Saturday, December 6, 2014

നാസിം ഹിക്മെത്ത് - ഒസ്യത്ത്

 

hikmet_thumb[7]


സഖാക്കളേ, ആ ദിവസം കാണാൻ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ,
അതായത്, സ്വാതന്ത്ര്യമെത്തും മുമ്പേ ഞാൻ മരിച്ചുപോയെങ്കിൽ,
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ
എന്നെക്കൊണ്ടുപോയടക്കൂ.

ഹസ്സൻ ബേയുടെ കല്പന പ്രകാരം വെടി വച്ചുകൊന്ന പണിക്കാരൻ ഒസ്മാൻ
എന്റെ ഒരു വശത്തു കിടക്കട്ടെ,
മറ്റേ വശത്ത് രക്തസാക്ഷിയായ അയിഷയും,
വരകുപാടത്തു കുഞ്ഞിനെ പെറ്റ് നാല്പതിനുള്ളിൽ മരിച്ചവൾ.

സിമിത്തേരിക്കു താഴേക്കൂടി ട്രാക്റ്ററുകളും പാട്ടുകളും കടന്നുപൊയ്ക്കോട്ടെ-
പുലർവെളിച്ചത്തിൽ പുതിയ മനുഷ്യർ, പെട്രോളു കത്തുന്ന മണം,
പൊതുസ്വത്തായ പാടങ്ങൾ, വെള്ളം നിറഞ്ഞ കനാലുകൾ,
വരൾച്ചയില്ല, പോലീസുഭീതിയില്ല.

അതെയതെ, ആ പാട്ടുകൾ ഞങ്ങൾ കേൾക്കുകയില്ല:
മരിച്ചവർ മണ്ണിനടിയിൽ നിവർന്നുകിടക്കും,
കറുത്ത ചില്ലകൾ പോലെ ജീർണ്ണിക്കും,
മണ്ണിനടിയിൽ, അന്ധരായി, ബധിരരായി, മൂകരായി.

പക്ഷേ, എഴുതപ്പെടും മുമ്പേ
ആ പാട്ടുകൾ ഞാൻ പാടിയിരുന്നു,
ട്രാക്റ്ററുകളുടെ ബ്ലൂപ്രിന്റുകൾ തയാറാവും മുമ്പേ
പെട്രോളു കത്തുന്ന മണം ഞാൻ ശ്വസിച്ചിരുന്നു.

എന്റെ അയൽക്കാരാണെങ്കിൽ,
പണിക്കാരൻ ഒസ്മാനും രക്തസാക്ഷിയായ അയിഷയും,
ഒരുപക്ഷേ, തങ്ങളറിയാതെതന്നെ,
ജീവിച്ചിരിക്കുമ്പോൾ അവർ അതിനായി മോഹിച്ചിരുന്നു.

സഖാക്കളേ, ആ ദിവസമെത്തും മുമ്പേ ഞാൻ മരിച്ചുപോയാൽ,
-അതിനാണു സാദ്ധ്യതയെന്നെനിക്കു തോന്നുകയാണ്‌-
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ എന്നെ അടക്കൂ,
കൈവാക്കിനൊരു മരം കിട്ടിയെന്നാണെങ്കിൽ,

               ഒരു പാഴ്മരം എന്റെ തലയ്ക്കൽ വച്ചുപിടിപ്പിച്ചേക്കൂ,
               ശിലാഫലകവു മറ്റും എനിക്കാവശ്യമില്ല.


1953 ഏപ്രിൽ 27



[ടർക്കിഷ് കവിയും നോവലിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ നാസിം ഹിക്മെത് (1902-1963) മോസ്ക്കോവിലെ ഒരാശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ എഴുതിയത്]

No comments: