Thursday, May 22, 2014

അവ്രോം സുറ്റ്സ്ക്കെവെർ - നന്ദിയുള്ളവനാണു ഞാൻ...

abraham sutzkever

 

ഒരേ കാലത്തു ജീവിച്ചിരിക്കുന്നവരാണു നാമിരുവരുമെന്നതിൽ നന്ദിയുള്ളവനാണു ഞാൻ;
ഒരു നിമിഷത്തിന്റെയെങ്കിലും കൊടുംഗർത്തം നമ്മെ വേർപിരിക്കാനുണ്ടായിരുന്നുവെങ്കിൽ
ഒരു രോദനം കത്തി കൊണ്ടു കീറിമുറിക്കുമായിരുന്നു, ആഹ്ളാദത്തെയും പ്രത്യാശയേയും,
എന്റെ വരികളിൽ രണ്ടു ഹൃദയങ്ങൾ സ്പന്ദിക്കുകയുമില്ലായിരുന്നു.

ഒരേ മണ്ണിൽ ജീവിച്ചിരിക്കുന്നവരാണു നാമിരുവരുമെന്നതിൽ നന്ദിയുള്ളവനാണു ഞാൻ:
കിണറ്റിനുള്ളിൽ രണ്ടു നക്ഷത്രങ്ങളെപ്പോലെ നാമിരുവരുമിവിടൊന്നുചേരുന്നു.
തന്നിൽ മറ്റൊരാളെ കാണുകയെന്നതൊരനുഗ്രഹം തന്നെയല്ലോ,
ഈണങ്ങൾ മാത്രം തഴയ്ക്കുന്നൊരു കാട്ടിൽ നിന്നാണു നമുക്കു ജീവനവും.

ഒരേ ജീവിതം കൊണ്ടു ജീവിക്കുന്നവരാണു നാമിരുവരുമെന്നതിൽ നന്ദിയുള്ളവനാണു ഞാൻ:
മറ്റൊരു ജീവിതമായിരുന്നുവെങ്കിലതൊരു പുഴുവിന്റെ ജീവിതം തന്നെയായേനെ.
ആകാശം നമുക്കു മേലതിന്റെ തുടലുകൾ കിലുക്കുമ്പോൾ
ഉടൽ ഉടലിനോട്, ഒരാൾ മറ്റൊരാളോടു പ്രാർത്ഥിക്കട്ടെ.

ഒരേ മരണത്തിന്റെ അയല്ക്കാരാണു നാമിരുവരുമെന്നതിൽ നന്ദിയുള്ളവനാണു ഞാൻ:
ഈ വീട്ടിൽ അവനുണ്ടെന്നതിന്റെ അടയാളം: അവന്റെ ജനാലയ്ക്കലെ വെളിച്ചം.
ഒന്നിൽ തന്നെ വേർപെട്ടു ജീവിക്കുന്നവരാണു നാമിരുവരുമെന്നതിൽ നന്ദിയുള്ളവനാണു ഞാൻ:
നമുക്കു നന്നായറിയാം: അയല്ക്കാരിൽ വച്ചേറ്റവും അടുത്ത അയല്ക്കാരൻ ഈയാളാണെന്നും.

No comments: