടു- എന്റെ മനസ്സിലുള്ളതു നടപ്പാക്കാൻ പറ്റിയ സ്ഥലം. ഞാൻ പൊന്തക്കാടിനുള്ളിലൂടെ നുഴഞ്ഞുകേറിയിട്ട്‌ അവിടെയൊരു മരത്തിനടിയിലാണു മറ്റേതു കുഴിച്ചിട്ടിരിക്കുന്നതെന്നു തട്ടിവിട്ടു. അതു കേട്ടതും, അയാൾ നേരേ മുന്നിൽക്കണ്ട ദേവദാരുക്കളുടെ നേർക്കു കുതിച്ചുചെന്നു. അവിടെ മുള കുറവായിരുന്നു, മരങ്ങൾ നിരന്നു നിൽക്കുകയാണ്‌. അവിടെയെത്തിയതും, ഞാൻ അയാളെ കടന്നുപിടിച്ച്‌ തറയിൽ കമഴ്ത്തിയിട്ടു. ആൾ നല്ല ബലവാനാണെന്ന് എനിക്കു മനസ്സിലായി- കൈയിൽ വാളുമുണ്ട്‌- പക്ഷേ എന്റെ പിടുത്തം ഓർക്കാപ്പുറത്തായതിനാൽ ആൾക്കനങ്ങാൻ പറ്റിയില്ല. ഞാൻ പെട്ടെന്നുതന്നെ അയാളെ ഒരു മരത്തോടു ചേർത്തു കെട്ടിയിട്ടു. കയറെവിടുന്നു കിട്ടിയെന്നോ? അതുശരി, ഞാൻ കള്ളനല്ലേ- ഏതുസമയവും എനിക്കൊരു ചുമരു കയറേണ്ട ആവശ്യം വരും- അതുകാരണം എന്റെ അരയിൽ എപ്പോഴും ഒരു കയറു കാണും. ഒച്ച വയ്ക്കാതിരിക്കാനായി ഞാൻ അയാളുടെ വായിൽ മുളയിൽ കുത്തിക്കേറ്റി. അതോടെ അതു കഴിഞ്ഞു.
അയാളുടെ കാര്യം ഭംഗിയാക്കിയിട്ട്‌ ഞാൻ പെണ്ണിനോടു ചെന്നു പറഞ്ഞു, അവളുടെ ഭർത്താവിന്‌ പെട്ടെന്നു സുഖമില്ലാതെ വന്നുവെന്നും ഒന്നുപോയി നോക്കണമെന്നും. അതും മറ്റൊരുന്നമായിരുന്നു. അവൾ തൊപ്പിയെടുത്തു മാറ്റിയിട്ട്‌ എന്റെ കൈയിൽ പിടിച്ച്‌ കാട്ടിനുള്ളിലേക്കു വന്നു. അയാളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതു കണ്ടതും, നെഞ്ചത്തു നിന്ന് അവൾ പെട്ടെന്നൊരു കഠാര വലിച്ചെടുത്തു. ഇങ്ങനെയെരിയുന്നൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ലേ! കരുതി നിന്നില്ലായിരുന്നെങ്കിൽ അവൾ അത്‌ എന്റെ കുടലിൽ കുത്തിക്കേറ്റിയേനെ. അവൾ നേർത്തുവരുന്നതു കണ്ടിട്ട്‌ ഞാൻ എങ്ങനെയൊക്കെ ഒഴിഞ്ഞുമാറാൻ നോക്കിയാലും അവൾ എന്നെ മുറിപ്പെടുത്തുമെന്ന് എനിക്കു തോന്നിപ്പോയി. എന്നാൽ, തജോമാരുവല്ലേ ഞാൻ. സ്വന്തം വാളൂരാതെതന്നെ എങ്ങനെയൊക്കെയോ ഞാൻ അവളുടെ കൈയിൽ നിന്ന് കഠാര തട്ടിത്തെറിപ്പിച്ചു. കൈയിൽ ഒരായുധമില്ലെങ്കിൽ ഏതൂറ്റക്കാരിപ്പെണ്ണും നിസ്സഹായയായിപ്പോകും. അങ്ങനെ അവളുടെ ഭർത്താവിന്റെ ജീവൻ കളയാതെതന്നെ ഞാൻ അവളെ സ്വന്തമാക്കുകയും ചെയ്തു.
അതെ, നിങ്ങൾ കേട്ടതു ശരിതന്നെ: അവളുടെ ഭർത്താവിന്റെ ജീവനെടുക്കാതെ. പിന്നെ, എന്റെ പ്രധാന ഉദ്ദേശ്യം അയാളെ കൊല്ലുകയുമായിരുന്നില്ല. പെണ്ണു നിലത്തു വീണുകിടക്കുകയായിരുന്നു; ഞാൻ അവളെ അവിടെ വിട്ടിട്ട്‌ ഓടിപ്പോകാൻ നോക്കുമ്പോഴാണ്‌ ഭ്രാന്തിയെപ്പോലെ അവൾ എന്റെ കൈയ്ക്കു കടന്നുപിടിക്കുന്നത്‌. തേങ്ങലുകൾക്കിടയിൽ അവൾ ഒച്ചവയ്ക്കുന്നതെന്താണെന്നും പിന്നെ ഞാൻ കേട്ടു. ശ്വാസം വിടാതെ അവൾ പറയുകയാണ്‌: 'ഒന്നുകിൽ നിങ്ങൾ മരിക്കണം, അല്ലെങ്കിൽ എന്റെ ഭർത്താവ്‌. നിങ്ങളിൽ ഒരാൾ മരിക്കണം. രണ്ടു പുരുഷന്മാർ എന്റെ ഉടുതുണിയഴിച്ചത്‌ എനിക്കു മരണത്തെക്കാൾ നിന്ദ്യമാണ്‌. ജീവനോടെ ശേഷിക്കുന്നയാളോടൊപ്പം എനിക്കു ജീവിക്കണം, അതു നിങ്ങളായാലും അയാളായാലും.' അതു കേട്ടപ്പോൾ അവളുടെ ഭർത്താവിനെ കൊല്ലാൻ അടങ്ങാത്തൊരാർത്തിയാണ്‌ എനിക്കുണ്ടായത്‌.
ഞാനിതു പറയുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും, നിങ്ങളെക്കാളൊക്കെ ക്രൂരനാണു ഞാനെന്ന്. അവളുടെ മുഖം കാണാത്തതു കൊണ്ടാണ്‌ നിങ്ങൾക്കങ്ങനെ തോന്നുന്നത്‌ - ആ സമയത്ത്‌ അവളുടെ കണ്ണുകളിലെ തീ നിങ്ങൾ കണ്ടില്ലല്ലോ. ആ കണ്ണുകൾ എന്റെ കണ്ണുകളെ സന്ധിച്ചപ്പോൾ അവളെ എന്റെ ഭാര്യയാക്കണമെന്ന് എനിക്കാഗ്രഹമുള്ളതായി എനിക്കു ബോധ്യപ്പെട്ടു. ഇടിമിന്നലിന്റെ ദേവൻ എന്നെ കൊന്നുകളയട്ടെ, എന്നാലും അവളെ ഞാൻ ഭാര്യയാക്കും- എന്റെ തലയിൽ അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു. അല്ല, അതു വെറും കാമാവേശം കൊണ്ടുമാത്രമായിരുന്നില്ല. നിങ്ങളെപ്പോലുള്ള മാന്യന്മാർ അങ്ങനെയാവും ചിന്തിക്കുക എന്നെനിക്കറിയാം. എനിക്കവളോടു കാമം മാത്രമാണു തോന്നിയതെങ്കിൽ, ഞാനതു തൃപ്തിപ്പെടുത്തുകയും ചെയ്തുകഴിഞ്ഞിരുന്നല്ലോ. അവളെ തൊഴിച്ചു താഴെയിട്ടിട്ട്‌ എനിക്കവിടെനിന്ന് ഊരിപ്പോരാവുന്നതേയുണ്ടായിരുന്നുള്ളു. ആ മനുഷ്യന്റെ ചോര എന്റെ വാളിൽ കറ പറ്റിയ്ക്കുകയും ചെയ്യുമായിരുന്നില്ല. പക്ഷേ, ഇരുളടഞ്ഞ ആ കാട്ടിൽ വച്ച്‌ അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി പിണഞ്ഞ നിമിഷം എനിക്കു മനസ്സിലായി, അയാളെ കൊല്ലാതെ എനിക്കവിടെനിന്നു പോരാൻ പറ്റില്ലെന്ന്.
എന്നാൽക്കൂടി ഒരു ഭീരുവിന്റെ മാതിരി അയാളെ കൊന്നുകളയാൻ എനിക്കു മനസ്സു വന്നില്ല. ഞാൻ അയാളുടെ കെട്ടഴിച്ചു വിട്ടിട്ട്‌ ഒരു വാൾപ്പയറ്റിന്‌ അയാളെ വെല്ലുവിളിച്ചു. (ഞാൻ അപ്പോൾ വലിച്ചെറിഞ്ഞ കയറാണ്‌ അവർ കണ്ടെടുത്തത്‌.) വലിയ വാൾ വലിച്ചൂരുമ്പോൾ അയാൾ രോഷം കൊണ്ടു തിളങ്ങുകയായിരുന്നു; ഒറ്റയക്ഷരം മിണ്ടാതെ വാളുമായി അയാൾ എന്റെ നേർക്കു ചാടി. ആ പയറ്റിന്റെ ഒടുക്കം എന്തായിരുന്നുവെന്ന് ഞാൻ നിങ്ങളോടു പറയേണ്ടതില്ലല്ലോ. ഇരുപത്തിമൂന്നാമത്തെ കുത്തിന്‌ എന്റെ വാൾ അയാളുടെ നെഞ്ചു പിളർന്നു. അതെ, ഇരുപത്തിമൂന്നാമത്തെ കുത്തിന്‌: അതു നിങ്ങൾ മനസ്സിൽ വയ്ക്കണം. അതിന്റെ പേരിൽ എനിക്കയാളെ ബഹുമാനമാണ്‌. എന്റെ മുന്നിൽ ഇരുപതിനപ്പുറത്ത് പോയ ഒരേയൊരാൾ അയാളാണ്‌. (രസം പിടിച്ചുള്ള ഇളി.)
അയാൾ താഴെ വീണപ്പോൾ ഞാൻ വാളു താഴ്ത്തി ആ പെണ്ണിനെ നോക്കി. പക്ഷേ അവളെ കാണാനുണ്ടായിരുന്നില്ല! ദേവദാരുക്കൾക്കിടയിൽ ഞാൻ അവളെ തിരഞ്ഞു, പക്ഷേ വീണുകിടന്ന മുളയിലകളിൽ അവൾ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷണം പോലും കണ്ടില്ല. ഞാൻ കാതു കൂർപ്പിച്ചു, കേട്ടത്‌ ആ മനുഷ്യന്റെ പ്രാണൻ കുറുകുന്നതു മാത്രമാണ്‌.
വാൾപ്പയറ്റു തുടങ്ങിയപ്പോൾത്തന്നെ സഹായത്തിനാളെ വിളിയ്ക്കാനായി പൊന്തക്കാടിനുള്ളിലൂടെ അവൾ ഓടിപ്പോയതായിരിക്കണം. അതോർത്തപ്പോൾ എനിക്ക്‌ എന്റെ ജീവനെപ്രതി ഭയമായി. ഞാൻ ആ മനുഷ്യന്റെ വാളും അമ്പും വില്ലും വാരിയെടുത്ത്‌ നേരേ മലമ്പാതയ്ക്കു വച്ചുപിടിച്ചു. അവൾ വന്ന കുതിര പുല്ലു മേഞ്ഞു കൊണ്ട്‌ അവിടെ നിൽപ്പുണ്ടായിരുന്നു. അതിനു ശേഷം നടന്നതൊക്കെ പറയാൻ പോയാൽ അതു വെറുതെ നാവിട്ടടിക്കലാവും. എന്തായാലും ക്യോട്ടോവിലേക്കു പോരും മുമ്പ്‌ ഞാൻ അയാളുടെ വാൾ ഉപേക്ഷിച്ചുകളഞ്ഞു.
അപ്പോൾ, ഇതാണെന്റെ കുറ്റസമ്മതം. എന്നെങ്കിലും ഒരുദിവസം ജയിലിന്റെ മുറ്റത്തുള്ള മരത്തിൽ എന്റെ തല തൂങ്ങിക്കിടക്കുമെന്ന് പണ്ടേ എനിക്കറിയാം; അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ എനിക്കു തന്നാട്ടെ. (മുഖത്തു ധിക്കാരഭാവം.)

കിയോമുസു ക്ഷേത്രത്തിൽ വച്ച്‌ ഒരു സ്ത്രീ നടത്തിയ കുമ്പസാരം
കടുംനീലക്കുപ്പായം ധരിച്ച ആ മനുഷ്യൻ എന്നെക്കൊണ്ട്‌ അയാളുടെ ഇംഗിതം സാധിച്ച ശേഷം കെട്ടിയിട്ട എന്റെ ഭർത്താവിനെ നോക്കി കളിയാക്കിച്ചിരിച്ചു. എന്റെ ഭർത്താവിന്‌ എന്തുമാത്രം മാനക്കേടു തോന്നിയിട്ടുണ്ടാവും! അദ്ദേഹം അവിടെക്കിടന്നു ഞെളിയുകയും പുളയുകയും ചെയ്തു; പക്ഷേ കെട്ടുകൾ കൂടുതൽ വരിഞ്ഞിറങ്ങിയെന്നല്ലാതെ ഗുണമുണ്ടായില്ല. ഞാൻ അങ്ങോട്ടോടിച്ചെന്നു. അല്ലല്ല, ഞാൻ അങ്ങോട്ടോടിച്ചെല്ലാൻ നോക്കി; പക്ഷേ ആ മനുഷ്യൻ എന്നെ തൊഴിച്ചു താഴെയിട്ടുകളഞ്ഞു. അപ്പോഴാണ്‌ അതു സംഭവിക്കുന്നത്‌: എന്റെ ഭർത്താവിന്റെ കണ്ണുകളിലെ വിവരിക്കാനാവാത്ത ഒരു തിളക്കം അപ്പോഴാണ്‌ എന്റെ കണ്ണിൽപ്പെടുന്നത്‌. ശരിക്കും അതു വിവരിക്കാൻ പറ്റാത്തതായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ ഞാൻ കിടുങ്ങിപ്പോകുന്നു. എന്റെ ഭർത്താവിന്‌ ഒരക്ഷരം മിണ്ടാൻ കഴിയില്ലായിരുന്നു; പക്ഷേ ആ കണ്ണുകൾ അദ്ദേഹത്തിന്റെ ഹൃദയം മുഴുവനായി എനിക്കു തുറന്നിടുകയായിരുന്നു. അതിൽ തിളങ്ങുന്നതായി ഞാൻ കണ്ടത്‌ കോപമായിരുന്നില്ല, ദുഃഖവുമായിരുന്നില്ല. അവജ്ഞയുടെ തണുത്ത മിന്നലായിരുന്നു- എന്നോടുള്ള അവജ്ഞ. ആ കൊള്ളക്കാരന്റെ തൊഴിയെക്കാൾ എന്നെ വേദനയേൽപ്പിച്ചത്‌ അതായിരുന്നു. ഒരു നിലവിളിയോടെ ഞാൻ അവിടെ പ്രജ്ഞയറ്റു വീണു.
എനിക്കു ബോധം വീണപ്പോൾ നീലക്കുപ്പായമിട്ട മനുഷ്യനെ കാണാനില്ലായിരുന്നു. കാട്ടിൽ അപ്പോൾ മരത്തോടു കെട്ട്യിയിട്ട നിലയിൽ എന്റെ ഭർത്താവു മാത്രമേയുള്ളു. മുളയിലകൾ അട്ടിയിട്ടു വീണുകിടക്കുന്നതിനു മേൽ നിന്ന് കഷ്ടിച്ചെഴുന്നേറ്റു നിൽക്കാനേ എനിക്കായുള്ളു; ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തേക്കു നോക്കി. ആ കണ്ണുകൾ പഴയപടി തന്നെയുണ്ടായിരുന്നു: അവജ്ഞയും വെറുപ്പും നിറഞ്ഞ അതേ തണുത്ത നോട്ടത്തോടെ. ആ സമയത്ത്‌ എന്റെയുള്ളിൽ നിറഞ്ഞ വികാരത്തെ ഞാനെങ്ങനെ വിവരിക്കാൻ?
മാനക്കേട്‌,,,ദുഃഖം...കോപം...കാലുറയ്ക്കാതെ ഞാൻ അദ്ദേഹത്തിനടുത്തേക്കു നടന്നുചെന്നു.
'ഹൊ, എന്റെ ഭർത്താവേ! ഇങ്ങനെയൊക്കെ നടന്ന ശേഷം എനിക്കങ്ങയോടൊപ്പം ജീവിക്കാൻ പറ്റില്ല. ഞാൻ ഈ നിമിഷം ഇവിടെ വച്ചു മരിക്കാൻ തയാറാണ്‌. പക്ഷേ അങ്ങും- അതെ, അങ്ങും എന്റെകൂടെ മരിക്കണം. എന്റെ മാനഹാനിയ്ക്ക്‌ അങ്ങു സാക്ഷിയായതല്ലേ. അതങ്ങയുടെ മനസ്സിലിരിക്കെ എനിക്കു ലോകം വിട്ടുപോകാൻ പറ്റില്ല.'
പറയാനുള്ളതൊക്കെ പറയാൻ ശ്രമിക്കുകയായിരുന്നു ഞാൻ; പക്ഷേ എന്റെ ഭർത്താവാകട്ടെ, പഴയപടി എന്നെ അവജ്ഞയോടെ തുറിച്ചുനോക്കി ഇരിക്കുകയായിരുന്നു. എന്റെ നെഞ്ച്‌ ഏതു നിമിഷവും പൊട്ടിപ്പിളരുമെന്ന് എനിക്കു പേടിയായി. ഒടുവിൽ മനസ്സടക്കിപ്പിടിച്ച്‌ ആ മുളംകൂട്ടത്തിനിടയിൽ ഞാൻ അദ്ദേഹത്തിന്റെ വാളു തിരഞ്ഞു. ആ കൊള്ളക്കാരൻ അതു കൊണ്ടുപോയിരിക്കണം- അതവിടെയെങ്ങും കാണാനില്ലായിരുന്നു- എന്റെ ഭർത്താവിന്റെ അമ്പും വില്ലും കണ്ടില്ല. ഒടുവിൽ ഭാഗ്യത്തിന്‌ എന്റെ കാൽച്ചുവട്ടിലായി ഞാൻ ആ കഠാര കണ്ടു. എന്റെ ഭർത്താവിനു മുന്നിൽ അതെടുത്തു വീശിക്കൊണ്ട്‌ ഞാൻ വീണ്ടും പറഞ്ഞു:
'ഇതാ, ഇതോടെ എല്ലാം കഴിയണം. അങ്ങയുടെ ജീവനെടുക്കാൻ എന്നെ അനുവദിക്കണേ. തൊട്ടുപിന്നാലെ ഞാനും മരണത്തിൽ അങ്ങയെ അനുഗമിച്ചോളാം.'
ഇതു കേട്ടപ്പോൾ അവസാനം എന്റെ ഭർത്താവിന്റെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി. അതെ, മുളയില കുത്തിക്കേറ്റിയിരുന്നതു കാരണം ഒച്ച പുറത്തുവന്നിരുന്നില്ല, എന്നാലും അദ്ദേഹം പറയുന്നതെന്താണെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. എന്നോടുള്ള കൊടിയ അവജ്ഞയോടെ അദ്ദേഹം പറഞ്ഞതിത്രയും, 'ചെയ്യ്‌.' സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ എവിടെയോ ഒഴുകിനടന്ന ഞാൻ അദ്ദേഹത്തിന്റെ ഇളംനീലക്കുപ്പായത്തിന്റെ നെഞ്ചിലൂടെ കഠാര കുത്തിക്കയറ്റി.
പിന്നെ എനിക്കു വീണ്ടും ബോധം പോയി. കാഴ്ച തിരിച്ചുകിട്ടിയപ്പോൾ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരുന്ന എന്റെ ഭർത്താവിന്റെ ശ്വാസം നിലച്ചിരുന്നു. ചാമ്പൽനിറമായ ആ മുഖത്ത്‌ മുളംകൂട്ടത്തിലൂടെ അരിച്ചിറങ്ങുന്ന ഒരു പോക്കുവെയിൽനാളം തങ്ങിനിന്നിരുന്നു. കണ്ണിരും കുടിച്ചിറക്കിക്കൊണ്ട്‌ ഞാൻ അദ്ദേഹത്തിന്റെ കെട്ടഴിച്ച്‌ ആ കയറു വലിച്ചെറിഞ്ഞു. എന്നിട്ടു പിന്നെ- എന്നിട്ടു പിന്നെ എന്റെ കാര്യമെന്തായി? അതു പറയാനുള്ള ശേഷി എനിക്കിനിയില്ല. സ്വയം കൊല്ലാൻ എനിക്കു കഴിഞ്ഞില്ല എന്നു ഞാൻ പറയേണ്ടതില്ലല്ലോ. തൊണ്ടയ്ക്കു കുത്താൻ ശ്രമിച്ചു ഞാൻ. അടിവാരത്തെ കുളത്തിൽ മുങ്ങിച്ചാവാൻ നോക്കി. പക്ഷേ ഫലിച്ചില്ല. ഞാൻ ഇന്നും ഇവിടെത്തന്നെയുണ്ട്‌, മരിക്കാനുള്ള എന്റെ കഴിവുകേടിൽ എനിക്കഭിമാനവുമില്ല.(ഹതാശമായ ഒരു പുഞ്ചിരി.) കരുണയുടെ ബോധിസത്വനായ കനോൺ പോലും എന്റെ ദൗർബല്യം കണ്ട്‌ മുഖം തിരിച്ചതാവും. പക്ഷേ ഞാൻ- സ്വന്തം ഭർത്താവിനെ കൊന്ന ഞാൻ, ഒരു കൊള്ളക്കാരൻ മാനം കവർന്ന ഞാൻ- ഞാനെന്തു ചെയ്യണം? പറയൂ, ഞാനെന്തു ചെയ്യണം...(പെട്ടെന്ന് പൊട്ടിക്കരയുന്നു.)

മരണപ്പെട്ടയാളിന്റെ ആത്മാവ്‌ ഒരു പ്രേതാവിഷ്ടനിലൂടെ ബോധിപ്പിച്ചത്‌
ആ കൊള്ളക്കാരൻ എന്റെ ഭാര്യയെക്കൊണ്ട്‌ തന്റെ ഇംഗിതം സാധിച്ച ശേഷം അവൻ നിലത്തിരുന്ന് അവളെ സമാധാനിപ്പിക്കാൻ നോക്കി. എനിക്കൊന്നും മിണ്ടാൻ പറ്റിയിരുന്നില്ല, എന്നെ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നല്ലോ. എന്നാലും കണ്ണുകാട്ടി ഞാൻ അവളെ മനസ്സിലാക്കിക്കാൻ ശ്രമിക്കുകയായിരുന്നു: അവൻ പറയുന്നതൊന്നും വിശ്വസിച്ചുകളയല്ലേ. അവൻ പറയുന്നതൊക്കെ പൊളിയാണ്‌. എന്റെ മനസ്സിലുള്ളത് അവളിലേക്കെത്തിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെങ്കിലും അവൾ തന്റെ കാൽമുട്ടുകളിൽ തുറിച്ചുനോക്കിക്കൊണ്ട്‌ വീണുകിടക്കുന്ന മുളയിലകളിൽ കൂനിപ്പിടിച്ചിരുന്നതേയുള്ളു. അതുമല്ല, അവൻ പറയുന്നത്‌ അവൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുന്നുണ്ട്‌. അസൂയ കൊണ്ട്‌ ഞാൻ ഞെളിപിരി കൊണ്ടു. പക്ഷേ ആ കള്ളൻ തന്റെ പഞ്ചാരവാക്കുകൾ കൊണ്ട്‌ ഓരോരോ ന്യായങ്ങൾ പറയുകയാണ്‌. 'ഇനിയിപ്പോൾ നിന്റെ ദേഹത്തു ചെളി പറ്റിയ സ്ഥിതിയ്ക്ക്‌  ഭർത്താവുമായുള്ള ബന്ധം പഴയപടിയാവാൻ പോകുന്നില്ല. അയാളുടെ കൂടെ എന്തിനു പോകണം- വാ, എന്റെ ഭാര്യയായിക്കോ! എനിക്കു നിന്നോട്‌ അത്ര സ്നേഹം തോന്നിയതു കൊണ്ടാണ്‌ ഞാൻ ഇത്ര പരുക്കനായിട്ടു പെരുമാറിയത്‌.' അവളോട്‌ അങ്ങനെ പറയാനുള്ള ചങ്കൂറ്റം ആ കള്ളനുണ്ടായി!
അതു കേട്ട്‌ എന്റെ ഭാര്യ മുഖമുയർത്തി നോക്കിയപ്പോൾ അവൾ ആകെ മയങ്ങിപ്പോയപോലെ തോന്നി. അന്നേരത്തെപ്പോലെ സുന്ദരിയായി ഞാനവളെ കണ്ടിട്ടേയില്ല. എന്നിട്ട്‌ എന്റെയാ സുന്ദരിയായ ഭാര്യ ആ കൊള്ളക്കാരനോട്‌ എന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതെന്താണെന്നോ- കൈയും കാലും കൂട്ടിക്കെട്ടിയ തന്റെ ഭർത്താവിന്റെ മുന്നിൽ വച്ച്‌? ഒരു ജീവിതത്തിനും മറ്റൊന്നിനുമിടയിൽ അലഞ്ഞുനടക്കുകയാവാം എന്റെ ആത്മാവ്‌; എന്നാലും അവളുടെ ആ മറുപടി ഓർക്കുമ്പോഴൊക്കെയും വെറുപ്പും കോപവും കൊണ്ട്‌ എരിഞ്ഞുപോകുന്നു ഞാൻ. ' ശരി,' അവൾ പറയുകയാണ്‌, 'എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപൊയ്ക്കോ.' ( ദീർഘമായ ഒരു മൂകത.)
അതു മാത്രമായിരുന്നില്ല അവൾ എന്നോടു ചെയ്ത പാതകം. അത്രയേ അവൾ ചെയ്തുള്ളുവെങ്കിൽ ഞാൻ ഈ ഇരുട്ടിൽക്കിടന്ന് ഇതുമാതിരി ദുരിതമനുഭവിക്കുമായിരുന്നില്ല. അവന്റെ കൈയിൽ പിടിച്ച്‌ ആ മുളംകൂട്ടത്തിൽ നിന്ന് ഒരു സ്വപ്നത്തിലെന്നപോലെ അവൾ കാലെടുത്തുവയ്ക്കുമ്പോൾ പെട്ടെന്ന് അവളുടെ മുഖം വിവർണ്ണമായി, അവൾ തിരിഞ്ഞുനിന്ന് എന്നെച്ചൂണ്ടി. 'കൊല്ലയാളെ!' അവൾ ആക്രോശിച്ചു. 'അയാളെ കൊല്ലാൻ! അയാൾ ജീവനോടിരിക്കുമ്പോൾ എനിക്കു നിങ്ങളോടൊപ്പം വരാൻ സാധ്യമല്ല!' മനസ്സിന്റെ സമനില തെറ്റിയ പോലെ അവൾ അതുതന്നെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 'കൊല്ലയാളെ!' ഇന്നും ആ വാക്കുകൾ ഒരു കൊടുംകാറ്റു പോലെ എന്നെ തൂക്കിയെടുത്ത്‌ പാതാളത്തിലേക്കെറിയുന്നപോലെ തോന്നിപ്പോവുന്നു. ഇത്രയും വിദ്വേഷം നിറഞ്ഞ വാക്കുകൾ ഇതിനു മുമ്പ്‌ ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ വായിൽ നിന്നു വന്നിട്ടുണ്ടാവുമോ? ഇത്രയും ശപ്തമായ വാക്കുകൾ ഇതിനു മുമ്പ്‌ ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ കാതുകളിൽ പതിച്ചിട്ടുണ്ടാവുമോ? ഇത്രയും- (നിന്ദാഗർഭമായ ഒരു പൊട്ടിച്ചിരി.) അവൾ പറയുന്നതു കേട്ടപ്പോൾ ആ കൊള്ളക്കാരൻ പോലും വിളറിപ്പോയി. അവന്റെ കൈയിൽ അള്ളിപ്പിടിച്ചുകൊണ്ട്‌ അവൾ വീണ്ടും അലറി, 'അയാളെ കൊല്ലാൻ!' കൊള്ളക്കാരൻ അവളെ തുറിച്ചുനോക്കി; എന്നെ കൊല്ലുമെന്നോ കൊല്ലില്ലെന്നോ അവൻ പറഞ്ഞില്ല. പിന്നെ ഞാൻ കാണുന്നത്‌, ഒറ്റച്ചവിട്ടു കൊടുത്ത്‌ അവൻ അവളെ താഴെയിടുന്നതാണ്‌. (നിന്ദാഗർഭമായ പൊട്ടിച്ചിരി വീണ്ടും.)
കൊള്ളക്കാരൻ തൊഴുതുകൊണ്ട്‌ എന്നെ നോക്കി.
"ഇവളെ ഞാൻ എന്തു ചെയ്യണം?,' അവൻ എന്നോടു ചോദിച്ചു. 'കൊല്ലണോ അതോ വിട്ടയക്കണോ? തലയൊന്നനക്കിയാൽ മതി. കൊല്ലട്ടെ?' മറ്റൊന്നുമില്ലെങ്കിൽ ഇതൊന്നുകൊണ്ടു തന്നെ ആ കൊള്ളക്കാരന്റെ പാതകങ്ങൾക്കു മാപ്പു കൊടുക്കാൻ ഞാൻ തയാറാണ്‌. (ദീർഘമായ മൗനം വീണ്ടും.)
ഞാൻ മറുപടിയൊന്നും പറയാതിരുന്നപ്പോൾ എന്റെ ഭാര്യ ഒരു നിലവിളിയോടെ മുളംകൂട്ടത്തിനിടയിലേക്കു കുതിച്ചു. അവൻ അവളുടെ പിന്നാലെ പാഞ്ഞു; അവനവളെ എവിടെക്കിട്ടാൻ? എന്തോ കിനാവു കാണുന്ന പോലെ ഞാൻ ആ കാഴ്ചയും കണ്ടുകൊണ്ടിരുന്നു.
എന്റെ ഭാര്യ ഓടിപ്പോയതിപ്പിന്നെ കൊള്ളക്കാരൻ വന്ന് എന്റെ വാളും വില്ലും അമ്പുമെടുത്തു; എന്നിട്ട്‌ എന്നെ കെട്ടിയിരുന്ന കയർ ഒരു ഭാഗത്തു മുറിച്ചു. 'ഇനി എനിക്കോടാനുള്ള ഊഴമായി,' ആ പൊന്തക്കാടിൽ നിന്നു മറയുമ്പോൾ അവൻ പിറുപിറുക്കുന്നത്‌ എന്റെ ഓർമ്മയിലുണ്ട്‌. പിന്നെ അവിടമാകെ നിശ്ശബ്ദമായി. അല്ല- ആരോ തേങ്ങിക്കരയുന്നത്‌ എനിക്കു കേൾക്കാം. കെട്ടഴിക്കുമ്പോൾ ഞാൻ അതിനു കാതു കൊടുക്കുകയായിരുന്നു; ഒടുവിൽ എനിക്കു മനസ്സിലായി- കരയുന്നതു ഞാൻ തന്നെയാണെന്ന് എനിക്കു മനസ്സിലായി. ( വീണ്ടും ദീർഘമായ മൗനം.)
ഒടുവിൽ മരത്തിന്റെ ചുവട്ടിൽ നിന്ന് ക്ഷീണിച്ചവശനായി ഞാൻ എഴുന്നേറ്റു നിന്നു. എന്റെ ഭാര്യ വലിച്ചെറിഞ്ഞ കഠാര അതാ, എന്റെ കാൽച്ചുവട്ടിൽ കിടക്കുന്നു. ഞാൻ അതെടുത്ത്‌ എന്റെ നെഞ്ചിലേക്കു കുത്തിയിറക്കി. ചോരക്കട്ട പോലെന്തോ എന്റെ വായിലേക്കിരച്ചുകയറി; പക്ഷേ എനിക്കൊരു വേദനയും തോന്നിയില്ല. എന്റെ നെഞ്ചത്തു തണുപ്പു കേറി, പിന്നെ സകലതും അനക്കമറ്റു. എന്തൊരു നിശ്ശബ്ദത! മലയുടെ മറഞ്ഞ ഭാഗത്തെ ആ മുളംകൂട്ടത്തിനു മുകളിലെ ആകാശത്ത്‌ ഒരു കിളിയും പാടാനെത്തിയില്ല. മുളംകൂട്ടത്തിലും ദേവദാരുക്കളുടെ ഉയർന്ന ചില്ലകളിലും സൂര്യന്റെ ഏകാന്തദീപ്തി തങ്ങിനിന്നിരുന്നു. സൂര്യൻ- പിന്നെ അതും സാവധാനം മങ്ങുകയായി, കൂടെ ദേവദാരുക്കളും മുളകളും. ആഴ്‌ന്ന നിശ്ശബ്ദതയാലാവൃതനായി ഞാൻ അവിടെക്കിടന്നു.
പിന്നെ അടക്കിയ കാൽച്ചുവടുകൾ എന്നെത്തേടിവന്നു. അതാരെന്നു കാണാൻ ഞാൻ ശ്രമിച്ചു, പക്ഷേ ഇരുട്ടെന്നെ നാലുപാടും വന്നു മൂടിക്കളഞ്ഞു. ഒരാൾ- ആരോ ഒരാൾ അദൃശ്യമായ ഒരു കൈ കൊണ്ട്‌ എന്റെ നെഞ്ചിൽ നിന്ന് കഠാര സാവധാനം വലിച്ചൂരി. വീണ്ടും എന്റെ വായിലേക്ക്‌ ചോര പതഞ്ഞുകേറി; പിന്നെ ഞാൻ എന്നെന്നേക്കുമായി ജീവിതങ്ങൾക്കിടയിലെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്തു.
(ഡിസംബർ 1921)
____________________________________________________________________________________________________
കുറോസോവ തന്റെ പ്രസിദ്ധമായ സിനിമ എടുക്കുന്നത്‌ പ്രധാനമായും ഈ കഥയെയും പിന്നെ റഷോമോൺ എന്ന നേരത്തേ വിവർത്തനം ചെയ്ത കഥയെയും ആസ്പദമാക്കിയാണ്‌.

Sunday, April 4, 2010

നെരൂദ-സംഖ്യകൾക്ക്‌

File:De Occulta Philosophia - Proportionen des Menschen und ihre geheimen Zahlen.jpg

ഹാ, എത്രയുണ്ടെന്നറിയാനുള്ള
ഈ ദാഹം!
ആകാശത്തെത്ര
നക്ഷത്രങ്ങളുണ്ടെന്നറിയാനുള്ള
ഈ ആർത്തി!

കല്ലുകളും ചെടികളും,
വിരലുകളും നഖങ്ങളും,
മണൽത്തരികളും പല്ലുകളുമെണ്ണി
നമ്മുടെ ബാല്യം കഴിഞ്ഞു.
പൂക്കളുടെ ഇതളുകളും
ധൂമകേതുക്കളുടെ വാലുകളുമെണ്ണി
യൗവനവും കഴിഞ്ഞു.
നിറങ്ങളും കൊല്ലങ്ങളും,
ജീവിതങ്ങളും ചുംബനങ്ങളും
നാമെണ്ണി.
നാട്ടുമ്പുറത്തു നാം
കാളകളെയെണ്ണി;
കടൽക്കരയിൽ
തിരകളും.
കപ്പലുകൾ
പെരുകുന്ന പൂജ്യങ്ങളായി.
ആയിരങ്ങളും ലക്ഷങ്ങളുമായിരുന്നു
നഗരങ്ങൾ;
ഗോതമ്പ്‌
ഒരു ധാന്യമണിയെക്കാൾ
ചെറിയ സംഖ്യകൾ ഉള്ളിലടക്കിയ
നൂറുകണക്കിനു മാത്രകളും.
കാലം ഒരു സംഖ്യയായി.
ശബ്ദവുമായി
ഓടിജയിച്ചിട്ടെന്താ,
പ്രകാശത്തിന്റെ വേഗം
37 ആയിരുന്നു.
സംഖ്യകൾ നമ്മെപ്പൊതിഞ്ഞു.
രാത്രിയിൽ
ക്ഷീണിച്ചു നാം വാതിലടയ്ക്കുമ്പോൾ
ഒരു 800
വാതിലിനടിയിലൂടെ നുഴഞ്ഞുകടന്ന്
നമ്മോടൊപ്പം കട്ടിലിൽ കിടക്കുന്നു,
സ്വപ്നങ്ങളിൽ
4000ങ്ങളും 77കളും
കൊട്ടുവടികളും കൊടിലുകളും കൊണ്ട്‌
നമ്മുടെ നെറ്റികളിൽ ആഞ്ഞടിക്കുന്നു.
5കൾ 5കളോടു ചേർന്നുചേർന്നൊടുവിൽ
കടലിലേക്കോ, ഭ്രാന്തിലേക്കോ പതിയ്ക്കുന്നു,
സൂര്യൻ നമ്മെ പൂജ്യവുമായി വന്നു വിളിയ്ക്കുന്നു,
അപ്പോൾ നാം ഓടിയിറങ്ങിപ്പോകുന്നു
ഓഫീസിലേക്ക്‌,
വർക്ക്ഷോപ്പിലേക്ക്‌,
ഫാക്റ്ററിയിലേക്ക്‌,
ഓരോ പുതിയ ദിവസത്തിന്റെയും
അനന്തമായ 1
വീണ്ടും എണ്ണിത്തുടങ്ങാൻ.

നമ്മുടെ ദാഹം തീർക്കാനുള്ള നേരം
നമുക്കുണ്ടായിരുന്നു,
വസ്തുക്കളുടെ കണക്കെടുക്കാൻ,
ആകെത്തുക കാണാൻ,
അവയെ പൊടിയാക്കി
കൂന കൂട്ടാനുള്ള പ്രാചീനദാഹം.
സംഖ്യകളും പേരുകളും കൊണ്ട്‌
ലോകത്തെ നാം പരത്തിയിട്ടു.
പക്ഷേ വസ്തുക്കൾ അതിജീവിച്ചു,
അവ സംഖ്യകളിൽ നിന്നൊളിച്ചോടി,
ആവിയായി,
ഒരു ഗന്ധമോ ഓർമ്മയോ മാത്രം ബാക്കിയായി,
ഒഴിഞ്ഞ സംഖ്യകൾ മാത്രം ശേഷിച്ചു.

അതുകൊണ്ടത്രേ
നിങ്ങൾ വസ്തുക്കളിലേക്കു തിരിയൂ
എന്നു ഞാൻ പറയുന്നു.
സംഖ്യകൾ ചെന്നു
ജയിലിൽ കിടക്കട്ടെ,
അണി ചേർന്നവ
കവാത്തു നടത്തട്ടെ,
പെറ്റുപെരുകി
അനന്തതയുടെ
ആകെത്തുകയും നൽകട്ടെ.
നിങ്ങൾക്ക്‌
വഴിവക്കിലെ ചില സംഖ്യകൾ മതി
നിങ്ങളെ കാക്കാൻ,
നിങ്ങൾക്കു കാക്കാൻ.
നിങ്ങളുടെ ആഴ്ചശമ്പളം,
നിങ്ങളുടെ നെഞ്ചളവിനൊപ്പം വികസിക്കുമാറാകട്ടെ!
തമ്മിൽ പുണരുന്ന നിങ്ങൾ 2 പേരിൽ നിന്ന്,
നിങ്ങളുടെയും നിങ്ങളുടെ കമിതാവിന്റെയും
ദേഹങ്ങളിൽ നിന്ന്
കുഞ്ഞുങ്ങളുടെ ജോഡിക്കണ്ണുകൾ പിറക്കുമാറാകട്ടെ1
അവയും എണ്ണാൻ തുടങ്ങും
പ്രാചീനനക്ഷത്രങ്ങളെ,
രൂപം മാറിയൊരു ഭൂമിയെ പുതപ്പിക്കുന്ന
എണ്ണമറ്റ ധാന്യമണികളെ.

Saturday, April 3, 2010

റിയുനോസുകെ അകുതഗാവ-റഷോമോൺ




തണുത്തുകുളിരുന്ന ഒരു സന്ധ്യനേരത്ത്‌ മഴയൊന്നു തോരാൻ കാത്ത്‌ റഷോമോണിനടിയിലിരിക്കുകയാണ്‌ ഒരു സമുരായിയുടെ സേവകൻ.
ആ വലിയ കവാടത്തിനു ചുവട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ചുവന്ന അരക്കു തേച്ചിരുന്നത്‌ അവിടവിടെ ഇളകിപ്പോന്നിരുന്ന കൂറ്റനൊരു തൂണിന്മേൽ ഒരു ചീവീടു മാത്രം പറ്റിപ്പിടിച്ചിരുപ്പുണ്ട്‌. സുജാക്കുവീഥി പോലെ അത്ര പ്രധാനപ്പെട്ട ഒരു പെരുവഴിയിൽ നിൽക്കുന്നതിനാൽ മറ്റു ചിലരെങ്കിലും ആ മഴയത്ത്‌ അവിടെക്കേറി നിൽക്കേണ്ടതായിരുന്നു- അരക്കു തേച്ച പുൽത്തൊപ്പി വച്ച ഒരു സ്ത്രീ, അതുമല്ലെങ്കിൽ പതുപതുത്ത കറുത്ത തൊപ്പി ധരിച്ച ഒരു കൊട്ടാരം സേവകൻ. പക്ഷേ ഈ മനുഷ്യനല്ലാതെ മറ്റൊരാളെ കാണാനില്ല.
അടുത്ത കാലത്തു തുടരെത്തുടരെയുണ്ടായ അത്യാഹിതങ്ങൾ കാരണം - ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, അഗ്നിബാധകൾ, ക്ഷാമം - ക്യോട്ടോനഗരം വല്ലാതെ ക്ഷയിച്ചുപോയിരിക്കുന്നു. ആളുകൾ ബുദ്ധപ്രതിമകളും മറ്റു പൂജാദ്രവ്യങ്ങളും അടിച്ചുടച്ച്‌ വഴിയിൽ കൂട്ടിയിട്ടിരിക്കുന്നതിനെക്കുറിച്ചും, ചായവും പൊന്നും വെള്ളിയും പറ്റിപ്പിടിച്ചിരിക്കുന്ന ആ കഷണങ്ങൾ വിറകായി വിൽക്കുന്നതിനെക്കുറിച്ചും പഴയ രേഖകളിൽ പറയുന്നുണ്ട്‌. നഗരം തന്നെ ഈ പടുതിയിലായിരിക്കെ റഷോമൊൺ പരിരക്ഷിക്കാൻ ആരുണ്ടാവാൻ? ആ പൊളിഞ്ഞ കെട്ടിടം കുറുനരികൾക്കു മാളമായി; വൈകാതെ കള്ളന്മാരും അവിടെ കുടിയേറി. ഒടുവിൽ അവകാശികളില്ലാത്ത ജഡങ്ങൾ കൊണ്ടുവന്ന് കാവാടത്തിന്റെ മുകൾനിലയിൽ തള്ളുക പതിവായി; സന്ധ്യ കഴിഞ്ഞാൽ ആരും ചെല്ലാൻ മടിക്കുന്ന ഒരു സ്ഥലമായി മാറി അത്‌.
നേരേമറിച്ച്‌, കാക്കകൾ അവിടെ പറ്റമായി വന്നുകൂടിയിരുന്നു. പകലു മുഴുവൻ അവ മേൽക്കൂരയ്ക്കു ചുറ്റും കാറിക്കരഞ്ഞുകൊണ്ട്‌ പറന്നുനടക്കും. അന്തിവെളിച്ചത്തിൽ ആകാശം ചുവക്കുമ്പോൾ വാരിയെറിഞ്ഞ എള്ളിൻമണികൾ പോലെയും അവയെ കാണാം. ഇന്നു പക്ഷേ, അത്രയും നേരം വൈകിയതു കൊണ്ടാവാം, ഒരു കാക്കയെപ്പോലും കാണാനില്ല. വിടവുകളിൽ കാട്ടുപുല്ലുകൾ വളർന്നുകേറിയ, പൊളിഞ്ഞുതുടങ്ങിയ കൽപ്പടവുകളിൽ അവയുടെ വെളുത്ത കാഷ്ഠം മാത്രം വീണുകിടപ്പുണ്ട്‌. പഴകിയ നീലക്കിമോണോ ധരിച്ച ആ വേലക്കാരൻ ഏഴു പടവുകളിൽ മുകളറ്റത്തേതിൽ കയറി ഇരിക്കുകയാണ്‌; ഉതിരുന്ന മഴയിൽ തങ്ങിനിൽക്കുകയാണ്‌ അയാളുടെ ഒഴിഞ്ഞ നോട്ടം. വലതുകവിളിൽ ശല്യമുണ്ടാക്കുന്ന വലിയൊരു മുഖക്കുരുവിലേക്ക്‌ അയാളുടെ ശ്രദ്ധ പോകുന്നുണ്ട്‌.
'മഴയൊന്നു തോരാൻ കത്തുനിൽക്കുകയായിരുന്നു' ആ വേലക്കാരൻ എന്നു നാം നേരത്തെ പറഞ്ഞിരുന്നു; പക്ഷേ മഴ നിന്നുകഴിഞ്ഞാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്‌ അയാൾക്കു പ്രത്യേകിച്ചൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതാണു പരമാർത്ഥം. സാധാരണ ഗതിയിൽ അയാൾ തന്റെ യജമാനന്റെ വീട്ടിലേക്കു പോവുകയാണ്‌ ചെയ്യുക. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പ്‌ അയാളെ ജോലിയിൽ നിന്നു പിരിച്ചിവിട്ടിരിക്കുകയാണ്‌. മുമ്പ്‌ സൂചിപ്പിച്ചപോലെ, ക്യോട്ടോനഗരം വല്ലാത്ത ഒരധഃപതനത്തിലായിരുന്നല്ലോ. അത്രയും വർഷം താൻ സേവിച്ചിരുന്ന യജമാനൻ അയാളെ പിരിച്ചുവിട്ടത്‌ ആ അധഃപതനത്തിന്റെ തീരെച്ചെറിയ ഒരു പരിണതഫലവുമായിരുന്നു. 'മഴ തോരാൻ കാത്തു നിൽക്കുകയായിരുന്നു' ആ വേലക്കാരൻ എന്നതിനു പകരം ഇങ്ങനെയെഴുതുകയാവും ഉചിതം: 'മഴയത്തു പെട്ടുപോയ ഒരു വേലക്കാരന്‌ എങ്ങും പോകാനുണ്ടായിരുന്നില്ല, എന്തു ചെയ്യണമെന്നും അറിയുമായിരുന്നില്ല.' ഹേയിയൻ കാലത്തെ ആ ഊഴിയക്കാരന്റെ മനസ്സിടിവിന്‌ കാലാവസ്ഥയും കാരണമായി. മഴ തോരാനുള്ള ലക്ഷണമുണ്ടായിരുന്നില്ല. സുജാക്കുവീഥിയിൽ മഴ കോരിച്ചൊരിയുന്നത്‌ പാതിബോധത്തിൽ കേട്ടുകൊണ്ടിരിക്കുകയാണയാൾ. ഒരുനാൾ കൂടി ജീവനോടിരിക്കാനുള്ള വഴി കണ്ടെത്താൻ അയാൾ നിശ്ചയിച്ചിട്ടുണ്ട്‌- എന്നു പറഞ്ഞാൽ, അപരിഹാര്യമായ ഒരു വിധിക്കെതിരെ ഒരു ചെറുത്തുനിൽപ്പു നടത്താൻ.
പലതരം ഇരമ്പങ്ങളുമായി ഇരച്ചെത്തിയ പെരുമഴ റഷോമോണിനെ വലയം ചെയ്തു. മുകളിലേക്കു നോക്കിയപ്പോൾ കൂറ്റനൊരു കാർമേഘം കൂരയുടെ മൂലയോടുകളിൽ കോർത്തുനിൽക്കുന്നത്‌ അയാളുടെ കണ്ണുകളിൽ പെട്ടു.
ഒന്നും ചെയ്യാനില്ലാത്ത ചുറ്റുപാടിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ എന്തു ചെയ്യാനും തയാറായിരിക്കണം അയാൾ. മടിച്ചാൽ ഏതെങ്കിലും മൺചുമരിനരികിൽ, സുജാക്കുവിലെ ഓടയിൽ പട്ടിണി കിടന്ന് അയാൾ മരിക്കും. പിന്നെ ഒരു തെണ്ടിപ്പട്ടിയെപ്പോലെ അയാളെ ഈ കവാടത്തിലേക്കെടുത്തെറിയുകയും ചെയ്യും. പക്ഷേ എന്തു ചെയ്യാനും തയാറാണ്‌ അയാളെങ്കിൽ-
ഒരേ വഴിയിലൂടെ ചാലിട്ട ചിന്തകൾ എപ്പോഴും ഒരേ ലക്ഷ്യത്തിൽ ചെന്നുനിൽക്കുകയായിരുന്നു. പക്ഷേ എത്രനേരം കഴിഞ്ഞിട്ടും ആ 'എങ്കിൽ' ഒരു 'എങ്കിൽ' ആയിത്തന്നെ നിലനിന്നു. എന്തു ചെയ്യാനും താൻ തയാറാണ്‌ എന്ന് പേർത്തും പേർത്തും തന്നെത്താൻ ബോധ്യപ്പെടുത്തിയിട്ടും, ആ 'എങ്കിലി'ന്റെ സ്വാഭാവികമായ നിഗമനത്തിലെത്താൻ, അതായത്‌ ഒരു കള്ളനാവുകയേ തനിക്കിനി ചെയ്യാനുള്ളു എന്ന നിശ്ചയത്തിലെത്താൻ വേണ്ട ധൈര്യം സംഭരിക്കാൻ അയാൾക്കു കഴിഞ്ഞില്ല.
നീട്ടിപ്പിടിച്ചൊരു തുമ്മലിനു ശേഷം അയാൾ വലിഞ്ഞെഴുന്നേറ്റു. ക്യോട്ടോവിലെ അന്തിക്കുളിരു കൊണ്ടപ്പോൾ ഒരു നെരുപ്പോടിന്റെ കനൽച്ചൂടിന്‌ അയാളുടെ മനസ്സു കൊതിച്ചു. ആ ഇരുട്ടത്ത്‌ കവാടത്തിന്റെ തൂണുകൾക്കിടയിലൂടെ തണുത്ത കാറ്റു മൂളിപ്പറന്നു. ചുവന്ന അരക്കു തേച്ച തൂണിന്മേൽ പറ്റിപ്പിടിച്ചിരുന്ന ചീവീടു പോലും പോയിക്കഴിഞ്ഞിരിക്കുന്നു.
പിടലി താഴ്ത്തി അയാൾ കവാടത്തിനു ചുറ്റും ഒന്നു നോക്കി; മഞ്ഞിച്ച അടിവസ്ത്രത്തിനു മേൽ ധരിച്ചിരുന്ന നീലക്കിമോണോ അയാൾ തോളിലേക്ക്‌ ഒന്നുകൂടി വലിച്ചിട്ടു. മഴയും കാറ്റും കൊള്ളാതെ ആരുടെയും കണ്ണിൽപ്പെടാതെ കിടന്നുറങ്ങാൻ പറ്റിയ ഒരിടം കിട്ടിയിരുന്നെങ്കിൽ ഇന്നു രാത്രി ഇവിടെത്തന്നെ കഴിച്ചുകൂട്ടാമായിരുന്നു, അയാൾ മനസ്സിൽ പറഞ്ഞു. ഈ സമയത്താണ്‌ കവാടത്തിന്റെ മുകൾനിലയിലേക്കു പോകുന്ന വിശാലമായ ഒരു കോണിപ്പടി അയാളുടെ കണ്ണിൽപ്പെടുന്നത്‌. ചത്തവരേ അവിടെയുണ്ടാവാൻ വഴിയുള്ളു. ഉറയിൽ നിന്ന് വാളൂരിപ്പോകാതെ നോക്കിക്കൊണ്ട്‌ അയാൾ കോണിപ്പടിയുടെ ആദ്യത്തെ പടിയിൽ കാലെടുത്തു വച്ചു.
അൽപ്പനേരം കഴിഞ്ഞ്‌, കോണിയുടെ പകുതിയെത്തിയപ്പോൾ, അയാളവിടെ പതിഞ്ഞിരുന്ന് ശ്വാസം പിടിച്ചുകൊണ്ട്‌ കവാടത്തിന്റെ മുകൾനില എങ്ങനെയുണ്ടെന്നു നോക്കി. മുകളിൽ നിന്നുള്ള വെളിച്ചം ആ മനുഷ്യന്റെ വലതു കവിളിൽ മങ്ങിവീണു- കുറ്റിത്താടിയ്ക്കിടയിൽ പഴുപ്പു നിറഞ്ഞു നീറിയിരുന്ന മുഖക്കുരു ഉണ്ടായിരുന്ന ആ കവിളിൽത്തന്നെ. മരിച്ചവരല്ലാതെ ആരെങ്കിലും അവിടെ കണ്ടേക്കാമെന്ന സാധ്യതയിലേക്ക്‌ അയാളുടെ ചിന്ത പോയിരുന്നില്ല; പക്ഷേ രണ്ടുമൂന്നു പടികൾ കൂടി കയറിയപ്പോൾ ആരോ ഒരാൾ അതിനുള്ളിൽ വെളിച്ചവും കൊണ്ടു നടക്കുന്നുണ്ടെന്ന് അയാൾക്കു ബോധ്യമായി. മൂലകളിൽ മാറാല തൂങ്ങിക്കിടന്നിരുന്ന മേൽക്കൂരയുടെ അടിഭാഗത്ത്‌ നിറം കെട്ട മഞ്ഞ വെളിച്ചം മിന്നിത്തിളങ്ങുന്നത്‌ അയാൾ കണ്ടു. ഇതുപോലൊരു മഴയുള്ള രാത്രിയിൽ റഷോമോണിൽ വെളിച്ചവുമായി നടക്കുന്നയാൾ സാധാരണക്കാരനാവാൻ വഴിയില്ല.
ആ ചെങ്കുത്തായ കോണിയുടെ മുകളിലേക്ക്‌ അയാൾ ഒരു പല്ലിയെപ്പോലെ ഇഴഞ്ഞുകേറി. എന്നിട്ടു കുന്തിച്ചിരുന്ന് അയാൾ അതിനുള്ളിലേക്ക്‌ പേടിയോടെ കഴുത്തെത്തിച്ചു നോക്കി.
പറഞ്ഞുകേട്ടപോലെ, കുറേ ശവങ്ങൾ അവിടെയുമിവിടെയുമായി കിടക്കുന്നത്‌ അയാൾ കണ്ടു. പക്ഷേ മങ്ങിയ വെളിച്ചമായിരുന്നതിനാൽ എത്രയെണ്ണമുണ്ടെന്ന് അയാൾക്കു മനസ്സിലായില്ല. ചിലതു പിറന്നപടി ആയിരുന്നുവെന്നും, മറ്റു ചിലതിനു മേൽ തുണിയുണ്ടായിരുന്നുവെന്നും മാത്രം കാണാൻ പറ്റി. ആണും പെണ്ണും കൂടിപ്പിണഞ്ഞു കിടക്കുകയാണെന്നും തോന്നി. കൈകൾ വാരിയെറിഞ്ഞും, വായ വലിച്ചുതുറന്നും, നിത്യമൗനത്തിലാണ്ട്‌ കളിമൺപാവകളെപ്പോലെയുള്ള അവയുടെ കിടപ്പു കണ്ടാൽ ഒരു കാലത്തവ ജീവനുള്ള മനുഷ്യരായിരുന്നുവെന്നു വിശ്വസിക്കാൻ പ്രയാസം തോന്നിപ്പോകും. അവരുടെ ചുമലും നെഞ്ചും ഉടലും മങ്ങിയ വെട്ടത്തിൽ എഴുന്നുനിന്നു; മറ്റു ഭാഗങ്ങൾ നിഴലടച്ചുകിടക്കുകയായിരുന്നു.
അഴുകുന്ന ശവങ്ങളുടെ നാറ്റമടിച്ചപ്പോൾ അയാൾ മൂക്കു പൊത്തിപ്പോയി. പക്ഷേ അടുത്ത നിമിഷം അയാളുടെ കൈ താണു; അയാൾ തുറിച്ചുനോക്കി. ജീവനുള്ള ഒരാൾ ആ ശവങ്ങൾക്കിടയിൽ കുന്തിച്ചിരിക്കുന്നതാണ്‌ അയാളുടെ കണ്ണുകൾ കണ്ടത്‌. കറുത്ത വസ്ത്രം ധരിച്ച, ആകെനരച്ച, ഉണങ്ങിച്ചുരുണ്ട, കുരങ്ങിനെപ്പോലുള്ള ഒരു കിഴവി. വലതു കൈയിൽ കത്തുന്ന പൈനിന്റെ ഒരു വിറകുകൊള്ളിയും പിടിച്ച്‌ ഒരു ശവത്തിന്റെ മുഖത്തേക്ക്‌ ഉറ്റുനോക്കുകയാണവൾ. നീണ്ട മുടി കണ്ടിട്ട്‌ അതൊരു സ്ത്രീയുടെ ജഡമാണെന്നു തോന്നി.
ജിജ്ഞാസയെക്കാളേറെ ഭീതി ബാധിച്ച്‌ ഒന്നു ശ്വാസമെടുക്കാൻ കൂടി അയാൾ മറന്നു. പഴയ കാലത്തെ ഒരെഴുത്തുകാരന്റെ ശൈലി കടമെടുത്തു പറഞ്ഞാൽ, തന്റെ രോമങ്ങൾ എഴുന്നു നിൽക്കുന്നതായി അയാൾക്കു തോന്നിപ്പോയി. പിന്നെ ആ മുതുക്കി തന്റെ കൈയിലെ കത്തുന്ന വിറകുകൊള്ളി തറയിലെ രണ്ടു പലകകൾക്കിടയിൽ കുത്തിനിർത്തിയിട്ട്‌ കൈ രണ്ടും താൻ നോക്കിക്കൊണ്ടുനിന്ന ശവത്തിന്റെ തലയിലേക്കു വച്ചു. സ്വന്തം കുഞ്ഞിന്റെ തലയിലെ പേനെടുക്കുന്ന ഒരു കുരങ്ങിനെപ്പോലെ അവൾ ആ ശവത്തിന്റെ നീണ്ട മുടിയിഴകൾ ഓരോന്നായി പിഴുതെടുക്കാൻ തുടങ്ങി. അവളുടെ കൈകളുടെ ചലനങ്ങൾക്കൊപ്പം ആ മുടിയിഴകൾ പെട്ടെന്ന് ഊരിപ്പോരുന്നുമുണ്ട്‌.
ഓരോ മുടിയും പിഴുതുപോരുമ്പോൾ അയാളുടെ പേടിയും മാറിവരികയായിരുന്നു; അതിനു പകരം ആ കിഴവിയോടുള്ള അടങ്ങാത്തൊരു വെറുപ്പു വളരുകയായിരുന്നു. അല്ല, എന്നല്ല പറയേണ്ടത്‌: ആ കിഴവിയോടു വെറുപ്പല്ല, ദുഷ്ടമായ സകലതിനോടുമുള്ള അറപ്പാണയാൾക്കു തോന്നിയത്‌- ഓരോ നിമിഷം കഴിയുംതോറും അതധികരിക്കുകയായിരുന്നു. ഈ നിമിഷം ആരെങ്കിലും അയാളൂടെ മുന്നിൽ പട്ടിണി കിടന്നു മരിക്കുമോ അതോ കള്ളനാവുമോ എന്നുള്ള ചോദ്യം- അൽപനേരം മുമ്പ്‌ അയാളെ മഥിച്ച ആ തെരഞ്ഞെടുപ്പ്‌- എടുത്തിട്ടിരുന്നുവെങ്കിൽ അയാൾ ഒട്ടും ശങ്കയില്ലാതെ മരണം തന്നെ തെരഞ്ഞെടുക്കുമായിരുന്നു. അത്രയ്ക്കായിരുന്നു തിന്മയോടുള്ള അയാളുടെ വെറുപ്പ്‌. ആ കിഴവി കുത്തിനിർത്തിയ വിറകുകൊള്ളി പോലെ ആളിക്കത്തുകയായിരുന്നു അത്‌.
അവൾ എന്തിനാണ്‌ ശവങ്ങളിൽ നിന്ന് മുടി പിഴുതെടുക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല; അതുകാരണം അവളുടെ പ്രവൃത്തി ശരിയോ തെറ്റോയെന്ന് തീർച്ചപ്പെടുത്താനും അയാൾക്കു കഴിഞ്ഞില്ല. പക്ഷേ അയാളുടെ കണ്ണുകളിൽ, മഴ പെയ്യുന്ന ഈ രാത്രിയിൽ, ഈ റാഷോമോണിൽ വച്ച്‌ ഒരു ജഡത്തിന്റെ മുടി പിഴുതെടുക്കുക എന്ന പ്രവൃത്തി തന്നെ മാപ്പർഹിക്കാത്ത ഒരു ദുഷ്ടതയായിരുന്നു. അൽപ്പനേരം മുമ്പ്‌ താനൊരു കള്ളനാവാൻ തീരുമാനമെടുത്തതായിരുന്നു എന്ന വസ്തുത സ്വാഭാവികമായും അയാളുടെ മനസ്സിലേക്കു വന്നില്ല.
എന്നിട്ടയാൾ ധൈര്യം സംഭരിച്ചുകൊണ്ടെഴുന്നേറ്റ്‌ വാളിന്റെ പിടിൽ കൈ വച്ചുകൊണ്ട്‌ ആ കിഴട്ടുജന്തുവിന്റെ നേരേ മുന്നിലേക്കു ചെന്നു. ആ മുതുക്കി അയാളെക്കണ്ടതും പേടിച്ചുവിറച്ചുകൊണ്ട്‌ ചാടിയെഴുന്നേറ്റു.
'നീയെന്തായീ ചെയ്യുന്നത്‌?' അവളുടെ വഴി തടഞ്ഞു നിന്നുകൊണ്ട്‌ അയാൾ അലറി. അവൾ അയാളെ വെട്ടിച്ചോടാൻ ഒരു ശ്രമം നടത്തി; അയാൾ അവളെ പിന്നിലേക്കി പിടിച്ചുതള്ളി. രണ്ടുപേരും കൂടി ഉരുണ്ടുപിരണ്ട്‌ ആ ശവങ്ങൾക്കിടയിലേക്കു വീണു. ആരു ജയിക്കുമെന്നുള്ളതു സംശയമില്ലാത്ത കാര്യമായിരുന്നു. അയാൾ അവളുടെ കൈക്കു കടന്നുപിടിച്ച്‌ കുഴ തിരിച്ച്‌ തറയിലിരുത്തി. വെറും എല്ലും തോലുമായിരുന്നു അവളുടെ കൈ; ഒരു കോഴിക്കാലിലുള്ള ഇറച്ചിയേ അതിലുള്ളു.
'നീ ഇവിടെ എന്തു ചെയ്യുകയായിരുന്നു?' അയാൾ ചോദിച്ചു. 'മര്യാദയ്ക്കു പറഞ്ഞോ, അല്ലെങ്കിൽ നീ ഇതിന്റെ രുചിയറിയും.'
അവളെ പിന്നിലേക്കു തള്ളിക്കൊണ്ട്‌ അയാൾ വാളൂരി അതിന്റെ അതിന്റെ വെളുത്ത അലക്‌ അവളുടെ കണ്ണുകൾക്കു മുന്നിലേക്കു കൊണ്ടുചെന്നു. കിഴവി ഒന്നും മിണ്ടിയില്ല. കൈ വിറച്ച്‌, കണ്ണും തുറിച്ച്‌, ശ്വാസം പിടിച്ച്‌, ഒരക്ഷരം പുറത്തു വരാതെ ബലം പിടിച്ച്‌ അവളിരുന്നു. അതു കണ്ടപ്പോൾ ആ കിഴവിയുടെ ജീവിതവും മരണവും തന്റെ മാത്രം ഇച്ഛാശക്തിക്കു വിധേയമാണെന്ന് അയാൾക്കു ബോധ്യമായി. ആ ചിന്ത അയാളുടെ മനസ്സിൽ തിളച്ചുപൊന്തിയ കോപത്തെ ഒന്നു തണുപ്പിച്ചു. ഒരു പ്രവൃത്തി ശരിക്കു ചെയ്തതിന്റെ കൃതാർത്ഥതയും അഭിമാനവുമാണ്‌ അപ്പോൾ അയാളുടെ മനസ്സിലുണ്ടായത്‌. അയാൾ അവളെ കുനിഞ്ഞു നോക്കിയിട്ട്‌ ശാന്തമായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:
'നോക്ക്‌, ഞാൻ പോലീസുകാരനൊന്നുമല്ല. ഇതുവഴി കടന്നുപോയപ്പോൾ ഇങ്ങോട്ടു കയറിയെന്നേയുള്ളു. ഞാൻ നിന്നെ കെട്ടിയിടാനോ പിടിച്ചു കൊണ്ടു പോകാനോ ഒന്നും നോക്കുന്നില്ല. പക്ഷേ ഈ സമയത്ത്‌ നീ ഇവിടെ എന്തു ചെയ്യുകയായിരുന്നുവെന്ന് എന്നോടു പറയണം.'
അതു കേട്ടപ്പോൾ അവളുടെ വികസിച്ച കണ്ണുകൾ ഒന്നുകൂടി വികസിച്ചു; അവൾ അയാളെ കനപ്പിച്ചു നോക്കി. ഒരു ഇരപിടിയൻപക്ഷിയുടെ കണ്ണുകൾ പോലെ തീക്ഷ്ണമായിരുന്നു അവളുടെ ചുവന്ന കണ്ണുകൾ. മൂക്കിലേക്കു ചുരുണ്ടുകൂടിയ ചുണ്ടുകൾ എന്തോ ചവയ്ക്കുന്നപോലെ ഇളകി. അവളുടെ തൊണ്ടയിലെ മുഴ മെലിഞ്ഞ കഴുത്തിലൂടെ മുകളിലേക്കും താഴേക്കുമുരുണ്ടു. പിന്നെ ഒരു കാറിയ കാക്കകരച്ചിൽ പോലെ കിതച്ചും കൊണ്ടുള്ള ഒരു ശബ്ദം അയാളുടെ കാതിലേക്കെത്തി:
'ഞാൻ...ഞാൻ...തിരുപ്പനുണ്ടാക്കാൻ വേണ്ടി മുടി പിഴുതെടുക്കുകയായിരുന്നു.'
ആ മറുപടിയോടെ ആ കൂടിക്കാഴ്ചയിലെ സകല ദുർജ്ഞേയതയും അപ്രത്യക്ഷമായി; അയാൾക്കു നിരാശയായി. ഇതൊരു ശവംതീനിപ്പിശാചൊന്നുമല്ല, ശവങ്ങളുടെ മുടി പിഴുത്‌ തിരുപ്പനുണ്ടാക്കി വിറ്റുതിന്നുന്ന വെറുമൊരു കിഴവി. അതോടെ അയാൾക്കു നേരത്തേ തോന്നിയ വെറുപ്പും അവജ്ഞയും ശക്തമായി തിരിച്ചുവന്നു. അയാളുടെ മനസ്സിൽ എന്താണെന്ന് ആ സ്ത്രീയ്ക്കും മനസ്സിലായിക്കാണണം. ശവത്തിൽ നിന്നു താൻ ഊരിയെടുത്ത നീണ്ട മുടിയിഴകൾ ഒരു കൈയിൽ പിടിച്ചും കൊണ്ട്‌ അവൾ ഒരു തവള കരയുന്ന പോലെ ഇങ്ങനെ വിക്കിവിക്കിപ്പറഞ്ഞു:
'മരിച്ചുപോയവരുടെ മുടി പിഴുതെടുക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. പക്ഷേ ഈ കിടക്കുന്നവർക്കും ഇതു തന്നെ കിട്ടണം. ഞാൻ മുടി ഊരിയെടുത്ത ഈ സ്ത്രീയെ നോക്ക്‌: ഇവൾ ഉണങ്ങിയ പാമ്പിറച്ചി മുറിച്ചു കഷണങ്ങളാക്കി മീനാണെന്നു പറഞ്ഞ്‌ വിറ്റിരുന്നവളാണ്‌. ദീനം പിടിച്ചു മരിച്ചില്ലായിരുന്നെങ്കിൽ അവൾ ഇന്നും ആ പണി ചെയ്തേനെ. ആളുകൾക്ക്‌ അവളുടെ 'മീൻ' വലിയ കാര്യവുമായിരുന്നു. അവൾ ചെയ്തതു വലിയ തെറ്റായി എനിക്കു തോന്നുന്നില്ല. പട്ടിണി കിടന്നു മരിക്കാതിരിക്കാൻ വേണ്ടിയാണ്‌ അവൾ അതു ചെയ്തത്‌. അവൾക്കു വേറെ വഴിയുണ്ടായിരുന്നില്ല. ഞാൻ ചെയ്തതും തെറ്റായി ഞാൻ കാണുന്നില്ല.എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ഇതു ചെയ്തില്ലെങ്കിൽ ഞാൻ പട്ടിണി കിടന്നു ചാവും. ചെയ്തേ പറ്റൂ എന്നാൽ എന്താണെന്ന് ഈ സ്ത്രീയ്ക്കറിയാം; അവളോടു ഞാൻ ഈ കാണിക്കുന്നത്‌ അവൾക്കു മനസ്സിലാവുമെന്നാണ്‌ എന്റെ വിചാരം.'
അയാൾ വാൾ ഉറയിലേക്കിട്ടിട്ട്‌, പിടിയിൽ കൈ കൈ വച്ചുംകൊണ്ട്‌ അവൾ പറയുന്നത്‌ ചിന്താധീനനായി കേട്ടുകൊണ്ടു നിന്നു. ഈ സമയത്ത്‌ കവിളത്തു നീറ്റലുണ്ടാക്കുന്ന മുഖക്കുരുവിലായിരുന്നു അയാളുടെ വിരലുകൾ.
അവളുടെ കഥ കേട്ടുകൊണ്ടു നിൽക്കുമ്പോൾ പുതിയൊരു തരം ധൈര്യം അയാളുടെ ഉള്ളിൽ മുളയെടുക്കുകയായിരുന്നു- അൽപ്പനേരം മുമ്പ്‌ കവാടത്തിനടിയിൽ ഇരിക്കുമ്പോൾ അയാൾക്കു തോന്നാതിരുന്ന ഒരു ധൈര്യം: ആ കിഴവിയെ കടന്നുപിടിക്കാൻ അയാളെ തള്ളിവിട്ട ധൈര്യത്തിന്റെ നേരേ എതിർദിശയിലേക്ക്‌ നീങ്ങുന്ന ഒരു ധൈര്യം. പട്ടിണി കിടന്നു മരിക്കണോ, അതോ കള്ളനാവണോ എന്ന സന്ദേഹം ഇപ്പോൾ അയാൾക്കില്ല. അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ പട്ടിണി കിടന്നു മരിക്കുക എന്ന ചിന്ത അയാളുടെ ബോധത്തിൽ നിന്ന് എത്രയോ അകലെ ഭ്രഷ്ടമായിപ്പോയിരിക്കുന്നു; അങ്ങനെയൊന്ന് അയാളുടെ മനസ്സിലേക്കു കടക്കുകതന്നെയില്ല.
'നിനക്കത്ര തീർച്ചയാണോ?' കളിയാക്കുന്നപോലെ അയാൾ ചോദിച്ചു. അയാൾ മുഖക്കുരുവിൽ നിന്നു കൈയെടുത്തിട്ട്‌ പെട്ടെന്നു കുനിഞ്ഞ്‌ അവളുടെ പിടലിയ്ക്കു കയറിപ്പിടിച്ചു. അവളെ കടന്നുപിടിയ്ക്കുമ്പോൾ അയാളുടെ വാക്കുകൾ തറഞ്ഞുകേറി:'ഞാൻ നിന്റെ തുണി പറിച്ചെടുത്താൽ നീയുമെന്നെ പഴിക്കരുത്‌. പട്ടിണി കിടക്കാതിരിക്കാൻ എനിക്കതേ ചെയ്യാനുള്ളു.' അയാൾ ആ കിഴവി ഉടുത്തിരുന്നത്‌ വലിച്ചഴിച്ചു. അവൾ അയാളുടെ കാലിൽ പിടിക്കാൻ നോക്കിയപ്പോൾ ഒറ്റത്തൊഴി കൊടുത്ത്‌ അയാൾ അവളെ ആ ശവങ്ങൾക്കിടയിലേക്കു തള്ളിയിട്ടു. അഞ്ചു ചുവടു വച്ചപ്പോഴേക്കും അയാൾ കോണിപ്പടിയുടെ മുകളറ്റമെത്തി. അവളുടെ ഉടുവസ്ത്രം കക്ഷത്തു ചുരുട്ടിവച്ചും കൊണ്ട്‌ കോണിപ്പടി ഓടിയിറങ്ങി അയാൾ രാത്രിയുടെ ഗർത്തത്തിലേക്കു മറഞ്ഞു.
പിന്നെ ചത്തപോലെ കിടന്ന ആ കിഴവി ശവങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു. പ്രാകിയും കരഞ്ഞും കൊണ്ട്‌ കെടാത്ത ആ വിറകുകൊള്ളിയുടെ വെളിച്ചത്തിൽ അവൾ കോണിപ്പടിയുടെ മുകളിലേക്ക്‌ ഇഴഞ്ഞുചെന്നു. മുഖത്തു വീണുകിടക്കുന്ന നരച്ച മുടിയ്ക്കിടയിലൂടെ അവൾ കവാടത്തിന്റെ താഴത്തേക്കു നോക്കി. രാത്രിയുടെ ഗുഹാമുഖം പോലത്തെ ഇരുട്ടു മാത്രമാണ്‌ അവൾ കണ്ടത്‌.
ആ വേലക്കാരനു പിന്നെന്തു സംഭവിച്ചുവെന്ന് ആർക്കുമറിയില്ല.
(സെപ്തംബർ 1915)
__________________________________________________________________________________________________________________

Fájl:Akutagawa Ryunosuke photo.jpg
ര്യൂണോസുകെ അകുതഗാവ(1892-1927)-മുപ്പത്തഞ്ചാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത ഈ സാഹിത്യകാരന്റെ റഷോമൊൺ എന്ന ഈ കഥയും തോട്ടത്തിൽ വച്ച്‌ എന്ന മറ്റൊരു കഥയും അവലംബമാക്കിയാണ്‌ കുറോസോവ തന്റെ പ്രസിദ്ധമായ സിനിമ രൂപപ്പെടുത്തിയത്‌.
അകുതഗാവ

Thursday, April 1, 2010

നെരൂദ-ഭ്രഷ്ടൻ


കടലല്ല,കടൽക്കരയല്ല,കടൽപ്പതയല്ല,
പിടി തരാത്ത പക്ഷികളുടെ സാന്നിദ്ധ്യമല്ല,
അവയല്ല, വിടർന്ന കണ്ണുകൾ മറ്റുള്ളവയല്ല,
ഗ്രഹങ്ങളുള്ളിലൊതുക്കിത്തേങ്ങുന്ന രാത്രിയല്ല,
ജീവികൾ തിങ്ങുന്ന കാടിന്നകമല്ല,
വേദന,വേദന,മനുഷ്യന്നപ്പം.
എന്തിതിങ്ങനെ?
അക്കാലമൊരു പുൽക്കൊടി പോലെ മെലിഞ്ഞവൻ ഞാൻ,
ഇരുട്ടു വീണ കടലിലെ മീൻ പോലിരുണ്ടവൻ,
ഒറ്റപ്രഹരത്താൽ ഈ ഗ്രഹത്തെ മാറ്റിപ്പണിയാൻ കൊതിച്ചു ഞാൻ.
അപരാധങ്ങളുടെ കറ പറ്റിയ നിശ്ശബ്ദതയിൽ
ഞാൻ പങ്കുപറ്റരുതെന്നെനിക്കു തോന്നി.
ഏകാന്തതയിൽ പക്ഷേ കാര്യങ്ങൾ പിറക്കും,
പിറന്നപോലെ മരിക്കും.
യുക്തി വളർന്നുവളർന്നൊടുവിൽ ഭ്രാന്തിലേക്കെത്തുന്നു.
ഇതൾ വളർന്നു പക്ഷേ റോസാപ്പൂവാകുന്നില്ല.
ഫലം കെട്ട പൊടിയാണേകാന്തത,
മണ്ണോ,വെള്ളമോ,മനുഷ്യനോ ഇല്ലാതെ
വെറുതേ തിരിയുന്ന ചക്രം.
എന്റെ നഷ്ടബോധത്തിൽ
ഞാൻ നിലവിളിച്ചതങ്ങനെ,
എന്തു പറ്റിയാ ബാല്യത്തിന്റെ നിലവിളിയ്ക്ക്‌?
ആരതു കേട്ടു? ആരതിനൊരു മറുപടി നൽകി?
ഏതു വഴിക്കു ഞാൻ പോയി?
ചുമരുകളിൽ ഞാനെന്റെ തല കൊണ്ടിടിച്ചപ്പോൾ
അവയെന്തു മറുപടി എനിക്കു നൽകി?
അതു വന്നുപോകുന്നു, ബലം കെട്ട ഏകാകിയുടെ ശബ്ദം,
അതുരുണ്ടുരുണ്ടു പോകുന്നു, ഒറ്റപ്പെട്ടവന്റെ ഭയാനകചക്രം,
അതുയർന്നുതാഴുന്നു, ആ രോദനം,
ആരുമതറിയുന്നില്ല,
ഭ്രഷ്ടനായവൻ പോലും.