നിങ്ങളവിടെയുണ്ടെന്ന് ഒരാൾക്കും, ഈ ലോകത്തൊരാൾക്കും ഊഹിക്കാൻ പറ്റാത്തൊരിടത്ത് ഉറക്കമുണരുക എന്നത് എത്ര ആസ്വാദ്യകരമാണ്. യാത്രയ്ക്കിടയിൽ ഞാൻ ചിലപ്പോൾ ചെറിയ പട്ടണങ്ങളിൽ വെറുതേയൊന്നു തങ്ങാറുണ്ട്, ഞാൻ അവിടെയുണ്ടെന്നത് ഒരു ജീവിയുടെയും സങ്കൽപ്പത്തിലില്ലല്ലോ എന്ന ആഹ്ലാദം നുകരുവാൻ വേണ്ടിമാത്രം. എന്റെ ആത്മാവിനെ അതെന്തുമാത്രം ലാഘവപ്പെടുത്തിയിട്ടുണ്ടെന്നോ!
ഞാൻ കൊർദോവയിലായിരുന്ന ചില നാളുകൾ എനിക്കോർമ്മവരുന്നു; ആർക്കുമെന്നെ അറിയില്ലെന്നതിനാൽ സുതാര്യമെന്നു പറയാവുന്നതായിരുന്നു അവിടെ എന്റെ ജീവിതം. ചെറിയൊരു സ്പാനിഷ്‌പട്ടണത്തിൽ താമസിക്കുന്നതിന്റെ സുഖം- ചില നായ്ക്കളോടും അന്ധനായ ഒരു ഭിക്ഷക്കാരനോടും മാത്രമേ നിങ്ങൾക്കെന്തെങ്കിലും ബന്ധമുള്ളു; ആ ഭിക്ഷക്കാരനാണ് കൂടുതൽ അപകടകാരി, കാരണം അയാൾക്കു നിങ്ങളെ വായിക്കാൻ പറ്റും. പക്ഷേ മൂന്നു ദിവസത്തിനു ശേഷം താനിരിക്കുന്ന പള്ളിയിലേക്ക്, ഒരേ സമയത്ത് നിങ്ങൾ മടങ്ങിച്ചെല്ലുന്നതായി അയാൾ കേട്ടാൽ ജീവനുള്ള ഒരാളായി അയാൾ നിങ്ങളെയും ഗണിച്ചുതുടങ്ങും, തന്റെ ശബ്ദങ്ങളുടെ ലോകത്തേക്ക് നിങ്ങളെയും അയാൾ ഉൾപ്പെടുത്തുകയാണ്.
അങ്ങനെ പുതിയൊരു ജന്മം, നിഗൂഢതയുടെ, ഇരുട്ടിന്റെ ഒരു ജന്മം ലഭിക്കാനുള്ള ഭാഗധേയം നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു.
(1923 ഫെബ് 3-ന് ഒരു സ്നേഹിതനെഴുതിയ കത്ത്)
1 comment:
സാാലിഞ്ജറ്രിനെ ഓര്‍മ്മ വന്നു. തോറോവിനേയും.
Post a Comment