Sunday, March 31, 2013

ബോർഹസ് - നിങ്ങൾ പഠിക്കുന്നു

borges2

 


കാലം കഴിയുമ്പോൾ ആ സൂക്ഷ്മമായ വ്യത്യാസം നിങ്ങൾ പഠിക്കുന്നു,
ഒരു കരം ഗ്രഹിക്കുന്നതിനും ഒരാത്മാവിനെ തളച്ചിടുന്നതിനുമിടയിലുള്ളത്.

പിന്നെ നിങ്ങൾ പഠിക്കുന്നു, പ്രണയമെന്നാൽ ആശ്രയമാകണമെന്നില്ലെന്ന്,
സൌഹൃദമെന്നാൽ സുരക്ഷിതത്വമാകണമെന്നുമില്ലെന്നും.

പിന്നെ നിങ്ങൾ പഠിക്കുന്നു, ചുംബനങ്ങൾ ഉടമ്പടികളല്ലെന്ന്,
സമ്മാനങ്ങൾ വാഗ്ദാനങ്ങളല്ലെന്നും.

പിന്നെ നിങ്ങൾ പരാജയങ്ങൾ അംഗീകരിക്കാൻ തുടങ്ങുന്നു,
തല ഉയർത്തിപ്പിടിച്ചും കണ്ണുകൾ തുറന്നുവച്ചും,
ഒരു സ്ത്രീയുടെ മുഗ്ധതയോടെ, ഒരു കുഞ്ഞിന്റെ സങ്കടത്തോടെയല്ല.

തന്റെ പാതകൾ ഇന്നിൽത്തന്നെ പണിയാൻ നിങ്ങൾ പഠിക്കുന്നു,
നാളെയുടെ നിലം ഉറപ്പുള്ളതാണെന്നു തീർച്ചയില്ലാത്തതിനാൽ,
പറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുന്നൊരു സ്വഭാവം ഭാവികൾക്കുണ്ടെന്നതിനാൽ.

കാലം കഴിയുമ്പോൾ നിങ്ങൾ പഠിക്കുന്നു...
ഏറെക്കൊണ്ടാൽ വെയിലു പോലും പൊള്ളിക്കുമെന്ന്.

അങ്ങനെ നിങ്ങൾ സ്വന്തം തോട്ടം നട്ടുവളർത്തുന്നു, സ്വന്തമാത്മാവിനെ അലങ്കരിക്കുന്നു,
തനിക്കു പൂവുമായി വരുന്ന മറ്റൊരാളെക്കാത്തു നിങ്ങൾ നിൽക്കുന്നുമില്ല.

പിന്നെ നിങ്ങൾ പഠിക്കുന്നു, ശരിക്കും സഹനശക്തിയുണ്ട് തനിക്കെന്ന്...

ബലമുണ്ട് തനിക്കെന്ന്

തനിക്കുമൊരു വിലയുണ്ടെന്ന്...

അങ്ങനെ നിങ്ങൾ പഠിക്കുന്നു, നിങ്ങൾ പഠനം തുടരുന്നു

ഓരോ വിട പറയലിനുമൊപ്പം നിങ്ങൾ പഠിക്കുന്നു.


ബ്രഹ്ത് - കരുത്തനായ ഒരു രാജ്യതന്ത്രജ്ഞൻ സുഖമില്ലാതെ കിടപ്പിലായെന്നറിഞ്ഞപ്പോൾ

6a00d83548795069e2010536bd8745970c-800wi

link to image


അനുപേക്ഷണീയനായ വ്യക്തി നെറ്റി ചുളിച്ചപ്പോൾ
രണ്ടു സാമ്രാജ്യങ്ങൾ വിറക്കൊണ്ടു.
അനുപേക്ഷണീയനായ വ്യക്തി മരിച്ചപ്പോൾ
കുഞ്ഞിനു പാലു കിട്ടാത്ത അമ്മയെപ്പോലെ
ലോകം ചുറ്റിനും നോക്കി.
തന്റെ മരണം കഴിഞ്ഞൊരാഴ്ചയ്ക്കു ശേഷം
അനുപേക്ഷണീയനായ വ്യക്തി മടങ്ങിവന്നുവെന്നിരിക്കട്ടെ,
രാജ്യമാകമാനം തിരഞ്ഞാലുമാരും കൊടുക്കാനുണ്ടാവില്ല,
ഒരു കൂലിപ്പണിക്കാരനായിട്ടെങ്കിലും അങ്ങേർക്കൊരു ജോലി.


ബ്രഹ്ത് - പുതിയതേതും പഴയതേതിലും ഭേദം

bbpoemscover

 


എനിക്കെങ്ങനെ അറിയാമെന്നോ, സഖാവേ,
ഇന്നു പണിതൊരു വീടിനൊരുദ്ദേശ്യമുണ്ടെന്നും
അതുപയോഗത്തിലാണെന്നും?
തെരുവിന്റെ ശേഷിച്ച ഭാഗങ്ങളോടിടയുന്ന പുതുപുത്തൻ നിർമ്മിതികൾ,
എന്തിനെന്നെനിക്കറിയാത്തവ,
അത്രയ്ക്കൊരു വെളിപാടാണെനിക്കെന്നും?

എന്തെന്നാൽ ഇതെനിക്കറിയാം:
പുതിയതേതും
പഴയതേതിലും ഭേദമത്രെ.

നിങ്ങളുമിതു സമ്മതിക്കില്ലേ:
അലക്കിത്തേച്ച ഉടുപ്പെടുത്തിടുന്ന ഒരാൾ
പുതിയൊരാളാണെന്ന്?
കുളി കഴിഞ്ഞിറങ്ങിവരുന്നവൾ
പുതിയൊരുവളാണെന്ന്?
പുതുതാണ്‌
പുക നിറഞ്ഞൊരു മുറിയിൽ
രാത്രി മുഴുവൻ ദീർഘിക്കുന്ന യോഗത്തിൽ
പുതിയൊരു പ്രസംഗത്തിനു തുടക്കം കുറിക്കുന്ന
പ്രഭാഷകനും.
പുതിയതേതും
പഴയതേതിലും ഭേദമത്രെ.

അപൂർണ്ണമായ സ്ഥിതിവിവരക്കണക്കുകളിൽ,
പേജു മുറിക്കാത്ത പുസ്തകങ്ങളിൽ,
ഫാക്റ്ററിപ്പുത്തനായ മെഷീനുകളിൽ ഞാൻ കാണുന്നു
കാലത്തുണർന്നെഴുന്നേൽക്കാനുള്ള കാരണങ്ങൾ.
പുതിയൊരു ചാർട്ടിന്റെ വെളുത്ത കണ്ടത്തിൽ
പുതിയൊരു വര വരയ്ക്കുന്നയാൾ,
ഒരു പുസ്തകത്തിന്റെ പേജുകൾ മുറിക്കുന്ന സഖാക്കൾ,
മെഷീനിലേക്ക് ആദ്യമായി എണ്ണയൊഴിക്കുന്ന
പ്രസരിപ്പുള്ള മനുഷ്യർ
ഇവർ മനസ്സിലാക്കുന്നു:
പുതിയതേതും
പഴയതേതിലും ഭേദമത്രെ.

ഉപരിതലസ്പർശിയായ ഈ കോലാഹലം,
പുതുമകൾക്കായുള്ള ആവേശം,
നടന്നുനടന്നു ചെരുപ്പിന്നടി തേയ്ക്കാത്തത്,
ഒരു പുസ്തകവും വായിച്ചെത്തിക്കാത്തത്,
ചിന്തിച്ചതൊന്നും ഓർമ്മയിൽ വയ്ക്കാത്തത്,
ഇതത്രേ, ലോകത്തിനിനി പ്രതീക്ഷ വയ്ക്കാനുള്ളതും.
ഇനിയതങ്ങനെയല്ലെങ്കിൽത്തന്നെ,
പുതിയതേതും പഴയതേതിലും ഭേദമത്രെ.


Saturday, March 30, 2013

ഷാക് പ്രവേർ - നൈരാശ്യം ഒരു ബഞ്ചിലിരിക്കുന്നു

484538_3727800671202_2071997507_n

വാൻ ഗോഗ് - നിത്യതയുടെ കവാടത്തിൽ (1890)


ഒരു കവലയിൽ ഒരു ബഞ്ചിലിരിക്കുന്ന മനുഷ്യൻ
നിങ്ങൾ കടന്നുപോകുമ്പോൾ നിങ്ങളെ വിളിക്കുന്നു
അയാൾ കണ്ണട വച്ചിരിക്കുന്നു പഴകി നരച്ച വേഷമാണയാളുടേത്
അയാൾ ഒരു സിഗാർ വലിക്കുന്നുണ്ട്
അയാൾ ഇരിക്കുകയാണ്‌
നിങ്ങൾ കടന്നുപോകുമ്പോൾ അയാൾ നിങ്ങളെ വിളിക്കുകയാണ്‌
അല്ലെങ്കിൽ നിങ്ങളെ നോക്കി ഒരു ചേഷ്ട കാട്ടുകയാണ്‌
അയാളെ നോക്കരുത്
അയാൾക്കു ചെവി കൊടുക്കരുത്
നിൽക്കാതെ കടന്നുപോവുക
നിങ്ങൾ അയാളെ കണ്ടില്ലെന്ന മട്ടിൽ
അയാൾ പറഞ്ഞതു കേട്ടില്ലെന്ന മട്ടിൽ
നടന്നുപോവുക വേഗം നടന്നുപോവുക
നിങ്ങൾ അയാളെ നോക്കിയാൽ
അയാൾക്കു കാതു കൊടുത്താൽ
അയാൾ നിങ്ങളെ നോക്കി ഒരു ചേഷ്ട കാട്ടും
പിന്നെ ഒന്നിനുമാവില്ല ഒരാൾക്കുമാവില്ല
അയാൾക്കടുത്തു ചെന്നിരിക്കുന്നതിൽ നിന്നു നിങ്ങളെ തടുക്കാൻ
അങ്ങനെ പിന്നെ അയാൾ നിങ്ങളെ നോക്കുന്നു
നിങ്ങളെ നോക്കി പുഞ്ചിരി തൂകുന്നു
നിങ്ങൾ കഠോരമായി വേദനിക്കുന്നു
ആ മനുഷ്യൻ പുഞ്ചിരി തൂകിക്കൊണ്ടേയിരിക്കുന്നു
നിങ്ങളും പുഞ്ചിരിക്കുന്നു അതേ പുഞ്ചിരി
കൃത്യമായും
നിങ്ങൾ പുഞ്ചിരിക്കുന്തോറും നിങ്ങൾ വേദനിക്കുന്നു
കഠോരമായി
നിങ്ങൾ വേദനിക്കുന്തോറും നിങ്ങൾ പുഞ്ചിരിക്കുന്നു
അപരിഹാര്യമായി
നിങ്ങൾ അവിടെത്തന്നെ തറഞ്ഞിരുന്നുപോകുന്നു
അടിച്ചുറപ്പിച്ചപോലെ
ഒരു പുഞ്ചിരിയുമായി ആ ബഞ്ചിൽ
കുട്ടികൾ നിങ്ങൾക്കരികിലായി കളിച്ചുനടപ്പുണ്ട്
ആളുകൾ നിങ്ങളെക്കടന്നുപോകുന്നുണ്ട്
പ്രശാന്തമനസ്സുകളായി
കിളികൾ പറന്നുപോകുന്നുണ്ട്
ഒരു മരം വിട്ടു മറ്റൊന്നിലേക്ക്
നിങ്ങൾ ഒറ്റയിരിപ്പിരിക്കുന്നു
ആ ബഞ്ചിൽ
നിങ്ങൾക്കറിയുകയും ചെയ്യാം നിങ്ങൾക്കറിയാം
ഇനിയൊരിക്കലും നിങ്ങൾ കളിക്കില്ല
ആ കുട്ടികളെപ്പോലെയെന്ന്
നിങ്ങൾക്കറിയാം
ഇനിയൊരിക്കലും നിങ്ങൾ നടന്നുപോകില്ല
പ്രശാന്തമനസ്സായി
ആ കടന്നുപോയ ആളുകളെപ്പോലെയെന്ന്
ഇനിയൊരിക്കലും പറക്കില്ല
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക്
ആ കിളികളെപ്പോലെയെന്ന്.


Despair Is Seated On A Bench
by Jacques Prévert (tr. Lawrence Ferlinghetti)


In a square on a bench
There's a man who calls you when you pass
He has eyeglasses and old grey clothes
He smokes a little cigarillo
He is seated
And he calls you when you pass
Or simply makes you a sign
Don't look at him
Don't listen to him
Pass by
Make as if you didn't see him
As if you didn't hear him
Pass by hurry past
If you look at him
If you listen to him
He makes you a sign and nothing nobody
Can stop you from going to sit near him
So then he looks at you and smiles
And you suffer atrociously
And the man continues to smile
And you smile the same smile
Exactly
The more you smile the more you suffer
Atrociously
The more you suffer the more you smile
Irremediably
And you stay there
Seated fixed
Smiling on the bench
Children play near you
Passersby pass
Tranquilly
Birds fly off
Leaving one tree for another
And you stay there
On the bench
And you know you know
You never again will play
Like these children
You know you never again will pass
Tranquilly
Like these passersby
Never again fly
Leaving one tree for another
Likes these birds.

ബ്രഹ്ത് - മേരി.എ ഓർമ്മയിൽ വരുമ്പോൾ

ft4m3nb2jk_00044




സെപ്തംബർ എന്ന നീലിച്ച മാസത്തിലൊരു നാൾ
ഒരു പ്ളം മരത്തിന്റെ നേർത്ത നിഴലിനടിയിൽ
ഞാനവളെ മാറോടണച്ചു, എന്റെ വിളർത്ത, മിണ്ടാത്ത പെണ്ണിനെ,
മറയരുതാത്തൊരു സ്വപ്നമാണവളെന്നപോലെ.
ഞങ്ങൾക്കു മേൽ, ഗ്രീഷ്മാകാശത്തിന്റെ തിളക്കത്തിൽ
എന്റെ കണ്ണുകളേറെനേരം തങ്ങിനിന്നൊരു മേഘമുണ്ടായിരുന്നു,
അതതിവെണ്മയായിരുന്നു, അതേറെ ഉയരത്തിലായിരുന്നു,
പിന്നെ ഞാൻ നോക്കുമ്പോൾ അതു മറയുകയും ചെയ്തിരുന്നു.


ആ ദിവസത്തില്പിന്നെത്ര നിശബ്ദചന്ദ്രന്മാരെ ഞാൻ കണ്ടു,
മാനത്തൊഴുകി നടക്കുന്നതായി, അകലെപ്പോയി മറയുന്നതായി.
ആ പ്ളം മരങ്ങളിന്നു വിറകിനായി വെട്ടിക്കീറിയിരിക്കണം,
ആ പ്രണയത്തെക്കുറിച്ചിന്നെന്തു തോന്നുന്നുവെന്നോടു ചോദിച്ചാല്‍,

ഞാൻ പറയും: സത്യമായിട്ടുമതെനിക്കോർമ്മ വരുന്നില്ല.
നിങ്ങള്‍ പറയാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം.
അവളുടെ മുഖമേതു പോലെയെന്നെനിക്കോർമ്മ വരുന്നില്ല,
എനിക്കറിയാം: അന്നൊരിക്കൽ ആ മുഖത്തു ഞാന്‍  ചുംബിച്ചിരുന്നു.


ആ ചുംബനമോ, അതു ഞാൻ പണ്ടേ മറന്നു കഴിഞ്ഞു,
അന്നു മാനത്തൊഴുകിനടന്ന മേഘത്തെപ്പക്ഷേ
ഇന്നും ഞാനോർക്കുന്നു, എന്നും ഞാനോർക്കുകയും ചെയ്യും.
അതതിവെണ്മയായിരുന്നു, അതൊഴുകിയതുയരത്തിലായിരുന്നു.
ആ പ്ളം മരങ്ങളിന്നും പൂവിടുന്നുവെന്നു വരാം,
ആ സ്ത്രീയുടെ ഏഴാമത്തെ കുട്ടിയതിന്റെ ചുവട്ടിലുണ്ടെന്നു വരാം;
ആ മേഘം പൂവിട്ടതെന്നാൽ ഒരു നിമിഷത്തേക്കു മാത്രമായിരുന്നു,
പിന്നെ ഞാൻ നോക്കുമ്പോൾ അതു വായുവിലലിഞ്ഞുപോയിരുന്നു.


Friday, March 29, 2013

ബ്രഹ്ത് - തുടക്കത്തിന്റെ ആനന്ദത്തെക്കുറിച്ച്

new-beginnings

 


ഹാ, തുടക്കത്തിന്റെ ആനന്ദം!
ഹാ, തുടക്കമിടുന്ന പ്രഭാതം!
എന്താണു പച്ചപ്പെന്നാർക്കുമോർമ്മയില്ലാതിരിക്കെ
ആദ്യത്തെ പുൽനാമ്പുകൾ!
ഹാ, ഏറെ നാളായി കാത്തിരിക്കുന്ന പുസ്തകത്തിന്റെ
ആദ്യത്തെ താളുകൾ, അതിന്റെ വിസ്മയം!
സമയമെടുത്തതു വായിക്കൂ,
വായിക്കാൻ ശേഷിച്ച ഭാഗത്തിന്റെ
കനം കുറയുന്നതെത്ര വേഗം!
വിയർപ്പിൽ കുളിച്ച മുഖത്താദ്യം തളിച്ച വെള്ളം!
പുത്തൻ കുപ്പായത്തിന്റെ പുതുമ.
ഹാ, പ്രണയത്തിന്റെ തുടക്കം!
തെന്നിമാറുന്ന നോട്ടം!
ഹാ, വേലയുടെ തുടക്കം!
തണുത്ത യന്ത്രത്തിൽ എണ്ണയൊഴിക്കൽ.
ജീവൻ വച്ചുണരുന്ന യന്ത്രത്തിന്റെ
ആദ്യസ്പർശവും ആദ്യത്തെ മുരളലും.
ശ്വാസകോശങ്ങളിൽ നിറയുന്ന
ആദ്യത്തെ സിഗാർപുക!
പിന്നെ നീയും,
നവീനാശയമേ!


ബ്രഹ്ത് - ഒരു ജർമ്മൻ മാതാവു പാടിയത്


എന്റെ മകനേ, ഞാൻ നിനക്കു സമ്മാനം തന്നതായിരുന്നു,
ആ തിളങ്ങുന്ന ബൂട്ടുകളും തവിട്ടുകുപ്പായവും.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നെങ്കിൽ
ഞാനൊരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തേനെ.

എന്റെ മകനേ, ഹിറ്റ്ലർസല്യൂട്ടു ചെയ്യാനന്നാദ്യമായി
നീ കൈ പൊക്കുന്നതു കണ്ടപ്പോൾ
അന്നെനിക്കറിയുമായിരുന്നില്ല
ആ സല്യൂട്ടു ചെയ്ത കൈകൾ ജീർണ്ണിച്ചുവീഴുമെന്ന്.

എന്റെ മകനേ, നിന്റെ ശബ്ദം പറയുന്നതു ഞാൻ കേൾക്കുന്നു:
വീരന്മാരുടെ വർഗ്ഗത്തെക്കുറിച്ചതു പറയുന്നു.
എനിക്കറിയുമായിരുന്നില്ല, ഞാനൂഹിച്ചില്ല, ഞാൻ കണ്ടതുമില്ല,
നീ ജോലി ചെയ്യുന്നതവരുടെ പീഡനമുറികളിലെന്ന്.

എന്റെ മകനേ, ഹിറ്റ്ലറുടെ വിജയഘോഷയാത്രയിൽ
നീ മാർച്ചു ചെയ്തു പോകുന്നതു കണ്ടപ്പോൾ
എനിക്കറിയുമായിരുന്നില്ല, ഇനിയൊരിക്കലും മടങ്ങിവരില്ല,
മാർച്ചു ചെയ്തു പോകുന്നവനെന്ന്..

എന്റെ മകനേ, നീയന്നെന്നോടു പറഞ്ഞു,
സ്വന്തം കാലിൽ നിൽക്കാൻ പോവുകയാണു നമ്മുടെ നാടെന്ന്.
എനിക്കറിയുമായിരുന്നില്ല, സ്വന്തം കാലിൽ നിൽക്കാൻ പോകുന്നത്
ചാരവും ചോരക്കറ പുരണ്ട കല്ലുകളും മാത്രമാണെന്ന്.

നീ നിന്റെ തവിട്ടുകുപ്പായം ധരിക്കുന്നതു ഞാൻ കണ്ടു;
ഞാനന്നതൊച്ചയെടുത്തു വിലക്കേണ്ടതായിരുന്നു.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നില്ല പക്ഷേ:
അതു നിന്റെ ശവക്കച്ചയാണെന്ന്.


തവിട്ടുകുപ്പായക്കാർ (Brown Shirts)- നാസി പാർട്ടിയുടെ അർദ്ധസൈനികവിഭാഗം. ഹിറ്റലറുടെ ഉയർച്ചയിൽ വലിയ പങ്കു വഹിച്ചു.


Thursday, March 28, 2013

ബ്രഹ്ത് - എന്റ പലായനത്തിന്റെ രണ്ടാമത്തെ വർഷത്തിൽ

Brechts-techniques

 


എന്റെ പലായനത്തിന്റെ രണ്ടാമത്തെ വർഷത്തിൽ
ഒരു പത്രത്തിൽ, ഒരു വിദേശഭാഷയിൽ ഞാൻ വായിച്ചു,
എനിക്കെന്റെ പൌരത്വം നഷ്ടമായെന്ന്.
നല്ലവരും മോശക്കാരുമായ മറ്റനേകം പേർക്കിടയിൽ
എന്റെ പേരു വായിച്ചപ്പോൾ
ഞാൻ ദുഃഖിതനായില്ല, സന്തുഷ്ടനുമായില്ല.
നാട്ടിൽത്തന്നെ തങ്ങിയവരുടെ ദുരവസ്ഥയെക്കാൾ മോശമാണ്‌
പലായനം ചെയ്തവരുടെ ദുരവസ്ഥയെന്നെനിക്കു തോന്നിയില്ല.


ബ്രഹ്ത് - ചതുപ്പ്

self_deception_lumen


നിത്യവും ഞാൻ കടന്നുപോകുന്ന വഴിക്കരികിലെ ചതുപ്പിൽ
നിസ്സഹായരായി മുങ്ങിത്താഴുന്ന പല സ്നേഹിതന്മാരെയും ഞാൻ കണ്ടു;
കൂട്ടത്തിൽ ഞാനേറ്റവുമധികം സ്നേഹിക്കുന്നവനെയും.

ഒരു പ്രഭാതം പോരുമായിരുന്നില്ല
ഒരു മുങ്ങിത്താഴൽ പൂർണ്ണമാവാൻ.
പലപ്പോഴും അതിനാഴ്ചകളെടുത്തു;
അതതിനെ ഇനിയും ഭയാനകവുമാക്കി.
ഇതിനകം എത്രയോ പേരെ വിഴുങ്ങിക്കഴിഞ്ഞ ആ ചതുപ്പിനെക്കുറിച്ച്
ഞങ്ങൾ നടത്തിയ ദീർഘസംഭാഷണങ്ങൾ ഞാനോർത്തു.

നിസ്സഹായനായി ഞാൻ അവനെ കണ്ടുനിന്നു,
കൊഴുത്തുതിളങ്ങുന്ന മിനുങ്ങുന്ന ചെളിയിൽ
അട്ടകളെക്കൊണ്ടു മൂടി അവൻ ചാരിക്കിടക്കുന്നു:
മുങ്ങിത്താഴുന്ന മുഖത്ത്
നിർവൃതിയുടെ
ബീഭത്സമായ മന്ദഹാസം.


ബ്രഹ്ത് - സി. എൻ എന്ന നടിക്കൊരുപദേശം

I463_Bertolt_Brecht_300x155_c_Barch_Bild_183-VV0-409-300_CC-BY-SA

ചെമ്പിന്റെ താമ്പാളത്തിൽ ഐസു പൊട്ടിച്ചിട്ട വെള്ളത്തിൽ
മേലു കഴുകൂ സഹോദരീ.
ജലത്തിനടിയിൽ കണ്ണുകൾ തുറന്നവയും കഴുകൂ.
പരുക്കൻ ടവലു കൊണ്ടു പിന്നെ ദേഹം തുടയ്ക്കൂ,
ഇഷ്ടപ്പെട്ടൊരു പുസ്തകത്തിലേക്കൊന്നു കണ്ണോടിക്കൂ.

സുന്ദരവും സഫലവുമായൊരു ദിവസത്തിന്‌
ഈ വിധം തുടക്കം കുറിക്കൂ.


Wednesday, March 27, 2013

ബ്രഹ്ത് - അജ്ഞാതനായ വിപ്ളവപ്പോരാളിയുടെ സ്മാരകശില

023p1_xlg.preview

 


അജ്ഞാതനായ വിപ്ളവപ്പോരാളി നിലം പതിച്ചു.
സ്വപ്നത്തിൽ ഞാനവന്റെ സ്മാരകശില കണ്ടു.

അതൊരു വെട്ടുകുഴിയിലായിരുന്നു.
അതെന്നു പറയാൻ രണ്ടു പാറക്കല്ലുകളേയുണ്ടായിരുന്നുള്ളു.
അതിലൊന്നും എഴുതിവച്ചിരുന്നുമില്ല.
രണ്ടിലൊന്നു പക്ഷേ എന്നോടിങ്ങനെ പറഞ്ഞു.

ഇവിടെക്കിടക്കുന്നവൻ, അതു പറഞ്ഞു,
മാർച്ചു ചെയ്തു പോയതൊരന്യനാടിനെയും കീഴടക്കാനായിരുന്നില്ല,
സ്വന്തം നാടിനെ കീഴടക്കാനായിരുന്നു.
എന്താണവന്റെ പേരെന്നൊരാൾക്കുമറിയില്ല.
ചരിത്രപുസ്തകങ്ങളിൽ പക്ഷേ,
അവനെ തോല്പിച്ചവരുടെ പേരുകൾ നിങ്ങൾക്കു വായിക്കാം.

ഒരു മനുഷ്യജീവിയെപ്പോലെ ജീവിക്കാനാഗ്രഹിച്ചുപോയി എന്നതിനാൽ
ഒരു കാട്ടുമൃഗത്തെപ്പോലെ അവൻ കൊല ചെയ്യപ്പെട്ടു.

അവന്റെ അന്ത്യവചനം ഒരു മന്ത്രിക്കലായിരുന്നു,
ഞെക്കിപ്പിടിച്ചൊരു തൊണ്ടയിൽ നിന്നാണവ വന്നതെന്നതിനാൽ;
തണുത്ത കാറ്റു പക്ഷേ സർവസ്ഥലത്തേക്കുമതിനെക്കൊണ്ടുപോയി,
തണുത്തു മരവിച്ച അനേകം മനുഷ്യരിലേക്ക്.


അമ്മയെനിക്കു ജീവൻ തന്നു

quechua-people




അമ്മയെനിക്കു ജീവൻ തന്നു
ഹാ!
ഒരു മഴമേഘത്തിനു നടുവിൽ
ഹാ!
മഴ പോലെ കരയട്ടെ ഞാനെന്നതിനായി
ഹാ!
മഴ പോലലയട്ടെ ഞാനെന്നതിനായി
ഹാ!
ഒരു വാതിൽക്കൽ നിന്നു മറ്റൊരു വാതിൽക്കലേക്ക്
ഹാ!
കാറ്റിലൊരു തൂവൽ പോലെ
ഹാ!



പെറു, ബൊളീവിയ ദേശങ്ങളിലെ ലിഖിതഭാഷയില്ലാത്ത ക്വെച്ചുവാ ജനതയുടെ ഒരു ഗാനം

ബ്രഹ്ത് - ജനങ്ങളുടെ അപ്പം

brecht_2

 


നീതി ജനങ്ങളുടെ അപ്പമാണ്‌.
ചിലപ്പോഴതു സുഭിക്ഷം, ചിലപ്പോഴതു ദുർലഭം.
ചിലപ്പോഴതിനു നല്ല രുചി, ചിലപ്പോഴതിനു കെട്ട രുചി.
അപ്പം ദുർലഭമാവുമ്പോൾ അതു വിശപ്പിനു കാരണമാവുന്നു.
അപ്പം കെട്ടതാവുമ്പോൾ അസംതൃപ്തിക്കതു കാരണമാവുന്നു.

കെട്ട നീതി വലിച്ചെറിയൂ
സ്നേഹമില്ലാതെ ചുട്ടെടുത്തതിനെ, അറിവില്ലാതെ കുഴച്ചെടുത്തതിനെ!
പൊറ്റ പിടിച്ചു നരച്ച, നിറവും മണവും കെട്ട നീതിയെ,
ഏറെ വൈകിയെത്തുന്ന കനച്ച നീതിയെ!

അപ്പം സമൃദ്ധവും സ്വാദിഷ്ടവുമാണെങ്കിൽ
മറ്റു വിഭവങ്ങളെന്തുമായിക്കോട്ടെ.
എല്ലാമൊരുപോലൊരുപാടുണ്ടാവണമെന്ന വാശി നമുക്കില്ല.
നീതിയുടെ അപ്പത്തിൽ നിന്നു കിട്ടും
നമുക്കു വേല മുഴുമിക്കാനുള്ള ബലം,
ആ വേല പിന്നെ സമൃദ്ധിയും നൽകും.

അന്നന്നത്തെ അപ്പം പോലെ അനിവാര്യം തന്നെ
അന്നന്നത്തെ നീതിയും.
ഒരു ദിവസം പലതവണ അതു വേണമെന്നും പറയാം.

രാവിലെ മുതൽ രാത്രി വരെ,
ജോലിയിൽ, വിനോദത്തിൽ.
വിനോദമായ ജോലിയിൽ.
ദുരിതകാലത്തും നല്ല കാലത്തും
ജനങ്ങൾക്കു വേണം നീതിയുടെ നിത്യാന്നം,
സമൃദ്ധമായത്, സമ്പുഷ്ടമായത്.

ഇത്രയും പരമപ്രധാനമാണു നീതി എന്ന അപ്പമെന്നിരിക്കെ
സുഹൃത്തുക്കളേ, ആരതു ചുട്ടെടുക്കും?

മറ്റേ അപ്പം ചുട്ടെടുക്കുന്നതാര്‌?

മറ്റേ അപ്പമെന്നപോലെ
നീതി എന്ന അപ്പവും
ജനങ്ങൾ തന്നെ ചുട്ടെടുക്കണം.

സമൃദ്ധമായി, സമ്പുഷ്ടമായി, ദിനം പ്രതി.


Tuesday, March 26, 2013

എഡ്വാർഡ് മോറിക്കെ - ആത്മാവേ, ഇതോർമ്മ വയ്ക്കൂ

Eduard_Mörike

 


ഒരു പൈൻമരമെങ്ങോ തളിരിടുന്നു,
ഏതു കാട്ടിനുള്ളിലെന്നാരു കണ്ടു?
ഒരു പനിനീർച്ചെടിയെങ്ങോ വളരുന്നു,
ഏതു പൂന്തോപ്പിലെന്നാരു കണ്ടു?
പറഞ്ഞുവച്ചിരിക്കുകയാണവയെ,
-എന്റെയാത്മാവേ, ഇതോർമ്മ വയ്ക്കൂ-
നിന്റെ കുഴിമാടത്തിൽ വേരിറക്കാൻ,
അവിടെ വളർന്നു നിറഞ്ഞുനിൽക്കാൻ.

രണ്ടു കരിങ്കുതിരക്കുട്ടികളതാ,
പുൽമേട്ടിൽ മേഞ്ഞുനിൽക്കുന്നു.
ഓജസ്സോടെ ചുവടും വച്ചവ
നാട്ടിലേക്കു മടങ്ങുകയായി.
എന്തു വിളംബത്തിലായിരിക്കുമെന്നോ,
നിന്റെ ജഡവും കൊണ്ടവ നടക്കുക.
തിളങ്ങുന്ന ലാടങ്ങളുറപ്പിച്ചും കഴിഞ്ഞു
അവയുടെ കുളമ്പുകളിലെന്നും വരാം.



എഡ്വാർഡ് ഫ്രീഡ്രിച്ച് മോറിക്കെ (1804-1875) - ജർമ്മൻ കാല്പനികകവി.

കാർലോ ദ്രുമോൻ ദെ അന്ദ്രാദെ - ക്വെഡ്രിൽ

images

 


ജോൺ തെരേസയെ പ്രേമിച്ചു
തെരേസ റെയ്മണ്ടിനെ പ്രേമിച്ചു
റെയ്മണ്ട് മേരിയെ പ്രേമിച്ചു
മേരി ജാക്കിനെ പ്രേമിച്ചു
ജാക്ക് ലില്ലിയെ പ്രേമിച്ചു
ലില്ലി ആരെയും പ്രേമിച്ചില്ല.
ജോൺ അമേരിക്കയിൽ പോയി,
തെരേസ മഠത്തിൽ ചേർന്നു
റെയ്മണ്ട് അപകടത്തിൽ മരിച്ചു
മേരി അവിവാഹിതയായിക്കഴിഞ്ഞു
ജാക്ക് ആത്മഹത്യ ചെയ്തു
ലില്ലി ജെ. പിന്റോ ഫെർണാണ്ടെസിനെ വിവാഹം ചെയ്തു
അയാൾ ഈ കഥയിൽ വരുന്നുമില്ല.


(ക്വെഡ്രിൽ - ഒരു നൃത്തരൂപം അല്ലെങ്കിൽ ഒരു ചീട്ടുകളി)

ബ്രഹ്ത് - വസന്തം സംബന്ധിച്ച്

3318431457_855f6aa440_z

link to image


വളരെപ്പണ്ട്
ഞങ്ങൾ എണ്ണയ്ക്കും ഇരുമ്പിനും അമ്മോണിയക്കും മേൽ
ചാടിവീഴുന്നതിനും മുമ്പ്
ഓരോ കൊല്ലവുമുണ്ടായിരുന്നു
മരങ്ങളിൽ ഇലകൾ പ്രചണ്ഡമായിത്തളിർത്തിരുന്ന ഒരു കാലം.
ഞങ്ങളിന്നുമോർമ്മിക്കുന്നു
നീളം വച്ച പകലുകൾ
തെളിമ കൂടിയ ആകാശം
കാറ്റിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റം
വന്നെത്തിയെന്നു തീർച്ചയായ വസന്തം.
ആ വിശ്രുതമായ ഋതുവിനെപ്പറ്റി
ഞങ്ങളിന്നും പുസ്തകങ്ങളിൽ വായിക്കാറുണ്ട്.
ഏറെക്കാലമായിരിക്കുന്നു പക്ഷേ,
ഞങ്ങളുടെ നഗരങ്ങൾക്കു മേൽ
ആ പേരു കേട്ട പറവപ്പറ്റങ്ങളെക്കണ്ടിട്ട്.
വസന്തം ആരുടെയെങ്കിലും കണ്ണിൽപ്പെടുന്നുണ്ടെങ്കിൽത്തന്നെ
അതു ട്രെയിൻ യാത്രക്കാർ മാത്രം.
സമതലദേശങ്ങളിൽ ഇന്നുമതിനെക്കാണാം
അതേ പഴയ തെളിച്ചത്തോടെ.
അങ്ങു മുകളിൽ, ശരി തന്നെ,
കൊടുങ്കാറ്റുകളുണ്ടെന്നു തോന്നാം:
അവ തൊടുന്നതു പക്ഷേ
ഞങ്ങളുടെ ആന്റിനകളിൽ.



Monday, March 25, 2013

ബ്രഹ്ത് - വിമർശനാത്മകമനോഭാവത്തെക്കുറിച്ച്

brecht15

 


നിഷ്ഫലമാണു വിമർശനാത്മകമനോഭാവമെന്ന്
പലരും കരുതുന്നു.
തങ്ങളുടെ വിമർശനത്തിനപ്രാപ്യമാണു ഭരണകൂടം
എന്നവർ കരുതുന്നതുകൊണ്ടാണങ്ങനെ.
ഇവിടെപ്പക്ഷേ നിഷ്ഫലമായ മനോഭാവമെന്നാൽ
ദുർബലമായ മനോഭാവമെന്നേ വരുന്നുള്ളു.
വിമർശനത്തിനായുധം കൊടുത്തു നോക്കൂ,
ഭരണകൂടങ്ങളെ തട്ടിനിരത്താനതു മതി.

ഒരു പുഴയ്ക്കു കനാലു വെട്ടുക
ഒരു ഫലവൃക്ഷം പതി വച്ചെടുക്കുക
ഒരാൾക്കു വിദ്യാഭ്യാസം കൊടുക്കുക
ഒരു ഭരണകൂടത്തെ മാറ്റിത്തീർക്കുക
സഫലമായ വിമർശനത്തിനു നിദർശനങ്ങളാണിതൊക്കെ
അതേ സമയം തന്നെ കലയുടെയും.


ബ്രഹ്ത് - പച്ച എന്ന മരത്തോട് പ്രഭാതത്തിൽ പറഞ്ഞത്

stock-footage-caribbean-seaside-house-with-coconut-tree-swaying-in-stormy-breeze-in-corn-island-nicaragua




1
പച്ചേ, നിന്നോടു ഞാൻ ക്ഷമ ചോദിക്കട്ടെ.
കൊടുങ്കാറ്റിന്റെ ഒച്ചപ്പാടു കാരണം
ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങിയതേയില്ല.
പുറത്തേക്കെത്തിനോക്കുമ്പോൾ നീ നിന്നാടുന്നതു ഞാൻ കണ്ടു,
മത്തു പിടിച്ചൊരു കുരങ്ങനെപ്പോലെ.
ഞാനതിനെക്കുറിച്ചെന്തോ പറയുകയും ചെയ്തു.

2
ഇന്നിതാ, ഇല കൊഴിഞ്ഞ നിന്റെ കൊമ്പുകളിൽ
സൂര്യൻ തിളങ്ങുന്നു.
ബാക്കിയായ ചില കണ്ണീർത്തുള്ളികൾ
നീ കുടഞ്ഞുകളയുന്നുമുണ്ട് പച്ചേ.
ഇന്നു നിനക്കു പക്ഷേ നിന്റെ വിലയെന്തെന്നറിയാം.
കഴുകന്മാർ നിന്റെ മേൽ കണ്ണു വച്ചിരുന്നു.
ഇന്നിപ്പോഴെനിക്കു മനസ്സിലാവുന്നു:
ഈ പ്രഭാതത്തിൽ നീ നടു നീർത്തി നിൽക്കുന്നുവെങ്കിൽ
അതു നിന്റെ മെയ് വഴക്കം കൊണ്ടു തന്നെ.

3
നിന്റെ ഈ വിജയം കാരണം ഇന്നെന്റെ അഭിപ്രായം ഇങ്ങനെ:
കെട്ടിടങ്ങൾക്കിടയിൽ ഞെരുങ്ങിക്കൊണ്ടെങ്കിലും
ഈ വിധം വളർന്നുനിൽക്കാൻ കഴിഞ്ഞെങ്കിൽ
അതൊരു ചെറിയ കാര്യമല്ലതന്നെ, പച്ചേ,
അതും ഇത്രയുമുയരത്തിൽ,
പോയ രാത്രിയിലെന്നപോലെ
കൊടുങ്കാറ്റു പിടിച്ചുലയ്ക്കുന്നത്ര ഉയരത്തിൽ.


Sunday, March 24, 2013

ബ്രഹ്ത് - ആത്മഹത്യയെക്കുറിച്ച് ഒരു ലിഖിതം

693px-Edouard_Manet_059

തന്നെത്താൻ കൊല്ലുകയെന്നത്
വളരെ നിസ്സാരമായ ഒരു സംഗതിയത്രെ.
നിങ്ങളുടെ വസ്ത്രം തിരുമ്പാൻ വരുന്ന സ്ത്രീയോട്
നിങ്ങൾക്കതിനെക്കുറിച്ചു തമാശ പറയാം.
അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച്
ഒരു സ്നേഹിതനുമായി ചർച്ച ചെയ്യാം.
ഒരു ദുരന്തബോധം പക്ഷേ, ഒഴിവാക്കേണ്ടതു തന്നെ,
അതിനി എത്ര ആകർഷകമായി തോന്നിയാലും.
അതൊരു വിശ്വാസപ്രമാണമാക്കണമെന്നുമില്ല.
പിന്നെ, സ്വയം വിശ്വസിപ്പിക്കാൻ നടത്തുന്ന
ചില പതിവു വാദങ്ങളുണ്ടല്ലോ:
എന്നും കിടക്കവിരി മാറ്റി തനിക്കു മടുത്തു എന്നോ,
തന്റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നുമൊക്കെ-
അതിൽ കുറച്ചുകൂടി കാര്യമുണ്ടെന്നു സമ്മതിക്കാം.
(അങ്ങനെയൊക്കെ നടക്കുമോയെന്നത്ഭുതപ്പെടുന്ന മാന്യജീവികൾ
അതിനെക്കുറിച്ചു രസം പിടിച്ചു സംസാരിച്ചുവെന്നുവരാം.)
അതെന്തുമാവട്ടെ,
തന്നെത്താൻ വിലകൂട്ടിക്കണ്ടു
എന്നൊരു ധാരണ പരക്കാതെ നോക്കുകതന്നെ വേണം.


link to image

അൽഫോൺസിനാ സ്റ്റോർണി - ഇനി ഞാനുറങ്ങട്ടെ

storni


പൂമൊട്ടുകൾ പല്ലുകൾ, മുടി മൂടാൻ മഞ്ഞുതുള്ളികൾ,
ചെടിച്ചില്ലകൾ കൈകൾ, പ്രകൃതീ, എനിക്കൊത്ത ധാത്രീ,
മണ്ണടരുകൾ കൊണ്ടു വിരിപ്പുകളെനിക്കായൊരുക്കൂ,
പന്നലും പായലും കൊണ്ടു പതുപതുത്തൊരു മെത്തയും.

എന്നെക്കൊണ്ടുപോയിക്കിടത്തൂ, ഇനി ഞാനുറങ്ങട്ടെ.
എന്റെ കട്ടിൽത്തലയ്ക്കലൊരു വിളക്കു വേണം,
ഒരു നക്ഷത്രമണ്ഡലമെങ്കിലതുമെനിക്കു ഹിതം:
രണ്ടിലേതായാലും തിരിയൊന്നു താഴ്ത്തിവയ്ക്കൂ.

ഇനിപ്പോകൂ: മൊട്ടുകൾ വിടരുന്നതെനിക്കു കേൾക്കാം...
ഒരു സ്വർഗ്ഗീയപാദം മുകളിൽ നിന്നെന്നെത്താരാട്ടുന്നു,
ഒരു പറവയെനിക്കായൊരു ചിത്രം വരയ്ക്കുന്നു...

എല്ലാം ഞാൻ മറക്കട്ടെ...നന്ദി. ഹാ, ഒരപേക്ഷ കൂടി:
ഇനിയുമയാൾ ഫോൺ ചെയ്താൽ പറഞ്ഞേക്കൂ,
ഇനി ശ്രമിക്കേണ്ടെന്ന്, ഞാൻ പൊയ്ക്കഴിഞ്ഞുവെന്ന്...


അല്ഫോൺസിനാ സ്റ്റോർണി (1892-1938)-  ഇറ്റാലിയൻ, സ്വിസ് ദമ്പതികളുടെ മകളായി സ്വിറ്റ്സർലന്റിൽ ജനിച്ച സ്പാനിഷ് കവയിത്രി. നാലാം വയസ്സു മുതൽ അർജന്റീനയിൽ. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താനായി പലതരം ജോലികൾ ചെയ്തു. സഞ്ചരിക്കുന്ന ഒരു നാടകസംഘത്തിൽ നടിയായി, അദ്ധ്യാപികയായി. 1912ൽ ഒരു മകൻ ജനിച്ചു. മകനോടൊപ്പം ബ്യൂണേഴ്സ് അയഴ്സിലേക്കു താമസം മാറ്റി. 1935ൽ സ്തനാർബുദത്തിനു ശസ്ത്രക്രിയ. 1938ൽ വീണ്ടും രോഗബാധ. ആ വർഷം ഒക്റ്റോബർ 25ന്‌ കടലിൽ ചാടി ആത്മഹത്യ ചെയ്തു. ഇത് അവരുടെ അവസാനത്തെ കവിത.


ബ്രഹ്ത് - ചോദ്യങ്ങൾ

brecht1

 


നിന്റെ വേഷമെന്താണെന്നെനിക്കെഴുതൂ. നിനക്കു ചൂടു കിട്ടുന്നുണ്ടോ?
നീ ഉറങ്ങുന്നതെങ്ങനെയാണെന്നെനിക്കെഴുതൂ. നിന്റെ കിടക്ക മൃദുവാണോ?
നീ കാണാനെങ്ങനെയുണ്ടെന്നെനിക്കെഴുതൂ. പണ്ടെപ്പോലെ തന്നെയാണോ നീ?
നിനക്കു നഷ്ടപ്പെടുന്നതെന്താണെന്നെനിക്കെഴുതൂ. അതെന്റ കൈത്തണ്ടയാണോ?

പറയൂ: അവർ നിന്നെ ശല്യപ്പെടുത്തുന്നുണ്ടോ?
പിടിച്ചുനിൽക്കാൻ നിനക്കാവുന്നുണ്ടോ?
അവരുടെ അടുത്ത നീക്കമെന്താവും?
നീയെന്തു ചെയ്യുന്നു? ചെയ്യേണ്ടതു തന്നെയാണോ അത്?
എന്തിനെക്കുറിച്ചാണു നിന്റെ ചിന്തകൾ? അതെന്നെക്കുറിച്ചാണോ?

ചോദ്യങ്ങളേ നിനക്കു നൽകാനെനിക്കുള്ളു.
ഉത്തരമെന്തായാലും ഞാനതെടുത്തോളാം,
മറ്റൊരു വഴിയില്ലെന്നതിനാൽ.
നീ തളർന്നാൽ നിന്നെത്താങ്ങാനെനിക്കാവില്ല,
നിനക്കു വിശന്നാൽ നിന്നെയൂട്ടാനെനിക്കാവില്ല.
ഈ ലോകത്തു ഞാനില്ലാത്ത പോലെയാണത്,
ഞാൻ ജനിച്ചിട്ടേയില്ലാത്ത പോലെയാണത്.
നിന്നെ ഞാൻ മറന്നപോലെയാണത്.

(പ്രവാസകാലകവിത)


മയക്കോവ്സ്കി - രാത്രിയിലൊരുമണി കഴിഞ്ഞിരിക്കുന്നു...



രാത്രിയില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു. നീ കിടന്നിട്ടുണ്ടാവണം.
രാത്രിയിൽ ക്ഷീരപഥം വെള്ളിയുരുക്കിയ പോലെ.
ഒരു തിടുക്കവുമെനിക്കില്ല; നിന്നെ ഞാനുണർത്തുകയില്ല,
എന്റെ കമ്പിസന്ദേശങ്ങള്‍ ഇടിമിന്നലുകളായി
നിന്റെ മേൽ വന്നു വീഴുകയുമില്ല.
ആളുകൾ പറയുമ്പോലെ, ആ കഥയ്ക്കൊരന്ത്യമായി.
ആവർത്തനവിരസമായ നിത്യജീവിതത്തിൽ തട്ടി
നമ്മുടെ പ്രണയനൌക മുങ്ങിത്താണുപോയി.
നമ്മുടെ വിഹിതങ്ങൾ തുല്യമാണിപ്പോൾ.
നാമന്യോന്യമേല്പിച്ച വേദനകൾ, യാതനകൾ, മുറിവുകൾ,
അവയുടെ പട്ടികയെടുത്തുനാം ഒത്തുനോക്കേണ്ടതുമില്ല.
ലോകമെന്തു പ്രശാന്തമാണെന്നു നോക്കൂ!
നക്ഷത്രങ്ങളുടെ വെള്ളിനാണയക്കണക്കിൽ
ആകാശത്തിനോടു രാത്രി കപ്പമെണ്ണിവാങ്ങുന്നു.
ഈദൃശമുഹൂർത്തങ്ങളിൽ നിങ്ങളുണർന്നു സംസാരിക്കുന്നു,
കാലത്തോട്, ചരിത്രത്തോട്, പ്രപഞ്ചത്തോടും.



(1930 ഏപ്രിൽ 14ന്‌ ആത്മഹത്യ ചെയ്യുമ്പോൾ മയക്കോവ്സ്കി എഴുതിവച്ച കവിത)


ചിത്രം- മയക്കോവ്സ്കിയുടെ ജഡത്തിനു മുന്നിൽ അമ്മ

Saturday, March 23, 2013

ബ്രഹ്ത് - ഒരു സ്മാരകശിലയും വേണമെന്നെനിക്കില്ല

brecht grave


ഒരു സ്മാരകശിലയും വേണമെന്നെനിക്കില്ല
വേണമെന്നാണു പക്ഷേ നിങ്ങൾക്കെങ്കിൽ
ഈ വാക്കുകളുണ്ടാവട്ടെയതിലെന്നാണെനിക്ക്:
അയാൾ നിർദ്ദേശങ്ങൾ വച്ചു.
ഞങ്ങൾ അവ നടപ്പിലാക്കി.
നമ്മെയേവരെയും ആദരിക്കും
അങ്ങനെയൊരു ലിഖിതം.



ബ്രഹ്ത് - ഒരു ചൈനീസ് സിംഹപ്രതിമയെക്കുറിച്ച്

images


ദുഷ്ടന്മാർ നിന്റെ നഖങ്ങളെ ഭയപ്പെടുന്നു
നല്ലവർ നിന്റെ ചാരുത ആസ്വദിക്കുന്നു
എന്റെ കവിതയെക്കുറിച്ചും
ഇതു പറഞ്ഞുകേൾക്കണമെന്നാണെനിക്ക്.



ബ്രഹ്ത് - രണ്ടു കവിതകൾ


ദേവതാരങ്ങൾ


പുലർച്ചനേരത്ത്
ദേവതാരങ്ങൾക്കു ചെമ്പിന്റെ നിറമാണ്‌.
ഞാനവയെ കണ്ടതങ്ങനെയായിരുന്നു
അര നൂറ്റാണ്ടു മുമ്പ്
രണ്ടു ലോകയുദ്ധങ്ങൾക്കു മുമ്പ്
ചെറുപ്പമായ കണ്ണുകളോടെ.

579070_598594773503148_1736053374_n


ഒരു സ്മാരകശിലയിൽ വായിച്ചത്



സ്രാവുകളിൽ നിന്നു ഞാനൊഴിഞ്ഞുമാറി
കടുവകളെ ഞാൻ നേരിട്ടു കൊന്നു
എന്നെ തിന്നുതീർത്തതു പക്ഷേ
മൂട്ടകളായിരുന്നു.


ബ്രഹ്ത് - എന്തിനെന്റെ പേരു പരാമർശിക്കപ്പെടണം?

brecht16


1
ഒരിക്കൽ ഞാൻ കരുതി:
ഞാൻ പാർക്കുന്ന കെട്ടിടങ്ങൾ തകർന്നുവീഴുകയും
ഞാൻ യാത്ര ചെയ്യുന്ന കപ്പലുകൾ ദ്രവിക്കുകയും ചെയ്യുന്ന
വിദൂരമായൊരു കാലത്ത്
അന്യരുടെ പേരുകൾക്കൊപ്പം
എന്റെ പേരും പരാമർശിക്കപ്പെടുമെന്ന്.

2
ഉപയോഗപ്രദമായവെ സ്തുതിച്ചവനല്ലേ ഞാൻ,
എന്റെ കാലത്ത് അധമമെന്നു കരുതിയവയെ?
സർവമതങ്ങൾക്കുമെതിരെ മല്ലു പിടിച്ചവനല്ലേ ഞാൻ,
ചൂഷണത്തിനെതിരെ പൊരുതിയവനല്ലേ ഞാൻ?
ഇവയല്ലെങ്കിൽ മറ്റൊരു കാരണത്താൽ?

3
ജനങ്ങളുടെ പക്ഷം ചേരുകയും
സർവതും അവരിൽ വിശ്വസിച്ചേല്പിക്കുക വഴി
അവരെ ബഹുമാനിക്കുകയും ചെയ്തവനല്ലേ ഞാൻ?
കവിതകളെഴുതി ഭാഷയെ പുഷ്ടിപ്പെടുത്തിയവനല്ലേ ഞാൻ?
പ്രായോഗികമായി പെരുമാറേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചവനല്ലേ ഞാൻ?
ഇവയല്ലെങ്കിൽ മറ്റൊരു കാരണത്താൽ?

4
അതിനാൽ ഞാൻ കരുതി
എന്റെ പേരും പരാമർശിക്കപ്പെടുമെന്ന്;
എന്റെ പേരെഴുന്നുനിൽക്കും ഒരു ശിലയിലെന്ന്,
പുസ്തകങ്ങളിൽ നിന്നു പുതിയ പുസ്തകങ്ങളിലേക്ക്
എന്റെ പേരച്ചടിക്കപ്പെടുമെന്ന്.

8
ഇന്നു പക്ഷേ
അതു മറക്കപ്പെടുമെന്നതു ഞാൻ സമ്മതിക്കുന്നു.
അപ്പം മതിയായത്രയുണ്ടെങ്കിൽ
അപ്പക്കാരനെവിടെയെന്നെന്തിനു തിരക്കണം?
പുതിയ മഞ്ഞുവീഴ്ചകൾ ആസന്നമാണെങ്കിൽ
അലിഞ്ഞുപോയ പഴയ മഞ്ഞിനെ എന്തിനു സ്തുതിക്കണം?
ഒരു ഭാവികാലമുണ്ടെങ്കിൽ
എന്തിനൊരു ഭൂതകാലം?

6
എന്തിനെന്റെ പേരു പരാമർശിക്കപ്പെടണം?


Friday, March 22, 2013

ബ്രഹ്ത് - പഠിതാവ്

The_Crow_and_the_Pitcher

 


ആദ്യം ഞാൻ പൂഴിയിൽ പണിതു,
പിന്നെ ഞാൻ പാറയിൽ പണിതു.
പാറ ഇടിഞ്ഞുതാണപ്പോൾ
പിന്നെ ഞാനൊന്നിലും പണിയാതെയായി.
പിന്നെയും ഞാൻ പണിതിരുന്നു,
പാറയിലും പൂഴിയിലും,
കിട്ടിയതേതോ അതിൽ;
പക്ഷേ ഞാൻ പാഠം പഠിച്ചിരുന്നു.

ഞാൻ കത്തേല്പിച്ചവർ
അതെടുത്തു ദൂരെക്കളഞ്ഞു.
എന്നാൽ ഞാൻ ഗൌനിക്കാതെ വിട്ടവരോ,
അതെടുത്തെനിക്കു തന്നു.
അതു വഴി ഞാൻ പഠിച്ചു.

ഞാൻ ഉത്തരവിട്ടതു നടപ്പിലായില്ല.
വന്നുചേർന്നപ്പോൾ ഞാൻ കണ്ടു,
എന്റെ ഉത്തരവു തെറ്റായിരുന്നുവെന്ന്.
ശരിയായതു ചെയ്തുകഴിഞ്ഞിരുന്നുവെന്ന്.
അതിൽ നിന്നു ഞാൻ പഠിച്ചു.

മുറിപ്പാടുകൾ നോവിക്കും
ഇന്നവ തണുത്തും പോയിരിക്കുന്നു.
പക്ഷേ ഞാൻ പലപ്പോഴുമെന്നപോലെ പറഞ്ഞിരിക്കുന്നു:
കുഴിമാടമേ കാണൂ,
എന്നെ ഒന്നും പഠിപ്പിക്കാനില്ലാത്തതായി.



Saturday, March 16, 2013

ഹീനേ - മത്സ്യകന്യകമാരേ...

385px-Leighton-The_Fisherman_and_the_Syren-c._1856-1858
link to image



മത്സ്യകന്യകമാരേ, മനോഹരികളേ,
ഈ കരയിലേക്കു തുഴഞ്ഞടുക്കൂ,
വരൂ, എന്റെയരികിൽ വന്നിരിക്കൂ,
കൈയിൽ കൈ കോർത്തു നമുക്കിരിക്കാം.


അധൈര്യവതികളാവരുതേ നിങ്ങൾ,
എന്റെ നെഞ്ചിൽ തല ചായ്ക്കൂ;
ആ കടൽക്കിരാതന്റെ നെഞ്ചിൽ ചായുന്നതല്ലേ
ധൈര്യത്തോടെ നിത്യവും നിങ്ങൾ?


എന്റെ നെഞ്ചുമക്കടലു പോലെ തന്നെ:
അതിലുണ്ടതിന്റെ കാറും കോളും ഏറ്റിറക്കങ്ങളും,
അടിത്തട്ടിലതിലടങ്ങുന്നല്ലോ
മനോഹരമായ മുത്തുമണികളെത്രയോ.



Thursday, March 7, 2013

ഹാഫിസ് - സൂര്യനൊരിക്കലും പറയില്ല

 

images


ഇക്കാലമത്രയും കഴിഞ്ഞിട്ടും
സൂര്യനൊരിക്കലും
ഭൂമിയോടു പറഞ്ഞിട്ടില്ല,
നീയെനിക്കിത്ര കടമുണ്ടെന്ന്.

അതുമാതിരിയൊരു പ്രണയത്തിന്റെ
പരിണതിയെന്തെന്നു നോക്കൂ.
അതു മാനമാകെത്തിളക്കുന്നു.


Wednesday, March 6, 2013

നെരൂദ - കുഞ്ഞിനെ കുളിപ്പിക്കൽ

“The Child’s Bath,” Mary Cassatt. 1893

“The Child’s Bath,” Mary Cassatt. 1893


ഭൂമിയിലെ ഏറ്റവും പ്രാചീനമായ സ്നേഹം തന്നെ വേണം
കുഞ്ഞുങ്ങളുടെ കോലത്തെ കഴുകിയെടുക്കാൻ, കോതിയൊരുക്കാൻ,
കാലടികളുടെയും മുട്ടുകളുടെയും വളവു തീർക്കാൻ.
ജലമുയരുന്നു സോപ്പു വഴുതുന്നു
പൂക്കളുടെയും മാതൃത്വത്തിന്റെയും സുഗന്ധം നുകരാൻ
ആദിമശുദ്ധി പൂണ്ട ശരീരം വെളിവാകുന്നു.

ഹാ, നിശിതമായ ജാഗ്രത,
മാധുര്യമൂറുന്ന കൌശലം,
ഇളംചൂടുള്ള മല്പിടുത്തം!

ഇപ്പോഴതിന്റെ തലമുടി
ഊറയ്ക്കിടാത്ത തോലു പോലെ,
അതിൽ കെട്ടുപിണഞ്ഞുകിടക്കുന്നു
കരിക്കട്ടയും അറുക്കപ്പൊടിയും എണ്ണയും
മാറാലയും കമ്പികളും ഞണ്ടുകളും;
ഒടുവിൽ സ്നേഹം ക്ഷമയോടെ,
ക്ഷമയോടെ
തൊട്ടിയും ചകിരിയുമെടുക്കുന്നു,
ചീർപ്പും തോർത്തുമൊരുക്കുന്നു,
ഒടുവിൽ ഉരയ്ക്കലും കോതലും
സുഗന്ധതൈലവും പ്രാചീനസന്ദേഹങ്ങളും കഴിഞ്ഞ്
കുഞ്ഞു പുറത്തുവരുന്നു.
ഇനിയതിന്‌ ഇതിനെക്കാൾ വെടിപ്പാകാനില്ല.
പിന്നെയുമത് അമ്മയുടെ കൈകളിൽ നിന്നോടിയിറങ്ങുന്നു,
തന്റെ കൊടുങ്കാറ്റിൽ പിടിച്ചുകയറാനോടുന്നു,
ചെളിയും എണ്ണയും മൂത്രവും മഷിയും തേടിപ്പോകുന്നു,
കല്ലുകളിൽ തട്ടിവീണു മുറിപ്പെടാൻ പോകുന്നു.
അങ്ങനെ കുളിപ്പിച്ചെടുത്ത കുഞ്ഞ് ജീവിതത്തിലേക്കു കുതിക്കുന്നു.
പിന്നെയതിനു വൃത്തിയായിട്ടിരിക്കാനല്ലാതെ നേരമുണ്ടാവില്ലല്ലോ,
അപ്പോൾ പക്ഷേ അതിനു ജീവനുമുണ്ടാവില്ലല്ലോ.


TO WASH A CHILD
by Pablo Neruda

Only the most ancient love on earth
will wash and comb the statue of the children,
straighten the feet and knees.
The water rises, the soap slithers,
and the pure body comes up to breathe
the air of flowers and motherhood.

Oh, the sharp watchfulness,
the sweet deception,
the lukewarm struggle!

Now the hair is a tangled
pelt criscrossed by charcoal,
by sawdust and oil,
soot, wiring, crabs,
until love, in its patience,
sets up buckets and sponges,
combs and towels,
and, out of scrubbing and combing, amber,
primal scrupulousness, jasmines,
has emerged the child, newer still,
running from the mother’s arms
to clamber again on its cyclone,
go looking for mud, oil, urine and ink,
hurt itself, roll about on the stones.
Thurs, newly washed, the child springs into life,
for later, it will have time for nothing more
than keeping clean, but with the life lacking.


നാസിം ഹിക്മെത് - എന്റെ ശവസംസ്കാരം

Nazim_Hikmet_Mahkum

 


എന്റെ ശവസംസ്കാരം തുടങ്ങുക താഴെ നമ്മുടെ മുറ്റത്തു നിന്നാവുമോ?
എങ്ങനെയാണു നിങ്ങളെന്റെ ശവപ്പെട്ടി മൂന്നു നിലകൾ താഴേക്കിറക്കുക?
ലിഫ്റ്റിലേക്കതു കയറുകയില്ല,
കോണിപ്പടികൾ ഏറെയിടുങ്ങിയതും.

മുറ്റത്തു മുട്ടോളമുണ്ടായെന്നു വരാം വെയിലും അരിപ്രാവുകളും,
വായുവിൽ കലരുന്നുണ്ടാവാം മഞ്ഞും കുട്ടികളുടെ കൂക്കും,
തറക്കല്ലുകളിൽ മഴ തിളങ്ങുന്നുണ്ടാവാം,
കുപ്പത്തൊട്ടികൾ പതിവുപോലെ നിറഞ്ഞുകവിയുന്നുണ്ടാവാം.

ഇവിടത്തെ ആചാരമനുസരിച്ചു ശവപ്പെട്ടിയിൽ മാനം നോക്കി മലർന്നുകിടന്നാണു ഞാൻ പോകുന്നതെങ്കിൽ
ഒരു പ്രാവെന്റെ നെറ്റി മേലെന്തെങ്കിലും കൊത്തിയിട്ടുവെന്നുവരാം, എന്റെ ഭാഗ്യത്തിനായി.
ബാന്റുമേളക്കാരുണ്ടായാലുമില്ലെങ്കിലും കുട്ടികൾ അടുത്തുകൂടിയെന്നുവരാം,
കുട്ടികൾക്കിഷ്ടമാണു ശവസംസ്കാരങ്ങൾ.

അടുക്കളയുടെ ജനാല ഞാൻ പോകുന്നതുറ്റുനോക്കിയിരിക്കും,
മട്ടുപ്പാവിൽ തോരയിട്ട തുണികൾ കൈ വീശി എന്നെ യാത്രയയക്കും,
നിങ്ങൾക്കൂഹിക്കാനാവില്ല എത്ര സന്തുഷ്ടനായിരുന്നു ഞാനിവിടെയെന്ന്,
സ്നേഹിതരേ, ഞാൻ നിങ്ങൾക്കാശംസിക്കട്ടെ, ദീർഘവും സന്തുഷ്ടവുമായൊരു ജീവിതം.


Tuesday, March 5, 2013

നാസിം ഹിക്മെത് - ഇന്നു ഞായറാഴ്ച

jmardin_nhikmet5

link to image


ഇന്നു ഞായറാഴ്ച.
ഇതാദ്യമായി അവരെന്നെ
തടവറയ്ക്കു പുറത്തേക്കിറക്കി.
ജീവിതത്തിലിതാദ്യമായി
ഞാൻ ആകാശം നോക്കിനിന്നു;
ഞാനത്ഭുതപ്പെട്ടു,
എത്രയകലെയാണതെന്ന്,
എത്ര നീലയാണതെന്ന്,
എത്ര വിശാലമാണതെന്ന്.
നിശ്ചേഷ്ടനായി
ഞാൻ നോക്കിനിന്നു,
പിന്നെ ചുമരിൽ ചാരി
ഭക്തിയോടെ ഞാനാ കരിമണ്ണിലിരുന്നു.
ഇപ്പോഴെന്റെ ചിന്തയിലേയില്ല മരണം,
എന്റെ ചിന്തയിലില്ല സ്വാതന്ത്ര്യം,
എന്റെ ഭാര്യയും.
ഭൂമി, സൂര്യൻ, പിന്നെ ഞാനും...
തൃപ്തനാണു ഞാൻ.

(1938)


നാസിം ഹിക്മെത് - നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ

hikmet

 


മറിയം ദൈവത്തിനു ജന്മം കൊടുത്തിട്ടില്ല.
മറിയം ദൈവത്തിനമ്മയുമല്ല.
മറിയം അനേകമമ്മമാരിലൊരമ്മ മാത്രം.
മറിയം ഒരു പുത്രനു ജന്മം കൊടുത്തു,
അവൻ അനേകം പുത്രന്മാർക്കിടയിൽ ഒരു പുത്രൻ.
അതിനാലത്രേ ചിത്രങ്ങളിൽ മറിയം ഇത്ര മനോഹരിയായത്,
അതിനാലത്രേ മറിയത്തിന്റെ പുത്രൻ നമുക്കിത്രയ്ക്കടുത്തവനായതും,
നമ്മുടെ സ്വന്തം പുത്രന്മാരെപ്പോലെ.

നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ
നമ്മുടെ നോവുകളെഴുതിവച്ച പുസ്തകങ്ങൾ..
നമ്മുടെ വേദനകൾ, നമ്മുടെ സ്ഖലിതങ്ങൾ, നാം ചിന്തിയ രകതം
അവ കൊഴുച്ചാലുകൾ കീറുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ.
നമ്മുടെ ആനന്ദങ്ങൾ പ്രതിഫലിക്കുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ,
തടാകങ്ങളിൽ വീണു തിളങ്ങുന്ന പ്രഭാതങ്ങൾ പോലെ.

നാം സ്നേഹിക്കുന്ന സ്ത്രീകളുടെ മുഖങ്ങളിൽ കാണാം,
നാം മനസ്സിൽ വിരിയിക്കുന്ന ഭാവനകൾ.
നമുക്കതു കണ്ണില്പെട്ടാലുമില്ലെങ്കിലും,
നമുക്കു മുന്നിലവയുണ്ട്,
നമ്മുടെ യാഥാർത്ഥ്യങ്ങളോടത്രയുമടുത്തായി,
അവയിൽ നിന്നത്രയകലെയായും.


നാസിം ഹിക്മെത് (1902-1963)- കമ്യൂണിസ്റ്റായ ടർക്കിഷ് കവിയും നാടകകൃത്തും നോവലിസ്റ്റും.



The Faces of Our Women

Mary didn't give birth to God.
Mary isn't the mother of God.
Mary is one mother among many mothers.
Mary gave birth to a son,
a son among many sons.
That's why Mary is so beautiful in all the pictures of her.
That's why Mary's son is so close to us, like our own sons.

The faces of our women are the book of our pains.
Our pains, our faults and the blood we shed
carve scars on the faces of our women like plows.

And our joys are reflected in the eyes of women
like the dawns glowing on the lakes.

Our imaginations are on the faces of women we love.
Whether we see them or not, they are before us,

closest to our realities and furthest.

Monday, March 4, 2013

ഷാക് പ്രവേർ - സമയനഷ്ടം

images

 


ഫാക്റ്ററിപ്പടിക്കലെത്തുമ്പോൾ
തൊഴിലാളി പെട്ടെന്നു നിൽക്കുന്നു
സുന്ദരമായ കാലാവസ്ഥ അയാളുടെ ഷർട്ടിൽ പിടിച്ചു നിർത്തിയതായിരുന്നു
അയാൾ തിരിഞ്ഞുനിന്നു നോക്കുമ്പോൾ
ഉയരത്തിൽ ആകെയുരുണ്ടും ആകെച്ചുവന്നും സൂര്യൻ
അയാളെ നോക്കി മന്ദഹസിക്കുകയാണത്
പരിചയഭാവത്തിൽ കണ്ണിറുക്കിക്കാണിക്കുകയാണ്‌
അല്ല സൂര്യൻസഖാവേ
തനിക്കു തോന്നുന്നില്ലേ
എന്തു മാരകനഷ്ടമാണതെന്ന്
ഇതുപോലൊരു ദിവസം
മുതലാളിക്കു കൊണ്ടു കൊടുക്കുകയെന്നാൽ?


ഷാക് പ്രവേർ - ഉദ്യാനം

7414244692_8a69278296_z


കോടിക്കോടി വർഷങ്ങൾ ചേർന്നാലും
മതിയാവില്ല
നിത്യതയുടെ ഒരു നിമിഷത്തെക്കുറിച്ചു
പറയാൻ
മഞ്ഞുകാലവെളിച്ചം വീഴുന്ന
ഒരു പുലരിയിൽ
പാരീസിലെ മങ്ങ്സൂറി പാർക്കിൽ വച്ച്
നീയെന്നെപ്പുണർന്ന നിമിഷം
ഞാൻ നിന്നെപ്പുണർന്ന നിമിഷം
പാരീസിൽ
ഭൂമിയിൽ
ഒരു നക്ഷത്രമായ ഈ ഭൂമിയിൽ


ഷാക് പ്രവേർ - പൂക്കടയിൽ

prevert1

 


ഒരാൾ പൂക്കടയിൽ കയറിച്ചെല്ലുന്നു
ചില പൂക്കൾ നോക്കിയെടുക്കുന്നു
പൂക്കാരി അതു പൊതിഞ്ഞുകൊടുക്കുന്നു
പണമെടുക്കാനായി
പൂവിന്റെ വില കൊടുക്കാനായി
അയാൾ പോക്കറ്റിൽ കൈയിടുമ്പോൾ
ആ നേരം തന്നെ അയാൾ
നെഞ്ചത്തു കൈ വയ്ക്കുന്നു
താഴെ ചടഞ്ഞുവീഴുന്നു

അയാൾ താഴെ വീഴുമ്പോൾത്തന്നെ
നാണയങ്ങൾ തറയിലേക്കുരുണ്ടുവീഴുന്നു
പൂക്കൾ താഴെ വീഴുന്നു
ആ മനുഷ്യനൊപ്പം
ആ പൂക്കൾക്കൊപ്പം
പൂക്കാരി നിന്നുപോകുന്നു
നാണയങ്ങളുരുളുമ്പോൾ
പൂക്കൾ വീഴുമ്പോൾ
അയാൾ മരിക്കുമ്പോൾ
എത്ര ദാരുണമാണിതൊക്കെ
അവർ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു
ആ പൂക്കാരി
പക്ഷേ അവർക്കറിയുന്നില്ല
എന്തു ചെയ്യണമെന്ന്
അവർക്കറിയുന്നില്ല
എവിടെത്തുടങ്ങണമെന്ന്
അത്രയൊക്കെച്ചെയ്യാനിരിക്കുന്നു
ആ മനുഷ്യൻ മരിക്കുമ്പോൾ
ആ പൂക്കൾ നശിക്കുമ്പോൾ
ആ നാണയങ്ങൾ
അവ നിലയ്ക്കാതുരുളുമ്പോൾ


The flower shop

A man enters a flower shop
and decides on some flowers
the florist wraps them up
as the man puts his hand into his pocket
to find the money,
the money to pay for the flowers
but at the same time
suddenly
he places a hand over his heart
and falls
As he falls
the money rolls around on the floor
and the flowers fall
with the man
with the money
and the florist stands there
as the money rolls
as the flowers ruin
as the man dies
it's obviously all very sad
and she really should do something
this florist
but she doesn't know how to go about it
she doesn't know
where to start
There are so many things to do
for this dying man
these ruining flowers
and this money
this rolling money
that won't stop


Sunday, March 3, 2013

ഷാക് പ്രവേർ - ഇടുങ്ങിയ നേർവഴി

images

 

ഓരോ മൈലു ചെല്ലുന്തോറും
ഓരോ വർഷവും
മുഖമടഞ്ഞ കിഴവന്മാർ
കുട്ടികൾക്കു വഴി ചൂണ്ടിക്കൊടുക്കുന്നു
കട്ടിക്കോൺക്രീറ്റിന്റെ ചേഷ്ടകളുമായി


link to image

ഷാക് പ്രവേർ - പ്രഭാതഭക്ഷണം

dejeunerdumatin

 


അയാൾ കപ്പിൽ
കാപ്പി പകർന്നു
കാപ്പി പകർന്ന കപ്പിൽ
അയാൾ പാലു ചേർത്തു
പാലൊഴിച്ച കാപ്പിയിൽ
അയാൾ പഞ്ചസാരയിട്ടു
ചെറിയ കരണ്ടി കൊണ്ട്
അയാളതിളക്കി
അയാൾ കാപ്പി കുടിച്ചു
പിന്നെ കപ്പു താഴെ വച്ചു
എന്നോടൊരു വാക്കു പറയാതെ
അയാൾ ഒരു സിഗററ്റിനു
തീ കൊളുത്തി
വലയങ്ങളായി
അയാൾ പുകയൂതിവിട്ടു
ആഷ്ട്രേയിലേക്ക്
അയാൾ ചാരം തട്ടിയിട്ടു
എന്നോടൊരു വാക്കു പറയാതെ
എന്നെയൊന്നു നോക്കാതെ
അയാൾ എഴുന്നേറ്റു
തലയിൽ തൊപ്പിയെടുത്തു വച്ചു
മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ
ഒരു മഴക്കോട്ടെടുത്തിട്ടു
എന്നിട്ടയാൾ ഇറങ്ങിപ്പോയി
ആ മഴയത്ത്
എന്നോടൊരു വാക്കു പറയാതെ
എന്നെയൊന്നു നോക്കാതെ
കൈകളിൽ മുഖം പൂഴ്ത്തി
ഞാൻ കരഞ്ഞു.


Breakfast

He poured the coffee
Into the cup
He put the milk
Into the cup of coffee
He put the sugar
Into the coffee with milk
With a small spoon
He churned
He drank the coffee
And he put down the cup
Without any word to me
He emptied the coffee with milk
And he put down the cup
Without any word to me
He lighted
One cigarette
He made circles
With the smoke
He shook off the ash
Into the ashtray
Without any word to me
Without any look at me
He got up
He put on
A hat on his head
He put on
A raincoat
Because it was raining
And he left
Into the rain
Without any word to me
Without any look at me
And I buried
My face in my hands
And I cried


ഷാക് പ്രവേർ - പൂച്ചെണ്ട്

Alfons_Mucha_-_1896_-_Spring


നീയെന്തു ചെയ്യുന്നു പെൺകുട്ടീ
ഇറുത്തെടുത്ത പുതുപൂക്കളുമായി
നീയവിടെയെന്തു ചെയ്യുന്നു യുവതീ
ആ പൂക്കൾ ഉണങ്ങിയ പൂക്കളുമായി
നീയെന്തു ചെയ്യുന്നു സ്ത്രീയേ
ആ വാടിയ പൂക്കളുമായി
നീയവിടെയെന്തു ചെയ്യുന്നു കിഴവീ
ആ കരിയുന്ന പൂക്കളുമായി

ഞാൻ വിജയിയെ കാത്തുനിൽക്കുന്നു.


ഷാക് പ്രവേർ - കാരാഗൃഹം സൂക്ഷിപ്പുകാരൻ പാടിയത്

images

സുന്ദരനായ കാരാഗൃഹം സൂക്ഷിപ്പുകാരാ താനെവിടെയ്ക്കു പോകുന്നു
ആ ചോര പുരണ്ട ചാവിയുമായി
ഞാൻ സ്നേഹിക്കുന്നവളെ തുറന്നുവിടാനായി ഞാൻ പോകുന്നു
അതിനിനിയും നേരം വൈകിയിട്ടില്ലെങ്കിൽ
ആർദ്രതയോടെ ക്രൂരതയോടെ
എന്റെ നിഗൂഢമായ അഭിലാഷങ്ങളിൽ
എന്റെ നോവിന്റെ കയങ്ങളിൽ
ഭാവിയെക്കുറിച്ചുള്ള വ്യാജങ്ങളിൽ
പ്രതിജ്ഞകളുടെ വിഡ്ഢിത്തങ്ങളിൽ
ഞാൻ അടച്ചിട്ടവളെ
അവളെ മോചിപ്പിക്കാനായി ഞാൻ പോകുന്നു
അവൾ സ്വതന്ത്രയാവട്ടെയെന്നാണെനിക്ക്
വേണമെങ്കിലെന്നെ മറന്നോട്ടെയെന്നും
എന്നെ വിട്ടു പോകട്ടെയെന്നും
തിരിയെ വന്നോട്ടെയെന്നും
പിന്നെയുമെന്നെ സ്നേഹിച്ചോട്ടെയെന്നും
ഇനി മറ്റൊരാളെയവൾക്കിഷ്ടമായെങ്കിൽ
അയാളെ സ്നേഹിച്ചോട്ടെയെന്നും
ഞാനിവിടെ ഏകനാവുകയാണെങ്കിൽ
അവളെന്നെ വിട്ടു പോവുകയാണെങ്കിൽ
ഞാനിതു മാത്രമേ സൂക്ഷിക്കൂ
എന്നുമെന്നുമിതു മാത്രമേ സൂക്ഷിക്കൂ
എന്റെ കുഴിഞ്ഞ രണ്ടു കൈകൾക്കുള്ളിൽ
എന്റെ നാളുകളൊടുങ്ങുവോളം
പ്രണയം കടഞ്ഞെടുത്ത അവളുടെ മാറിടത്തിന്റെ മാർദ്ദവം


Jailer’s Song

Where are you going handsome jailer
With that key covered in blood
I am going to release the one that I love
If there is still time
And who I locked up
Tenderly cruelly
At the greatest secret of my desire
At the height of my torment
In the lies of the future
In the stupidity of vows
I am going to release her
I want her to be free
And also to forget me
And also to leave me
And also to come back
And to love me again
Or to love another
If another pleases her
And if I stay here alone
And she leaves
I will only keep
I will always keep
In the hollows of my two hands
Until the end of days
The softness of her breasts sculpted by love.

Saturday, March 2, 2013

ഷാക് പ്രവേർ - ഒരു ശവമടക്കിനു പോകുന്ന വഴി രണ്ടൊച്ചുകൾ പാടിയ പാട്ട്

article-1391497-0C4D961800000578-561_468x287

 


ഒരു കരിയിലയുടെ ശവമടക്കിനു പോവുകയായിരുന്നു രണ്ടൊച്ചുകൾ
ഓട്ടികൾക്കു മേലവർ കറുത്ത കുപ്പായം പുതച്ചിരുന്നു
കൊമ്പുകളിലവർ കറുത്ത ക്രേപ്പു ചുറ്റിയിരുന്നു
ഒരു സായാഹ്നത്തിലവർ യാത്ര പുറപ്പെട്ടു
അതിമനോഹരമായൊരു ശരൽക്കാലസായാഹ്നം
കഷ്ടം, അവരവിടെയെത്തിയപ്പോൾ
വസന്തമായിക്കഴിഞ്ഞിരുന്നു
മരിച്ചുവീണ ഇലകൾ ഉയിർത്തെഴുന്നേറ്റുകഴിഞ്ഞിരുന്നു
എത്രമേൽ നിരാശരായില്ല ആ രണ്ടൊച്ചുകൾ
ആ നേരത്തല്ലേ സൂര്യൻ, സൂര്യനവരോടു പറയുന്നു-
“അല്പനേരമിരുന്നു ശോകമാറ്റൂ
ഹൃദയം വിരോധമൊന്നും പറയുന്നില്ലെങ്കിൽ
ഒരു ഗ്ളാസ്സു ബിയറു കഴിക്കൂ
വിരോധമില്ലെങ്കിൽ പാരീസിലേക്കുള്ള ബസ്സു പിടിക്കൂ
ഇന്നു രാത്രിയിലതു പുറപ്പെടും
നിങ്ങൾക്കു കാഴ്ചകൾ കാണാം
ശോകവും കൊണ്ടു കാലം കളയേണ്ട
ഞാനാണു പറയുന്നത്
അതു നിങ്ങളുടെ കണ്ണുകളുടെ വെള്ള കറുപ്പിക്കും
നിങ്ങളുടെ സൌന്ദര്യം കളയും
സുഖമുള്ളതല്ല ശവക്കുഴി പറയുന്ന കഥകൾ കേൾക്കാൻ
വീണ്ടുമെടുത്തു ധരിക്കൂ നിങ്ങളുടെ നിറങ്ങൾ
ജീവിതത്തിന്റെ നിറങ്ങൾ“
അപ്പോൾ ഒച്ചയെടുത്തു പാടാൻ തുടങ്ങി
മൃഗങ്ങളും മരങ്ങളും ചെടികളും
അതു ജീവന്റെ ഗാനം വേനലിന്റെ നേരുള്ള ഗാനം
പിന്നെയെല്ലാവരും മോന്തി
അന്യോന്യം പാനോപചാരം ചൊല്ലി
അതൊരുജ്ജ്വലമായ സായാഹ്നമായിരുന്നു
ഉജ്ജ്വലമായൊരു ഗ്രീഷ്മസായാഹ്നം
പിന്നെ ഒച്ചുകൾ രണ്ടും നാട്ടിലേക്കു മടങ്ങി
അവർ വികാരഭരിതരായിരുന്നു
അവർ സന്തുഷ്ടരായിരുന്നു
അത്രയ്ക്കവർ കുടിച്ചിരുന്നു
അവരൊന്നു വേച്ചുമിരുന്നു
അവർക്കപായമൊന്നും വരാതെനോക്കാൻ
ആകാശത്തു ചന്ദ്രനുമുണ്ടായിരുന്നു



Song of the snails on their way to a funeral


Two snails were going to the funeral of a dead leaf.
Their shells were shrouded in black,
and they had wrapped crepe around their horns.
They set out in the evening,
one glorious autumn evening.
Alas, when they arrived
it was already spring.
The leaves who once were dead
had all sprung to life again.
The two snails were very disappointed.
But then the sun, the sun said to them,
"Take the time to sit awhile.
Take a glass of beer
if your heart tells you to.
Take, if you like, the bus to Paris.
It leaves this evening.
You'll see the sights.
But don't use up your time with mourning.
I tell you, it darkens the white of your eye
and makes you ugly.
Stories of coffins aren't very pretty.
Take back your colours,
the colours of life."
Then all the animals,
the trees and the plants
began to sing at the tops of their lungs.
It was the true and living song,
the song of summer.
And they all began to drink
and to clink their glasses.
It was a glorious evening,
a glorious summer evening,
and the two snails went back home.
They were moved,
and very happy.
They had had a lot to drink
and they staggered a little bit,
but the moon in the sky watched over them.


ഷാക് പ്രവേർ - പുതയുന്ന പൂഴി

 

reclining-woman-at-the-seashore-1920.jpg!Bloglin

ഭൂതങ്ങളും അത്ഭുതങ്ങളും
കാറ്റുകളും ഏറ്റിറക്കങ്ങളും


കടലങ്ങകലേക്കു വലിഞ്ഞുകഴിഞ്ഞു
നീയോ
തെന്നൽ താരാട്ടുന്നൊരു കടല്പായൽ പോലെ
നിദ്രയുടെ പൂഴിമണലിൽ സ്വപ്നം കണ്ടു നീയനങ്ങുന്നു


ഭൂതങ്ങളും അത്ഭുതങ്ങളും
കാറ്റുകളും ഏറ്റിറക്കങ്ങളും


കടലങ്ങകലേക്കു വലിഞ്ഞുകഴിഞ്ഞു
നിന്റെ പാതി തുറന്ന കണ്ണുകളിൽപ്പക്ഷേ
രണ്ടു കുഞ്ഞലകൾ ശേഷിക്കുന്നു


ഭൂതങ്ങളും അത്ഭുതങ്ങളും
കാറ്റുകളും ഏറ്റിറക്കങ്ങളും


രണ്ടു കുഞ്ഞലകൾ
എനിക്കു മുങ്ങിത്താഴാൻ


Quicksand

Deamons and marvels
Winds and tides

Far away already, the sea has ebbed
And you
Like seaweed slowly caressed by the wind
In the sands of the bed you stir, dreaming

Deamons and marvels
Winds and tides

Far away already, the sea has ebbed
But in your half-opened eyes
Two small waves have remained

Deamons and marvels
Winds and tides

Two small waves to drown me

ഷാക് പ്രവേർ - ഞായറാഴ്ച

Prevert (1)

ഗോബലിൻ തെരുവിലെ മരനിരകൾക്കിടയിൽ വച്ച്
ഒരു വെണ്ണക്കൽപ്രതിമ എന്റെ കൈക്കു പിടിച്ചു
ഇന്നു ഞായറാഴ്ച ഒരു സിനിമയ്ക്കും സീറ്റില്ല
ചില്ലകളിൽ പക്ഷികൾ മനുഷ്യരെ നിരീക്ഷിച്ചിരിക്കുന്നു
പ്രതിമ എന്നെ ചുംബിക്കുന്നു ആരുമതു കാണുന്നില്ല
ഞങ്ങൾക്കു നേർക്കു വിരലു ചൂണ്ടുന്ന ഒരന്ധബാലനല്ലാതെ.

ഷാക് പ്രവേർ - നിങ്ങൾ കാണുന്നതേ നിങ്ങൾ കാണൂ

prevert3


നഗ്നയായൊരു പെൺകുട്ടി കടലിൽ നീന്തുന്നു
താടി വച്ചൊരു മനുഷ്യൻ ജലത്തിനു മേൽ നടക്കുന്നു
ഏതാണത്ഭുതങ്ങളിൽ അത്ഭുതം,
സുവിശേഷമറിയിക്കുന്ന ദിവ്യാത്ഭുതം?



ഷാക് പ്രവേർ - ഒഴിവ്

quartier_libre_jacques_prevert-a593d

link to image


ഞാനെന്റെ തൊപ്പിയെടുത്തു കൂട്ടിൽ വച്ചു
കിളിയെ തലയിൽ വച്ചു ഞാൻ പുറത്തേക്കിറങ്ങി
ഓഹോ
ഇപ്പോൾ സല്യൂട്ടൊന്നും ചെയ്യാറില്ലേ
കമാൻഡിംഗ് ഓഫീസർ ചോദിച്ചു
ഇല്ല
ഇപ്പോൾ ഞാൻ സല്യൂട്ടു ചെയ്യാറില്ല
മറുപടി കിളി പറഞ്ഞു
നല്ലതു തന്നെ
മാപ്പാക്കണേ ഞാൻ കരുതി സല്യൂട്ടു ചെയ്യാറുണ്ടെന്ന്
മുഴുവനേ മാപ്പാക്കിയിരിക്കുന്നു
ഒരു തെറ്റാർക്കും പറ്റാമല്ലോ
കിളി പറഞ്ഞു


Jacques Prévert - Quartier Libre

I put my cap in the cage
and went out with the bird on my head
So
one no longer salutes
asked the commanding officer
No
one no longer salutes
replied the bird
Ah good
excuse me I thought one saluted
said the commaning officer
You are fully excused everybody makes mistakes
said the bird.

Friday, March 1, 2013

ഷാക് പ്രവേർ - പക്ഷികളെ കണക്കറ്റു സ്നേഹിച്ച വിളക്കുമാടം സൂക്ഷിപ്പുകാരൻ

F14479link to image



ആയിരക്കണക്കിനു പക്ഷികൾ വെളിച്ചങ്ങൾക്കു നേർക്കു പറക്കുന്നു
ആയിരക്കണക്കിനവ വന്നുവീഴുന്നു ആയിരക്കണക്കിനവ ചെന്നിടിക്കുന്നു
ആയിരക്കണക്കിനവയുടെ കണ്ണുകളിരുട്ടടയ്ക്കുന്നു ആയിരക്കണക്കിനവ മൂർച്ഛിച്ചു വീഴുന്നു
ആയിരക്കണക്കിനവ ചാവുന്നു

വിളക്കുമാടം സൂക്ഷിപ്പുകാരനു സഹിക്കാവുന്നതല്ല ഇങ്ങനെയൊരു സംഗതി
അത്രമേൽ സ്നേഹമാണയാൾക്കു പക്ഷികളെ
അതിനാലയാൾ പറയുന്നു നാശം! ഇനിയിതു നിർത്താം!

അയാളൊക്കെയും കെടുത്തുന്നു
അകലെ ഒരു ചരക്കുകപ്പൽ തകരുന്നു
ഉഷ്ണമേഖലയിൽ നിന്നു വരുന്നൊരു ചരക്കുകപ്പൽ
നിറയെ പക്ഷികളുമായൊരു ചരക്കുകപ്പൽ
ഉഷ്ണമേഖലയിൽ നിന്നും ആയിരക്കണക്കിനു പക്ഷികൾ
ആയിരക്കണക്കിനു മുങ്ങിച്ചത്ത പക്ഷികൾ




THE LIGHTHOUSE KEEPER LOVES BIRDS TOO MUCH
Birds in their thousands fly toward the lights
in the thousands they fall in their thousands they crash
in their thousands blinded in their thousands stunned
in their thousands they die
The lighthouse keeper can’t stand that kind of thing
he loves birds too much
so he says Dammit! That does it!
And he turns off everything
In the distance a cargo ship is wrecked
a cargo ship coming from the tropics
a cargo ship loaded with birds
thousands of birds from the tropics
thousands of drowned birds.
 
trans. Sarah Lawson
















ഷാക് പ്രവേർ - ബാർബറ

3500130796_e534c815ac22

 


ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
ഒരു മന്ദഹാസത്തോടെ നീ നടന്നുപോയി
മുഖമാകെച്ചുവന്ന് ആഹ്ളാദവതിയായി നനഞ്ഞൊലിച്ചും
ആ മഴയിൽ
ഓർമ്മയില്ലേ ബാർബറാ
ബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നു
സയാം തെരുവിൽ വച്ചു നിന്നെ ഞാൻ കണ്ടു
നീ പുഞ്ചിരിക്കുകയായിരുന്നു
ഞാനുമതുപോലെ പുഞ്ചിരിച്ചു
എനിക്കറിയാത്ത നീ
എന്നെയറിയാത്ത നീ
ഓർമ്മയില്ലേ
എന്നാലുമാ ദിവസമൊന്നോർത്തുനോക്കൂ
ഒരാൾ മഴ കൊള്ളാതെ കയറിനിൽക്കുകയായിരുന്നു
അയാൾ ഉറക്കെ നിന്റെ പേരു വിളിച്ചു
ബാർബറാ
ആ മഴയത്തു നീ അയാൾക്കടുത്തേക്കോടി
നനഞ്ഞൊലിച്ച് ആഹ്ളാദത്തോടെ മുഖമാകെച്ചുവന്നും
നീ അയാളുടെ കൈകളിലേക്കു വീണു
അതോർമ്മയില്ലേ ബാർബറാ
ഞാൻ നിന്നെ നീയെന്നു വിളിക്കുന്നതിൽ
വിരോധമരുതേ
സ്നേഹം തോന്നുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
ഒരിക്കലേ ഞാനവരെ കണ്ടിട്ടുള്ളുവെങ്കിൽക്കൂടി
തമ്മിൽ സ്നേഹിക്കുന്നവരെ നീയെന്നാണു ഞാൻ വിളിക്കുക
എനിക്കവരെ അറിയില്ലെങ്കിൽക്കൂടി
ഓർമയില്ലേ ബാർബറാ
മറക്കരുതേ
ആ മഴയെ
ആ നല്ല മഴയെ പ്രസന്നമായ മഴയെ
നിന്റെ പ്രസന്നമായ മുഖത്ത്
ആ പ്രസന്നമായ നഗരത്തിനു മേൽ
പടക്കോപ്പുകൾക്കു മേൽ
ഉഷാന്തിലെ ബോട്ടിനു മേൽ
ആ മഴയെ
ഹാ ബാർബറാ
എന്തു പൊട്ടത്തരമാണീ യുദ്ധം
പിന്നെ നിനക്കെന്തു പറ്റി
തീയും ഉരുക്കും ചോരയും പെയ്യുന്ന
ഈ ഇരുമ്പുമഴയ്ക്കടിയിൽ
നിന്നെ സ്നേഹത്തോടെ വാരിപ്പുണർന്നവൻ
അയാൾ മരിച്ചോ അയാളെ കാണാതെയായോ
ഇന്നും ജീവനോടെയുണ്ടോ അയാൾ
ഹാ ബാർബറാ
ബ്രസ്റ്റിലിന്നും തോരാതെ മഴ പെയ്യുന്നു
അന്നത്തെപ്പോലെ
പക്ഷേ അതേ മഴയല്ലതിപ്പോൾ
എല്ലാം നശിച്ചു
ഇതു വിലാപത്തിന്റെ മഴ
പേടിപ്പെടുത്തുന്ന പാഴ്മഴ
ഇതൊരു കൊടുങ്കാറ്റു പോലുമല്ല
ഇരുമ്പിന്റെ ഉരുക്കിന്റെ ചോരയുടെ
വെറും മേഘങ്ങൾ മാത്രം
നായ്ക്കളെപ്പോലെ കിടന്നുചാവുന്നവ
ബ്രസ്റ്റിനെ മുക്കുന്ന പേമാരിയിൽ
അകലേക്കൊഴുകിമറയുന്ന നായ്ക്കൾ
അകലെക്കിടന്നവയഴുകും
അകലെ ബ്രസ്റ്റിൽ നിന്നു വളരെയകലെ
യാതൊന്നും ശേഷിക്കാത്ത ബ്രസ്റ്റിൽ നിന്നകലെ

data31



ബ്രസ്റ്റ് - രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അന്തർവാഹിനിപ്പടയുടെ താവളമായിരുന്ന ഫ്രഞ്ചുനഗരം. ബോംബിംഗിൽ നിശ്ശേഷം തകർന്നു. അവശേഷിച്ചതു മൂന്നു കെട്ടിടങ്ങൾ മാത്രം.


Rappelle-toi Barbara
Il pleuvait sans cesse sur Brest ce jour-là
Et tu marchais souriante
Epanouie ravie ruisselante
Sous la pluie
Rappelle-toi Barbara
Il pleuvait sans cesse sur Brest
Et je t'ai croisée rue de Siam
Tu souriais
Et moi je souriais de même
Rappelle-toi Barbara
Toi que je ne connaissais pas
Toi qui ne me connaissais pas
Rappelle-toi
Rappelle-toi quand meme ce jour-là
N'oublie pas
Un homme sous un porche s'abritait
Et il a crié ton nom
Barbara
Et tu as couru vers lui sous la pluie
Ruisselante ravie épanouie
Et tu t'es jetée dans ses bras
Rappelle-toi cela Barbara
Et ne m'en veux pas si je te tutoie
Je dis tu à tous ceux que j'aime
Meme si je ne les ai vus qu'une seule fois
Je dis tu à tous ceux qui s'aiment
Même si je ne les connais pas
Rappelle-toi Barbara
N'oublie pas
Cette pluie sage et heureuse
Sur ton visage heureux
Sur cette ville heureuse
Cette pluie sur la mer
Sur l'arsénal
Sur le bateau d'Ouessant
Oh Barbara
Quelle connerie la guerre
Qu'es-tu devenue maintenant
Sous cette pluie de fer
De feu d'acier de sang
Et celui qui te serrait dans ses bras
Amoureusement
Est-il mort disparu ou bien encore vivant
Oh Barbara
Il pleut sans cesse sur Brest
Comme il pleuvait avant
Mais ce n'est plus pareil et tout est abimé
C'est une pluie de deuil terrible et desolée
Ce n'est même plus l'orage
De fer d'acier de sang
Tout simplement des nuages
Qui crèvent comme des chiens
Des chiens qui disparaissent
Au fil de l'eau sur Brest
Et vont pourrir au loin
Au loin très loin de Brest
Dont il ne reste rien.

 

- Barbara -

Remember Barbara
It rained incessantly on Brest that day
And you walked smiling
Flushed enraptured streaming
in the rain
Remember Barbara
It rained incessantly on Brest
And I've cross rue de Siam
You were smiling
And I smiled to Similarly
Remember Barbara
You whom I did not know
you who do not know me
Remember
Remember though day
Do not forget
A man was hiding under a porch
And he cried your name
Barbara
And you ran to him in the rain
Dripping delighted blossomed
And you threw yourself in his arms
Remember that Barbara
And do not blame me if I tu
I told you to everyone I love
Even if I did seen only once
I told you to all those who love
Even if I do not know them
Remember Barbara
Do not forget
this wise and happy rain
On your happy face
On that happy town
That rain on the sea
On arsenal
on the boat Ouessant
Oh Barbara
What bullshit war
What are you now become
Under this iron rain
Of fire steel Blood
And whoever you hugged
Lovingly
Is he dead or missing alive
Oh Barbara
It rains incessantly on Brest
As it was raining before
But this is not the same and everything is damaged
it is a rain of mourning terrible and desolate
This is not even the storm
Of iron steel blood
clouds Just
Who dying like dogs
Dogs that disappear
In the course of the water on Brest
And will rot away
in the distance far from Brest
which nothing remains.