Friday, March 29, 2013

ബ്രഹ്ത് - ഒരു ജർമ്മൻ മാതാവു പാടിയത്


എന്റെ മകനേ, ഞാൻ നിനക്കു സമ്മാനം തന്നതായിരുന്നു,
ആ തിളങ്ങുന്ന ബൂട്ടുകളും തവിട്ടുകുപ്പായവും.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നെങ്കിൽ
ഞാനൊരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തേനെ.

എന്റെ മകനേ, ഹിറ്റ്ലർസല്യൂട്ടു ചെയ്യാനന്നാദ്യമായി
നീ കൈ പൊക്കുന്നതു കണ്ടപ്പോൾ
അന്നെനിക്കറിയുമായിരുന്നില്ല
ആ സല്യൂട്ടു ചെയ്ത കൈകൾ ജീർണ്ണിച്ചുവീഴുമെന്ന്.

എന്റെ മകനേ, നിന്റെ ശബ്ദം പറയുന്നതു ഞാൻ കേൾക്കുന്നു:
വീരന്മാരുടെ വർഗ്ഗത്തെക്കുറിച്ചതു പറയുന്നു.
എനിക്കറിയുമായിരുന്നില്ല, ഞാനൂഹിച്ചില്ല, ഞാൻ കണ്ടതുമില്ല,
നീ ജോലി ചെയ്യുന്നതവരുടെ പീഡനമുറികളിലെന്ന്.

എന്റെ മകനേ, ഹിറ്റ്ലറുടെ വിജയഘോഷയാത്രയിൽ
നീ മാർച്ചു ചെയ്തു പോകുന്നതു കണ്ടപ്പോൾ
എനിക്കറിയുമായിരുന്നില്ല, ഇനിയൊരിക്കലും മടങ്ങിവരില്ല,
മാർച്ചു ചെയ്തു പോകുന്നവനെന്ന്..

എന്റെ മകനേ, നീയന്നെന്നോടു പറഞ്ഞു,
സ്വന്തം കാലിൽ നിൽക്കാൻ പോവുകയാണു നമ്മുടെ നാടെന്ന്.
എനിക്കറിയുമായിരുന്നില്ല, സ്വന്തം കാലിൽ നിൽക്കാൻ പോകുന്നത്
ചാരവും ചോരക്കറ പുരണ്ട കല്ലുകളും മാത്രമാണെന്ന്.

നീ നിന്റെ തവിട്ടുകുപ്പായം ധരിക്കുന്നതു ഞാൻ കണ്ടു;
ഞാനന്നതൊച്ചയെടുത്തു വിലക്കേണ്ടതായിരുന്നു.
ഇന്നെനിക്കറിയുന്നതന്നെനിക്കറിയുമായിരുന്നില്ല പക്ഷേ:
അതു നിന്റെ ശവക്കച്ചയാണെന്ന്.


തവിട്ടുകുപ്പായക്കാർ (Brown Shirts)- നാസി പാർട്ടിയുടെ അർദ്ധസൈനികവിഭാഗം. ഹിറ്റലറുടെ ഉയർച്ചയിൽ വലിയ പങ്കു വഹിച്ചു.


No comments: