Friday, October 10, 2014

ചെസ്‌വാ മിവോഷ് - യൌവനം

Czeslaw_Milosz,_1986


നിന്റെ സന്തോഷരഹിതവും കഥയില്ലാത്തതുമായ യൌവനം.
ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കുള്ള നിന്റെ വരവ്.
ട്രാമുകളുടെ മങ്ങിയ ജനാലച്ചില്ലുകൾ;
ക്ഷമ കെട്ട ജനക്കൂട്ടം.
ചെലവു കൂടുതലുള്ളൊരിടത്തേക്കു കടക്കുമ്പോഴുള്ള നിന്റെ ഭീതി.
സകലതും പക്ഷേ, ചെലവു കൂടിയതായിരുന്നു. വളരെ ഉയർന്നതായിരുന്നു.
അവിടെയുള്ളവർ നിന്റെ പ്രാകൃതരീതികൾ ശ്രദ്ധിച്ചിരിക്കണം,
കാലത്തിനു ചേരാത്ത വേഷവും വൈഷമ്യവും ശ്രദ്ധിച്ചിരിക്കണം.

ആരുമുണ്ടായിരുന്നില്ല, നിനക്കൊരു താങ്ങായി പറയാൻ,

നീയൊരു സുന്ദരനാണ്‌,
നീ ശക്തനും ആരോഗ്യവാനുമാണ്‌,
നിന്റെ ദൌർഭാഗ്യങ്ങൾ വെറും സാങ്കല്പികമാണ്‌.

ഒട്ടകരോമം കൊണ്ടുള്ള ഓവർകോട്ടിട്ട ഗായകനോടു നിനക്കസൂയ തോന്നുമായിരുന്നില്ല,
അയാളുടെ പേടിയും ഏതു തരം മരണമാണ്‌ അയാളെ കാത്തിരിക്കുന്നതെന്നും
നിനക്കൂഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

അവൾ, മുടി ചെമ്പിച്ചവൾ, ആരെച്ചൊല്ലി നീ തിന്നുവോ, അവൾ,
അത്ര സുന്ദരിയായി നിനക്കു തോന്നിയവൾ,
അവൾ തീ പിടിച്ചൊരു കളിപ്പാവയായിരുന്നു.
ഒരു കോമാളിയുടെ ചുണ്ടുകൾ കൊണ്ടവൾ നിലവിളിച്ചത്
നിനക്കു മനസ്സിലായതുമില്ല.

തൊപ്പികളുടെ ആകൃതികൾ, വേഷവൈചിത്ര്യങ്ങൾ, കണ്ണാടികളിലെ മുഖങ്ങൾ,
അതൊക്കെ അവ്യക്തമായി നിനക്കോർമ്മയുണ്ടാവും,
ഏതോ പ്രാക്തനകാലത്തിലേതെന്നപോലെ,
അഥവാ, ഒരു സ്വപ്നത്തിൽ നിന്നു ശേഷിച്ച പോലെ.

വിറച്ചും കൊണ്ടു നീ സമീപിച്ച മന്ദിരം,
നിന്റെ കണ്ണു മഞ്ഞളിപ്പിച്ച ഫ്ളാറ്റുമുറി-
നോക്കൂ, ആയിടത്തിപ്പോൾ ബുൾഡോസറുകൾ കല്ലും കുമ്മായവും കോരിമാറ്റുന്നു.

തന്റെ ഊഴമെത്തുമ്പോൾ നീയും സ്വന്തമാക്കും, സമ്പാദിക്കും, കൂട്ടിവയ്ക്കും,
നിനക്കു തല ഉയർത്തി നടക്കാമെന്നുമാകും,
അപ്പോഴേക്കും പക്ഷേ, അതുകൊണ്ടു കാര്യമില്ലെന്നും വരും.

നിന്റെ അഭിലാഷങ്ങളെല്ലാം സഫലമാകും,
നീയപ്പോൾ കാലത്തെ വായ പൊളിച്ചു നോക്കിനില്ക്കും:
പുകയും മഞ്ഞും കൊണ്ടു നെയ്തെടുത്ത കാലം,
ഒരു നാളു കൊണ്ടൊടുങ്ങുന്ന ആയുസ്സുകളുടെ ചിത്രകംബളം,
മാറ്റമില്ലാത്ത കടലിനെപ്പോലതുയരുന്നു, താഴുന്നു.

വായിച്ചുകൂട്ടിയ പുസ്തകങ്ങൾ നിനക്കുപയോഗമില്ലാത്തതാവും.
നീയൊരുത്തരം തേടിനടന്നു, ഒരുത്തരമില്ലാതെ പക്ഷേ, നീ ജീവിച്ചു.

തെക്കൻ നഗരങ്ങളിലെ തെരുവുകളിലൂടെ നീ നടക്കും,
(നിന്റെ തുടക്കങ്ങളിലേക്കവ മടങ്ങിവന്നിരിക്കുന്നു)
രാത്രിയിൽ പുതുമഞ്ഞു വീണ പൂന്തോട്ടത്തിന്റെ വെണ്മ കണ്ടു നീ വീണ്ടുമാഹ്ളാദിക്കും.



 

No comments: