തുറന്ന വാതിലുകൾ തുറക്കുന്നത്
ഒരു കൊടുംഗർത്തത്തിലേക്ക്
വീടു പഴകുന്തോറും
ആഴം കൂടുന്നൊരു ഗർത്തം.
വാതിൽ വാതിലാവാൻ
പക്ഷേ,
ചോര തെറിച്ചുവീണ പുലരിയിൽ
കുരിശ്ശേറി മരിച്ചൊരാൾ
അതിലൂടെ കടന്നുപോരണം,
വിഷാദത്തോടെ ചുറ്റും നോക്കണം.
ഈ നശിച്ച വാതിലുകൾ കടന്നുപോകാൻ
എത്ര നാം വിയർപ്പൊഴുക്കണം!
ഉള്ളിൽ നാം കാണുന്നു,
കാഴ്ചയറ്റൊരു വിളക്കിനെ,
കാറ്റും മഴയും പേടി-
ച്ചൊളിച്ചിരിക്കുന്നൊരു പെൺകുട്ടിയെ.
വാതിൽ
എന്നും കഥയുടെ താക്കോൽ.
രണ്ടിതളുകൾ
കാറ്റിലെന്നും തുറന്നടയുന്ന
ഒരു പനിനീർപ്പൂ.
No comments:
Post a Comment