Sunday, May 18, 2014

വിക്തോർ യൂഗോ - മായക്കാഴ്ച

the-love-of-an-angel-fay-akers

 

തലയ്ക്കു മേലൊരു വെണ്മാലാഖ പറന്നുപോകുന്നതു ഞാൻ കണ്ടു;
അതിന്റെ ഉജ്ജ്വലഗമനത്തിൽ കൊടുങ്കാറ്റിന്റെ പ്രചണ്ഡതയൊടുങ്ങി,
വിദൂരസാഗരത്തിൽ തിരപ്പെരുക്കത്തിന്റെ ഗർജ്ജനമടങ്ങി.
‘മാലാഖേ, ഇന്നു രാത്രിയിൽ നീയെന്തിനു വന്നു?’ ഞാൻ ചോദിച്ചു.
‘നിന്റെ ആത്മാവിനെ കൊണ്ടുപോകാൻ.’ അതു പറഞ്ഞു.
ഞാൻ കിടുങ്ങി- അതിനു സ്ത്രീരൂപമാണെന്നു ഞാൻ കണ്ടു.
കാതരനായി, കൈ രണ്ടും നീട്ടി ഞാൻ പിന്നെ ചോദിച്ചു:
‘നീ പോയിക്കഴിഞ്ഞാൽ പിന്നെന്തു ശേഷിക്കും?’
അതൊന്നും മിണ്ടിയില്ല; ആകാശമിരുണ്ടുകൂടുകയായിരുന്നു.
‘എന്റെ ആത്മാവിനെ നീ എടുക്കുകയാണെങ്കിൽ,’ ഞാൻ കരഞ്ഞു,
‘എവിടെയ്ക്കാണു നീയതിനെ കൊണ്ടുപോവുക? പറയൂ!’
അപ്പോഴും അതൊന്നും മിണ്ടിയില്ല. ‘സ്വർഗ്ഗീയസഞ്ചാരീ,’
ഞാൻ ചോദിച്ചു, ‘നീ മരണമാണോ?- അതോ ജീവിതമോ?’
മന്ത്രമുഗ്ധമായ എന്റെ ആത്മാവിനു മേൽ സൂര്യവെളിച്ചമണഞ്ഞു;
തിരിഞ്ഞുനോക്കിക്കൊണ്ടു മാലാഖ പറഞ്ഞു: ‘ഞാൻ പ്രണയം.’
പകലിനെക്കാൾ സുന്ദരമായിരുന്നു പക്ഷേ, ആ ഇരുണ്ട നെറ്റിത്തടം,
വിഷാദഭരിതമെങ്കിലും കണ്ണുകൾ പ്രദീപ്തബിന്ദുക്കളായിരുന്നു,
അതിന്റെ തൂവലുകൾക്കിടയിലൂടെ നക്ഷത്രങ്ങളെയും ഞാൻ കണ്ടു.

No comments: