ഇഷ്ടികപ്പണിക്കാരൻ
ഇഷ്ടികകൾ
നിരത്തിവച്ചു.
മണലു കൂട്ടി
കുമ്മായം കുഴച്ചു.
ഒരു തിരക്കുമില്ലാതെ,
യാതൊന്നും മിണ്ടാതെ
അയാൾ തന്റെ പണി നടത്തുന്നു,
ഏണി ചാരിവയ്ക്കുന്നു,
സിമന്റു പരത്തുന്നു.
ഉരുണ്ട ചുമലുകൾ,
ഗൗരവം പൂണ്ട കണ്ണുകൾക്കു മേൽ
പുരികങ്ങൾ.
മനസ്സിൽ ചിന്തകളുമായി
അയാൾ വന്നു,
വേലയിലേക്കു കടന്നു,
അയാളുടെ കൈയ്ക്കടിയില്‍
അയാളുടെ സൃഷ്ടി
വളർന്നുവന്നു.
ചാന്തുകൂട്ട് ചുമരുകളെ പൊതിഞ്ഞു,
ആകാശത്തിൻ നേർക്കൊരു തൂണു പൊന്തി,
ഒരു മേൽക്കൂര
കോപിഷ്ഠനായ സൂര്യന്റെ രോഷത്തിന്
തടയുമിട്ടു.
മുന്നോട്ടും പിന്നോട്ടും പോകുന്നു
ഇഷ്ടികപ്പണിക്കാരൻ,
ഇണക്കമുള്ള കൈകൾ
ദ്രവ്യങ്ങൾ കൈയ്യാളുന്നു.
ഒരു വാരം പോകും മുമ്പേ
തൂണുകളും കമാനവും,
കുമ്മായത്തിന്റെ, മണലിന്റെ,
വിവേകത്തിന്റെയും കൈകളുടെയും,
സന്തതികൾ
ഈടുറ്റ, ശീതളമായ
ലാളിത്യത്തെ
ഘോഷിച്ചും കഴിഞ്ഞു.
ഹാ, സൗമ്യശീലനായ
ആ ഇഷ്ടികപ്പണിക്കാരനിൽ നിന്ന്
ഞാൻ പഠിച്ചൊരു പാഠം!
1 comment:
പാഠഭേദം
Post a Comment