വസ്തുക്കൾ വീണുടയുന്നു
വീട്ടിനുള്ളിൽ,
കണ്ണിൽപ്പെടാത്തൊരാൾ
മിനക്കെട്ടു തള്ളിയിടുമ്പോൽ;
ആ കൈകളെന്റേതല്ല,
നിങ്ങളുടേതല്ല,
മുരത്ത നഖങ്ങളുമായി
ഭൂമി കുലുക്കി നടക്കുന്ന
പെൺകുട്ടികളുടേതുമല്ല:
ഇല്ലാത്ത ഒന്നാണത്,
ഇല്ലാത്തൊരാളാണത്,
കാറ്റല്ലത്,
ഓറഞ്ചുനിറം പകർന്ന പകലല്ലത്,
ഭൂമിയിലെ രാത്രിയല്ല,
മൂക്കല്ല, കൈമുട്ടല്ല,
തടിച്ച ജഘനമല്ല,
കണംകൈയോ,
വീശിവന്ന കാറ്റോ അല്ല:
തളിക പൊട്ടി, വിളക്കു വീണു,
ഒന്നൊന്നായി
പൂപ്പാത്രങ്ങൾ തകർന്നു,
കുങ്കുമം തുളുമ്പുന്ന ഒക്റ്റോബറിൽ
വയലറ്റുപൂക്കൾ താങ്ങാനാവാതെ
ഒരെണ്ണം,
ഒഴിഞ്ഞ മറ്റൊന്നോ,
മഞ്ഞുകാലമുടനീള-
മുരുണ്ടുരുണ്ടുരുണ്ടൊടുവിൽ
വെറുമൊരു പൂപ്പാത്രക്കാടിയായി,
ഉടഞ്ഞൊരോർമ്മ, മിന്നുന്ന ധൂളി.
ആ ഘടികാരം,
നമ്മുടെ ജീവിതങ്ങൾക്കു നാവ്,
നമ്മുടെ ആഴ്ചകളിലോടുന്ന രഹസ്യച്ചരട്,
എത്രയോ മണിക്കൂറുകളെ
തേനിനോട്, നിശ്ശബ്ദതയോട്,
എത്രയോ പിറവികളോട്,
ദുരിതങ്ങളോടും
കോർത്തെടുത്ത ആ ഘടികാരം
അതും വീണു
അതിന്റെ ലോലമായ
നീലക്കുടൽമാല,
ചുരുളഴിഞ്ഞ നീണ്ട ഹൃദയം,
ഉടഞ്ഞ ചില്ലുകൾക്കിടയിൽ സ്പന്ദിച്ചുകിടന്നു.
ജീവിതം
ചില്ലുകൾ കരണ്ടുതിന്നുന്നു,
ഉടുവസ്ത്രങ്ങൾ പഴന്തുണിയാക്കുന്നു,
രൂപങ്ങളെ ഉടയ്ക്കുന്നു,
കാലത്തിൽ ശേഷിക്കുന്നതോ,
ഒരു തുരുത്തു പോലെ
കടലിലെ കപ്പൽ പോലെ
നശ്വരം,
അപായങ്ങളാൽ,
തടുക്കരുതാത്ത ജലത്താൽ, ഭീഷണികളാൽ
വലയിതം.
സകലതും
നമുക്കൊരു ചാക്കിൽ കെട്ടിയെടുക്കുക,
ഘടികാരങ്ങൾ, തളികകൾ,
മഞ്ഞിന്റെ വിരലോടിയ ചില്ലുകൾ,
നമ്മുടെ നിധികളെ കടലിലേക്കെടുക്കുക,
ഒറ്റയടിയ്ക്കൊരിടത്തു തകരട്ടെ
നമ്മുടെ സമ്പാദ്യങ്ങൾ,
പുഴയുടെ ഒച്ചയോടെ
തകരട്ടെ സർവ്വതും,
കടൽ പിന്നെ പുനഃസൃഷ്ടിക്കട്ടെ
ദീർഘവും കഠിനവുമായ ഏറ്റിറക്കങ്ങളാൽ
ആരുമുടയ്ക്കാത്ത,
എന്നാലുടഞ്ഞും പോകുന്ന
അത്രയും നിരുപയോഗവസ്തുക്കളെ.
No comments:
Post a Comment