ഒരു പൈൻമരമെങ്ങോ തളിരിടുന്നു,
ഏതു കാട്ടിനുള്ളിലെന്നാരു കണ്ടു?
ഒരു പനിനീർച്ചെടിയെങ്ങോ വളരുന്നു,
ഏതു പൂന്തോപ്പിലെന്നാരു കണ്ടു?
പറഞ്ഞുവച്ചിരിക്കുകയാണവയെ,
-എന്റെയാത്മാവേ, ഇതോർമ്മ വയ്ക്കൂ-
നിന്റെ കുഴിമാടത്തിൽ വേരിറക്കാൻ,
അവിടെ വളർന്നു നിറഞ്ഞുനിൽക്കാൻ.
രണ്ടു കരിങ്കുതിരക്കുട്ടികളതാ,
പുൽമേട്ടിൽ മേഞ്ഞുനിൽക്കുന്നു.
ഓജസ്സോടെ ചുവടും വച്ചവ
നാട്ടിലേക്കു മടങ്ങുകയായി.
എന്തു വിളംബത്തിലായിരിക്കുമെന്നോ,
നിന്റെ ജഡവും കൊണ്ടവ നടക്കുക.
തിളങ്ങുന്ന ലാടങ്ങളുറപ്പിച്ചും കഴിഞ്ഞു
അവയുടെ കുളമ്പുകളിലെന്നും വരാം.
എഡ്വാർഡ് ഫ്രീഡ്രിച്ച് മോറിക്കെ (1804-1875) - ജർമ്മൻ കാല്പനികകവി.
No comments:
Post a Comment