ഇടച്ചിൽ
ചെന്നായവിശപ്പോടെ
എന്റെയുടലെന്ന കുഞ്ഞാടിനെ
ഞാൻ വലിച്ചുകീറുന്നു
തുണയറ്റ തോണി പോലെയാണു
ഞാൻ
കാമം മൂത്ത കടൽ പോലെയും
സാൻ മാർട്ടിനോ ഡെൽ കാർസോ
1916 ആഗസ്റ്റ് 27
ചുമരിന്റെ ചില ചീളുകളല്ലാതെ
ഈ വീടുകളുടേതായി
യാതൊന്നും ശേഷിച്ചിട്ടില്ല
ഞാൻ ജീവിതം പങ്കിട്ടവരുടേതായി
അത്രപോലും ശേഷിച്ചിട്ടില്ല
അവരിലൊരാളുടെയും കുരിശുകൾ
എന്റെ നെഞ്ചിലുയരാതെയില്ല
എന്റെ ഹൃദയം പോലിത്രയും
തകർന്നമ്പിയ ദേശം വേറെയില്ല
ക്രിസ്തുമസ്
നേപ്പിൾസ്, 1916 ഡിസംബർ 26
തെരുവുകളുടെ
നൂലാമാലയിൽ
ചെന്നുചാടാൻ
എനിക്കാഗ്രഹമില്ല
അത്ര തളർന്നതാണ്
എന്റെ
ചുമലുകൾ
ഒരു മൂലയ്ക്കു
മറന്നുവച്ച
വസ്തു പോലെ
എന്നെ വിടൂ
ഈ ഇളംചൂടു
മാത്രമായി
ഞാനിരിക്കാം
അടുപ്പിൽ
തല കുത്തി മറിയുന്ന
പുകയുടെ
കളി കണ്ടും
No comments:
Post a Comment