Tuesday, May 6, 2014

വിക്തോർ യൂഗോ - ഒരു സഞ്ചാരിയോട്

images

 

സഞ്ചാരീ, രാത്രിയിൽ തെരുവുകൾ നിലയ്ക്കാതെ മാറ്റൊലിക്കുമ്പോൾ,
പേടിച്ചും വിറച്ചും നിന്റെ നായ നിന്റെ കാലടികൾ പിന്തുടരുമ്പോൾ,
പകലെരിഞ്ഞടങ്ങിയ നേരത്തെന്തിനു നീയിറങ്ങിത്തിരിക്കണം?
നിനക്കു വഴങ്ങിയ കുതിരക്കു മേലിത്ര വൈകി നീയെവിടെയ്ക്കു പോകുന്നു?

നിനക്കു പേടിയില്ലേ, ഇരുട്ടു കനത്ത രാത്രിയിൽ നിനക്കെതിരേ വരാം,
അരപ്പട്ടയിൽ കുറുവാളുമായി ദീർഘകായനൊരു കവർച്ചക്കാരനെന്ന്?
പോകും വഴിയിലൊരു കിഴവൻ ചെന്നായ പിന്നാലെ പാഞ്ഞെത്താമെന്ന്,
നിന്റെ കുതിരയുടെ കുളമ്പടി പാറിക്കുന്ന തീപ്പൊരികൾ കാര്യമാക്കാതെ
ഒറ്റക്കുതിപ്പെടുത്തവൻ നിന്നെ ജീനിയിൽ നിന്നു തള്ളിത്താഴെയിടാമെന്ന്,
നിന്റെയിരുണ്ട ചോരയിലവൻ തന്റെ പതയ്ക്കുന്ന പല്ലുകളാഴ്ത്താമെന്ന്?

പണ്ടുകാലത്തെന്ന പോലീയശുഭനേരത്തൊരു പൊട്ടിച്ചൂട്ടു മിന്നിയാലോ,
നിന്റെ കാലടികളെയതകലെയ്ക്കകലെയ്ക്കു നയിച്ചുകൊണ്ടുപോയാലോ?
വാൻകോഴികളും ചില്ലുജാലകങ്ങളും മിനുങ്ങുന്നൊരു മായക്കൊട്ടാരത്തിൽ
ഒരതിശയവെളിച്ചത്തിന്റെ വശ്യത്തിനു നീ നിത്യത്തടവുകാരനായാലോ?

ദുർമന്ത്രവാദിനികളൊരുമിക്കുന്ന വിഷച്ചതുപ്പുകൾ നിനക്കു പേടിയില്ലേ?
ദൈവശാപമേറ്റ മേടകളിൽ, സാത്താന്റെ കോയ്മയ്ക്കു കീഴിൽ,
ഓളിയിടുന്ന കൂളികളവിടെ മരണനൃത്തം ചവിട്ടാനെത്തില്ലേ?
ആ നരകമേടകളുടെ വിചിത്രചരിത്രം നിനക്കുമറിവുള്ളതല്ലേ:
പകലുനേരത്തവയിലധിവാസത്തിന്റെ ലക്ഷണമേയുണ്ടാവില്ല;
ഇരുളുമ്പോൾ പിന്നെ, ജനാലച്ചില്ലുകളൊന്നൊന്നായി തിളങ്ങുകയായി.

ഏകാകിയായ രാത്രിസഞ്ചാരീ, വിറളി പിടിച്ചു പായുന്നവനേ,
പേടിച്ചും വിറച്ചും നിന്റെ നായ നിനക്കനുയാത്ര ചെയ്യുമ്പോൾ,
പകലെരിഞ്ഞടങ്ങുമ്പോൾ, നിദ്ര നിന്നെ മാടിവിളിക്കുമ്പോൾ,
നിനക്കു വഴങ്ങിയ കുതിരയ്ക്കു മേലിത്ര വൈകി നീയെവിടെയ്ക്കു പോകുന്നു?

riding-horse-silhouette-md

No comments: