അമ്പലമുറ്റത്തു മേള നടക്കുകയായിരുന്നു.
പുലർച്ച മുതൽ പെയ്ത മഴയ്ക്കൊടുവിൽ
ഇപ്പോൾ നേരമിരുളുകയുമായിരുന്നു.
ആളുകളുടെ ആഹ്ളാദത്തെക്കാൾ തെളിഞ്ഞതായിരുന്നു,
ഒരണയ്ക്ക് ഒരോലപ്പീപ്പി വാങ്ങിയ
ഒരു പെൺകുട്ടിയുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരി.
ഉത്സവപ്പറമ്പിലെ കളിചിരികൾക്കു മേൽ
ഒരോലപ്പീപ്പിയുടെ ചൂളമൊഴുകിനടന്നു.
ആളുകൾ തിക്കിത്തിരക്കുകയായിരുന്നു,
വഴികളാകെ ചെളി കുഴഞ്ഞിരുന്നു,
പുഴയിൽ വെള്ളം പെരുകിയിരുന്നു,
തോരാത്ത മഴയിൽ പാടം മുങ്ങിപ്പോയിരുന്നു.
ആളുകളുടെ വിഷമങ്ങളെക്കാളൊക്കെ വലുതായിരുന്നു,
ഒരു കൊച്ചുകുട്ടിയുടെ വിഷമം-
ഒരു കിലുക്കാമ്പെട്ടി വാങ്ങാൻ ഒരണ അവനുണ്ടായില്ല.
കൊതിയോടെയും നിരാശയോടെയും
കടയിലേക്കു നോക്കിനില്ക്കുന്ന അവന്റെ കണ്ണുകൾ
ആ ജനസംഗമത്തെ എത്ര ദയനീയമാക്കിത്തീർത്തു!
(ഉദ്യാനപാലകൻ)
No comments:
Post a Comment