എന്റെ പൂർവികരിലൊരാളുടെയും ചിത്രം ഞാൻ കണ്ടിട്ടില്ല,
എന്റെ കുടുംബത്തിലൊരാളും ഫോട്ടോയെടുത്തു വച്ചിട്ടില്ല,
അവർ ബാക്കി വച്ച പൈതൃകമെന്തെന്നെനിക്കറിയില്ല,
അവരുടെ മുഖങ്ങൾ, ജീവിച്ച ജീവിതങ്ങളുമെനിക്കറിയില്ല.
എന്നാലെന്റെ സിരകളിൽ ത്രസിക്കുന്നതു ഞാനറിയുന്നു,
ഒരു നാടോടിഗോത്രത്തിന്റെ പ്രാക്തനമായ പ്രചണ്ഡരക്തം.
ഉഗ്രരോഷത്തോടതെന്നെ രാത്രിയിൽ തട്ടിയുണർത്തുന്നു,
നാമാദ്യം ചെയ്ത പാപത്തിലേക്കതെന്നെ ആട്ടിയിറക്കുന്നു.
എന്റെ വംശക്കാരി ഒരു മുതുമുത്തശ്ശി, കണ്ണുകളിരുണ്ടവൾ,
പട്ടുസാൽവാറുകളും തലയിൽ തട്ടവും തൊപ്പിയും ധരിച്ചവൾ,
അന്യദേശക്കാരനായൊരഭിജാതകാമുകനോടൊപ്പം
നിശബ്ദരാത്രിയിലവർ പലായനം ചെയ്തുവെന്നു വരാം,
ഡാന്യൂബിന്റെ സമതലങ്ങളിലന്നു മാറ്റൊലിക്കൊണ്ടിരിക്കാം
പിന്തുടർന്നെത്തുന്ന കുതിരക്കുളമ്പുകളാഞ്ഞുപതിക്കുന്നതും;
ഒരു പാടും വയ്ക്കാതൊരു കാറ്റന്നു വീശിയെന്നു വരാം,
കഠാരയുടെ വേദനയിൽ നിന്നവരെക്കാത്തുവെന്നു വരാം.
ഇതു കാരണം തന്നെയാവം ഞാനിവയെ പ്രണയിക്കുന്നതും:
രണ്ടു കണ്ണുകൾക്കൊതുക്കാനാവാത്ത കാട്ടുപുല്പരപ്പുകളെ,
ചാട്ടവാറാഞ്ഞുവീശുമ്പോൾ കുതി കൊള്ളുന്ന കുതിരകളെ,
കാറ്റെന്റെ നേർക്കെടുത്തെറിയുന്ന ശകലിതശബ്ദങ്ങളെ.
പാപിയെന്നെന്നെ വിളിച്ചോളൂ, കൌശലക്കാരിയെന്നും,
പാതിവഴിയിൽ ഞാൻ പതറിവീണെന്നുമിരിക്കട്ടെ-
എന്നാലും ഞാൻ നിന്റെ, നിന്റെ സ്വന്തം പ്രിയപുത്രി,
എനിക്കമ്മയായ മണ്ണേ, രക്തബന്ധമുള്ളവർ നമ്മൾ.
എലിസവെത്താ ബഗ്രിയാന (18893-1991) - പ്രമുഖയായ ബൾഗേറിയൻ കവയിത്രി.
No comments:
Post a Comment