Wednesday, March 27, 2013

ബ്രഹ്ത് - ജനങ്ങളുടെ അപ്പം

brecht_2

 


നീതി ജനങ്ങളുടെ അപ്പമാണ്‌.
ചിലപ്പോഴതു സുഭിക്ഷം, ചിലപ്പോഴതു ദുർലഭം.
ചിലപ്പോഴതിനു നല്ല രുചി, ചിലപ്പോഴതിനു കെട്ട രുചി.
അപ്പം ദുർലഭമാവുമ്പോൾ അതു വിശപ്പിനു കാരണമാവുന്നു.
അപ്പം കെട്ടതാവുമ്പോൾ അസംതൃപ്തിക്കതു കാരണമാവുന്നു.

കെട്ട നീതി വലിച്ചെറിയൂ
സ്നേഹമില്ലാതെ ചുട്ടെടുത്തതിനെ, അറിവില്ലാതെ കുഴച്ചെടുത്തതിനെ!
പൊറ്റ പിടിച്ചു നരച്ച, നിറവും മണവും കെട്ട നീതിയെ,
ഏറെ വൈകിയെത്തുന്ന കനച്ച നീതിയെ!

അപ്പം സമൃദ്ധവും സ്വാദിഷ്ടവുമാണെങ്കിൽ
മറ്റു വിഭവങ്ങളെന്തുമായിക്കോട്ടെ.
എല്ലാമൊരുപോലൊരുപാടുണ്ടാവണമെന്ന വാശി നമുക്കില്ല.
നീതിയുടെ അപ്പത്തിൽ നിന്നു കിട്ടും
നമുക്കു വേല മുഴുമിക്കാനുള്ള ബലം,
ആ വേല പിന്നെ സമൃദ്ധിയും നൽകും.

അന്നന്നത്തെ അപ്പം പോലെ അനിവാര്യം തന്നെ
അന്നന്നത്തെ നീതിയും.
ഒരു ദിവസം പലതവണ അതു വേണമെന്നും പറയാം.

രാവിലെ മുതൽ രാത്രി വരെ,
ജോലിയിൽ, വിനോദത്തിൽ.
വിനോദമായ ജോലിയിൽ.
ദുരിതകാലത്തും നല്ല കാലത്തും
ജനങ്ങൾക്കു വേണം നീതിയുടെ നിത്യാന്നം,
സമൃദ്ധമായത്, സമ്പുഷ്ടമായത്.

ഇത്രയും പരമപ്രധാനമാണു നീതി എന്ന അപ്പമെന്നിരിക്കെ
സുഹൃത്തുക്കളേ, ആരതു ചുട്ടെടുക്കും?

മറ്റേ അപ്പം ചുട്ടെടുക്കുന്നതാര്‌?

മറ്റേ അപ്പമെന്നപോലെ
നീതി എന്ന അപ്പവും
ജനങ്ങൾ തന്നെ ചുട്ടെടുക്കണം.

സമൃദ്ധമായി, സമ്പുഷ്ടമായി, ദിനം പ്രതി.


1 comment:

Cv Thankappan said...

ജനങ്ങൾ തന്നെ ചുട്ടെടുക്കണം.
സമൃദ്ധമായി, സമ്പുഷ്ടമായി, ദിനം പ്രതി.

നല്ല വരികള്‍
ആശംസകള്‍