എന്റെ ശവസംസ്കാരം തുടങ്ങുക താഴെ നമ്മുടെ മുറ്റത്തു നിന്നാവുമോ?
എങ്ങനെയാണു നിങ്ങളെന്റെ ശവപ്പെട്ടി മൂന്നു നിലകൾ താഴേക്കിറക്കുക?
ലിഫ്റ്റിലേക്കതു കയറുകയില്ല,
കോണിപ്പടികൾ ഏറെയിടുങ്ങിയതും.
മുറ്റത്തു മുട്ടോളമുണ്ടായെന്നു വരാം വെയിലും അരിപ്രാവുകളും,
വായുവിൽ കലരുന്നുണ്ടാവാം മഞ്ഞും കുട്ടികളുടെ കൂക്കും,
തറക്കല്ലുകളിൽ മഴ തിളങ്ങുന്നുണ്ടാവാം,
കുപ്പത്തൊട്ടികൾ പതിവുപോലെ നിറഞ്ഞുകവിയുന്നുണ്ടാവാം.
ഇവിടത്തെ ആചാരമനുസരിച്ചു ശവപ്പെട്ടിയിൽ മാനം നോക്കി മലർന്നുകിടന്നാണു ഞാൻ പോകുന്നതെങ്കിൽ
ഒരു പ്രാവെന്റെ നെറ്റി മേലെന്തെങ്കിലും കൊത്തിയിട്ടുവെന്നുവരാം, എന്റെ ഭാഗ്യത്തിനായി.
ബാന്റുമേളക്കാരുണ്ടായാലുമില്ലെങ്കിലും കുട്ടികൾ അടുത്തുകൂടിയെന്നുവരാം,
കുട്ടികൾക്കിഷ്ടമാണു ശവസംസ്കാരങ്ങൾ.
അടുക്കളയുടെ ജനാല ഞാൻ പോകുന്നതുറ്റുനോക്കിയിരിക്കും,
മട്ടുപ്പാവിൽ തോരയിട്ട തുണികൾ കൈ വീശി എന്നെ യാത്രയയക്കും,
നിങ്ങൾക്കൂഹിക്കാനാവില്ല എത്ര സന്തുഷ്ടനായിരുന്നു ഞാനിവിടെയെന്ന്,
സ്നേഹിതരേ, ഞാൻ നിങ്ങൾക്കാശംസിക്കട്ടെ, ദീർഘവും സന്തുഷ്ടവുമായൊരു ജീവിതം.
1 comment:
സ്നേഹിതരേ, ഞാൻ നിങ്ങൾക്കാശംസിക്കട്ടെ, ദീർഘവും സന്തുഷ്ടവുമായൊരു ജീവിതം.
Post a Comment