Thursday, May 15, 2014

അമാദോ റൂയിസ് ദെ നെർവോ - വഴക്കു തീർന്നു

Amado_Nervo

 

അന്തിവെളിച്ചത്തിൽ കുളിച്ചുനില്ക്കെ, ജീവിതമേ, നിന്നെ ഞാൻ സ്തുതിക്കട്ടെ:
വ്യർത്ഥമോഹങ്ങൾ തന്നെന്നെയിന്നേവരെ ഊട്ടിയില്ലല്ലോ നീ,
ഞാനർഹിക്കാത്ത ദുഃഖങ്ങൾ നീയെനിക്കു തന്നില്ല, എനിക്കാകാത്ത ഭാരങ്ങളും;
കല്ലും മുള്ളും നിറഞ്ഞ പാത നടന്നെത്തിയതില്പിന്നെ ഞാൻ കാണുന്നു,
എന്റെ ജാതകമെഴുതിയതു ഞാൻ തന്നെയായിരുന്നുവെന്ന്,
ഞാൻ കുടിച്ച പാനീയത്തിനു മധുരമോ കയ്പോ ആയിരുന്നുവെങ്കിൽ
അതിൽ കയ്പോ മധുരമോ കലർത്തിയതു ഞാൻ തന്നെയായിരുന്നുവെന്ന്:
ഒരു പനിനീർച്ചെടി ഞാൻ നട്ടുവെങ്കിൽ അതിൽ നിന്നൊരു പൂവു ഞാനിറുക്കുകയും ചെയ്തിരുന്നു.
എന്റെ യൌവനത്തിനു പിന്നാലെയുണ്ട് ശിശിരമെന്നതു സത്യം തന്നെ;
പക്ഷേ, മേയ്മാസത്തിനവസാനമില്ലെന്നെന്നോടു നീ പറഞ്ഞിട്ടുമില്ലല്ലോ!
അതെ, ശോകത്തിന്റെ രാത്രികളെനിക്കു ദീർഘരാത്രികളായിരുന്നു,
പക്ഷേ, ആനന്ദത്തിന്റെ രാത്രികൾ മാത്രമല്ലല്ലോ നീയെനിക്കു വാഗ്ദാനം ചെയ്തതും.
പകരം നീയെനിക്കു സമാധാനത്തിന്റെ ചില രാത്രികളനുവദിക്കുകയും ചെയ്തിരുന്നു.
ഞാൻ ചിലരെ സ്നേഹിച്ചു, ചിലരെന്നെ സ്നേഹിച്ചു, സൂര്യനെന്റെ മുഖം തലോടുകയും ചെയ്തു.
ജീവിതമേ, എനിക്കുള്ള കടമൊക്കെ നീ വീട്ടിക്കഴിഞ്ഞു! ജീവിതമേ, നമ്മുടെ വഴക്കു തീർന്നു!

_________________________________________________________________________

Amado Ruiz de Nervo (1870-1919)- കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന മെക്സിക്കൻ എഴുത്തുകാരൻ. സ്പെയിനിലും അർജന്റീനയിലും മെക്സിക്കോയുടെ അംബാസഡറുമായിരുന്നു. കവിതയിൽ ഹിന്ദു, ക്രിസ്ത്യൻ മിസ്റ്റിസിസത്തിന്റെ സ്വാധീനം പ്രകടം.

No comments: