Sunday, March 24, 2013

ബ്രഹ്ത് - ആത്മഹത്യയെക്കുറിച്ച് ഒരു ലിഖിതം

693px-Edouard_Manet_059

തന്നെത്താൻ കൊല്ലുകയെന്നത്
വളരെ നിസ്സാരമായ ഒരു സംഗതിയത്രെ.
നിങ്ങളുടെ വസ്ത്രം തിരുമ്പാൻ വരുന്ന സ്ത്രീയോട്
നിങ്ങൾക്കതിനെക്കുറിച്ചു തമാശ പറയാം.
അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച്
ഒരു സ്നേഹിതനുമായി ചർച്ച ചെയ്യാം.
ഒരു ദുരന്തബോധം പക്ഷേ, ഒഴിവാക്കേണ്ടതു തന്നെ,
അതിനി എത്ര ആകർഷകമായി തോന്നിയാലും.
അതൊരു വിശ്വാസപ്രമാണമാക്കണമെന്നുമില്ല.
പിന്നെ, സ്വയം വിശ്വസിപ്പിക്കാൻ നടത്തുന്ന
ചില പതിവു വാദങ്ങളുണ്ടല്ലോ:
എന്നും കിടക്കവിരി മാറ്റി തനിക്കു മടുത്തു എന്നോ,
തന്റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നുമൊക്കെ-
അതിൽ കുറച്ചുകൂടി കാര്യമുണ്ടെന്നു സമ്മതിക്കാം.
(അങ്ങനെയൊക്കെ നടക്കുമോയെന്നത്ഭുതപ്പെടുന്ന മാന്യജീവികൾ
അതിനെക്കുറിച്ചു രസം പിടിച്ചു സംസാരിച്ചുവെന്നുവരാം.)
അതെന്തുമാവട്ടെ,
തന്നെത്താൻ വിലകൂട്ടിക്കണ്ടു
എന്നൊരു ധാരണ പരക്കാതെ നോക്കുകതന്നെ വേണം.


link to image

No comments: