Sunday, March 24, 2013

മയക്കോവ്സ്കി - രാത്രിയിലൊരുമണി കഴിഞ്ഞിരിക്കുന്നു...



രാത്രിയില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു. നീ കിടന്നിട്ടുണ്ടാവണം.
രാത്രിയിൽ ക്ഷീരപഥം വെള്ളിയുരുക്കിയ പോലെ.
ഒരു തിടുക്കവുമെനിക്കില്ല; നിന്നെ ഞാനുണർത്തുകയില്ല,
എന്റെ കമ്പിസന്ദേശങ്ങള്‍ ഇടിമിന്നലുകളായി
നിന്റെ മേൽ വന്നു വീഴുകയുമില്ല.
ആളുകൾ പറയുമ്പോലെ, ആ കഥയ്ക്കൊരന്ത്യമായി.
ആവർത്തനവിരസമായ നിത്യജീവിതത്തിൽ തട്ടി
നമ്മുടെ പ്രണയനൌക മുങ്ങിത്താണുപോയി.
നമ്മുടെ വിഹിതങ്ങൾ തുല്യമാണിപ്പോൾ.
നാമന്യോന്യമേല്പിച്ച വേദനകൾ, യാതനകൾ, മുറിവുകൾ,
അവയുടെ പട്ടികയെടുത്തുനാം ഒത്തുനോക്കേണ്ടതുമില്ല.
ലോകമെന്തു പ്രശാന്തമാണെന്നു നോക്കൂ!
നക്ഷത്രങ്ങളുടെ വെള്ളിനാണയക്കണക്കിൽ
ആകാശത്തിനോടു രാത്രി കപ്പമെണ്ണിവാങ്ങുന്നു.
ഈദൃശമുഹൂർത്തങ്ങളിൽ നിങ്ങളുണർന്നു സംസാരിക്കുന്നു,
കാലത്തോട്, ചരിത്രത്തോട്, പ്രപഞ്ചത്തോടും.



(1930 ഏപ്രിൽ 14ന്‌ ആത്മഹത്യ ചെയ്യുമ്പോൾ മയക്കോവ്സ്കി എഴുതിവച്ച കവിത)


ചിത്രം- മയക്കോവ്സ്കിയുടെ ജഡത്തിനു മുന്നിൽ അമ്മ

No comments: