ഇതൊക്കെ,
ഈ പൂക്കളുടെ ക്ഷണികേന്ദ്രജാലം,
വേനല്പകലിന്റെ തെളിമയിൽ പുൽത്തകിടിയുടെ തൂവൽസ്പർശം,
ആകാശത്തു വലിച്ചുകെട്ടിയ സൌമ്യനീലിമ,
തേനീച്ചകളുടെ മർമ്മരം-
ഇതൊക്കെയുമേതോ ദേവന്റെ സ്വപ്നജല്പനമാണെന്നോ?
മോചനത്തിനു കൊതിക്കുന്ന അബോധശക്തികളുടെ രോദനമാണെന്നോ?
നീലിമയിലാഴത്തിലെഴുതിയ മലകളുടെ വിദൂരരേഖ:
അതുമൊരുടലിന്റെ പിടച്ചിലോ?
മഥനം കൊള്ളുന്ന പ്രകൃതിയുടെ വന്യസംക്ഷോഭം?
ഒരു വേദന, ഒരു യാതന, ഒരവ്യക്തപ്രലാപം?
അസ്വസ്ഥതയുടെ അശുഭനിമിഷം?
പോകൂ! എന്നെ വിട്ടുപോകൂ,
പ്രപഞ്ചശോകത്തിന്റെ അശുദ്ധസ്വപ്നമേ!
സായാഹ്നദീപ്തിയിൽ തുമ്പികൾ നൃത്തം വയ്ക്കുമ്പോൾ
അതിൽ നിന്നെ കാണുന്നു.
കിളികൾ പാടുമ്പോൾ അതിൽ നിന്റെ സ്വരം കേൾക്കുന്നു.
ഇളംകാറ്റു മുഖസ്തുതിയുമായി
എന്റെ നെറ്റിത്തടം കുളിർപ്പിക്കുന്നു.
എന്നെ വിട്ടുപോകൂ, പ്രാക്തനശോകമേ!
വേദനയാണെല്ലാമെങ്കിൽ അങ്ങനെയാവട്ടെ.
ദുരിതവും യാതനയുമാണെല്ലാമെങ്കിലങ്ങനെയാവട്ടെ.
ഈയൊരു വേനലിന്റെ മധുരനിമിഷം മാത്രമെനിക്കു തരൂ,
ഈ ചുവന്ന തൃണപുഷ്പത്തിന്റെ പരിമളവും,
ഹൃദയത്തിനാഴത്തിൽ ഞാനറിയുന്ന
ഈ ആർദ്രവിശ്രാന്തിയും!
(1915)
No comments:
Post a Comment