‘ദൈവത്തിന്റെ പടയാളി’ എന്ന പേരിനു തികച്ചും അർഹനെന്നു പറയാവുന്നയാളായിരുന്നു, ആബേ മരിഞ്ഞോൺ. മെലിഞ്ഞു, കിളരം കൂടിയ ആ വികാരിയച്ചൻ വിശ്വാസത്തിന്റെ കാര്യത്തിൽ ഒരളവു വരെ കടുംപിടുത്തക്കാരനായിരുന്നുവെങ്കിലും, ആത്മീയമായ ഒരൌന്നത്യവും പിഴയ്ക്കാത്ത നീതിബോധവും ഒരിക്കലും അദ്ദേഹം കൈവിട്ടിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഒരു ചാഞ്ചാട്ടത്തിനും ഇട കൊടുക്കാത്ത വിധത്തിൽ അത്ര ഉറച്ചതായിരുന്നു. ദൈവത്തെ അവന്റെ പൂർണ്ണതയിൽ താൻ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നതായും, അവന്റെ പദ്ധതികൾ, അവന്റെ ഹിതങ്ങൾ, അവന്റെ ലക്ഷ്യങ്ങൾ ഇതിലേക്കൊക്കെ തനിക്കു നോട്ടം കിട്ടിയിരിക്കുന്നതായും അദ്ദേഹം കരുതിയിരുന്നു.
പള്ളിയോടു ചേർന്നുള്ള തന്റെ വീടിന്റെ മുറ്റത്ത് ചെടികൾക്കിടയിലെ നടവഴിയിലൂടെ ഉലാത്തുമ്പോൾ ചിലനേരം ഇങ്ങനെയൊരു സംശയം അദ്ദേഹത്തിന്റെ മനസ്സിൽ മുളയെടുക്കും: ‘അതെന്തിനാണു ദൈവം സൃഷ്ടിച്ചത്?’ തുടർന്ന് ദൈവത്തിന്റെ സ്ഥാനത്തു തന്നെ നിർത്തിക്കൊണ്ട് അദ്ദേഹം അതിനുള്ള ഉത്തരം തേടുകയായി. മിക്കപ്പോഴുമെന്നു പറയാം, തൃപ്തികരമെന്നു തനിക്കു തോന്നിയ ഒരു യുക്തി അദ്ദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ‘എന്റെ നാഥാ, എനിക്കു കണ്ടെത്താനാവുന്നതല്ലല്ലോ അവിടത്തെ വഴികൾ,’ എന്നു ഭയഭക്തിയോടെ ഉരുവിടുന്ന തരക്കാരനായിരുന്നില്ല ഈ പുരോഹിതൻ. ‘ദൈവത്തിന്റെ ദാസനാണു ഞാൻ; ആ നിലയ്ക്ക് അവന്റെ ചെയ്തികളുടെ യുക്തി ഞാൻ അറിഞ്ഞിരിക്കണം; അറിയില്ലെങ്കിൽ ഞാനതു കണ്ടെത്തുകയും വേണം,‘ എന്നാണദ്ദേഹം പറയുക.
പ്രകൃതിയിലെ സർവതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലവും വിസ്മയാവഹവുമായ ഒരു യുക്തിയോടെയാണെന്ന് അദ്ദേഹം കരുതി. ഓരോ ’എന്തുകൊണ്ടി‘നും ഓരോ ’എന്തുകൊണ്ടെന്നാൽ‘ പകരം നില്ക്കാനുണ്ടായിരുന്നു. പ്രഭാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ആഹ്ളാദം പകരാൻ വേണ്ടിയാണ്, പകലുകൾ വിളകൾക്കു പാകമാകാൻ, മഴ അവയ്ക്കു നനച്ചുകൊടുക്കാൻ, സായാഹ്നങ്ങൾ ഉറങ്ങാനുള്ള തയാറെടുപ്പിനു വേണ്ടിയത്രെ, രാത്രികൾ ഇരുണ്ടതായത് ഉറക്കത്തിനു പാകത്തിലും.
ഋതുക്കൾ നാലുണ്ടെങ്കിൽ അതു കൃത്യമായും കൃഷിയുടെ ആവശ്യങ്ങൾക്കുതകാൻ വേണ്ടിത്തന്നെ. പ്രകൃതിയ്ക്ക് പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടാവണമെന്നില്ലെന്നും, മറിച്ച്, ജീവജാലങ്ങൾ വ്യത്യസ്തദേശകാലങ്ങളുടെ ദുഷ്കരാവസ്ഥയോട് എങ്ങനെയൊക്കെയോ പൊരുത്തപ്പെട്ടു കിടക്കുകയാവാമെന്നുമുള്ള സംശയം അദ്ദേഹത്തിനുണ്ടാവുക വയ്യ.
അദ്ദേഹത്തിനു പക്ഷേ, സ്ത്രീകളെ വെറുപ്പായിരുന്നു; അബോധപൂർവ്വമായി, ജന്മവാസന കൊണ്ടെന്നപോലെ അദ്ദേഹം അവരെ വെറുത്തു. ക്രിസ്തുവിന്റെ വാക്കുകൾ അദ്ദേഹം പലപ്പോഴും ആവർത്തിക്കാറുണ്ടായിരുന്നു: ’സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്?‘ എന്നിട്ടദ്ദേഹം കൂട്ടിച്ചേർക്കും, ’തന്റെ കൈകൾ കൊണ്ടു സൃഷ്ടിച്ച ഈയൊരു വസ്തുവിൽ അദ്ദേഹത്തിനും തൃപ്തിയില്ലായിരുന്നുവെന്നുതന്നെ പറയാം.‘ സ്ത്രീ അദ്ദേഹത്തിന് കവി പറഞ്ഞ ’അശുദ്ധിയുടെ സന്തതി‘ തന്നെയായിരുന്നു. ആദ്യത്തെ പുരുഷനെ കെണിയിൽ വീഴ്ത്തിയ അതേ നടപടി ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന മോഹിനിയാണവൾ; ദുർബലയായ, അപകടം പിടിച്ച, നിഗൂഢമായ ഒരു രീതിയിൽ കുഴപ്പക്കാരിയായ ജീവി. അവളുടെ വിഷലിപ്തസൌന്ദര്യത്തെക്കാൾ അദ്ദേഹം വെറുത്തത് ആ സ്നേഹിക്കുന്ന ഹൃദയത്തെയാണ്.
താൻ പലപ്പോഴും സ്ത്രീകളുടെ ഹൃദയാർദ്രതയ്ക്കിരയാകുന്നത് അദ്ദേഹത്തിനറിയാമായിരുന്നു; താൻ അധൃഷ്യനാണെന്നതിൽ അദ്ദേഹത്തിനു സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും, സ്നേഹത്തിനായുള്ള സ്ത്രീഹൃദയങ്ങളുടെ നിത്യദാഹം അദ്ദേഹത്തിന്റെ ക്ഷമകേടു വളർത്തിക്കൊണ്ടു വരികയായിരുന്നു.
ദൈവം സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനെ പ്രലോഭിപ്പിക്കാനും അവനെ പരീക്ഷിക്കാനും വേണ്ടി മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു പതിയിരുന്നാക്രമണത്തെ ചെറുക്കാൻ മതിയായ മുൻകരുതലുകളെല്ലാമെടുത്തും, മനസ്സിൽ ആ ഭീതി സൂക്ഷിച്ചും കൊണ്ടല്ലാതെ അവൻ അവളെ സമീപിച്ചുപോകരുത്. നീട്ടിപ്പിടിച്ച ആ കൈകളും വിടർന്ന ചുണ്ടുകളുമായി അവൾ ശരിക്കും ഒരു കെണി തന്നെയാണ്.
ദൈവദാസികളാവാൻ വ്രതമെടുത്തവരായതിനാൽ നിരുപദ്രവികളായ കന്യാസ്ത്രീകളെ അദ്ദേഹം സഹിച്ചുപോന്നു; എന്നാൽക്കൂടി അവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഒട്ടും മയമില്ലാത്തതായിരുന്നു; കാരണം ആ വിലങ്ങിട്ട ഹൃദയങ്ങൾക്കടിയിൽ, ആ വിമലഹൃദയങ്ങൾക്കടിയിൽ അദ്ദേഹം കണ്ടത് പുരോഹിതനായ തന്നെപ്പോലും നിരന്തരം ഉന്നം വയ്ക്കുന്ന ഒരാർദ്രതയായിരുന്നു.
അടുത്തു തന്നെയുള്ള ഒരു ചെറിയ വീട്ടിൽ അദ്ദേഹത്തിന്റെ ഒരു മരുമകൾ അമ്മയോടൊപ്പം താമസിച്ചിരുന്നു. അവളെ മഠത്തിൽ ചേർക്കണമെന്ന് ഉറപ്പിച്ചു വച്ചിരിക്കുകയാണദ്ദേഹം. അവളാകട്ടെ, സുന്ദരിയായിരുന്നു, മുൻപിൻ നോട്ടമില്ലാത്തവളായിരുന്നു, കളിയാക്കാൻ മിടുക്കിയുമായിരുന്നു. ആബേ ധർമ്മോപദേശം നടത്തുമ്പോൾ അവളിരുന്നു ചിരിക്കും; അദ്ദേഹം ദേഷ്യപ്പെടുമ്പോൾ അവൾ അദ്ദേഹത്തെ തന്റെ നെഞ്ചിനോടു ചേർത്തമർത്തി ആവേശത്തോടെ ചുംബിക്കും; അവളുടെ ആലിംഗനത്തിൽ നിന്നൂരിപ്പോരാൻ ശ്രമിക്കുമ്പോഴും എന്തോ ഒരു മധുരാനന്ദം അദ്ദേഹം നുകർന്നിരുന്നു; ഏതു പുരുഷനുമുള്ളിൽ മയങ്ങിക്കിടക്കുന്ന പിതൃത്വം അദ്ദേഹത്തിലും കണ്ണു തുറക്കുകയായിരുന്നു.
പാടങ്ങൾക്കിടയിലെ നടവഴിയിലൂടെ നടക്കുമ്പോൾ ദൈവത്തെക്കുറിച്ച്, തന്റെ ദൈവത്തെക്കുറിച്ച് അദ്ദേഹം അവളോടു സംസാരിക്കാറുണ്ട്. അവൾ അതു ശ്രദ്ധിക്കാറുതന്നെയില്ല; കണ്ണുകളിൽ ഓളം വെട്ടുന്ന ജീവിതാഹ്ളാദത്തോടെ അവളപ്പോൾ ആകാശവും പുൽക്കൊടികളും പൂക്കളും നോക്കി നടക്കുകയാവും. ഇടയ്ക്കൊരു പ്രാണി പറന്നുപോയാൽ പിന്നാലെയോടി അതിനെ പിടിച്ചുകൊണ്ടു വന്നിട്ട് അവൾ ഒച്ചയിടും: ‘അമ്മാമാ, ഒന്നു നോക്കൂ, എന്തു ഭംഗിയാണിതിനെ കാണാൻ! പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു!’ ഈ പ്രാണികളെയും പൂക്കളെയും പിടിച്ചുമ്മകൊടുക്കൽ ഇത്രയെന്നില്ല, അദ്ദേഹത്തെ ഉത്കണ്ഠപ്പെടുത്തിയതും വെറി പിടിപ്പിച്ചതും വെറുപ്പിച്ചതും! അതിൽ പോലും അദ്ദേഹം കണ്ടത് ഏതു നിമിഷവും എടുത്തുചാടാൻ വെമ്പി നില്ക്കുന്ന സ്ത്രീഹൃദയത്തിലെ ആർദ്രതയായിരുന്നു.
മരിഞ്ഞോൺ അച്ചന്റെ വീട്ടുജോലി ചെയ്തിരുന്ന കപ്യാരുടെ ഭാര്യ ഒരു ദിവസം അദ്ദേഹത്തെ അടുത്തുവിളിച്ച് അതിഗൌരവമുള്ള ഒരു കാര്യം പറഞ്ഞു: മരുമകൾക്ക് ഒരു കാമുകനുണ്ട്!
ഷേവു ചെയ്യാൻ മുഖത്തു സോപ്പു പതപ്പിക്കുകയിരുന്ന ആബേ ശ്വാസം കിട്ടാതെ നിന്നുപോയി.
നാവും മനസ്സും പൂർവ്വശേഷി വീണ്ടെടുത്തുവെന്നായപ്പോൾ അദ്ദേഹം ഉറക്കെപ്പറഞ്ഞു: ‘നുണ! നീ നുണ പറയുകയാണു, മെലനി!’
അവർ നെഞ്ചത്തു കൈ വച്ചുകൊണ്ടു പറഞ്ഞു, ‘ഞാൻ പറഞ്ഞതു നുണയാണെങ്കിൽ കർത്താവതിനുള്ള ശിക്ഷ തരട്ടെ, മോസ്യേ ലെ ക്യൂറെ. എന്നും രാത്രിയിൽ അങ്ങയുടെ സഹോദരി കിടന്നു കഴിഞ്ഞാലുടനെ അവൾ അയാളെ കാണാൻ പോകുന്നുണ്ട്. പുഴക്കരെ വച്ചാണ് അവർ തമ്മിൽ കാണുന്നത്. പത്തിനും പന്ത്രണ്ടിനുമിടയിൽ ഒന്നു പോയി നോക്കിയാൽ അങ്ങയ്ക്കും സ്വന്തം കണ്ണു കൊണ്ട് അതു കാണാവുന്നതേയുള്ളു.’
വികാരി താടി ചൊറിയുന്നതു നിർത്തിയിട്ട് വെരുകിനെപ്പോലെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ചാലിട്ടു; ചിന്തയ്ക്കു ഗൌരവം കൂടുമ്പോഴുള്ള ഒരു രീതിയാണത്. രണ്ടാമതും ഷേവു ചെയ്യാൻ തുടങ്ങിയപ്പോൾ മൂക്കിനും കാതിനുമിടയിൽ മൂന്നിടത്തു മുറിയുകയും ചെയ്തു.
ഇരച്ചുകേറിയ കോപം കൊണ്ട് അന്നു മുഴുവൻ അദ്ദേഹം മിണ്ടിയില്ല. പ്രണയമെന്ന പ്രബലശക്തിക്കെതിരെ ഒരു മതപുരോഹിതന്റെ തീക്ഷ്ണവിശ്വാസത്തിനൊപ്പം ഒരച്ഛന്റെ, ഒരു ഗുരുവിന്റെ, ആത്മാവുകൾക്കിടയന്റെ ധാർമ്മികരോഷം കൂടി പക്ഷം ചേരുകയായിരുന്നു: വെറുമൊരു കുട്ടിയല്ലേ തന്നെ ഇങ്ങനെ കബളിപ്പിച്ചത്, വിശ്വാസവഞ്ചന കാണിച്ചത്, തന്നെ തട്ടിക്കളിച്ചത്! തങ്ങളുടെ സഹായമില്ലാതെ, തങ്ങളുടെ ഉപദേശം മാനിക്കാതെ താനൊരു ഭർത്താവിനെ കണ്ടെത്തി എന്നു മകൾ വന്നു പറയുമ്പോൾ അച്ഛനമ്മമാർക്കുണ്ടാവുന്ന സ്വാർത്ഥത കലർന്ന ദുഃഖമാണ് അദ്ദേഹം അപ്പോൾ അനുഭവിച്ചത്.
അത്താഴം കഴിഞ്ഞ് വായിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടു; അദ്ദേഹത്തിന്റെ കോപം കൂടിക്കൂടി വരികയായിരുന്നു. പത്തു മണി അടിച്ചപ്പോൾ അദ്ദേഹം തന്റെ ഊന്നുവടി കൈയിലെടുത്തു; സുഖമില്ലാതെ കിടക്കുന്നവരെ കാണാൻ രാത്രിയിൽ പോകേണ്ടിവരുമ്പോൾ അദ്ദേഹത്തിന്റെ തുണയാണത്. ഓക്കിന്റെ കാതലിൽ പണിത ആ ഊന്നുവടി ശരിക്കും ഒരു വടിവാൾ തന്നെ. ഒരു പുഞ്ചിരിയോടെ അതിനെ കണ്ണു കൊണ്ടൊന്നുഴിഞ്ഞിട്ട് അദ്ദേഹം അതു കൊണ്ട് വായുവിൽ ഭീഷണവൃത്തങ്ങൾ വരച്ചു. എന്നിട്ടു പെട്ടെന്ന് അടുത്തു കിടന്ന കസേരയിൽ ആഞ്ഞടിച്ചു. കസേരയുടെ പിൻഭാഗം രണ്ടായി പൊളിഞ്ഞു തറയിൽ വീണു.
പുറത്തേക്കിറങ്ങാനായി അദ്ദേഹം വാതിൽ തുറന്നു; പക്ഷേ മുമ്പൊരിക്കലും കാണാത്തപോലെ നിലാവിന്റെ ഇന്ദ്രജാലം കണ്ട് ആശ്ചര്യപരതന്ത്രനായി അദ്ദേഹം അവിടെത്തന്നെ നിന്നുപോയി.
സ്വപ്നദർശികളായ ആ കവികൾ, പണ്ടത്തെ സഭാപിതാക്കന്മാർക്കുണ്ടായിരുന്നിരിക്കാവുന്ന മഹിതമായ ഒരു ഹൃദയം കൊണ്ടനുഗ്രഹീതനായ ആ പുരോഹിതൻ മുഖം വിളറിയ രാത്രിയുടെ ഗംഭീരവും ശാലീനവുമായ സൌന്ദര്യത്തിൽ താൻ അലിഞ്ഞുപോകുന്നതറിഞ്ഞു.
നിലാവിന്റെ സൌമ്യദീപ്തിയിൽ കുളിച്ചുകിടന്ന ആ കൊച്ചുപൂന്തോപ്പിന്റെ നടവഴിയിൽ നിരയായി നട്ട ഫലവൃക്ഷങ്ങളുടെ ഇല കൊഴിഞ്ഞു ചടച്ച കൊമ്പുകൾ ഇരുണ്ട നിഴൽ വീഴ്ത്തിയിരുന്നു. വീട്ടുചുമരിൽ പിടിച്ചുകയറിയിരുന്ന മുറ്റിത്തഴച്ച ഹണിസക്കിൾ വള്ളിയിൽ നിന്നുദ്ഗമിക്കുന്ന ആസ്വാദ്യഗന്ധം ഊഷ്മളമായ തെളിഞ്ഞ രാത്രിക്കു മേൽ പരിമളം പൂശിയ ഒരാത്മാവിനെപ്പോലെ ഒഴുകിനടന്നു.
കുടിയന്മാർ അടിമട്ടൂറ്റിക്കുടിക്കുന്നപോലെ ശ്വാസം വലിച്ചെടുത്തുകൊണ്ട് വശീകൃതനായി, വിസ്മിതനായി, മരുമകളുടെ വിഷയം മിക്കവാറും മറന്നും സാവധാനം അദ്ദേഹം മുന്നോട്ടു നടന്നു.
തുറന്ന പാടത്തെത്തിയപ്പോൾ ചുറ്റും ഒന്നു വീക്ഷിക്കാനായി അദ്ദേഹം അവിടെ നിന്നു; കുളിരുന്ന വെളിച്ചത്തിന്റെ വെള്ളപ്പെരുക്കമാണെങ്ങും; പ്രശാന്തമായ രാത്രിയുടെ അലസവശ്യതയിൽ മുങ്ങിക്കിടക്കുകയാണെങ്ങും. തവളകൾ വെങ്കലശബ്ദത്തിൽ സംഘഗാനം മുഴക്കിയിരുന്നു; നിലാവിന്റെ മായികതയിൽ അകലെയിരുന്നു ചില രാപ്പാടികൾ സ്വരമാധുര്യം പിഴിഞ്ഞൊഴിക്കുകയായിരുന്നു; ചിന്തകളെയല്ല, സ്വപ്നങ്ങളെ ആനയിക്കുന്ന സംഗീതം; ചുംബനങ്ങൾക്കു ശ്രുതിയിടാൻ പാകത്തിൽ വിറയാർന്ന സരളഗാനം.
ആബേ നടന്നു; എന്തു കാരണം കൊണ്ടെന്നറിയില്ല, അദ്ദേഹത്തിന്റെ ധൈര്യം ചോർന്നുപോവുകയായിരുന്നു. പെട്ടെന്നു താൻ ബലഹീനനായതായി, തന്റെ ഉടലു തളരുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു; താഴെയിരിക്കാൻ അദ്ദേഹം കൊതിച്ചുപോയി; അവിടെയിരുന്ന് ദൈവത്തെ, അവന്റെ സൃഷ്ടികളെ സ്തുതിക്കാനും.
അദ്ദേഹം നില്ക്കുന്നതിനു താഴെയായി, പുഴയുടെ അരികു പിടിച്ച് കുറേയധികം പോപ്ളാർ മരങ്ങൾ നിരന്നുനിന്നിരുന്നു. പുഴത്തടത്തിനു മേലെയും അതിനെ ചുറ്റിയും, ഒഴുക്കിന്റെ വക്രഗതിയെ ലോലവും സുതാര്യവുമായൊരു മൂടുപടം കൊണ്ടെന്നപോലെ മൂടിയും മഞ്ഞിന്റെ നേർത്തുവെളുത്തൊരാവരണം തങ്ങിനിന്നിരുന്നു; നിലാവിന്റെ രശ്മികൾ തുളഞ്ഞുകയറുമ്പോൾ വെള്ളി വിതറിക്കൊണ്ടതു മിനുങ്ങിയിരുന്നു.
പുരോഹിതൻ പിന്നെയും നിന്നു; ബലത്തതും അനുനിമിഷം വളരുന്നതുമായ ഒരു വികാരം അദ്ദേഹത്തിന്റെ ആത്മാവിന്റെ കയങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ഒരു സന്ദേഹം, ഇന്നതെന്നറിയാത്ത ഒരസ്വാസ്ഥ്യം അദ്ദേഹത്തിനു മേൽ പിടി മുറുക്കുകയായിരുന്നു. ചിലനേരം താൻ തന്നോടു തന്നെ ചോദിച്ചിട്ടുള്ള ആ ചോദ്യങ്ങളിൽ ഒന്ന് ഇപ്പോൾ, ഈ നേരത്തു പിറവിയെടുക്കുന്നപോലെ അദ്ദേഹത്തിനനുഭവപ്പെട്ടു.
എന്തിനാണു ദൈവം ഇങ്ങനെ ചെയ്തത്? രാത്രി സൃഷ്ടിക്കപ്പെട്ടത് ഉറക്കത്തിനാണെന്നിരിക്കെ, അബോധത്തിനും വിശ്രമത്തിനും പൂർണ്ണവിസ്മൃതിക്കുമാണെന്നിരിക്കെ, എന്തിനതിനെ പകലിനെക്കാൾ ചേതോഹരമാക്കണം, ഉദയാസ്തമയങ്ങളെക്കാൾ ഹൃദ്യമാക്കണം? അലസവും വിലോഭനീയവും സൂര്യനെക്കാൾ കാവ്യാത്മകവും പകലിന്റെ ജ്യോതിർഗ്ഗോളത്തിനാവാത്ത രീതിയിൽ അതിലോലവും അതിനിഗൂഢവുമായ കാര്യങ്ങളെ വെളിച്ചപ്പെടുത്താനുദ്ദിഷ്ടവുമായ ചന്ദ്രബിംബം-നിഴലുകളെ സുതാര്യമാക്കാൻ അതെന്തിനു വന്നു? പാടുന്ന കിളികളിൽ വച്ചേറ്റവും ശ്രേഷ്ഠൻ എന്തുകൊണ്ടു മറ്റു കിളികളെപ്പോലെ ഉറങ്ങാൻ പോയില്ല? അവ്യക്തചിന്തകൾ മനസ്സു കലുഷമാക്കുന്ന രാത്രിയിൽ എന്തിനവൻ പാടാനിരിക്കണം? ലോകത്തിനു മേൽ പാതി വീണുകിടക്കുന്ന ഈ മൂടുപടം എന്തിനു വേണ്ടി? ഹൃദയമിങ്ങനെ വിറ കൊള്ളാനെന്തേ, ആത്മാവു വികാരഭരിതമാവാൻ, ഉടലു തളരാനും? രാത്രിയിൽ മനുഷ്യർ ഉറക്കമായിരിക്കുമെന്നിരിക്കെ ഈ ഇന്ദ്രജാലം ആരു കാണാൻ? ആർക്കു വേണ്ടിയാണീ ഉദാത്തമായ കാഴ്ചകൾ, മാനത്തു നിന്നു മണ്ണിലേക്കു ചൊരിയുന്ന കവിതയുടെ പ്രളയം? ആബേയ്ക്ക് ഇതൊന്നും പിടി കിട്ടിയതേയില്ല.
ഈ സമയത്താണ്, പുൽത്തകിടിയുടെ ഓരം ചേർന്ന്, മിനുങ്ങുന്ന മൂടൽമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മരങ്ങളുടെ കമാനത്തിനടിയിലൂടെ ഒട്ടിച്ചേർന്നു നടന്നുവരുന്ന രണ്ടു നിഴലുകൾ പ്രത്യക്ഷമായത്.
ഉയരം കൂടുതലുള്ള പുരുഷന്റെ ഒരു കൈ കാമുകിയുടെ കഴുത്തിലാണ്; ഇടയ്ക്കിടെ അയാൾ അവളുടെ നെറ്റിയിൽ ചുംബിക്കുന്നുമുണ്ട്. നിശ്ചേഷ്ടമായിരുന്ന ആ ഭൂദൃശ്യം അവരുടെ വരവോടെ സചേതനമാവുകയായിരുന്നു; അത് അവർക്കു വേണ്ടി മാത്രമായി ദേവകൾ സൃഷ്ടിച്ച രംഗസജ്ജീകരണമാവുകയായിരുന്നു. അവർ, ആ രണ്ടു പേർ, ഒറ്റജീവിയാണെന്നു തോന്നി; ആർക്കു വേണ്ടിയാണോ പ്രശാന്തവും നിശബ്ദവുമായ ആ രാത്രി നിർദ്ദിഷ്ടമായിരിക്കുന്നത്, ആ സത്ത. ജീവിക്കുന്ന ഒരുത്തരം പോലെ അവർ പുരോഹിതനു നേർക്കു നടന്നുവന്നു, അദ്ദേഹത്തിന്റെ ചോദ്യത്തിന് നാഥനായ ദൈവം കനിഞ്ഞുനല്കിയ ഉത്തരം.
മനഃക്ഷോഭത്തോടെ, തുടിക്കുന്ന ഹൃദയത്തോടെ അദ്ദേഹം സ്തബ്ധനായി നിന്നു. റൂത്തിന്റെയും ബോവാസിന്റെയും പ്രണയം പോലൊരു ബൈബിൾ കഥയ്ക്ക്, വിശുദ്ധഗ്രന്ഥത്തിൽ പറയുന്നപോലെ ദൈവഹിതത്തിനു നിർവഹണമാകുന്ന മഹത്തായ രംഗങ്ങളിലൊന്നിനു സാക്ഷിയാവുകയാണു താനെന്ന് അദ്ദേഹത്തിനു തോന്നിപ്പോയി. ശലോമോന്റെ ഗീതത്തിലെ വരികൾ അദ്ദേഹത്തിന്റെ തലയ്ക്കുള്ളിലൂടെ ഇരച്ചുപാഞ്ഞു; വികാരഭരിതമായ നിലവിളികൾ, ഉടലിന്റെ അർത്ഥനകൾ, പ്രണയവും ആർദ്രതയും കൊണ്ടെരിയുന്ന കവിത. അദ്ദേഹം തന്നോടു തന്നെ പറഞ്ഞു, ‘ഈദൃശരാത്രികൾ ദൈവം സൃഷ്ടിച്ചത് മനുഷ്യരുടെ പ്രണയങ്ങൾക്ക് സൌന്ദര്യത്തിന്റെ പൂർണ്ണത പകരാനാവാം.’
കൈ കോർത്തു നടന്നുവരുന്ന ആ രണ്ടു പേർക്കു മുന്നിൽ നിന്ന് അദ്ദേഹം പിന്നോട്ടു മാറി. അത് അദ്ദേഹത്തിന്റെ മരുമകൾ തന്നെയായിരുന്നു; ദൈവത്തെ ധിക്കരിക്കാൻ പോവുകയായിരുന്നില്ലേ താനെന്ന് അദ്ദേഹം സ്വയം ചോദിച്ചു. കാരണം, ദൈവം പ്രണയത്തിനനുമതി കൊടുക്കുകയല്ലേ ചെയ്യുന്നത്, ഇതുപോലൊരു വിസ്മയദൃശ്യം കൊണ്ട് അവനതിനെ വലയം ചെയ്യണമെങ്കിൽ?
അദ്ദേഹം അവിടെ നിന്നു പാഞ്ഞൊളിച്ചു, സംഭ്രാന്തിയോടെ, നാണക്കേടോടെ, തനിയ്ക്കു കടക്കരുതാത്തൊരു ദേവാലയത്തിലാണു താൻ കാലെടുത്തുവച്ചതെന്നപോലെ.