Wednesday, July 31, 2013

വേര ചിഷെവ്സ്കായ - ശീർഷകമില്ലാത്ത കവിതകൾ

000023_016367418cd6b41qzwt221_V_192x256

 


***


ഇതാ, എന്റെ ഹൃദയമെടുത്തുകൊള്ളുക,
കൈത്തലത്തിൽ വച്ചെന്നപോലെ
ഞാനിതു സമർപ്പിക്കുന്നു;
പുല്ലു വച്ചു നീട്ടുമ്പോൾ
മിടുക്കുള്ള കുതിര ചെയ്യുന്നതുമിങ്ങനെ,
സൌമ്യമായി,
കൊടുക്കുന്നവനെ ഭയപ്പെടുത്താതെ.



***

എനിക്കു തോന്നുന്നു
ആദ്യഗാനമാനന്ദത്തിന്റേതായിരുന്നുവെന്ന്,
കിളികളാണതു പാടിയത്,
പറക്കാനാവുന്നതിന്റെ ആഹ്ളാദത്തിൽ.
ദുഃഖത്തിന്റെ ഗാനം
പിന്നെ മനുഷ്യൻ കണ്ടുപിടിച്ചു,
പറക്കാനാവാത്തതിന്റെ നിരാശയിൽ.


വേര ചിഷെവ്സ്കായ (1906-1978) - റഷ്യൻ കവയിത്രി


ടാഗോർ - പരിത്യാഗം

zpage048

 


ലോകം മടുത്ത ഒരാൾ രാത്രിയുടെ നിശബ്ദതയിലിങ്ങനെ പറഞ്ഞു:
“ഞാനാരാധിക്കുന്ന ദൈവത്തെത്തേടി ഇന്നു രാത്രിയിൽ ഞാനിവിടം വിടും.
ഈ വീടിന്റെ ചുമരുകൾക്കുള്ളിലീവിധം തടവിലിടുന്നതാരാണെന്നെ?”
“ഞാൻ,” ദൈവം പറഞ്ഞു, അതു പക്ഷേ അയാളുടെ കാതുകൾ കേട്ടില്ല.
കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചയാളുടെ ഭാര്യ അരികിൽ കിടന്നിരുന്നു.
“ആരാണിവർ, മായയുടെ മുഖംമൂടി ധരിച്ചവർ?” അയാൾ ചോദിച്ചു.
“അവർ ഞാൻ തന്നെ,” ദൈവം പറഞ്ഞു, അതുമയാൾ കേട്ടില്ല.
“എവിടെയാണു നീ, പ്രഭോ?” കിടക്കയിൽ നിന്നിറങ്ങിക്കൊണ്ടയാൾ ചോദിച്ചു.
“ഇതാ, ഇവിടെത്തന്നെ,” ആ മറുപടിക്കുമയാൾ ബധിരനായിരുന്നു.
ഉറക്കത്തിൽ കുഞ്ഞുണർന്നു കരഞ്ഞുംകൊണ്ടമ്മയെ കെട്ടിപ്പിടിച്ചു.
“മടങ്ങൂ,” ദൈവം പറഞ്ഞു, ആ ശാസനയും പക്ഷേ അയാൾ കേട്ടില്ല.
ദൈവമൊടുവിൽ നെടുവീർപ്പിട്ടു. “കഷ്ടം,” അവൻ പറഞ്ഞു,
“എന്നെ വിട്ടെവിടെയ്ക്കാണിവൻ പോകുന്നത്, എന്റെ ഭക്തൻ!”

(ചെയ്ത്താലി -1896 മാർച്ച് 26)


Tuesday, July 30, 2013

ടാഗോർ - ആദിസൂര്യൻ

tagore2


സത്തയാദ്യമായാവിർഭൂതമായപ്പോൾ
ആദ്യത്തെ നാളാദ്യത്തെ സൂര്യൻ ചോദിച്ചു:
“ആരു നീ?” ആരുമുത്തരം പറഞ്ഞില്ല.
പിന്നെ യുഗങ്ങളൊന്നൊന്നായിക്കഴിഞ്ഞു.
അന്തിമസമുദ്രത്തിന്റെ കരയിൽ
സന്ധ്യ മൂർച്ഛിച്ചു നില്ക്കുമ്പോൾ
അന്തിമസൂര്യനവസാനമായിച്ചോദിച്ചു:
“ആരു നീ?” ആരുമുത്തരം പറഞ്ഞില്ല.


(ശേഷലേഖാ- 1941 ജൂലൈ 27)


Monday, July 29, 2013

നികിത സ്റ്റാനെസ്ക്യു - കവിതകൾ

nichita stanescu

 


1. കടലിൽ കൌമാരക്കാർ


ഈ കടൽ കൌമാരക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു,
തിരപ്പുറത്തു നടക്കാൻ പഠിക്കുകയാണവർ, നില്ക്കാനും,
ചിലനേരം ഒഴുക്കിൽ കൈകൾ തളർത്തിയിട്ടും,
ചിലനേരം ഒരു വെയില്ക്കതിരിൽ മുറുകെപ്പിടിച്ചും.
ഞാനോ, ഞാൻ കടപ്പുറത്തു വളഞ്ഞുകൂടിക്കിടക്കുന്നു,
വന്നിറങ്ങിയ യാത്രക്കാരെപ്പോലെ അവരെ നോക്കിക്കിടക്കുന്നു.
അവർക്കൊന്നു കാലു തെറ്റുന്നതെനിക്കു കാണണം,
തിരപ്പെരുക്കത്തിൽ പതറി മുട്ടിലിരിക്കുന്നതെങ്കിലും.
പക്ഷേ മെയ് വഴക്കമുള്ളവരാണവർ, സമചിത്തരും-
തിരപ്പുറത്തു നടക്കാനവർ പഠിച്ചിരിക്കുന്നു, നില്ക്കാനും.


2. ഒരു കവിത


നോക്കൂ, ഒരു നാൾ നിന്നെ ഞാൻ കടന്നുപിടിക്കുകയും
നിന്റെ ഉള്ളംകാലിൽ ചുംബിക്കുകയും ചെയ്തുവെന്നിരിക്കട്ടെ,
അതില്പിന്നെ നടക്കുമ്പോൾ നീയൊന്നു ഞൊണ്ടില്ലേ,
എന്റെ ചുംബനം ഞെരിഞ്ഞാലോയെന്ന പേടിയോടെ?


നികിത സ്റ്റാനെസ്ക്യു (1933-1983)- റുമേനിയൻ കവിയും ലേഖകനും.


Sunday, July 28, 2013

ബോദ് ലേർ - ആദർശം

michelangelo-buonarroti-tomb-of-giuliano-de-medici-showing-night-1524-31-medici-chapel




പുസ്തകചിത്രീകരണങ്ങളിലെ സൌന്ദര്യധാമങ്ങളെ എനിക്കു വേണ്ട,
വിലകെട്ടൊരു കാലത്തിന്റെ ദരിദ്രോല്പന്നങ്ങളാണവ;
മടമ്പുയർന്ന ചെരുപ്പുകൾ, കൈകളിൽ ചപ്ളാങ്കട്ടകൾ:
എന്റേതു പോലൊരു ഹൃദയത്തിന്റെ ദാഹം തീർക്കാനവർ പോര.


ഗവാർണിയുടെ കാവ്യദേവത, ആ വിളർച്ചക്കാരിക്കിരിക്കട്ടെ,
രക്തപ്രസാദമില്ലാത്ത ഈ ദീനക്കാരിറാണിമാർ;
ഈ വിളറിവെളുത്ത പനിനീർപ്പൂക്കളിൽ ഞാൻ കാണുന്നില്ല,
എന്റെ ആദർശത്തിന്റെ ജ്വലിക്കുന്ന രക്തപുഷ്പം.


ഏതു ഗർത്തത്തിലുമാഴമേറിയ ഈ ഹൃദയത്തിനു വേണം
മാക്ബത്ത് പ്രഭ്വീ, ചോര പുരണ്ട നിന്റെ കൈകൾ,
ശീതദേശത്തവതരിച്ച ഈസ്ക്കിലസിന്റെ നായികേ.


അല്ലെങ്കിൽ നീ, ആഞ്ഞ്ജലോയുടെ പുത്രീ, മഹാരാത്രീ,
അതികായന്മാരുടെ ചുണ്ടുകൾക്കു ദാഹം തീർക്കുന്ന മാറുമായി
വിചിത്രമായൊരു പടുതിയിൽ ചരിഞ്ഞുകിടക്കുന്നവളേ.



ഗവാർണി - ക്ഷുദ്രവിഷയങ്ങൾ ചിത്രീകരിച്ചിരുന്ന ഒരു കാർട്ടൂണിസ്റ്റ്
ഈസ്ക്കിലസ്സിന്റെ നായിക - ഈസ്ക്കിലസ്സിന്റെ നാടകത്തിലെ പ്രതികാരദുർഗ്ഗയായ നായിക, ക്ളിറ്റെമ്നെസ് ട്രയെ സ്കോട്ടിഷ് പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചാൽ മാക്ബത്ത് പ്രഭ്വി ആയി എന്ന അർത്ഥത്തിൽ.
ആഞ്ഞലസ്സിന്റെ പുത്രി - ഫ്ളോറൻസിലെ മെഡിച്ചി ചാപ്പലിൽ മൈക്കലാഞ്ഞെലോ കൊത്തിവച്ച രാത്രിയുടെ ശില്പം, ബലിഷ്ഠയും നഗ്നയുമായ സ്ത്രീരൂപത്തിൽ; ഗ്രീക്കുപുരാണത്തിൽ ടൈറ്റന്മാർ എന്ന അതികായരായ ദേവന്മാരുടെ അമ്മയാണ്‌ രാത്രി.



Thursday, July 25, 2013

മരിൻ സൊരെസ്ക്യു - അമ്പ്

images

 


കാട്ടിൽ വച്ചു മുറിപ്പെട്ടപ്പോൾ
അയാൾക്കു വഴി പിശകിപ്പോയേനേ,
അമ്പിന്റെ പിന്നാലെ പോയിരുന്നില്ലെങ്കിൽ.

അതിന്റെ പകുതിയിലധികവും
അയാളുടെ നെഞ്ചിൽ നിന്നുന്തിനില്ക്കുകയായിരുന്നു,
അയാൾക്കു വഴി കാട്ടുകയായിരുന്നു.

മുതുകത്തു വന്നുകൊണ്ട അമ്പ്
അയാളുടെ ഉടലു തുളച്ചിരുന്നു.
അതിന്റെ ചോര പുരണ്ട മുനയായിരുന്നു
അയാൾക്കു വഴികാട്ടി.

എന്തനുഗ്രഹമായി,
മരങ്ങൾക്കിടയിലൂടെ വഴി കാണിക്കാൻ
ഇങ്ങനെയൊന്നുണ്ടായത്!

ഇപ്പോഴയാൾക്കറിയാം,
തനിക്കിനി വഴി തെറ്റില്ലെന്ന്,
ലക്ഷ്യത്തിൽ നിന്നകലെയല്ല
താനെന്നും.


Wednesday, July 24, 2013

മരിൻ സൊരെസ്ക്യു - മഴ പെയ്യാൻ പോവുകയാണ്‌


മഴ പെയ്യാൻ പോവുകയാണ്‌


മഴ പെയ്യാൻ പോവുകയാണ്‌,noah
ഒരു പൊടിമേഘം പോലും കാണാനില്ലാത്ത
ആകാശത്തേക്കു നോക്കി കോട്ടുവായിട്ടുകൊണ്ട്
ദൈവം തന്നെത്താൻ പറയുന്നു.
ഈ നാല്പതു പകലും നാല്പതു രാത്രിയും
വേദന എനിക്കു സ്വൈര്യം തന്നിട്ടില്ല.
അതെ, ഒരു കനത്ത മഴയുടെ വരവുണ്ട്.

നോഹാ, നോഹയില്ലേ, അവിടെ?
താൻ ഈ വേലിക്കലേക്കൊന്നു വരൂ,
എനിക്കു തന്നോടു ചിലതു പറയാനുണ്ട്.



മണൽഘടികാരം

ഞാനൊഴിയുകയോimage
അതോ നിറയുകയോ?

പൂഴിയുടെ അതേ ഒഴുക്കു തന്നെ,
തിരിച്ചും മറിച്ചും പിടിച്ചാലും.


 

മരിൻ സൊരെസ്ക്യു - അഭിനേതാക്കൾ

images123

link to image


എത്ര തന്മയത്വത്തോടെയാണ്‌ ഇവർ അഭിനയിക്കുന്നതെന്നു നോക്കൂ!
നമ്മുടെ ജീവിതങ്ങൾ നമുക്കായി ജീവിക്കാൻ
നമ്മെക്കാളെത്ര നന്നായിട്ടിവർക്കറിയാം!

ഇത്ര തികവുറ്റ ഒരു ചുംബനം ഞാൻ കണ്ടിട്ടേയില്ല,
വികാരങ്ങൾക്കു തെളിച്ചം വന്നുതുടങ്ങുന്ന മൂന്നാമങ്കത്തിൽ
ഈ അഭിനേതാക്കൾ ചെയ്യുമ്പോലെ.

എണ്ണയും പൊടിയും പുരണ്ട്,
യഥാർത്ഥത്തിലുള്ളതെന്നു തോന്നിക്കുന്ന തൊപ്പികളും വച്ച്,
വിശ്വാസം വന്നുപോകുന്ന വിധത്തിൽ പ്രവൃത്തികളും ചെയ്ത്
അവർ പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്യുന്നു,
കാല്ചുവട്ടിൽ ചുരുൾ നിവരുന്ന പരവതാനികൾ പോലത്തെ സംഭാഷണങ്ങളുമായി.

അരങ്ങിൽ അവരുടെ മരണം എത്ര സ്വാഭാവികം.
അതു വച്ചു നോക്കുമ്പോൾ എത്ര കൃത്രിമമാണെന്നു തോന്നിപ്പോവുന്നു,
ആ ശവക്കുഴികളിൽ കിടക്കുന്നവർ,
യഥാർത്ഥത്തിൽ മരിച്ചവർ,
ഒരു ദുരന്തനാടകത്തിലെ കഥാപാത്രങ്ങളാവാൻ നിത്യമായി വിധിക്കപ്പെട്ടവർ,
അവരുടെ മരണങ്ങൾ.

ഒരേയൊരു ജീവിതത്തിൽ തറഞ്ഞുകിടക്കുന്ന നമുക്കോ,
നമുക്കത്ര പോലും ജീവനില്ല!
ആ ഒരു ജീവിതം പോലും ജീവിക്കാനുള്ള സാമർത്ഥ്യം നമുക്കില്ല.
നമ്മുടെ സംഭാഷണങ്ങൾ അനവസരത്തിലായിപ്പോകുന്നു,
അല്ലെങ്കിൽ വർഷങ്ങളോളം നാം വായ തുറക്കാതിരിക്കുന്നു.
അഭിനയത്തിൽ മിതത്വമില്ല, സൌന്ദര്യബോധമില്ല.
കൈകൾ എങ്ങനെ പിടിക്കണമെന്നുപോലും നമുക്കറിയുന്നുമില്ല.


Tuesday, July 23, 2013

മരിൻ സൊരെസ്ക്യു - വിലാപഗീതം

200570956-001

 


കണ്ണുകളിലെ വെളിച്ചം മങ്ങിക്കഴിഞ്ഞു,
ചുണ്ടിനറ്റത്തെ പുഞ്ചിരി തവിഞ്ഞുകഴിഞ്ഞു.
പകലു പക്ഷേ, ഇനിയുമിരുണ്ടിട്ടില്ല,
ചിരിച്ചാഹ്ളാദിച്ചും കൊണ്ട്
ആളുകൾ തെരുവുകളിലൂടെ കടന്നുപോകുന്നു.

കാര്യങ്ങളീവിധമാവണമെന്നുണ്ടായതെത്ര നന്നായി,
ഒരാളും ശ്രദ്ധിക്കാനില്ലാത്തപ്പോൾ വേണം
ഞാൻ കൂട്ടം വിട്ടു മറയാനെന്നത്.
കാര്യമുള്ള കാര്യമല്ലാതെ
ഈ ലോകത്തു യാതൊന്നും നടക്കുന്നില്ല,
അതും അങ്ങേയറ്റത്തെ ഉദാസീനതയ്ക്കു നടുവിലും.

1996 നവംബർ 30


(സൊരെസ്ക്യു ആശുപത്രിയിൽ കിടക്കുമ്പോൾ എഴുതിയത്; അദ്ദേഹം 1996 ഡിസംബർ 6നു മരിച്ചു.)


Monday, July 22, 2013

മരിൻ സൊരെസ്ക്യു - രാവിലെ





സൂര്യ, നിന്റെ പത കൊണ്ടു ഞങ്ങൾ കഴുകുന്നു,
ആകാശമെന്ന  ഷെല്ഫിൽ
ഞങ്ങൾക്കായെടുത്തുവച്ച
ആദിയ്ക്കുമാദിയിലെ സോപ്പു നീ.
നിന്റെ നേർക്കു ഞങ്ങൾ കൈയെത്തിക്കുന്നു,
വെളിച്ചം കൊണ്ടു ഞങ്ങൾ ഉരച്ചുകഴുകുന്നു,
സന്തോഷാധിക്യം കൊണ്ടെല്ലുകൾ നോവും വരെ.


ഹാ, ഈ ഭൂമിയിലെ പ്രഭാതങ്ങൾ നല്കുന്ന
ആനന്ദം!
ഹോസ്റ്റലിലെ കുളിമുറിയിൽ
സ്കൂൾകുട്ടികൾ കവിളിൽ വെള്ളം കൊണ്ട്
അന്യോന്യം തുപ്പി നനയ്ക്കുംപോലെ.


പക്ഷേ നല്ല തോർത്തുകൾ
എവിടെക്കിട്ടുമെന്നു ഞങ്ങൾക്കിനിയുമറിയില്ല-
അതിനാൽ ഞങ്ങളിപ്പോഴും മുഖം തുടയ്ക്കുന്നത്
മരണം കൊണ്ടു തന്നെ.




മരിൻ സൊരെസ്ക്യു - ചെസ്സ്

Ingmar-Bergman-Still-from-The-Seventh-Seal
Death and the Knight playing chess in the Bergman film, “ The Seventh Seal”



ഞാൻ ഒരു വെളുത്ത ദിവസം നീക്കുന്നു
അവൻ ഒരു കറുത്ത ദിവസം നീക്കുന്നു.


ഞാൻ ഒരു സ്വപ്നവും കൊണ്ടു മുന്നോട്ടു കുതിക്കുന്നു,
അവനതിനെ പൊരുതി വീഴ്ത്തുന്നു.


അവനെന്റെ ശ്വാസകോശങ്ങളെ ആക്രമിക്കുന്നു,
ഒരു കൊല്ലം മുഴുവൻ ഞാൻ ആശുപത്രിയിൽ കിടന്നു കണക്കു കൂട്ടി,
ഒന്നാന്തരമൊരു നീക്കത്തിലൂടെ
ഞാനൊരു കറുത്ത ദിവസം നേടുന്നു.


അവനൊരു ദൌർഭാഗ്യം നീക്കുന്നു,
ക്യാൻസർ കൊണ്ടെന്നെ  ഭീഷണിപ്പെടുത്തുന്നു
(തല്ക്കാലമതു കോണോടു കോണാണു നീങ്ങുന്നത്)
എന്നാല്‍ ഒരു പുസ്തകമെടുത്തു ഞാന്‍ ചെറുക്കുമ്പോള്‍
അവന്‍ പിന്നോട്ടടിക്കുന്നു.


വേറേ ചില കരുക്കളും ഞാന്‍ നേടിക്കഴിഞ്ഞു,
പക്ഷേ, നോക്കൂ, എന്റെ പാതിജീവിതം മാഞ്ഞുകഴിഞ്ഞു.


-ഇപ്പോൾ ഞാൻ ചെക്കു പറഞ്ഞാൽ
തന്റെ ശുഭപ്രതീക്ഷ വീഴും,
അവൻ പറയുകയാണ്‌.
-ഞാനതു കാര്യമാക്കുന്നില്ല, ഞാൻ തമാശ പറഞ്ഞു,
വികാരങ്ങൾ കൊണ്ടു  ഞാൻ തന്നെ തടുക്കും.


എനിക്കു പിന്നിൽ എന്റെ ഭാര്യ, എന്റെ കുട്ടികൾ,
സൂര്യൻ, ചന്ദ്രൻ, മറ്റു കാണികൾ
എന്റെ ഓരോ നീക്കത്തിലും അവർ വിറകൊള്ളുകയാണ്‌.


ഞാൻ ഒരു സിഗററ്റിനു തീ കൊളുത്തി
കളി തുടരുന്നു.


Sunday, July 21, 2013

മരിൻ സൊരെസ്ക്യൂ - പുകയില

smoke-and-art13

link to image


നിത്യതയ്ക്കു ദൈർഘ്യം കൂടുതലാണെന്നു
മരിച്ചവർക്കു തോന്നുന്നുവെങ്കിൽ
അവർക്കു പുകവലി വിലക്കിയിരിക്കുന്നു
എന്നതാണു കാരണം.

ജീവിച്ചിരിക്കുന്ന മനുഷ്യരായ നാം
പുകയൂതിവിടുന്നു,
ഒരാൾ മറ്റൊരാളിൽ നിന്നു
തീ ചോദിച്ചു വാങ്ങുന്നു,
നാസകളിലൂടെ നന്ദി വമിപ്പിക്കുന്നു.

നിങ്ങൾ ജനിക്കുമ്പോൾ ഒരു സിഗററ്റ്,
സ്കൂളിൽ പോകുമ്പോൾ മറ്റൊന്ന്,
നിങ്ങളുടെ കല്യാണത്തിനു വേറൊന്ന്;
മഴ പെയ്യുന്ന കാരണത്താൽ ഒരു സിഗററ്റ്,
മഴ പെയ്യുന്നില്ലെന്നതിനാൽ
മറ്റൊന്ന്...

നിങ്ങൾ ശ്രദ്ധിക്കുന്ന പോലുമില്ല,
എത്ര കുറഞ്ഞ നേരം കൊണ്ടാണ്‌
വില കുറഞ്ഞ പുകയിലയിലൂടെ
ഒരായുസ്സിന്റെ കർമ്മം
നിങ്ങൾ ഊതിക്കളഞ്ഞതെന്ന്.


ഹെൻറി ദെ റെയ്നിയെർ - ദേവകൾ

pagan_gods

 


ദേവകളെന്നോടുരിയാടാൻ വന്നുവെന്നിന്നു ഞാൻ സ്വപ്നം കണ്ടു:
ഒരു ദേവൻ - അരുവികളും കടല്പായലും വാരിച്ചുറ്റിയവൻ;
മറ്റൊരു ദേവൻ - മുന്തിരിവള്ളികളും ഗോതമ്പുകതിരുകളുമായി;
ഇനിയൊരു ദേവൻ- ചിറകു വച്ചവൻ, അപ്രാപ്യൻ,
നഗ്നതയുടെ സൌന്ദര്യമെടുത്തുടുത്തവൻ;
ഇനിയൊരാൾ - മുഖപടത്തിനു പിന്നിലൊളിച്ചവൻ;
ഒരാൾ കൂടി- ഇരുസർപ്പങ്ങൾ പിണഞ്ഞ സ്വർണ്ണദണ്ഡുമായി
പൂക്കൾ നുള്ളിനടക്കുന്ന ഗായകൻ;
വേറെയുമുണ്ടായിരുന്നു ദേവകൾ...
ഞാൻ പറഞ്ഞു: ഇതാ പഴക്കൂടകൾ, പുല്ലാങ്കുഴലുകളും-
എന്റെ പഴങ്ങൾ രുചിക്കൂ,
തേനീച്ചകളുടെ മൂളലിനും ഓടല്ക്കാടുകളുടെ വിനീതമർമ്മരത്തിനും
കാതു കൊടുക്കൂ;
പിന്നെ ഞാൻ പറഞ്ഞു: കേൾക്കൂ, കേൾക്കൂ,
മാറ്റൊലിയുടെ ചുണ്ടുകൾ കൊണ്ടൊരാൾ സംസാരിക്കുന്നതു കേട്ടില്ലേ?
ജീവിതമിരമ്പുന്ന ലോകത്തിനിടയിലേകനാണയാൾ...
പാവനമായ മുഖമേ, നിന്നെ ഞാൻ പതക്കങ്ങളാക്കി:
ശരല്ക്കാലസന്ധ്യ പോലെ സൌമ്യമായ വെള്ളിയിൽ,
മദ്ധ്യാഹ്നസൂര്യൻ പോലെ പൊള്ളുന്ന സ്വർണ്ണത്തിൽ,
രാത്രി പോലെ വിഷണ്ണമായ ചെമ്പിൽ,
ആഹ്ളാദം പോലെ കിലുങ്ങുന്ന ലോഹങ്ങളിൽ,
മഹത്വവും പ്രണയവും മരണവും പോലെ
മാരകമായി ശബ്ദിക്കുന്ന ലോഹങ്ങളിൽ;
ഏറ്റവും നല്ല പതക്കം ഞാൻ മെനഞ്ഞതു പക്ഷേ
കളിമണ്ണിൽ നിന്നായിരുന്നു;
ഒരു മന്ദഹാസത്തോടെ നിങ്ങളവ കൈയിലെടുക്കും,
നല്ല പണിത്തരമെന്നു നിങ്ങൾ പറയും,
പിന്നെയൊരു മന്ദഹാസത്തോടെ നിങ്ങൾ നടന്നുപോകും;
നിങ്ങളിലൊരാൾക്കു പോലും കണ്ണില്പ്പെട്ടില്ല,
എന്റെ കൈകൾ ഹൃദയാർദ്രതയാൽ വിറക്കൊള്ളുന്നതും
അവയിലൂടെ ജീവൻ വച്ചുണരാനായി
ഒരു മഹിതസ്വപ്നമെന്നിലുറങ്ങുന്നതും.
നിങ്ങളിലൊരാളു പോലും മനസ്സു കൊണ്ടറിഞ്ഞില്ല,
പാവനതയുടെ മുഖമാണു ഞാനാ പതക്കങ്ങളിൽ പതിച്ചതെന്ന്,
കാടുകളിൽ, കാറ്റുകളിൽ, കടലുകളിൽ, പുല്ക്കൊടികളിൽ,
പനിനീർപ്പൂക്കളിൽ, സർവപ്രതിഭാസങ്ങളിൽ,
നമ്മുടെയുടലുകളിൽ നാമറിയുന്നതാണതെന്ന്,
നമ്മുടേതു തന്നെയാണാ ദിവ്യത്വമെന്നും.


Paganism-04

Friday, July 19, 2013

ഗ്വെൻഡൊലിൻ ബന്നെറ്റ് - ഒരു കറുമ്പിപ്പെണ്ണിനോട്

images2

 


എനിക്കു നിന്നെ സ്നേഹം, നിന്റെ ഇരുണ്ട നിറത്താൽ,
നിന്റെ മാറിടത്തിന്റെ വടിവൊത്ത ഇരുട്ടിനാൽ,
എനിക്കു നിന്നെ സ്നേഹം, നിന്റെ ശബ്ദത്തിൽ പതറുന്ന ശോകത്തിനാൽ,
നിന്റെ താന്തോന്നിക്കണ്ണിമകൾ മയങ്ങുന്ന നിഴൽത്തടങ്ങളാൽ.

നിന്റെ നടയുടെ അലസലാസ്യത്തിലൊളിച്ചിരിക്കുന്നു
പൊയ്പ്പോയ കാലത്തെ റാണിമാരിൽ നിന്നെന്തോ,
നീയുരിയാടുമ്പോളതിന്റെ താളത്തിൽ തേങ്ങുന്നു
തുടലിൽ കിടക്കുന്ന അടിമയുടേതായതെന്തോ.

ഹാ, നിറമിരുണ്ട പെണ്ണേ, ശോകത്തിന്നുടപ്പിറന്നോളേ,
കൈവെടിയരുതേ, നിനക്കവകാശമായ രാജസപ്രതാപം,
ഒരുനാളടിമപ്പെണ്ണായിരുന്നു താനെന്നതു മറന്നേക്കൂ,
വിധിയെ നോക്കിച്ചിരിക്കട്ടെ, നിന്റെ തടിച്ച ചുണ്ടുകൾ!


ഗ്വെൻഡൊലിൻ ബെന്നെറ്റ്(1902-1981)- ആഫ്രോ-അമേരിക്കൻ എഴുത്തുകാരി.


Thursday, July 18, 2013

ഷുഷാനിഗ് ഗൌർഗേനിയൻ - മോഹം

tanya-and-mathieu-collaborration

 


എന്റെ ഹൃദയത്തിലേക്കൊരു ദേവനെപ്പോലെ
നിന്നെയെതിരേല്ക്കാൻ ഞാൻ മോഹിച്ചു,
വഴി തുലഞ്ഞും ക്ളേശിച്ചും നീയലയുമ്പോൾ
വീടെത്തിയെന്നു നീ പറഞ്ഞുകേൾക്കാൻ.

ഒരേയൊരുദ്യാനത്തിൽ വേണം
വാനമ്പാടി പാടാനെന്നു ഞാൻ മോഹിച്ചു.
എനിക്കായി മാത്രം വേണം
അവൻ തന്റെ ഗാനങ്ങൾ പാടാനെന്നും.

എന്റെ നെഞ്ചിലെ തടവറയിൽ
നിന്നെപ്പൂട്ടിയിടാൻ ഞാൻ മോഹിച്ചു,
എന്റെ സിരകളിൽ നീയുമൊരൊഴുക്കാവാൻ,
എല്ലുകളിൽ നീയുമൊരു ചലനമാവാൻ.

മരിക്കുമ്പോൾ കൊത്തിവയ്ക്കണം
എന്റെ പേരെന്നു ഞാൻ മോഹിച്ചു,
സ്മാരകങ്ങളിൽ വച്ചേറ്റവും കട്ടിയുള്ളതിൽ,
നിന്റെ ഹൃദയമെന്ന കഠിനശിലയിൽ.



(ഷുഷാനിഗ് ഗൌർഗേനിയൻ - ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ഒരു അർമ്മേനിയൻ കവയിത്രി)

എലിസവെത്താ ബഗ്രിയാന - വംശജ

elesaveta bagriyana

എന്റെ പൂർവികരിലൊരാളുടെയും ചിത്രം ഞാൻ കണ്ടിട്ടില്ല,
എന്റെ കുടുംബത്തിലൊരാളും ഫോട്ടോയെടുത്തു വച്ചിട്ടില്ല,
അവർ ബാക്കി വച്ച പൈതൃകമെന്തെന്നെനിക്കറിയില്ല,
അവരുടെ മുഖങ്ങൾ, ജീവിച്ച ജീവിതങ്ങളുമെനിക്കറിയില്ല.

എന്നാലെന്റെ സിരകളിൽ ത്രസിക്കുന്നതു ഞാനറിയുന്നു,
ഒരു നാടോടിഗോത്രത്തിന്റെ പ്രാക്തനമായ പ്രചണ്ഡരക്തം.
ഉഗ്രരോഷത്തോടതെന്നെ രാത്രിയിൽ തട്ടിയുണർത്തുന്നു,
നാമാദ്യം ചെയ്ത പാപത്തിലേക്കതെന്നെ ആട്ടിയിറക്കുന്നു.

എന്റെ വംശക്കാരി ഒരു മുതുമുത്തശ്ശി, കണ്ണുകളിരുണ്ടവൾ,
പട്ടുസാൽവാറുകളും തലയിൽ തട്ടവും തൊപ്പിയും ധരിച്ചവൾ,
അന്യദേശക്കാരനായൊരഭിജാതകാമുകനോടൊപ്പം
നിശബ്ദരാത്രിയിലവർ പലായനം ചെയ്തുവെന്നു വരാം,

ഡാന്യൂബിന്റെ സമതലങ്ങളിലന്നു മാറ്റൊലിക്കൊണ്ടിരിക്കാം
പിന്തുടർന്നെത്തുന്ന കുതിരക്കുളമ്പുകളാഞ്ഞുപതിക്കുന്നതും;
ഒരു പാടും വയ്ക്കാതൊരു കാറ്റന്നു വീശിയെന്നു വരാം,
കഠാരയുടെ വേദനയിൽ നിന്നവരെക്കാത്തുവെന്നു വരാം.

ഇതു കാരണം തന്നെയാവം ഞാനിവയെ പ്രണയിക്കുന്നതും:
രണ്ടു കണ്ണുകൾക്കൊതുക്കാനാവാത്ത കാട്ടുപുല്പരപ്പുകളെ,
ചാട്ടവാറാഞ്ഞുവീശുമ്പോൾ കുതി കൊള്ളുന്ന കുതിരകളെ,
കാറ്റെന്റെ നേർക്കെടുത്തെറിയുന്ന ശകലിതശബ്ദങ്ങളെ.

പാപിയെന്നെന്നെ വിളിച്ചോളൂ, കൌശലക്കാരിയെന്നും,
പാതിവഴിയിൽ ഞാൻ പതറിവീണെന്നുമിരിക്കട്ടെ-
എന്നാലും ഞാൻ നിന്റെ, നിന്റെ സ്വന്തം പ്രിയപുത്രി,
എനിക്കമ്മയായ മണ്ണേ, രക്തബന്ധമുള്ളവർ നമ്മൾ.


എലിസവെത്താ ബഗ്രിയാന (18893-1991) - പ്രമുഖയായ ബൾഗേറിയൻ കവയിത്രി.


Wednesday, July 17, 2013

ഒക്റ്റേവിയോ പാസ് - ജീവന്റെ ഇടവേള

 
paz2

മിന്നലോ മീനുകളോ,
കടലിരുട്ടിൽ
കിളികൾ, മിന്നൽ
കാടിരുട്ടിൽ.

നമ്മുടെ എല്ലുകൾ മിന്നൽ,
ഉടലിരുട്ടിൽ.
ലോകമേ, ഇരുട്ടാണെല്ലാം,
ജീവൻ മിന്നലും.


Tuesday, July 16, 2013

ഒക്റ്റേവിയോ പാസ് - രണ്ടുടലുകൾ

tumblr_mdcjufCows1qmnvbmo1_500

 


മുഖത്തോടു മുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു തിരകൾ
രാത്രി ഒരു പെരുംകടലും.

മുഖത്തോടു മുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു കല്ലുകൾ
രാത്രി ഒരു മണല്ക്കാടും.

മുഖത്തോടു മുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു വേരുകൾ
രാത്രിയോടു പിണഞ്ഞവ.

മുഖത്തോടു മുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു കഠാരകൾ
രാത്രി തീപ്പൊരി ചിതറുന്നതും.

മുഖത്തോടു മുഖം രണ്ടുടലുകൾ
ഒഴിഞ്ഞ മാനത്തേക്കു പതിക്കുന്ന
രണ്ടു നക്ഷത്രങ്ങളാണവ.


Sunday, July 14, 2013

വിക്തോർ ദെ ലാ ക്രൂസ് - ഇനിയൊരു നാൾ നീയെന്നെ നോക്കുമ്പോൾ...

Ismael_Nery_-_Morte_de_Ismael_Nery

link to image


ഇനിയൊരു നാൾ നീയെന്നെ നോക്കുമ്പോൾ
നീയെന്നെ കാണില്ല,
നിന്റെ ഹൃദയത്തിലാരുമുണ്ടാവില്ല
നിനക്കു പറഞ്ഞുതരാൻ,
ഞാനേതു വഴിക്കു പോയെന്ന്,
ഞാൻ നിന്നെ മറന്നതെവിടെ വച്ചെന്ന്.
ഇനിയൊരു നാൾ നീ കണ്ണു തുറന്നുനോക്കുമ്പോൾ
ഞാനിവിടെയുണ്ടാവില്ല,
ഞാൻ മറ്റൊരു വഴിക്കു പോയിരിക്കും,
ഞാൻ നിന്നെ മറന്നിരിക്കും.
നീ തെക്കും വടക്കും നോക്കും,
സൂര്യനുദിക്കുന്നിടത്തും
അതു പോയൊളിക്കുന്നിടത്തും നോക്കും,
നാലു പാതകളൊരുമിക്കുന്നിടത്തു നോക്കും,
ഭ്രാന്തിയെപ്പോലെന്റെ കാല്പാടുകൾ തിരഞ്ഞു നീ നടക്കും.
ആരറിഞ്ഞു,
ഏതു മഴയിലാണതൊഴുകിപ്പോയതെന്ന്,
ഏതു കാറ്റിലാണതു പറന്നു പോയതെന്ന്?


Friday, July 12, 2013

ഒക്റ്റേവിയോ പാസ് - ഇനി മേൽ ക്ളീഷേകളില്ല

Octavio-Paz-9435456-1-402

 


മനോഹരമായ മുഖമേ
സൂര്യനിലേക്കിതളുകൾ തുറക്കുന്ന ഡെയ്സിപ്പൂവു പോലെ
താളുകൾ മറിച്ചു ഞാൻ ചെല്ലുമ്പോൾ നീയെനിക്കു മുഖം തുറക്കുന്നു.

വശീകരിക്കുന്ന മന്ദഹാസം
ഏതു പുരുഷനും നിനക്കടിമയാകും
മാസികയിലെ സുന്ദരീ.

എത്ര കവിതകൾ നിനക്കായെഴുതിയിട്ടില്ല?
എത്ര ദാന്തേമാർ നിനക്കെഴുതിയിട്ടില്ല, ബിയാട്രിസ്?
വിടാതെ പിന്തുടരുന്ന നിന്റെ മിഥ്യക്കായി
നീയെന്ന നിർമ്മിതകല്പനയ്ക്കായി.

ഇന്നു പക്ഷേ മറ്റൊരു ക്ളീഷേ കൂടി ഞാനെഴുതുന്നില്ല
ഈ കവിത ഞാൻ നിനക്കായെഴുതുന്നു
ഇല്ല, ഇനി മേൽ ക്ളീഷേകളില്ല.

ഈ കവിതയുടെ സമർപ്പണം ആ സ്ത്രീകൾക്ക്
സൌന്ദര്യം ശാലീനതയായവർക്ക്
ബുദ്ധിയും സ്വഭാവവുമായവർക്ക്

ഈ കവിത നിങ്ങൾക്ക്, സ്ത്രീകളേ
പുതിയൊരു കഥ പറയാനായി
ദിവസവുമുണർന്നെഴുന്നേല്ക്കുന്ന ഷഹരെസാദെമാരേ.
മാറ്റത്തിനു സ്തുതി പാടുന്നൊരു കഥ
സമരങ്ങൾക്കാശിക്കുന്നൊരു കഥ
ഉടലുകളൊന്നു ചേർന്ന പ്രണയത്തിനായുള്ള സമരങ്ങൾ
പുതിയൊരു പ്രഭാതമുണർത്തിയ വികാരങ്ങൾക്കായുള്ള സമരങ്ങൾ
അവഗണിക്കപ്പെട്ട അവകാശങ്ങൾക്കായുള്ള സമരങ്ങൾ
അതുമല്ലെങ്കിൽ ഒരു രാത്രി കൂടി അതിജീവിക്കാൻ മാത്രമായ സമരങ്ങൾ.

അതെ, വേദനയുടെ ഈ ലോകത്തെ സ്ത്രീകളേ, നിങ്ങൾക്ക്
നിങ്ങൾക്ക്, നിത്യധൂർത്തയായ പ്രപഞ്ചത്തിലെ ദീപ്തതാരങ്ങളേ,
നിങ്ങൾക്ക്, ആയിരത്തൊന്നു യുദ്ധങ്ങളിലെ പോരാളികളേ,
നിങ്ങൾക്ക്, എന്റെ ഹൃദയത്തിന്റെ മിത്രങ്ങളേ.

ഇനി മേൽ എന്റെ മുഖം ഒരു മാസികയ്ക്കും മേൽ കുനിഞ്ഞുനോക്കില്ല,
അതിനി രാത്രിയെ നോക്കി ധ്യാനിച്ചിരിക്കുകയേയുള്ളു,
അതിലെ ദീപ്തതാരങ്ങളെയും.
അതിനാൽ, ഇനി മേൽ ക്ളീഷേകളില്ല.


വിക്തോർ ദെ ലാ ക്രൂസ് - ഞാൻ മറന്ന വാക്ക്

zapotec8


ഒരു വാക്ക്,
ഒരേയൊരു വാക്ക്,
ഒരു വാക്കെനിക്കുണ്ടായിരുന്നെങ്കിൽ,
എന്റെ ഉള്ളംകൈയിൽ,
എന്റെ മനസ്സിൽ,
എന്റെ ഹൃദയത്തിൽ.
ഒരേയൊരു വാക്ക്
രാത്രിയിൽ നിന്നോടു പറയാൻ;
വിടരുന്ന പൂക്കൾക്കൊപ്പം,
ലഹ്വോയഗായിലെ മരങ്ങളിൽ
പാടുന്ന കിളികൾക്കൊപ്പം
നാമുണരുമ്പോൾ നമുക്കു പറയാൻ.
ഒരേയൊരു വാക്ക്,
ഞാൻ  മറന്നൊരാ  വാക്ക്.


വിക്തോർ ദെ ലാ ക്രൂസ് (ജ. 1948) - സാപ്പോടെക് ഭാഷയിൽ എഴുതുന്ന മെക്സിക്കൻ കവി.


Thursday, July 11, 2013

ഏണെസ്റ്റോ കാർദിനൽ - ക്ളാഡിയാ, ഈ വരികൾ നിനക്കായി...

ernesto cardinal




ഈ വരികൾ നിനക്കായർപ്പിക്കട്ടെ ഞാൻ, ക്ളാഡിയാ,
നിനക്കു മാത്രമുള്ളതാണവയെന്നതിനാൽ;
പൊടിപ്പും തൊങ്ങലുമതിൽ വച്ചിട്ടില്ല ഞാൻ ക്ളാഡിയാ,
നിനക്കതെളുപ്പം മനസ്സിലാവട്ടെയെന്നതിനാൽ.
നിനക്കുള്ളതാണെങ്കിലും നിനക്കവ മുഷിഞ്ഞെന്നിരിക്കട്ടെ,
ഒരുനാളവ
സ്പാനിഷ് അമേരിക്കയാകെ പരന്നുവെന്നു വരാം, .
അവയെഴുതിയ പ്രണയത്തെ നീ തള്ളിപ്പറഞ്ഞുവെന്നിരിക്കട്ടെ,
അന്യസ്ത്രീകൾ
ആ പ്രണയത്തെ സ്വപ്നം കണ്ടുവെന്നുവരാം, ;
ഈ വരികൾ വായിക്കുന്ന മറ്റു കാമുകർക്കു കിട്ടിയെന്നു വരാം,
ഈ കവിക്കു നിന്നിൽ നിന്നു കിട്ടാത്ത ചുംബനങ്ങൾ, ക്ളാഡിയാ.


Wednesday, July 10, 2013

കാർലോസ് ദ്രുമോൺ ദെ അന്ദ്രാദെ - അത്ര വലുതാണു ലോകമെങ്കിലും...

Klimt_-_Der_Kuss.jpeg


അത്ര വലുതാണു ലോകമെങ്കിലുമതൊതുങ്ങുന്നു,
കടലിലേക്കു തുറക്കുന്ന ഈ ജനാലയിൽ.
അത്ര വലുതാണു കടലെങ്കിലുമതൊതുങ്ങുന്നു,
പ്രണയത്തിന്റെ കിടക്കയിൽ, മെത്തയിൽ.
അത്ര വലുതാണു പ്രണയമെങ്കിലുമതൊതുങ്ങുന്നു,
ഒരു ചുംബനത്തിനിടം കിട്ടിയ വിടവിൽ.


ഏണെസ്റ്റോ കാർദിനൽ - എനിക്കു നിന്നെ നഷ്ടപ്പെട്ടപ്പോൾ...

ernesto cardenal




എനിക്കു നിന്നെ നഷ്ടമായപ്പോൾ
നമുക്കിരുവര്ക്കും നഷ്ടം പറ്റി:
എനിക്ക് - നിന്നെപ്പോലെ മറ്റാരെയും
ഞാൻ സ്നേഹിച്ചിട്ടില്ലെന്നതിനാൽ;
നിനക്ക് - എന്നെപ്പോലെ മറ്റാരും
നിന്നെ സ്നേഹിച്ചിട്ടില്ലെന്നതിനാൽ.
നാമിരുവരിൽ വച്ചു പക്ഷേ,
ഏറെ നഷ്ടം പറ്റിയതു നിനക്കായിരുന്നു:
നിന്നെ സ്നേഹിച്ച പോലെ മറ്റാരെയും
എനിക്കു സ്നേഹിക്കാമെന്നതിനാൽ;
ഞാൻ സ്നേഹിച്ച പോലെ മറ്റാരും
നിന്നെ സ്നേഹിക്കയില്ലെന്നതിനാൽ.
ഇനിയൊരു കാലത്തു ചില പെൺകുട്ടികൾ
ഈ വരികൾ വായിച്ചുത്തേജിതരാവുകയും,
കവിയെ സ്വപ്നം കാണുകയും ചെയ്തെന്നിരിക്കട്ടെ,
അപ്പോഴുമവർക്കറിയാം, ഞാനിച്ചെയ്തത്
നിന്നെപ്പോലൊരുത്തിക്കു വേണ്ടിയാണെന്ന്,
അതുകൊണ്ടു പക്ഷേ, ഫലമുണ്ടായില്ലെന്നും.


Tuesday, July 9, 2013

ഏണെസ്റ്റോ കാർദിനൽ - ബ്രായുടെ വില

ernesto-cardenal



വിപ്ളവത്തെക്കുറിച്ചു പരാതി പറയുകയായിരുന്നു എന്റെ ഒരനന്തരവൾ:
പണ്ടില്ലാത്ത വിലയാണത്രെ, ബ്രായ്ക്കിപ്പോൾ.
മുലയുണ്ടായാലത്തെ സ്ഥിതി എനിക്കറിയില്ല,
അതേ സമയം ബ്രായില്ലാതെ നടക്കുന്നതിൽ
എന്തെങ്കിലും മനഃക്ളേശം എനിക്കുണ്ടാവുകയില്ല
എന്നു തന്നെയാണ്‌ എന്റെ തോന്നൽ.
എസ്ക്യൂപ്പുലാ ഗ്രാമത്തിനു തൊട്ടടുത്താണ്‌
എന്റെ സ്നേഹിതൻ റഫേൽ കൊർദോവയുടെ താമസം.
പണ്ടൊക്കെ കുഞ്ഞുശവപ്പെട്ടികളുമായി എത്ര വിലാപയാത്രകളാണ്‌
വഴിയിലൂടെ പോയിരുന്നതെന്ന് അയാളെന്നോടു പറഞ്ഞു:
എന്നും വൈകുന്നേരം നാലും അഞ്ചും ആറും എട്ടും മരണങ്ങൾ;
പ്രായമായവർ അത്ര മരിച്ചിരുന്നില്ല.
അല്പനേരം മുമ്പ് എസ്ക്യൂപ്പുലായിലെ കുഴിവെട്ടുകാരൻ
എന്നെ കാണാൻ വന്നിരുന്നു:
“ഡോക്ടറേ, ഒരു ചെറിയ സഹായം ചോദിക്കാനാണു ഞാൻ വന്നത്;
എനിക്കിപ്പോൾ പണിയൊന്നുമില്ല.
എസ്ക്യൂപ്പുലായിലിപ്പോൾ ശവസംസ്കാരങ്ങളില്ല.”
മുമ്പ് ബ്രായ്ക്കിത്ര വിലയുണ്ടായിരുന്നില്ല;
ഇപ്പോൾ എസ്ക്യൂപ്പുലായിൽ മരണങ്ങൾ തന്നെയില്ല.
ഇനി പറയൂ: ഏതാണു ഭേദം?


ഏണെസ്റ്റോ കാർഡിനൽ (ജനനം 1925)നിക്കരാഗ്വൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും. വിമോചനദൈവശാസ്ത്രത്തിന്റെ വക്താവ്.




Monday, July 8, 2013

വീസ്വാവ ഷിംബോർസ്ക - ചരിത്രത്തിൽ കുടുങ്ങിപ്പോയ ഒരു നായയുടെ ആത്മഭാഷണം

Monologue_of_a_Dog_by_oviboslink to image

 


നായ്ക്കൾ എത്രയെങ്കിലുമാണ്‌.
ഞാൻ പക്ഷേ, വരേണ്യരിൽ പെട്ടവനായിരുന്നു.
എന്റെ രേഖകൾ കറ പറ്റാത്തവയായിരുന്നു,
എന്റെ സിരകളിലോടുന്നതു ചെന്നായയുടെ ചോരയുമായിരുന്നു.
കാഴ്ചകൾ വാസനിച്ചും കൊണ്ട് അധിത്യകകളിൽ ഞാൻ ജീവിച്ചു:
വെയിലു വീഴുന്ന പുൽത്തട്ടുകൾ, മഴയിൽ കുളിച്ച പൈൻമരങ്ങൾ,
കുഴമഞ്ഞിൽ പുതഞ്ഞ മൺകട്ടകൾ.
മാന്യമായൊരു വീടും വിളിപ്പുറത്തു വേലക്കാരും എനിക്കുണ്ടായിരുന്നു.
നേരം നോക്കി അവരെനിക്കാഹാരം തന്നു,
തേച്ചുകുളിപ്പിച്ചു, കോതിയൊരുക്കി,
സുന്ദരമായ പകലുകളിൽ എന്നെ സവാരിക്കു കൊണ്ടുപോയി.
എനിക്കു വേണ്ടതൊക്കെ അവർ ചെയ്തുതന്നു, ബഹുമാനത്തോടെ.
അവർക്കു നന്നായറിയാമായിരുന്നു,
ആരുടെ നായയാണു ഞാനെന്ന്.

ഏതു പുഴുത്ത പട്ടിക്കും ഒരു യജമാനനെക്കിട്ടും.
ശ്രദ്ധിക്കണം- താരതമ്യങ്ങൾ സൂക്ഷിച്ചു മതി.
എന്റെ യജമാനൻ ഇനം വേറെയായിരുന്നു.
ഒന്നാന്തരമൊരു ആട്ടിൻപറ്റം അദ്ദേഹത്തിനുണ്ടായിരുന്നു,
അദ്ദേഹത്തിന്റെ കാലടികളെ വിടാതെ പിന്തുടർന്നവർ,
ഭീതി കലർന്ന ബഹുമാനത്തോടെ അദ്ദേഹത്തിനു മേൽ കണ്ണുകളുറപ്പിച്ചവർ.

എനിക്കവർ മന്ദഹാസങ്ങളേ തന്നിട്ടുള്ളു,
അതിനടിയിലെ അസൂയ മറയ്ക്കാൻ അതിനായിട്ടില്ലെങ്കിലും.
കാരണം, എനിക്കല്ലേ അവകാശമുണ്ടായിരുന്നുള്ളു,
ചുണയോടെ ചാടിക്കയറി അദ്ദേഹത്തെ എതിരേല്ക്കാൻ?
എനിക്കേ കഴിയുമായിരുന്നുള്ളു,
പറിഞ്ഞുപോരുമോയെന്ന മട്ടിൽ
ട്രൌസറിൽ കടിച്ചു യാത്ര പറയാൻ.
എനിക്കേ അനുവാദമുണ്ടായിരുന്നുള്ളു,
മടിയിൽ തല വച്ചുകിടന്ന് ചൊറിയലും തലോടലും സ്വീകരിക്കാൻ.
ഉറക്കം നടിച്ചു കിടക്കാൻ എനിക്കേ കഴിയുമായിരുന്നുള്ളു,
അദ്ദേഹം എനിക്കു മേൽ കുനിഞ്ഞു ചെവിയിൽ മന്ത്രിക്കുമ്പോൾ.

അന്യരുടെ നേർക്കു പലപ്പോഴുമദ്ദേഹം ചീറിയടുത്തിരുന്നു.
അമറുകയും കുരയ്ക്കുകയും ചുമരോടു ചുമരു പായുകയും ചെയ്തിരുന്നു.
എനിക്കു സംശയം അദ്ദേഹത്തിനിഷ്ടം എന്നെ മാത്രമായിരുന്നുവെന്നാണ്‌,
മറ്റാരെയും, ഒരിക്കലുമദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്.

എനിക്കെന്റേതായ ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു:
കാത്തു നില്ക്കുക, വിശ്വസ്തത കാണിക്കുക.
നിമിഷനേരത്തേക്കായിരിക്കുമല്ലോ അദ്ദേഹം വന്നുകയറുക,
പിന്നെ ആൾ അപ്രത്യക്ഷനാവുകയും ചെയ്യും.
എനിക്കറിയില്ല, അദ്ദേഹത്തെ പിടിച്ചുനിർത്താൻ അങ്ങു താഴെ എന്താണുണ്ടായിരുന്നതെന്ന്.
എന്നാലും ഞാനൂഹിച്ചു, അടിയന്തിരപ്രാധാന്യമുള്ളതെന്തെങ്കിലുമാവാമതെന്ന്,
പ്രത്യേകിച്ചൊരു കാരണം കൂടാതെ
പൂച്ചകളോടും അനങ്ങുന്നതെന്തിനോടുമുള്ള എന്റെ യുദ്ധം പോലെ
അത്രയെങ്കിലും അടിയന്തിരപ്രാധാന്യമുള്ളതൊന്ന്.

തലവിധികൾ പലതരമാണ്‌.
എന്റേതു മാറിയത് അത്ര പെട്ടെന്നായിരുന്നു.
ഒരു വസന്തകാലം വന്നപ്പോൾ
അദ്ദേഹം കൂടെയില്ലായിരുന്നു.
വീട്ടിലാകെ കൂട്ടക്കുഴപ്പമായി.
പെട്ടികളും പെട്ടകങ്ങളും ട്രങ്കുകളും വണ്ടികളിൽ കുത്തിക്കേറ്റുന്നു.
ചക്രങ്ങൾ ചീറിക്കൊണ്ടവ കുന്നിറങ്ങുന്നു,
വളവു തിരിഞ്ഞവ നിശബ്ദമാവുന്നു.

മട്ടുപ്പാവിൽ കടലാസ്സുകളും തുണ്ടുകളും കത്തിയെരിഞ്ഞു,
മഞ്ഞ ഷർട്ടുകൾ, കറുത്ത മുദ്ര കുത്തിയ തോൾപ്പട്ടകൾ,
കൊച്ചുപതാകകൾ പുറത്തേക്കു തള്ളിനില്ക്കുന്ന ചതഞ്ഞ പെട്ടികൾ.

ആ ചണ്ഡവാതത്തിനിടയിൽ ഞാൻ കിടന്നു വട്ടം തിരിഞ്ഞു;
അന്ധാളിപ്പല്ല, വിസ്മയമാണെനിക്കു തോന്നിയത്.
സ്നേഹശൂന്യമായ നോട്ടങ്ങൾ എന്റെ മേൽ വന്നു വീഴുന്നതു ഞാനറിഞ്ഞു.
യജമാനനില്ലാത്തൊരു നായയാണു ഞാനെന്നപോലെ,
ചൂലെടുത്തടിച്ചിറക്കേണ്ട തെണ്ടിപ്പട്ടി.

വെള്ളിയരികു വച്ച എന്റെ കോളർ ആരോ പറിച്ചെറിഞ്ഞു.
ദിവസങ്ങളായി ഒഴിഞ്ഞു കിടന്ന എന്റെ കിണ്ണം ആരോ തട്ടിയെറിഞ്ഞു.
പിന്നെ മറ്റേതോ ഒരാൾ, വണ്ടിയിൽ കയറി പോകുന്ന വഴി,
തല പുറത്തേക്കിട്ട് രണ്ടു തവണ എന്റെ നേർക്കു നിറയൊഴിച്ചു.

അയാളുടെ ഉന്നം തന്നെ ശരിയായില്ല,
മരിക്കാൻ ഞാൻ ഏറെ നേരമെടുത്തു, വേദനയോടെ,
മര്യാദ കെട്ട ഈച്ചകളുടെ ഇരമ്പത്തോടെ.
ഞാൻ, എന്റെ യജമാനന്റെ നായയായ ഞാൻ.


Sunday, July 7, 2013

വീസ്വാവ ഷിംബോർസ്ക - ചെളിക്കുണ്ടുകൾ

safe_image (1)

 


എന്റെ ആ ബാല്യകാലഭീതി എനിക്കിന്നും നല്ല ഓർമ്മയുണ്ട്:
ചെളിക്കുണ്ടുകളിൽ നിന്നു ഞാൻ മാറിനടക്കുമായിരുന്നു,
മഴ കഴിഞ്ഞ ഉടനേ രൂപപ്പെടുന്നവ വിശേഷിച്ചും.
അടിയറ്റതാണവയിലൊന്നെന്നു വന്നുകൂടേ,
ശേഷിച്ചവയെപ്പോലാണതെന്നു കാഴ്ചയിൽ തോന്നിയാൽ കൂടി?

ഞാൻ കാലെടുത്തു വച്ചതും അതെന്നെ വിഴുങ്ങിയെന്നു വരാം;
ഞാനുയരാൻ തുടങ്ങിയെന്നു വരാം, താഴേക്ക്,
പിന്നെ അതിലും താഴെ പ്രതിഫലിക്കുന്ന മേഘങ്ങളുടെ നേർക്ക്,
അതിനുമപ്പുറത്തേക്ക്.

പിന്നെ ആ ചെളിക്കുണ്ടു വരണ്ടുണങ്ങും,
എനിക്കു മേലടഞ്ഞുകൂടും,
എന്നെന്നേക്കുമായി ഞാൻ കുടുങ്ങിക്കിടക്കും,
ഉപരിതലത്തിലേക്കൊരിക്കലുമെത്താത്ത ഒരാക്രന്ദനത്തോടെ.

എനിക്കു വിവരം വച്ചതു പില്ക്കാലത്താണ്‌:
സംഭവിക്കുന്ന എല്ലാ അത്യാഹിതങ്ങളും
ലോകനിയമങ്ങൾക്കനുസരിച്ചാവണമെന്നില്ല,
വേണമെന്നു വച്ചാൽപ്പോലും
അവ സംഭവിക്കണമെന്നുമില്ല.


വീസ്വാവ ഷിംബോർസ്ക - ഗ്രീക്കുപ്രതിമ

images1

 


മനുഷ്യരുടെയും മറ്റത്യാഹിതങ്ങളുടെയും തുണയോടെ
കാലം അതിന്മേൽ കണക്കിനു പണിയെടുത്തിരിക്കുന്നു.
ആദ്യം തന്നെ അതതിന്റെ മൂക്കടർത്തിമാറ്റി,
പിന്നെ ജനനേന്ദ്രിയങ്ങൾ,
ഒന്നൊന്നായി കൈകാൽ വിരലുകളും,
പിന്നെ വർഷങ്ങൾ കടന്നുപോകെ
ഒന്നു കഴിഞ്ഞൊന്നായി കൈകൾ,
ഇടതും വലതും തുടകൾ,
മുതുകും ശിരസ്സും ജഘനവും;
അടർന്നുവീണതൊക്കെ കാലം കഷണങ്ങളാക്കി,
കട്ടയും ചരലും ധൂളിയുമാക്കി.

ജീവനുള്ള ഒരാളാണീവിധം മരിക്കുന്നതെങ്കിൽ
ഓരോ പ്രഹരത്തിനുമൊപ്പം എത്ര ചോരയൊഴുകിയേനെ.

പക്ഷേ വെണ്ണക്കൽപ്രതിമകൾ നശിക്കുക നിറം വിളറിയിട്ടാണ്‌,
അതു പൂർണ്ണനാശവുമാകുന്നില്ല.

നാം ഇവിടെ സംസാരിക്കുന്നതിനെക്കുറിച്ചാണെങ്കിൽ
തലയറ്റ ഒരുടലേ ശേഷിക്കുന്നുള്ളു,
പിടിച്ചുനിർത്തിയ ശ്വാസം പോലെ,
അതു തന്നിലേക്കു പിടിച്ചുനിർത്തണം
നഷ്ടപ്പെട്ടുപോയതിന്റെയൊക്കെ
ഭാരവും ഭംഗിയുമെന്നപോലെ.

അതതിൽ വിജയിക്കുകയും ചെയ്യുന്നു,
ഇന്നും വിജയിക്കുന്നു,
നമ്മെ തന്നിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നു,
നമ്മുടെ കണ്ണഞ്ചിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.

ഇവിടെ കാലം മാന്യമായ ഒരു പരാമർശമർഹിക്കുന്നു,
പാതിവഴിയിൽ അതു നിർത്തിയെന്നതിനാൽ,
പില്ക്കാലത്തേക്കായി ചിലതതു ബാക്കിവച്ചുവെന്നതിനാൽ.


Saturday, July 6, 2013

അന്നാ കാമിയെൻസ്ക - സഫലമാവാൻ പോകുന്ന ഒരു പ്രാർത്ഥന

anna klamienska




ദൈവമേ, ഞാനേറെ യാതന തിന്നട്ടെ,
അതില്പിന്നെ ഞാൻ മരിക്കുമാറാകട്ടെ.

മൌനങ്ങൾക്കിടയിലൂടെ ഞാൻ കടന്നുപോകട്ടെ,
യാതൊന്നും, ഭീതി പോലും ഞാൻ ശേഷിപ്പിക്കാതിരിക്കട്ടെ.

മുമ്പെന്നപോലെത്തന്നെ ലോകമതിന്റെ വഴിക്കു പോകട്ടെ,
മുമ്പെന്നപോലെത്തന്നെ കടൽ കരയെ ചുംബിക്കട്ടെ.

പുല്ക്കൊടികളിൽ പച്ചപ്പു മായാതിരിക്കട്ടെ,
ഒരു കൊച്ചുതവളയ്ക്കതിലഭയം കിട്ടുമാറാകട്ടെ.

ഒരാൾക്കു വേണമെങ്കിൽ കൈകളിൽ മുഖം പൂഴ്ത്താം,
നെഞ്ചു പറിഞ്ഞുപോരുമ്പോലെ തേങ്ങിക്കരയാം.

നേരം പുലരുന്നതത്ര ദീപ്തിയോടാവട്ടെ,
യാതനകൾക്കവസാനമായെന്നു ലോകത്തിനു തോന്നട്ടെ.

എന്റെ കവിത അത്ര സുതാര്യവുമാവട്ടെ,
പെട്ടുപോയൊരീച്ച തല കൊണ്ടിടിക്കുന്ന ജനാലച്ചില്ലു പോലെ.



Friday, July 5, 2013

വീസ്വാവ ഷിംബോർസ്ക - ഭൂപടം

Gustav_Seyfferth_Die_neue_Weltlink to image

 


അതു നിവർത്തിയിട്ട മേശപ്പുറം പോലെ പരന്നത്-
അതിനടിയിലൊന്നുമിളകുന്നില്ല,
ഒന്നും സ്ഥാനം മാറുന്നുമില്ല.

അതിനു മേൽ- എന്റെ മനുഷ്യനിശ്വാസം
കാറ്റിന്റെ ചുഴികളുയർത്തുന്നില്ല,
അതിന്റെ നിർമ്മലവർണ്ണങ്ങളെ കലുഷമാക്കുന്നില്ല.

എനിക്കിഷ്ടമാണു ഭൂപടങ്ങളെ,
അവ നുണ പറയുന്നുവെന്നതിനാൽ.
കൊടിയ നേരിലക്കവ നമ്മെ കടത്തിവിടുന്നില്ലെന്നതിനാൽ.
വിശാലമനസ്കതയോടെ, ഫലിതബോധത്തോടെ,
മേശപ്പുറത്തെനിക്കു മുന്നിലവ നിവർത്തിയിടുന്നു,
ഈ ലോകത്തുള്ളതല്ലാത്ത
ഒരു ലോകത്തെയെന്നതിനാൽ.


 

Thursday, July 4, 2013

വീസ്വാവ ഷിംബോർസ്ക - ബാഹുല്യങ്ങൾക്കിടയിൽ

szymborska16

 


ഞാനെന്താണോ, അതാണു ഞാൻ.
ഏതൊരാകസ്മികതയും പോലെ
ഒരു പ്രഹേളിക.

എന്റെ പൂർവികർ
മറ്റു ചിലരാകാമായിരുന്നതല്ലേ,
മറ്റൊരു കൂട്ടിൽ നിന്നെനിക്കു
പറന്നുയരാമായിരുന്നല്ലോ,
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്ന്
ഒരു ശല്ക്കജീവിയായിട്ടെനിക്കിഴഞ്ഞിറങ്ങാമായിരുന്നല്ലോ.

പ്രകൃതിയുടെ അണിയറയിൽ
വേഷങ്ങളെത്രയെങ്കിലുമാണ്‌:
ചിലന്തിയുടെ, കടല്ക്കാക്കയുടെ, പെരുച്ചാഴിയുടെ.
ഏതു വേഷവും ശരിക്കു പിടിച്ചുകിടക്കും,
എടുത്തിട്ടാല്പിന്നെ പിഞ്ഞിത്തീരും വരെ
അതിട്ടു നടക്കുകയും വേണം.

മറ്റൊന്നു തിരഞ്ഞെടുക്കാൻ
എനിക്കും അവസരം കിട്ടിയില്ല;
അതിൽപ്പക്ഷേ, എനിക്കു പരാതിയുമില്ല.
ഇത്ര വേറിട്ടതല്ലാത്തതൊന്നായാനെ ഞാൻ.
ചിതല്പുറ്റിൽ നിന്ന്, മത്തിക്കൂട്ടത്തിൽ നിന്ന്,
ഇരമ്പുന്ന തേനീച്ചപ്പറ്റത്തിൽ നിന്നൊന്ന്,
കാറ്റുലയ്ക്കുന്ന ഭൂഭാഗത്തിലൊരിഞ്ച്.

ഇത്ര ഭാഗ്യം കിട്ടാത്ത ജന്മമൊന്ന്,
കമ്പിളിരോമത്തിനായി,
ക്രിസ്തുമസ് വിരുന്നിനായി
വളർത്തപ്പെടുന്നതൊന്ന്;
ഒരു സ്ഫടികച്ചതുരത്തിൽ നീന്തിനടക്കുന്നതൊന്ന്.

കാട്ടുതീ എരിഞ്ഞടുക്കുമ്പോൾ
വേരിറങ്ങിനില്ക്കുന്ന ഒരു മരം.

പിടി കിട്ടാത്ത സംഭവങ്ങൾ ചവിട്ടിക്കുതിച്ചു പായുമ്പോൾ
ഞെരിഞ്ഞമരുന്ന ഒരു പുല്ക്കൊടി.

ഇരുട്ടു കൊണ്ടു ചിലരുടെ കണ്ണഞ്ചിച്ച
ഒരു രാത്രിജീവി.

ആളുകളിൽ ഞാനുണർത്തുന്നതു ഭയമോ,
അറപ്പോ,
സഹതാപമോ മാത്രമായിരുന്നെങ്കിൽ?

മുന്നിൽ വഴികളെല്ലാമടഞ്ഞ മറ്റൊരു ഗോത്രത്തിലാണു
ഞാൻ പിറന്നിരുന്നതെങ്കിൽ?

വിധി ഇതുവരെയും
എന്നോടു കരുണ കാണിച്ചുവെന്നു തോന്നുന്നു.

സന്തുഷ്ടനിമിഷങ്ങളുടെ ഓർമ്മ
എനിക്കുണ്ടാവണമെന്നുണ്ടായിരുന്നില്ല.

താരതമ്യങ്ങൾ ചെയ്യാനുള്ള എന്റെ പ്രവണത
എനിക്കു കിട്ടണമെന്നുണ്ടായിരുന്നില്ല.

വിസ്മയമെന്ന സ്വഭാവമില്ലാത്ത ഒരാളായേനെ ഞാൻ,
എന്നു പറഞ്ഞാൽ,
തീർത്തും വ്യത്യസ്തനായ ഒരാൾ.


Wednesday, July 3, 2013

വീസ്വാവ ഷിംബോർസ്ക - ഉള്ളി

 



ഉള്ളി- അതു വക വേറെയാണ്‌,
ഉള്ളിലൊന്നുമില്ലാത്തതാണ്‌.
അതാകെ അതു തന്നെയാണ്‌,
വെറും ഉള്ളിത്തം മാത്രമാണ്‌.
ഉള്ളോളം ഉള്ളിമയം,
പുറമേയുമതുള്ളി തന്നെ.
നമ്മെപ്പോലെ കണ്ണീരു വരാതെ
ഉള്ളിലേക്കു നോക്കാനുമതിനാവും.

നമ്മുടെ ചർമ്മം മൂടിവയ്ക്കുന്നു,
നാം കടന്നുചെല്ലാൻ പേടിക്കുന്നൊരു നാടിനെ,
ഒരാന്തരനരകത്തെ,
അറയ്ക്കുന്നൊരു ശരീരശാസ്ത്രത്തെ.
ഉള്ളിയ്ക്കുള്ളിൽ ഉള്ളി മാത്രമേയുള്ളു,
അതിലില്ല, ജടിലമായ കുടലുകൾ.
എത്രയെത്ര അടർത്തിയാലും
ഉള്ളോളമതാവർത്തിക്കുന്നു.

തന്നിലൊതുങ്ങിയത്,
ഒന്നുതന്നെയായത്,
അനുയുക്തമായ സൃഷ്ടി- അതാണുള്ളി.
അതിനുള്ളിൽ അതിലും ചെറുതൊന്ന്,
അതിലും മൂല്യം കുറയാത്തത്.
അടുത്തതിൽ ഇനിയുമൊന്ന്,
മൂന്നാമതിൽ നാലാമതൊന്ന്.
വിടർന്നു വിടർന്നുപോകുന്ന സംഗീതം,
അടരടരായ അനുരണനം.

ഇത്രയുരുണ്ടൊരുദരം വേറെയില്ല,
പ്രകൃതിയുടെ വിജയഗാഥയാണത്.
സ്വന്തം മഹിമയുടെ പ്രഭാവലയങ്ങളാൽ
അതു സ്വയമാവരണം ചെയ്യുന്നു.
നമുക്കുള്ളിലുള്ളതു പക്ഷേ,
സിരകൾ, ഞരമ്പുകൾ, വാൽവുകൾ,
സ്രവങ്ങളുടെ രഹസ്യഗ്രന്ഥികൾ.
നമുക്കപ്രാപ്യമാണത്,
ഉള്ളിയുടെ മൂഢപൂർണ്ണത.