Saturday, March 30, 2013

ബ്രഹ്ത് - മേരി.എ ഓർമ്മയിൽ വരുമ്പോൾ

ft4m3nb2jk_00044




സെപ്തംബർ എന്ന നീലിച്ച മാസത്തിലൊരു നാൾ
ഒരു പ്ളം മരത്തിന്റെ നേർത്ത നിഴലിനടിയിൽ
ഞാനവളെ മാറോടണച്ചു, എന്റെ വിളർത്ത, മിണ്ടാത്ത പെണ്ണിനെ,
മറയരുതാത്തൊരു സ്വപ്നമാണവളെന്നപോലെ.
ഞങ്ങൾക്കു മേൽ, ഗ്രീഷ്മാകാശത്തിന്റെ തിളക്കത്തിൽ
എന്റെ കണ്ണുകളേറെനേരം തങ്ങിനിന്നൊരു മേഘമുണ്ടായിരുന്നു,
അതതിവെണ്മയായിരുന്നു, അതേറെ ഉയരത്തിലായിരുന്നു,
പിന്നെ ഞാൻ നോക്കുമ്പോൾ അതു മറയുകയും ചെയ്തിരുന്നു.


ആ ദിവസത്തില്പിന്നെത്ര നിശബ്ദചന്ദ്രന്മാരെ ഞാൻ കണ്ടു,
മാനത്തൊഴുകി നടക്കുന്നതായി, അകലെപ്പോയി മറയുന്നതായി.
ആ പ്ളം മരങ്ങളിന്നു വിറകിനായി വെട്ടിക്കീറിയിരിക്കണം,
ആ പ്രണയത്തെക്കുറിച്ചിന്നെന്തു തോന്നുന്നുവെന്നോടു ചോദിച്ചാല്‍,

ഞാൻ പറയും: സത്യമായിട്ടുമതെനിക്കോർമ്മ വരുന്നില്ല.
നിങ്ങള്‍ പറയാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം.
അവളുടെ മുഖമേതു പോലെയെന്നെനിക്കോർമ്മ വരുന്നില്ല,
എനിക്കറിയാം: അന്നൊരിക്കൽ ആ മുഖത്തു ഞാന്‍  ചുംബിച്ചിരുന്നു.


ആ ചുംബനമോ, അതു ഞാൻ പണ്ടേ മറന്നു കഴിഞ്ഞു,
അന്നു മാനത്തൊഴുകിനടന്ന മേഘത്തെപ്പക്ഷേ
ഇന്നും ഞാനോർക്കുന്നു, എന്നും ഞാനോർക്കുകയും ചെയ്യും.
അതതിവെണ്മയായിരുന്നു, അതൊഴുകിയതുയരത്തിലായിരുന്നു.
ആ പ്ളം മരങ്ങളിന്നും പൂവിടുന്നുവെന്നു വരാം,
ആ സ്ത്രീയുടെ ഏഴാമത്തെ കുട്ടിയതിന്റെ ചുവട്ടിലുണ്ടെന്നു വരാം;
ആ മേഘം പൂവിട്ടതെന്നാൽ ഒരു നിമിഷത്തേക്കു മാത്രമായിരുന്നു,
പിന്നെ ഞാൻ നോക്കുമ്പോൾ അതു വായുവിലലിഞ്ഞുപോയിരുന്നു.


No comments: