യുദ്ധം വന്നപ്പോൾ ലൂയിഗി എന്നൊരാള്‍ യുദ്ധത്തിൽ ചേരാൻ സന്നദ്ധനായി മുന്നോട്ടുവന്നു.
എല്ലാവരും അയാളെ പ്രശംസിച്ചു. തോക്കുകൾ വിതരണം ചെയ്യുന്ന സ്ഥലത്തു ചെന്ന് ഒരു തോക്കെടുത്തിട്ട് അയാൾ പറഞ്ഞു: 'ഞാൻ ചെന്ന് ആൽബെർട്ടോ എന്നൊരുത്തനെ കൊല്ലാൻ പോവുകയാണ്.'
ആരാണീ ആൽബെർട്ടോ എന്ന് അവർ ചോദിച്ചു.
'ഒരു ശത്രു,' അയാൾ പറഞ്ഞു, എന്റെയൊരു ശത്രു.'
ഒരു പ്രത്യേകതരത്തിൽപ്പെട്ട ശത്രുക്കളെയാണ് അയാൾ കൊല്ലേണ്ടതെന്നും, അല്ലാതെ തനിക്കു തോന്നുന്നവരെ കൊല്ലാനല്ല അയാളെ പറഞ്ഞുവിടുന്നതെന്നും അവർ അയാൾക്കു വിശദീകരിച്ചുകൊടുത്തു.
‘എന്നു വച്ചാൽ?' ലൂയി ചോദിച്ചു. 'ഞാനെന്താ, മന്ദബുദ്ധിയാണെന്നാണോ നിങ്ങൾ കരുതിയത്? അത്തരം കക്ഷി തന്നെയാണ് ഈ ആൽബെർട്ടോയും. നിങ്ങൾ അവർക്കെതിരെ യുദ്ധത്തിനു പോകുന്നുവെന്നു കേട്ടപ്പോൾ ഞാൻ കരുതി, ഒപ്പം ചേർന്നാൽ എനിക്കീ ആൽബെർട്ടോയെ കൊല്ലാമെന്ന്. അതു കാരണമാണു ഞാൻ വന്നത്. ഒരു ചതിയനാണ് ഈ ആൽബെർട്ടോയെന്ന് എനിക്കറിയാം. അവനെന്നെ വഞ്ചിക്കുകയായിരുന്നു; ഒരു പെണ്ണിന്റെ മുന്നിൽ ഒരാവശ്യവുമില്ലാതെ അവനെന്നെ നാണം കെടുത്തി. അതൊരു പഴയ കഥയാണ്. നിങ്ങൾക്കു വിശ്വാസമാകുന്നില്ലെങ്കിൽ ഞാൻ ആദ്യം മുതലേ പറയാം.'
ശരി,ശരിയെന്ന് അവർ പറഞ്ഞു.
'അപ്പോൾ' ലൂയിഗി പറഞ്ഞു, 'ആൽബെർട്ടോ എവിടെയാണെന്നൊന്നു പറഞ്ഞാട്ടെ, ഞാൻ അവിടെപ്പോയി അവനുമായിട്ടു യുദ്ധം ചെയ്യട്ടെ.'
അതു തങ്ങൾക്കറിയില്ലെന്നായി അവർ.
‘അതു സാരമില്ല,' ലൂയിഗി പറഞ്ഞു. 'അറിയുന്ന ആരെയെങ്കിലും ഞാൻ കണ്ടുപിടിച്ചോളം. എന്നെങ്കിലും അവനെന്റെ പിടിയിലാവും.'
അതു പറ്റില്ലെന്ന് അവർ പറഞ്ഞു; തങ്ങൾ പറയുന്നിടത്തു ചെന്ന് അവിടെ കാണുന്നവരെയാണ് അയാൾ കൊല്ലേണ്ടത്. ഈ ആൽബെർട്ടോയുടെ കാര്യമൊന്നും തങ്ങൾക്കറിയില്ല.
'ഇതൊന്നു കേൾക്കെന്നേ,' ലൂയിഗി നിർബന്ധം പിടിച്ചു. 'ഞാൻ കഥ മുഴുവൻ പറയേണ്ടിവരുമെന്നു തോന്നുന്നു. അത്ര ചതിയനാണീ ആൽബെർട്ടോ; അവനെതിരെ യുദ്ധത്തിനു പോവുകയെന്നാൽ അതു ശരിയായ നടപടി തന്നെയാണ്.'
അവർക്കു പക്ഷേ അതൊന്നും കേൾക്കേണ്ട.
അതിന്റെ യുക്തി ലൂയിഗിയ്ക്കു മനസ്സിലായില്ല: 'ക്ഷമിക്കണേ, ശത്രുവെന്ന പേരിൽ ആരെയെങ്കിലും കൊന്നാൽ മതിയെന്നാവും നിങ്ങൾക്ക്; പക്ഷേ ആൽബെർട്ടോയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ കൊല്ലേണ്ടി വന്നാൽ എന്റെ മനസ്സമാധാനം പോവും.'
മറ്റുള്ളവരുടെ ക്ഷമ നശിച്ചു.
അവരവനെ കണക്കിനു ശകാരിച്ചു; യുദ്ധമെന്നാൽ എന്താണെന്നും തനിയ്ക്കു വേണ്ട ഒരു ശത്രുവിനെ തെരഞ്ഞുപിടിച്ചു കൊല്ലലല്ല യുദ്ധമെന്നും അവർ അവനെ പറഞ്ഞു മനസ്സിലാക്കി.
ലൂയിഗി തോളു വെട്ടിച്ചു. 'അങ്ങനെയാണു സംഗതിയെങ്കിൽ,' അയാൾ പറഞ്ഞു, 'എന്നെ ഒഴിവാക്കിക്കോ.'
' ചേർന്നാൽപ്പിന്നെ തനിക്കങ്ങനെ വിട്ടുപോകാനും പറ്റില്ല,' അവർ ഒച്ചവച്ചു.
'ഫോർവേഡ് മാർച്ച്, വൺ-ടു. വൺ-ടു!' അവർ അവനെ യുദ്ധത്തിനു പറഞ്ഞയച്ചു.
ലൂയിഗിയ്ക്ക് ഒരു സന്തോഷവും തോന്നിയില്ല. ആൽബെർട്ടോയോ അവന്റെ കുടുംബത്തിൽപ്പെട്ട ആരെങ്കിലുമോ കൂട്ടത്തിൽപ്പെട്ടാലോ എന്ന ചിന്തയോടെ അയാൾ ഒന്നും നോക്കാതെ ആളുകളെ കൊന്നു. അയാൾ കൊല്ലുന്ന ഓരോ ശത്രുവിനും പകരമായി അവർ അയാൾക്ക് ഒരു മെഡൽ സമ്മാനിച്ചു; പക്ഷേ ലൂയിഗിയ്ക്കു സന്തോഷം തോന്നിയില്ല. 'ആൽബെർട്ടോയെ കൊല്ലാൻ പറ്റിയില്ലെങ്കിൽ,' അയാൾ സ്വയം പറഞ്ഞു, 'എത്രപേരെ ഞാൻ കൊല്ലേണ്ടിവരും.' അയാൾക്കു കുറ്റബോധം തോന്നി.
ഇതിനിടയ്ക്ക് അവർ അയാൾക്കു മെഡലുകൾ വാരിക്കോരി കൊടുക്കുകയായിരുന്നു, വെള്ളി, സ്വർണ്ണം, സകലതും.
ലൂയിഗി മനസ്സിൽ പറഞ്ഞു: 'ഇന്നൊരുത്തനെ കൊല്ലുക, നാളെ വേറൊരുത്തനെ കൊല്ലുക, ആളുകളുടെ എൺനം കുറഞ്ഞുവരുമ്പോൾ ആ വഞ്ചകന്റെ ഊഴവുമെത്തും.'
പക്ഷേ ലൂയിഗിയ്ക്ക് ആൽബെർട്ടോയെ കണ്ടെത്താൻ കഴിയുന്നതിനു മുമ്പ് ശത്രു കീഴടങ്ങി. ഒരാവശ്യവുമില്ലാതെ ഇത്രയധികം പേരെ കൊല്ലേണ്ടി വന്നതിൽ അയാൾക്കു കുറ്റബോധം തോന്നി. ഇപ്പോൾ സമാധാനത്തിന്റെ കാലമായതിനാൽ അയാൾ മെഡലുകളൊക്കെ വാരിക്കൂട്ടി സഞ്ചിയിലാക്കി ശത്രുദേശത്തു ചെന്നിട്ട് മരിച്ചവരുടെ ഭാര്യമാർക്കും കുട്ടികൾക്കും അവ വാരിക്കൊടുത്തു.
ഇങ്ങനെ ചുറ്റിനടക്കുന്ന വഴി അയാൾ എതിരെ ആൽബെർട്ടോ വരുന്നതു കണ്ടു.
'നന്നായി, അയാൾ പറഞ്ഞു, 'ഇപ്പോഴെങ്കിലും പറ്റിയല്ലോ,' എന്നിട്ട് അയാൾ അവനെ കൊന്നു.
അപ്പോൾ അവർ അയാളെ അറസ്റ്റു ചെയ്യുകയും, കൊലക്കുറ്റത്തിനു വിചാരണ ചെയ്യുകയും, പിന്നെ തൂക്കിക്കൊല്ലുകയും ചെയ്തു. തന്റെ മനഃസാക്ഷിയുടെ ഭാരം തീർക്കാനായിട്ടാണു താനതു ചെയ്തതെന്ന് വിചാരണസമയത്ത് അയാൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു; പക്ഷേ ആരുമതു ശ്രദ്ധിക്കാൻ പോയില്ല.
3 comments:
യുദ്ധത്തിന്റെ സകല അര്‍ഥരാഹിത്യവും ഒറ്റയടിക്ക് വെളിവാകുന്നു. മനോഹരമായ കഥ
good selection. nice interpretation. expecting more from you.
nice attempt
Post a Comment