Friday, April 9, 2010

ഇറ്റാലോ കാൽവിനോ-കരിങ്കാലി

File:Bewickthief big.jpg

എല്ലാവരും കള്ളന്മാരായിരുന്ന ഒരു നാടുണ്ടായിരുന്നു.

രാത്രിയാകുമ്പോൾ സകലരും കള്ളത്താക്കോലും മറച്ച റാന്തലുമായി വീടു വിട്ടിറങ്ങി അയൽക്കാരന്റെ വീടു കുത്തിത്തുറക്കാൻ പോവും. കവർച്ചമുതലുമായി പുലർച്ചയ്ക്കു മടങ്ങി വരുമ്പോൾ സ്വന്തം വീടുകൾ കുത്തിത്തുറന്നതായി അവർ കാണുകയും ചെയ്യും.

അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചുപോന്നു; കാരണം ഒരാൾ മറ്റൊരാളിൽ നിന്നു മോഷ്ടിക്കുമ്പോൾ, ഈ മറ്റൊരാൾ ഇനിയുമൊരാളുടെ മുതലു മോഷ്ടിക്കുകയും, അങ്ങനെ പോയിപ്പോയി ഒടുവിലത്തെയാളിന്റെയടുത്തെത്തുമ്പോൾ അയാൾ ആദ്യത്തെയാളിന്റെ വീട്ടിൽ കക്കാൻ കയറുകയുമാണ്‌. ആ നാട്ടിലെ കച്ചവടം എന്നാൽ വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ള ഒരു കള്ളക്കളിയായിരുന്നു. സർക്കാരെന്നു പറയുന്നത്‌, സ്വന്തം ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു ക്രിമിനൽ സംവിധാനമായിരുന്നു; തിരിച്ച്‌ ജനങ്ങളാവട്ടെ, സർക്കാരിനെ പറ്റിയ്ക്കുകയും ചെയ്തുപോന്നു. അങ്ങനെ അക്ലിഷ്ടസുന്ദരമായി മുന്നോട്ടു പോവുകയായിരുന്നു ജീവിതം; ആരും പണക്കാരായിരുന്നില്ല, പാവങ്ങളെന്നു പറയാനും ആരുമില്ല.

ഒരു ദിവസം, ഇതെങ്ങനെ സംഭവിച്ചുവെന്ന് നമുക്കറിയില്ല, സത്യസന്ധനായ ഒരാൾ ആ നാട്ടിൽ താമസമാക്കി. രാത്രിയിൽ മറ്റുള്ളവരെപ്പോലെ ചാക്കും റാന്തലുമെടുത്ത്‌ പുറത്തു പോകുന്നതിനു പകരം ഇദ്ദേഹം പുകവലിയും നോവൽവായനയുമായി വീട്ടിൽ കുത്തിയിരിക്കുകയാണു ചെയ്തത്‌.

കള്ളന്മാർ വന്നപ്പോൾ വീട്ടിനുള്ളിൽ വെളിച്ചം കണ്ട്‌ കയറാതെ മടങ്ങിപ്പോയി.

ഇങ്ങനെ കുറേ നാളായപ്പോൾ അവർ അയാൾക്കു കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു: ഒന്നും ചെയ്യാതെ ജീവിക്കാനാണ്‌ അയാൾക്കാഗ്രഹമെങ്കിൽ അങ്ങനെയായിക്കോ, പക്ഷേ മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നതിന്‌ അതൊരു തടസ്സമാകുന്നതിൽ യുക്തി പോരാ. അയാൾ വീട്ടിലുണ്ടാവുന്ന ഓരോ ദിവസവും കൊണ്ടർത്ഥമാകുന്നത്‌ അടുത്ത നാൾ ഒരു കുടുംബം പട്ടിണിയായിരിക്കുമെന്നു തന്നെയാണ്‌.

ആ യുക്തിവിചാരത്തിനു മുന്നിൽ നമ്മുടെ സത്യസന്ധനു മറുപടിയൊന്നും പറയാനുണ്ടായില്ല. അങ്ങനെ അയാൾ എന്നും വൈകിട്ട്‌ സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോകുന്നതൊരു ശീലമാക്കി; പിറ്റേന്നു കാലത്ത്‌ മറ്റുള്ളവരെപ്പോലെ അയാൾ മടങ്ങിവരും; പക്ഷേ അയാൾ മോഷ്ടിക്കാൻ പോയില്ല. അയാൾ ഒരു നേരുകാരൻ മനുഷ്യനാണ്‌; അതങ്ങനെയല്ലാതാക്കാൻ നിങ്ങൾ വിചാരിച്ചാൽ പറ്റില്ല. അയാൾ പാലം വരെ ചെന്നിട്ട്‌ താഴെ പുഴയൊഴുകുന്നതും നോക്കിനിൽക്കും. തന്റെ സാധനങ്ങൾ മോഷണം പോയതായി വീട്ടിലെത്തുമ്പോൾ അയാൾ കാണുകയും ചെയ്യും.

ഒരാഴ്ച കഴിയേണ്ട താമസം, സത്യസന്ധന്റെ കൈയിൽ നയാപ്പൈസ ഇല്ലാതായി; ആഹാരത്തിനു വകയില്ല, വീടു ശൂന്യവുമായി. പക്ഷേ അതൊരു പ്രശ്നമാണെന്നു പറയാനില്ല; കാരണം, അയാളുടെ പിശകു കൊണ്ടു വന്നതാണങ്ങനെ; അതല്ല, അയാളുടെ ഈ പെരുമാറ്റം കൊണ്ട്‌ മറ്റു സകലതും തകിടം മറിഞ്ഞു എന്നതാണ്‌ യഥാർത്ഥത്തിൽ പ്രശ്നമായത്‌. മറ്റുള്ളവർക്കു തന്റെ വീടു മോഷണത്തിനു വിട്ടുകൊടുക്കുന്ന ഈയാൾ തിരിച്ചു മോഷ്ടിക്കാൻ പോകുന്നില്ലല്ലോ; അതുകാരണം കാലത്തു വീട്ടിലെത്തുന്ന ആരെങ്കിലും ഒരാൾ കാണുന്നത്‌ തന്റെ വീട്ടിൽ കള്ളൻ കയറിയിട്ടില്ലെന്നാണ്‌: ഇദ്ദേഹം കക്കാൻ പോകേണ്ട വീടാണത്‌. എന്തായാലുമിങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ കള്ളൻ കയറാത്ത വീട്ടുകാർ ചിലർ തങ്ങൾ മറ്റുള്ളവരെക്കാൾ പണക്കാരാണെന്നു കണ്ടു; ഇനി കക്കാൻ പോകാൻ അവർക്കു താത്പര്യവുമില്ലാതായി. അതും പോകട്ടെ, സത്യസന്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നവർക്ക്‌ ഒന്നുമില്ലാത്ത ആ വീട്ടിൽ നിന്ന് എന്തു കിട്ടാൻ? അങ്ങനെ അവർ പാവങ്ങളായി.

ഇതിനിടയിൽ പണക്കാരായവർ സത്യസന്ധന്റെ മാതൃക പിന്തുടർന്ന് രാത്രിയിൽ പാലത്തിനടുത്തു ചെന്ന് താഴെ പുഴയൊഴുകുന്നതും നോക്കി നിൽക്കുക ശീലവുമാക്കി. അതോടെ ആകെ ആശയക്കുഴപ്പമായി; കൂടുതൽ പേർ പണക്കാരാവുകയും കൂടുതൽ പേർ പാവങ്ങളാവുകയും ചെയ്യുകയാണല്ലോ ഇതുകൊണ്ടു വരിക.

എന്നും രാത്രിയിൽ പാലം കാണാൻ പോവുകയാണെങ്കിൽ അധികം വൈകാതെ തങ്ങൾ പാവങ്ങളാവുമെന്ന് പണക്കാർ മനസ്സിലാക്കി. അവർ ആലോചിച്ചു: 'നമുക്കു വേണ്ടി കക്കാൻ പോകാൻ ചില പാവങ്ങളെ ഏർപ്പാടാക്കിയേക്കാം.' അങ്ങനെ അവർ കരാറുകളുണ്ടാക്കി, ശമ്പളവും വിഹിതവും നിശ്ചയിച്ചു. അപ്പോഴും അവർ കള്ളന്മാരായിരുന്നുവെന്നതു ശരി തന്നെ; അന്യോന്യം കബളിപ്പിക്കാൻ അവർ ശ്രമിച്ചും പോന്നു. എന്തായാലും പണക്കാർ കൂടുതൽ പണക്കാരായി, പാവങ്ങൾ കൂടുതൽ പാവങ്ങളുമായി.

ഈ പണക്കാരിൽ ചിലർ അത്രയ്ക്കു പണക്കാരായി; എന്നു പറഞ്ഞാൽ അവർക്കു പിന്നെ കക്കാൻ പോകേണ്ട ആവശ്യവുമില്ല, തങ്ങൾക്കു വേണ്ടി കക്കാൻ പോകാൻ ആരെയെങ്കിലും ഏർപ്പെടുത്തേണ്ട ആവശ്യവുമില്ല. പക്ഷേ മോഷണം നിർത്തിയാൽ അവർ പാവങ്ങളാവും, കാരണം പാവങ്ങൾ അവരുടെ മുതൽ മോഷ്ടിക്കുന്നുണ്ടല്ലോ. അങ്ങനെ പാവങ്ങളിൽ നിന്നു സ്വന്തം സ്വത്തു കാത്തുസൂക്ഷിക്കാനായി അവർ ഏറ്റവും പാവപ്പെട്ടവരെ ശമ്പളം കൊടുത്തു നിയമിച്ചു; അതിനർത്ഥം  പോലീസും ജയിലും ഉണ്ടായി എന്നുതന്നെ.

അങ്ങനെയാണ്‌ നമ്മുടെ സത്യസന്ധൻ ആവിർഭവിച്ച്‌ അധികവർഷങ്ങൾ കഴിയുന്നതിനു മുമ്പ്‌ ആളുകൾ മോഷ്ടിക്കാൻ പോകുന്നവരെയും മോഷണത്തിനിരയാവുന്നവരെയും കുറിച്ചു പറയുന്നതു നിർത്തി പണക്കാരെയും പാവങ്ങളെയും കുറിച്ചു പറയാൻ തുടങ്ങുന്നത്‌; രണ്ടുകൂട്ടരും പക്ഷേ അപ്പോഴും കള്ളന്മാരുമായിരുന്നു.

ഒരേയൊരു സത്യസന്ധൻ തുടക്കത്തിൽ നാം കണ്ടയാളു മാത്രമായിരുന്നു; അയാൾ വൈകാതെ വിശന്നുചാവുകയും ചെയ്തു.

3 comments:

Anonymous said...

well, Good like a fairy tale.

സോണ ജി said...

എന്തായാലും പണക്കാര്‍ കൂടുതല്‍ പണക്കാരായി ,പാവങ്ങള്‍ കൂടുതല്‍ പാവങ്ങളുമായി... ഇതല്ലേ രവിയേട്ടാ വ്യവസ്ഥിതി .


ഒരേയൊരു സത്യസന്ധന്‍ തുടക്കത്തില്‍ നാം കണ്ടയാളു മാത്രമായിരുന്നു; അയാള്‍ വൈകാതെ വിശന്നുചാവുകയും ചെയ്തു..

Rachel said...

Read the post in Mathrubhumi 'blogana'. It is a brilliant translation