കാലം കഴിയുമ്പോൾ ആ സൂക്ഷ്മമായ വ്യത്യാസം നിങ്ങൾ പഠിക്കുന്നു,
ഒരു കരം ഗ്രഹിക്കുന്നതിനും ഒരാത്മാവിനെ തളച്ചിടുന്നതിനുമിടയിലുള്ളത്.
പിന്നെ നിങ്ങൾ പഠിക്കുന്നു, പ്രണയമെന്നാൽ ആശ്രയമാകണമെന്നില്ലെന്ന്,
സൌഹൃദമെന്നാൽ സുരക്ഷിതത്വമാകണമെന്നുമില്ലെന്നും.
പിന്നെ നിങ്ങൾ പഠിക്കുന്നു, ചുംബനങ്ങൾ ഉടമ്പടികളല്ലെന്ന്,
സമ്മാനങ്ങൾ വാഗ്ദാനങ്ങളല്ലെന്നും.
പിന്നെ നിങ്ങൾ പരാജയങ്ങൾ അംഗീകരിക്കാൻ തുടങ്ങുന്നു,
തല ഉയർത്തിപ്പിടിച്ചും കണ്ണുകൾ തുറന്നുവച്ചും,
ഒരു സ്ത്രീയുടെ മുഗ്ധതയോടെ, ഒരു കുഞ്ഞിന്റെ സങ്കടത്തോടെയല്ല.
തന്റെ പാതകൾ ഇന്നിൽത്തന്നെ പണിയാൻ നിങ്ങൾ പഠിക്കുന്നു,
നാളെയുടെ നിലം ഉറപ്പുള്ളതാണെന്നു തീർച്ചയില്ലാത്തതിനാൽ,
പറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുന്നൊരു സ്വഭാവം ഭാവികൾക്കുണ്ടെന്നതിനാൽ.
കാലം കഴിയുമ്പോൾ നിങ്ങൾ പഠിക്കുന്നു...
ഏറെക്കൊണ്ടാൽ വെയിലു പോലും പൊള്ളിക്കുമെന്ന്.
അങ്ങനെ നിങ്ങൾ സ്വന്തം തോട്ടം നട്ടുവളർത്തുന്നു, സ്വന്തമാത്മാവിനെ അലങ്കരിക്കുന്നു,
തനിക്കു പൂവുമായി വരുന്ന മറ്റൊരാളെക്കാത്തു നിങ്ങൾ നിൽക്കുന്നുമില്ല.
പിന്നെ നിങ്ങൾ പഠിക്കുന്നു, ശരിക്കും സഹനശക്തിയുണ്ട് തനിക്കെന്ന്...
ബലമുണ്ട് തനിക്കെന്ന്
തനിക്കുമൊരു വിലയുണ്ടെന്ന്...
അങ്ങനെ നിങ്ങൾ പഠിക്കുന്നു, നിങ്ങൾ പഠനം തുടരുന്നു
ഓരോ വിട പറയലിനുമൊപ്പം നിങ്ങൾ പഠിക്കുന്നു.
No comments:
Post a Comment