നിശിതമായ പ്രണയമേ, മുൾക്കിരീടം വച്ച വയലറ്റുപൂവേ,
അത്രയുമാസക്തികൾ മുനകൂർപ്പിച്ച കള്ളിമുൾക്കാടേ,
വേദനകളുടെ ശൂലമേ, രോഷത്തിന്റെ ദളപുടമേ,
നീയെന്നെക്കണ്ടെത്താനേതൊക്കെ വഴികൾ താണ്ടി?
നീയെന്തിനിത്ര പൊടുന്നനേ എരിതീ കോരിയൊഴിച്ചു?
ആരു നിന്നെപ്പഠിപ്പിച്ചു, എന്നിലേക്കെത്തുന്ന ചുവടു വയ്ക്കാൻ?
ഞാനിരിക്കുമിടം നിനക്കു കാട്ടിത്തന്നതേതു പൂ,വേതുക,ല്ലേതു പുക ?
ഞാനിരിക്കുമിടം നിനക്കു കാട്ടിത്തന്നതേതു പൂ,വേതുക,ല്ലേതു പുക ?
നടന്നതെന്തെന്നാൽ- ആ ഭീഷണരാത്രി വിറപൂണ്ടു,
ചഷകങ്ങളായ ചഷകങ്ങളിലുഷസ്സതിന്റെ മദിര പകർന്നു,
സൂര്യനവന്റെ സ്വർഗ്ഗീയസാന്നിദ്ധ്യമറിയിച്ചു;
ക്രൂരമായ പ്രണയം പിന്നെയെന്നെ വലയം ചെയ്തു,
വാളുകൾ കൊണ്ടു വെട്ടി, മുള്ളുകൾ കുത്തിയിറക്കി,
എന്റെ നെഞ്ചിൽ പൊള്ളുന്ന വഴിയൊന്നതു വെട്ടിത്തുറന്നു.
1 comment:
ക്രൂരമായ പ്രണയമെന്നെ വലയം ചെയ്തു,
മുള്ളുകൾ കുത്തിയിറക്കി, വാളിനാൽ വെട്ടി
എന്റെ നെഞ്ചിൽ പൊള്ളുന്ന വഴിയതു വെട്ടിത്തുറന്നു.
Post a Comment