Tuesday, December 2, 2014

ഹാൻസ് ആൻഡേഴ്സൻ - കോട്ടമതിലിൽ നിന്നുള്ള കാഴ്ച

index

ശരൽക്കാലമാണ്‌; കോട്ടമതിലിൽ കയറിനിന്നു  നോക്കുമ്പോള്‍ സൌണ്ട് കടലിടുക്കിലൂടെ പായ വിരിച്ചോടുന്ന കപ്പലുകൾ ഞങ്ങൾക്കു കാണാം; സാന്ധ്യവെളിച്ചത്തിൽ അക്കരെ സ്വീഡന്റെ കരയും ഞങ്ങളുടെ കാഴ്ചയിൽ വരുന്നുണ്ട്. ഞങ്ങൾക്കു പിന്നിൽ ചെങ്കുത്തായുള്ള കോട്ടമതിലിനെ വലയം ചെയ്തു നിൽക്കുന്ന പ്രബലവൃക്ഷങ്ങളിൽ നിന്ന് പഴുക്കിലകൾ കൊഴിഞ്ഞുവീഴുന്നു. ഞങ്ങൾക്കു താഴെ, മതിലിനു ചുവട്ടടിയിലായി, ചുറ്റും മരവേലികളുള്ള ഇരുണ്ടു മ്ളാനമായ ചില കെട്ടിടങ്ങൾ ഞങ്ങൾക്കു കാണാം. അതിലുമിരുണ്ടതും മ്ളാനവുമാണ്‌, ആ ഇരുണ്ട കമ്പിയഴികൾക്കു പിന്നിൽ; കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്നതവിടെയാണല്ലൊ.

അസ്തമയസൂര്യനിൽ നിന്നൊരു രശ്മി ഒരു കുറ്റവാളിയുടെ തടവറയിലേക്കു ചെന്നുകേറുന്നു. നല്ലവർക്കും കെട്ടവർക്കും മേൽ ഒരേ പോലെയാണല്ലോ സൂര്യൻ തിളങ്ങുക! മുഖം മുഷിഞ്ഞ, മനം കടുത്ത ആ തടവുകാരൻ ആ വെയിൽനാളത്തെ അക്ഷമയോടെ ഉറ്റുനോക്കുന്നു. ഒരു ചെറുകിളി കമ്പിയഴികൾക്കടുത്തേക്കു പറന്നെത്തുന്നു. നല്ലവർക്കും കെട്ടവർക്കും ഒരേപോലെയാണല്ലോ കിളി പാടിക്കൊടുക്കുക! ചെറുതായൊന്നു ചിലച്ചതില്പിന്നെ അത് അഴിയിൽ പറന്നുചെന്നിരിക്കുന്നു, ചിറകു രണ്ടും വിടർത്തുന്നു, നെഞ്ചത്തു നിന്നൊരു തൂവൽ കൊത്തിയിടുന്നു, പിന്നെ ദേഹമൊന്നു കുടഞ്ഞ് ഉഷാറാവുകയും ചെയ്യുന്നു. തുടലിൽ കിടക്കുന്ന കുറ്റവാളി അതിനെത്തന്നെ നോക്കിയിരിക്കുകയാണ്‌; അയാളുടെ കടുപ്പിച്ച മുഖഭാവം ഒന്നയഞ്ഞപോലെ. അയാളുടെ മനസ്സിൽ എന്തോ ഒരു ചിന്ത ഊറിപ്പൊങ്ങുകയാണ്‌- അയാൾക്കു തന്നെ ഇന്നതെന്നറിയാത്തതൊന്ന്. പക്ഷേ ആ വെയിൽനാളവുമായി ബന്ധപ്പെട്ടതാണത്, വസന്തമെത്തുമ്പോൾ ജനാലയ്ക്കു പുറത്ത് സമൃദ്ധമായി വളരുന്ന വയലറ്റ് പൂക്കളുടെ ഗന്ധവുമായി ബന്ധപ്പെട്ടതാണത്. അപ്പോഴതാ, തെളിഞ്ഞും നിറഞ്ഞും ഒരു വേട്ടക്കാരന്റെ കുഴൽവിളി കേൾക്കാകുന്നു. കമ്പിയഴിയിൽ നിന്നു കിളി പറന്നകലുന്നു, വെയിൽനാളം പിൻവാങ്ങുന്നു, തടവറയ്ക്കുള്ളിൽ, കുറ്റവാളിയുടെ നെഞ്ചിനുള്ളിൽ പിന്നെയും ഇരുട്ടു മാത്രമാകുന്നു. എന്നാലും ആ ഹൃദയത്തെ ഒരു സൂര്യരശ്മി ഒന്നു തൊട്ടുവല്ലോ, ഒരു കിളിയുടെ കൊഞ്ചൽ അതിനെ ഒന്നു സ്പർശിക്കുകയും ചെയ്തു. 

വേട്ടക്കാരുടെ കാഹളങ്ങളേ, നിങ്ങളാഹ്ളാദത്തോടെ മുഴങ്ങിക്കോളൂ! സായാഹ്നം സൌമ്യം; ചില്ലുപാളി പോലെ മിനുസമായ കടല്പരപ്പാവട്ടെ, മൃദുതാളത്തിൽ ശ്വാസമെടുക്കുന്ന മാറിടം പോലെയും.
(1846 ഡിസംബർ)



No comments: