ഒടുവിൽ ഞങ്ങളുടെ സൈന്യം നഗരത്തിന്റെ തെക്കുഭാഗത്തുള്ള കവാടത്തിലൂടെ ഉള്ളിലേക്കിരച്ചുകയറി. ഞാനുൾപ്പെട്ട സേനാവിഭാഗം നഗരപ്രാന്തത്തിലുള്ള ഒരുദ്യാനത്തിൽ പാതി കരിഞ്ഞ ചെറിമരങ്ങൾക്കിടയിൽ ഉത്തരവും കാത്തുനില്ക്കുകയായിരുന്നു. പക്ഷേ തെക്കുഭാഗത്തെ കവാടത്തിൽ നിന്ന് കാഹളങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ഘോഷം കേട്ടപ്പോൾ ഞങ്ങൾക്കു നിയന്ത്രണം വിട്ടു. കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത്, ചിട്ടയെന്നതില്ലാതെ, കൂട്ടുകാരന്റെ തോളത്തു കൈയുമിട്ട്, “കാഹിരാ, കാഹിരാ,” എന്ന പോർവിളിയും മുഴക്കി ചതുപ്പുനിലത്തിലൂടെ ഞങ്ങൾ നഗരത്തിനു നേർക്കു നീങ്ങി. തെക്കുഭാഗത്തെ കവാടത്തിൽ ആകെ ഞങ്ങൾ കണ്ടത് ശവങ്ങളും, നിലത്തുരുണ്ടുകൂടി സർവതിന്റെയും കാഴ്ച മറയ്ക്കുന്ന മഞ്ഞപ്പുകയും മാത്രമായിരുന്നു. ഞങ്ങൾക്കു പക്ഷേ വെറും പിന്നണിസൈന്യമായാൽപ്പോരാ; അതേവരെ യുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷപ്പെട്ടുനിന്ന ഇടത്തെരുവുകളിലേക്ക് ഞങ്ങൾ തിരിഞ്ഞു. ആദ്യം കണ്ട വീടിന്റെ വാതിൽ എന്റെ മഴുവിന്റെ വെട്ടേറ്റ് ചിന്നിച്ചിതറി. അത്ര ആവേശത്തോടെയാണു ഹാളിലേക്കു തള്ളിക്കയറിയതെന്നതിനാൽ ആദ്യമാദ്യം ഒന്നും തിരിയാതെ തമ്മിൽത്തമ്മിൽ വട്ടം ചുറ്റുകയായിരുന്നു ഞങ്ങൾ. നീണ്ടൊഴിഞ്ഞൊരിടനാഴിക്കുള്ളിൽ നിന്ന് ഒരു വൃദ്ധൻ ഞങ്ങളുടെ നേർക്കു വന്നു. അസാമാന്യനായ ഒരു കിഴവൻ- അയാൾക്കു ചിറകുകളുണ്ടായിരുന്നു. വീതിയേറിയ, വിരിഞ്ഞ ചിറകുകൾ; അവയുടെ അറ്റങ്ങൾക്ക് അയാളെക്കാൾ ഉയരമുണ്ട്. “ഇയാൾക്കു ചിറകുണ്ട്,” ഞാൻ എന്റെ ചങ്ങാതിമാരോടു വിളിച്ചുപറഞ്ഞു; മുന്നിലുണ്ടായിരുന്ന ഞങ്ങൾ കുറച്ചുപേർ ആവുന്നിടത്തോളം പിന്നിലേക്കു മാറി; കാരണം പിന്നിൽ നിന്നവർ മുന്നിലേക്കു തള്ളുകയായിരുന്നല്ലോ. “ നിങ്ങൾക്കാശ്ചര്യം തോന്നുന്നുണ്ടാവും,” കിഴവൻ പറഞ്ഞു. “ഞങ്ങൾ എല്ലാവർക്കും ചിറകുണ്ട്. അതുകൊണ്ടു പക്ഷേ ഞങ്ങൾക്കു പ്രയോജനമുണ്ടായില്ല; പറിച്ചുകളയാൻ പറ്റിയിരുന്നെങ്കിൽ ഞങ്ങൾ അതു ചെയ്തേനെ.” “ നിങ്ങളെന്തുകൊണ്ടു പറന്നുപോയില്ല?” ഞാൻ ചോദിച്ചു. “ഞങ്ങളുടെ നഗരം വിട്ടു പറന്നുപോകാനോ? വീടുപേക്ഷിക്കാനോ? പിതൃക്കളെയും പരദൈവങ്ങളെയും വിട്ടുപോകാനോ?”
(from the blue octavo notebooks)