Sunday, March 31, 2013

ബ്രഹ്ത് - പുതിയതേതും പഴയതേതിലും ഭേദം

bbpoemscover

 


എനിക്കെങ്ങനെ അറിയാമെന്നോ, സഖാവേ,
ഇന്നു പണിതൊരു വീടിനൊരുദ്ദേശ്യമുണ്ടെന്നും
അതുപയോഗത്തിലാണെന്നും?
തെരുവിന്റെ ശേഷിച്ച ഭാഗങ്ങളോടിടയുന്ന പുതുപുത്തൻ നിർമ്മിതികൾ,
എന്തിനെന്നെനിക്കറിയാത്തവ,
അത്രയ്ക്കൊരു വെളിപാടാണെനിക്കെന്നും?

എന്തെന്നാൽ ഇതെനിക്കറിയാം:
പുതിയതേതും
പഴയതേതിലും ഭേദമത്രെ.

നിങ്ങളുമിതു സമ്മതിക്കില്ലേ:
അലക്കിത്തേച്ച ഉടുപ്പെടുത്തിടുന്ന ഒരാൾ
പുതിയൊരാളാണെന്ന്?
കുളി കഴിഞ്ഞിറങ്ങിവരുന്നവൾ
പുതിയൊരുവളാണെന്ന്?
പുതുതാണ്‌
പുക നിറഞ്ഞൊരു മുറിയിൽ
രാത്രി മുഴുവൻ ദീർഘിക്കുന്ന യോഗത്തിൽ
പുതിയൊരു പ്രസംഗത്തിനു തുടക്കം കുറിക്കുന്ന
പ്രഭാഷകനും.
പുതിയതേതും
പഴയതേതിലും ഭേദമത്രെ.

അപൂർണ്ണമായ സ്ഥിതിവിവരക്കണക്കുകളിൽ,
പേജു മുറിക്കാത്ത പുസ്തകങ്ങളിൽ,
ഫാക്റ്ററിപ്പുത്തനായ മെഷീനുകളിൽ ഞാൻ കാണുന്നു
കാലത്തുണർന്നെഴുന്നേൽക്കാനുള്ള കാരണങ്ങൾ.
പുതിയൊരു ചാർട്ടിന്റെ വെളുത്ത കണ്ടത്തിൽ
പുതിയൊരു വര വരയ്ക്കുന്നയാൾ,
ഒരു പുസ്തകത്തിന്റെ പേജുകൾ മുറിക്കുന്ന സഖാക്കൾ,
മെഷീനിലേക്ക് ആദ്യമായി എണ്ണയൊഴിക്കുന്ന
പ്രസരിപ്പുള്ള മനുഷ്യർ
ഇവർ മനസ്സിലാക്കുന്നു:
പുതിയതേതും
പഴയതേതിലും ഭേദമത്രെ.

ഉപരിതലസ്പർശിയായ ഈ കോലാഹലം,
പുതുമകൾക്കായുള്ള ആവേശം,
നടന്നുനടന്നു ചെരുപ്പിന്നടി തേയ്ക്കാത്തത്,
ഒരു പുസ്തകവും വായിച്ചെത്തിക്കാത്തത്,
ചിന്തിച്ചതൊന്നും ഓർമ്മയിൽ വയ്ക്കാത്തത്,
ഇതത്രേ, ലോകത്തിനിനി പ്രതീക്ഷ വയ്ക്കാനുള്ളതും.
ഇനിയതങ്ങനെയല്ലെങ്കിൽത്തന്നെ,
പുതിയതേതും പഴയതേതിലും ഭേദമത്രെ.


No comments: