Wednesday, December 3, 2014

ഹാൻസ് ആൻഡേഴ്സൻ - പന്തും പമ്പരവും


index



മറ്റു കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ മേശവലിപ്പിൽ കിടക്കുകയായിരുന്നു, ഒരു പമ്പരവും ഒരു കൊച്ചുപന്തും; പമ്പരം പന്തിനോടു ചോദിച്ചു, ‘ഒരേ പെട്ടിയിൽ ഒരുമിച്ചു കിടക്കുന്ന സ്ഥിതിയ്ക്ക് നമുക്കെന്തുകൊണ്ടു ഭാര്യാഭർത്താക്കന്മാരായിക്കൂടാ?’

മൊറോക്കോത്തുകലു കൊണ്ടു തുന്നിയെടുത്തതും ഏതു പരിഷ്ക്കാരിച്ചെറുപ്പക്കാരിയെയും പോലെ ഗർവിഷ്ഠയുമായ പന്തു പക്ഷേ, അതിനു മറുപടി പറയാൻ തയാറായില്ല.


അടുത്ത ദിവസം കളിപ്പാട്ടങ്ങളുടെ ഉടമയായ കുട്ടി വന്നു. അവൻ പമ്പരമെടുത്ത് അതിന്‌ ചുവപ്പും മഞ്ഞയും ചായം പൂശി; ഒരു പിത്തള ആണി അതിന്റെ നടുവിൽ അടിച്ചുകേറ്റി; ഇപ്പോൾ പമ്പരം കറങ്ങുമ്പോൾ അതൊന്നു കാണേണ്ടതു തന്നെ!

‘എന്നെ നോക്കെന്നേ!’ അവൻ പന്തിനോടു വിളിച്ചുപറഞ്ഞു. ‘ഇപ്പോഴെന്തു പറയുന്നു? നമുക്കു കല്യാണമുറപ്പിക്കുകയല്ലേ? എന്തു ചേർച്ചയാണു നമുക്ക്! നീ കുതിക്കുന്നു, ഞാൻ നൃത്തം വയ്ക്കുന്നു. നാമിരുവരെപ്പോലെ സന്തുഷ്ടർ ആരുണ്ടാവാൻ!’

‘ഇതാണല്ലേ തന്റെ മനസ്സിലിരിപ്പ്!’ പന്തു പറഞ്ഞു. ‘എന്റെ അച്ഛനും അമ്മയും മൊറോക്കോചെരുപ്പുകളായിരുന്നുവെന്നും എന്റെയുള്ളിൽ ഒരു സ്പാനിഷ് കോർക്കുണ്ടെന്നും തനിക്കറിയില്ലായിരിക്കും!’

‘ആയിക്കോട്ടെ, എന്നെ മഹാഗണി കൊണ്ടാണുണ്ടാക്കിയിരിക്കുന്നത്,’ പമ്പരം പറഞ്ഞു. ‘തന്നെയുമോ, മേയറാണെന്നെ കടഞ്ഞെടുത്തതും! സ്വന്തം ലെയ്ത്തിൽ തടി കടയുന്നത് അദ്ദേഹത്തിനെന്തു രസമായിരുന്നെന്നോ!’

‘സത്യം? തന്നെ വിശ്വസിക്കാമോ?’പന്തു ചോദിച്ചു.

‘ഞാൻ പറഞ്ഞതു നേരല്ലെങ്കിൽ ഇനിയാരും എന്നെ കറക്കിയെറിയാതെ പോകട്ടെ!’ പമ്പരം ആണയിട്ടു.

‘നിങ്ങൾക്കതു പറയാം,’ പന്തു പറഞ്ഞു. ‘പക്ഷേ എന്റെ കാര്യത്തിൽ അതു പറ്റില്ല. ഞാനും ഒരു മീവൽ പക്ഷിയുമായുള്ള വിവാഹം ഒരുമട്ടൊക്കെ ഉറപ്പിച്ച പോലെയാണ്‌. ഓരോ തവണ ഞാൻ വായുവിൽ ഉയരുമ്പോഴും അവൻ കൂട്ടിൽ നിന്നു തല പുറത്തിട്ടുകൊണ്ടു ചോദിക്കും, “സമ്മതിച്ചോ? സമ്മതിച്ചോ?” ഉവ്വെന്നു ഞാൻ മനസ്സിൽ പറഞ്ഞുകഴിഞ്ഞു; എന്നു പറഞ്ഞാൽ അതു സമ്മതം മൂളിയ പോലെയാണല്ലൊ. എന്തായാലും നിന്നെ ഒരിക്കലും മറക്കില്ലെന്നു ഞാൻ ഉറപ്പു തരുന്നു!’

‘ആവട്ടെ, അതു വലിയ സഹായം തന്നെ!’ പമ്പരം പറഞ്ഞു; അവർ പിന്നെ മിണ്ടിയിട്ടുമില്ല.

പിറ്റേ ദിവസം കുട്ടി വന്ന് പന്തുമെടുത്തു പുറത്തേക്കു പോയി. എന്തുയരത്തിലാണവൾ കുതിക്കുന്നതെന്നു പമ്പരം കണ്ടു; ശരിക്കുമൊരു കിളിയെപ്പോലെ! ഒടുവിൽ അവൾ കാഴ്ചയിൽ നിന്നു മറയുകയും ചെയ്തു. ഓരോ തവണ തിരിച്ചുവന്നു നിലം തൊടുമ്പോഴും മുമ്പത്തേതിലും ഉയരത്തിലാണ്‌ അവളുടെ കുതിപ്പ്! അതിനി അവളുടെ അഭിലാഷത്തിന്റെ കുതിപ്പാവാം, അല്ലെങ്കിൽ അവൾക്കുള്ളിലെ കോർക്കിന്റെ കുതിപ്പുമാവാം. ഒമ്പതാമത്തെ കുതിപ്പിൽ പക്ഷേ, പന്തു തിരിച്ചുവന്നില്ല, എന്നെന്നേക്കുമായി അതു പോയിമറഞ്ഞിരുന്നു. കുട്ടി തേടാത്ത സ്ഥലമില്ല; പക്ഷേ അതു പൊയ്പ്പോയിരുന്നു.

‘അവൾ എവിടെയാണെന്ന് എനിക്കറിയാം,‘ പമ്പരം നെടുവീർപ്പിട്ടു. ’അവൾ മീവലിനെ കല്യാണം കഴിച്ച് അവന്റെ കൂട്ടിലാണ്‌!‘

അതു തന്നെയായി അവന്റെ ആലോചന; ആലോചന കൂടുന്തോറും അവളോടുള്ള അവന്റെ ഭ്രമവും മൂത്തുവന്നു. തനിക്കവളെ കിട്ടില്ലെന്നു വന്നതോടെ അവനവളോടു പ്രേമവുമായി. പന്താകട്ടെ, മറ്റൊരാളെ വരിച്ചും കഴിഞ്ഞു! കറങ്ങിയും നൃത്തം വച്ചും നടക്കുകയായിരുന്നു പമ്പരമെങ്കിലും അവന്റെ ചിന്ത പന്തിനെക്കുറിച്ചു മാത്രമായിരുന്നു; അവന്റെ ഭാവനയിൽ അവളുടെ ചന്തം ഏറിയേറി വരികയുമായിരുന്നു. അങ്ങനെ കൊല്ലങ്ങൾ കുറേ കഴിഞ്ഞു- അതു പണ്ടെന്നോ നടന്നൊരു പ്രണയവുമായി.


പമ്പരം ഇപ്പോൾ ചെറുപ്പവുമല്ല! അങ്ങനെയിരിക്കെ ഒരു ദിവസം പമ്പരത്തിനവര്‍  ഗിൽറ്റു പൂശി. മുമ്പൊരിക്കലും അവൻ ഇത്ര സുന്ദരനായിട്ടില്ല! ഇപ്പോഴവൻ ഒരു സ്വർണ്ണപ്പമ്പരമത്രെ; മൂളിക്കൊണ്ടവൻ കറങ്ങുകയായിരുന്നു. അതെ, കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. കറങ്ങിക്കറങ്ങി പെട്ടെന്നവൻ മുകളിലേക്കൊന്നു കുതിച്ചു- പിന്നെ ആളെ കാണാനില്ല.

അവനെ എവിടൊക്കെ തിരഞ്ഞു, നിലവറയിൽ പോലും പോയി നോക്കി; എങ്ങും അവനെ കാണാനില്ല. അവൻ എവിടെ പോയിരിക്കും?
അവൻ ചാടിച്ചെന്നു വീണത് ഒരു കുപ്പത്തൊട്ടിയിലാണ്‌; അതിലില്ലാത്തതായി ഒന്നുമില്ല: കാബേജിന്റെ തണ്ടുകൾ, ചപ്പുചവറുകൾ, പുരപ്പുറത്തു നിന്നു വീണ അതുമിതും.

’എനിക്കു കിടക്കാൻ പറ്റിയ ഇടം തന്നെ! ഗില്റ്റു പൂശിയതൊക്കെ ഇളകിപ്പോരാൻ ഇനി അധികസമയം വേണ്ട. എന്തു തരം ചവറുകൾക്കിടയിലാണോ, ഞാൻ വന്നു പെട്ടിരിക്കുന്നത്!‘

ഏറുകണ്ണിട്ടൊന്നു നോക്കിയപ്പോൾ നല്ല നീളത്തിൽ തൊട്ടടുത്ത് ഒരു കാബേജുതണ്ട് അവന്‍  കണ്ടു, പിന്നെ പഴകിയ ആപ്പിൾ പോലെ തോന്നിച്ച വിചിത്രമായ ഒരു ഉരുണ്ട സാധനവും. അതു പക്ഷേ, ആപ്പിളൊന്നുമായിരുന്നില്ല- വർഷങ്ങളായി മേൽക്കൂരയുടെ വെള്ളപ്പാത്തിയിൽ കിടന്ന ഒരു പഴയ പന്തായിരുന്നു; വെള്ളം കുടിച്ച് അതാകെ നനഞ്ഞുചീർത്തിരുന്നു.

’ദൈവത്തിനു സ്തുതി! മിണ്ടാനും പറയാനും തരത്തില്‍ പെട്ട ഒരാളെ കിട്ടിയല്ലോ!‘ 

ഗില്റ്റു പൂശിയ പമ്പരത്തെ കണ്ണു കൊണ്ടുഴിഞ്ഞുകൊണ്ട് പന്തു പറഞ്ഞു, ’അസ്സൽ മൊറോക്കോത്തുകലു കൊണ്ട് ചെറുപ്പക്കാരികൾ തുന്നിയെടുത്തതാണെന്നേ എന്നെ! അതുമല്ല, ഉള്ളിൽ ഒരു കോർക്കുമുണ്ട്! എന്നെ ഇപ്പോൾ കണ്ടാൽ പക്ഷേ, അങ്ങനെയൊന്നും തോന്നുകയില്ല! മീവൽ പക്ഷിയുമായുള്ള വിവാഹം നടക്കാറായപ്പോഴാണ്‌ ഞാൻ ചെന്നു വെള്ളപ്പാത്തിയിൽ വീണത്; വെള്ളവും കുടിച്ച് അഞ്ചുകൊല്ലം ഞാനവിടെ കിടന്നു. ഒരു ചെറുപ്പക്കാരിക്ക് അതൊരു വലിയ കാലയളവല്ലേ, അല്ലേ?‘

പമ്പരം പക്ഷേ, ഒരക്ഷരം മിണ്ടിയില്ല. അവൻ തന്റെ ആ പഴയ പ്രണയഭാജനത്തെക്കുറിച്ചോർക്കുകയായിരുന്നു. കേൾക്കുന്തോറും ഇതവൾ തന്നെയാണെന്ന് അവനു തെളിഞ്ഞുവരികയായിരുന്നു. 

അപ്പോഴാണ്‌ കുപ്പത്തൊട്ടിയെടുത്തു കാലിയാക്കാനായി വേലക്കാരി വരുന്നത്. ’അല്ലാ, ഇതെന്താ! നമ്മുടെ പമ്പരം ഇതാ, ഇവിടെക്കിടക്കുന്നു!‘ അവൾ വിളിച്ചുപറഞ്ഞു. 

അങ്ങനെ പമ്പരം വീണ്ടും വീട്ടിനുള്ളിലെത്തി; വലിയ പരിഗണനയും ബഹുമാനവുമാണ്‌ അവനു കിട്ടിയത്. പക്ഷേ ആ കൊച്ചുപന്തിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടില്ല. പമ്പരവും പിന്നീട് തന്റെ പഴയ കാമുകിയെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അഞ്ചു കൊല്ലം വെള്ളപ്പാത്തിയിൽ കിടന്നു നനഞ്ഞ ഒരു പ്രണയഭാജനത്തോട് നമുക്കു പിന്നെ ഒരിഷ്ടവുമില്ലാതാകുന്നു; ഒരു കുപ്പത്തൊട്ടിയിൽ വച്ച് പിന്നീടു കാണുമ്പോൾ നമുക്കവളെ തീരെ ഓർമ്മ വരുന്നുമില്ല!
(1843 നവംബർ 11)

No comments: