ഒരു പിടി മണ്ണായ നിന്നെ ഞാൻ പ്രേമിക്കുന്നു,
ഗ്രഹം പോൽ വിശാലമതിൻ പുൽപ്പരപ്പുകൾ,
അതിനാലെനിക്കു വേണ്ട വേറൊരു നക്ഷത്രം.
വികസ്വരപ്രപഞ്ചത്തിന്റെ തനിപ്പകർപ്പെനിക്കു നീ.
പരാജിതതാരാജാലങ്ങളിൽ ശേഷിക്കുന്ന വെളിച്ചം-
അതാണെനിക്കു നിന്റെ നിർന്നിമേഷനേത്രങ്ങൾ;
മഴയത്തു പാഞ്ഞുപോകുമൊരുൽക്ക തൻ താര പോലെ
പ്രകമ്പനം കൊള്ളുകയാണു നിന്റെ ചർമ്മം.
എനിക്കൊത്ത ചന്ദ്രനായിരുന്നു നിന്റെ ജഘനം,
എനിക്കൊത്ത സൂര്യനായിരുന്നു നിന്റെ അധരം,
ഇരുണ്ട മധു പോലൊരു പ്രചണ്ഡദീപ്തിയായിരുന്നു,
അസ്തമയക്കതിരെരിക്കുന്ന നിന്റെ ഹൃദയം.
നിന്നെരിയുമുടലുടനീളമുമ്മവയ്ച്ചു കടക്കുന്നേൻ,
ഒതുങ്ങിയ ഗ്രഹമേ, എന്റെ മാടപ്രാവേ, എന്റെ ഭൂഗോളമേ.
(പ്രണയഗീതകം - 16)
1 comment:
നിന്റെ ജഘനം എനിക്കൊത്ത ചന്ദ്രൻ,
നിന്റെ വദനം, അതിന്റെയാഹ്ലാദങ്ങൾ എനിക്കൊത്ത സൂര്യനും;
:)
Post a Comment