Monday, July 8, 2013

വീസ്വാവ ഷിംബോർസ്ക - ചരിത്രത്തിൽ കുടുങ്ങിപ്പോയ ഒരു നായയുടെ ആത്മഭാഷണം

Monologue_of_a_Dog_by_oviboslink to image

 


നായ്ക്കൾ എത്രയെങ്കിലുമാണ്‌.
ഞാൻ പക്ഷേ, വരേണ്യരിൽ പെട്ടവനായിരുന്നു.
എന്റെ രേഖകൾ കറ പറ്റാത്തവയായിരുന്നു,
എന്റെ സിരകളിലോടുന്നതു ചെന്നായയുടെ ചോരയുമായിരുന്നു.
കാഴ്ചകൾ വാസനിച്ചും കൊണ്ട് അധിത്യകകളിൽ ഞാൻ ജീവിച്ചു:
വെയിലു വീഴുന്ന പുൽത്തട്ടുകൾ, മഴയിൽ കുളിച്ച പൈൻമരങ്ങൾ,
കുഴമഞ്ഞിൽ പുതഞ്ഞ മൺകട്ടകൾ.
മാന്യമായൊരു വീടും വിളിപ്പുറത്തു വേലക്കാരും എനിക്കുണ്ടായിരുന്നു.
നേരം നോക്കി അവരെനിക്കാഹാരം തന്നു,
തേച്ചുകുളിപ്പിച്ചു, കോതിയൊരുക്കി,
സുന്ദരമായ പകലുകളിൽ എന്നെ സവാരിക്കു കൊണ്ടുപോയി.
എനിക്കു വേണ്ടതൊക്കെ അവർ ചെയ്തുതന്നു, ബഹുമാനത്തോടെ.
അവർക്കു നന്നായറിയാമായിരുന്നു,
ആരുടെ നായയാണു ഞാനെന്ന്.

ഏതു പുഴുത്ത പട്ടിക്കും ഒരു യജമാനനെക്കിട്ടും.
ശ്രദ്ധിക്കണം- താരതമ്യങ്ങൾ സൂക്ഷിച്ചു മതി.
എന്റെ യജമാനൻ ഇനം വേറെയായിരുന്നു.
ഒന്നാന്തരമൊരു ആട്ടിൻപറ്റം അദ്ദേഹത്തിനുണ്ടായിരുന്നു,
അദ്ദേഹത്തിന്റെ കാലടികളെ വിടാതെ പിന്തുടർന്നവർ,
ഭീതി കലർന്ന ബഹുമാനത്തോടെ അദ്ദേഹത്തിനു മേൽ കണ്ണുകളുറപ്പിച്ചവർ.

എനിക്കവർ മന്ദഹാസങ്ങളേ തന്നിട്ടുള്ളു,
അതിനടിയിലെ അസൂയ മറയ്ക്കാൻ അതിനായിട്ടില്ലെങ്കിലും.
കാരണം, എനിക്കല്ലേ അവകാശമുണ്ടായിരുന്നുള്ളു,
ചുണയോടെ ചാടിക്കയറി അദ്ദേഹത്തെ എതിരേല്ക്കാൻ?
എനിക്കേ കഴിയുമായിരുന്നുള്ളു,
പറിഞ്ഞുപോരുമോയെന്ന മട്ടിൽ
ട്രൌസറിൽ കടിച്ചു യാത്ര പറയാൻ.
എനിക്കേ അനുവാദമുണ്ടായിരുന്നുള്ളു,
മടിയിൽ തല വച്ചുകിടന്ന് ചൊറിയലും തലോടലും സ്വീകരിക്കാൻ.
ഉറക്കം നടിച്ചു കിടക്കാൻ എനിക്കേ കഴിയുമായിരുന്നുള്ളു,
അദ്ദേഹം എനിക്കു മേൽ കുനിഞ്ഞു ചെവിയിൽ മന്ത്രിക്കുമ്പോൾ.

അന്യരുടെ നേർക്കു പലപ്പോഴുമദ്ദേഹം ചീറിയടുത്തിരുന്നു.
അമറുകയും കുരയ്ക്കുകയും ചുമരോടു ചുമരു പായുകയും ചെയ്തിരുന്നു.
എനിക്കു സംശയം അദ്ദേഹത്തിനിഷ്ടം എന്നെ മാത്രമായിരുന്നുവെന്നാണ്‌,
മറ്റാരെയും, ഒരിക്കലുമദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്.

എനിക്കെന്റേതായ ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു:
കാത്തു നില്ക്കുക, വിശ്വസ്തത കാണിക്കുക.
നിമിഷനേരത്തേക്കായിരിക്കുമല്ലോ അദ്ദേഹം വന്നുകയറുക,
പിന്നെ ആൾ അപ്രത്യക്ഷനാവുകയും ചെയ്യും.
എനിക്കറിയില്ല, അദ്ദേഹത്തെ പിടിച്ചുനിർത്താൻ അങ്ങു താഴെ എന്താണുണ്ടായിരുന്നതെന്ന്.
എന്നാലും ഞാനൂഹിച്ചു, അടിയന്തിരപ്രാധാന്യമുള്ളതെന്തെങ്കിലുമാവാമതെന്ന്,
പ്രത്യേകിച്ചൊരു കാരണം കൂടാതെ
പൂച്ചകളോടും അനങ്ങുന്നതെന്തിനോടുമുള്ള എന്റെ യുദ്ധം പോലെ
അത്രയെങ്കിലും അടിയന്തിരപ്രാധാന്യമുള്ളതൊന്ന്.

തലവിധികൾ പലതരമാണ്‌.
എന്റേതു മാറിയത് അത്ര പെട്ടെന്നായിരുന്നു.
ഒരു വസന്തകാലം വന്നപ്പോൾ
അദ്ദേഹം കൂടെയില്ലായിരുന്നു.
വീട്ടിലാകെ കൂട്ടക്കുഴപ്പമായി.
പെട്ടികളും പെട്ടകങ്ങളും ട്രങ്കുകളും വണ്ടികളിൽ കുത്തിക്കേറ്റുന്നു.
ചക്രങ്ങൾ ചീറിക്കൊണ്ടവ കുന്നിറങ്ങുന്നു,
വളവു തിരിഞ്ഞവ നിശബ്ദമാവുന്നു.

മട്ടുപ്പാവിൽ കടലാസ്സുകളും തുണ്ടുകളും കത്തിയെരിഞ്ഞു,
മഞ്ഞ ഷർട്ടുകൾ, കറുത്ത മുദ്ര കുത്തിയ തോൾപ്പട്ടകൾ,
കൊച്ചുപതാകകൾ പുറത്തേക്കു തള്ളിനില്ക്കുന്ന ചതഞ്ഞ പെട്ടികൾ.

ആ ചണ്ഡവാതത്തിനിടയിൽ ഞാൻ കിടന്നു വട്ടം തിരിഞ്ഞു;
അന്ധാളിപ്പല്ല, വിസ്മയമാണെനിക്കു തോന്നിയത്.
സ്നേഹശൂന്യമായ നോട്ടങ്ങൾ എന്റെ മേൽ വന്നു വീഴുന്നതു ഞാനറിഞ്ഞു.
യജമാനനില്ലാത്തൊരു നായയാണു ഞാനെന്നപോലെ,
ചൂലെടുത്തടിച്ചിറക്കേണ്ട തെണ്ടിപ്പട്ടി.

വെള്ളിയരികു വച്ച എന്റെ കോളർ ആരോ പറിച്ചെറിഞ്ഞു.
ദിവസങ്ങളായി ഒഴിഞ്ഞു കിടന്ന എന്റെ കിണ്ണം ആരോ തട്ടിയെറിഞ്ഞു.
പിന്നെ മറ്റേതോ ഒരാൾ, വണ്ടിയിൽ കയറി പോകുന്ന വഴി,
തല പുറത്തേക്കിട്ട് രണ്ടു തവണ എന്റെ നേർക്കു നിറയൊഴിച്ചു.

അയാളുടെ ഉന്നം തന്നെ ശരിയായില്ല,
മരിക്കാൻ ഞാൻ ഏറെ നേരമെടുത്തു, വേദനയോടെ,
മര്യാദ കെട്ട ഈച്ചകളുടെ ഇരമ്പത്തോടെ.
ഞാൻ, എന്റെ യജമാനന്റെ നായയായ ഞാൻ.


No comments: