Sunday, March 24, 2013

അൽഫോൺസിനാ സ്റ്റോർണി - ഇനി ഞാനുറങ്ങട്ടെ

storni


പൂമൊട്ടുകൾ പല്ലുകൾ, മുടി മൂടാൻ മഞ്ഞുതുള്ളികൾ,
ചെടിച്ചില്ലകൾ കൈകൾ, പ്രകൃതീ, എനിക്കൊത്ത ധാത്രീ,
മണ്ണടരുകൾ കൊണ്ടു വിരിപ്പുകളെനിക്കായൊരുക്കൂ,
പന്നലും പായലും കൊണ്ടു പതുപതുത്തൊരു മെത്തയും.

എന്നെക്കൊണ്ടുപോയിക്കിടത്തൂ, ഇനി ഞാനുറങ്ങട്ടെ.
എന്റെ കട്ടിൽത്തലയ്ക്കലൊരു വിളക്കു വേണം,
ഒരു നക്ഷത്രമണ്ഡലമെങ്കിലതുമെനിക്കു ഹിതം:
രണ്ടിലേതായാലും തിരിയൊന്നു താഴ്ത്തിവയ്ക്കൂ.

ഇനിപ്പോകൂ: മൊട്ടുകൾ വിടരുന്നതെനിക്കു കേൾക്കാം...
ഒരു സ്വർഗ്ഗീയപാദം മുകളിൽ നിന്നെന്നെത്താരാട്ടുന്നു,
ഒരു പറവയെനിക്കായൊരു ചിത്രം വരയ്ക്കുന്നു...

എല്ലാം ഞാൻ മറക്കട്ടെ...നന്ദി. ഹാ, ഒരപേക്ഷ കൂടി:
ഇനിയുമയാൾ ഫോൺ ചെയ്താൽ പറഞ്ഞേക്കൂ,
ഇനി ശ്രമിക്കേണ്ടെന്ന്, ഞാൻ പൊയ്ക്കഴിഞ്ഞുവെന്ന്...


അല്ഫോൺസിനാ സ്റ്റോർണി (1892-1938)-  ഇറ്റാലിയൻ, സ്വിസ് ദമ്പതികളുടെ മകളായി സ്വിറ്റ്സർലന്റിൽ ജനിച്ച സ്പാനിഷ് കവയിത്രി. നാലാം വയസ്സു മുതൽ അർജന്റീനയിൽ. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താനായി പലതരം ജോലികൾ ചെയ്തു. സഞ്ചരിക്കുന്ന ഒരു നാടകസംഘത്തിൽ നടിയായി, അദ്ധ്യാപികയായി. 1912ൽ ഒരു മകൻ ജനിച്ചു. മകനോടൊപ്പം ബ്യൂണേഴ്സ് അയഴ്സിലേക്കു താമസം മാറ്റി. 1935ൽ സ്തനാർബുദത്തിനു ശസ്ത്രക്രിയ. 1938ൽ വീണ്ടും രോഗബാധ. ആ വർഷം ഒക്റ്റോബർ 25ന്‌ കടലിൽ ചാടി ആത്മഹത്യ ചെയ്തു. ഇത് അവരുടെ അവസാനത്തെ കവിത.


No comments: