മരിച്ചവർ സ്വാർത്ഥികളാണ്:
അവർ നമ്മെ കരയിക്കുന്നു, അവരതു കാര്യമാക്കുന്നതുമില്ല,
ഏറ്റവും അസൌകര്യമായ സ്ഥലങ്ങളിൽ അനക്കമറ്റവരിരിക്കുന്നു,
അവർ നടക്കാൻ കൂട്ടാക്കുന്നില്ല,
കുട്ടികളെപ്പോലെ നമുക്കവരെ പൊക്കിയെടുത്ത്
കുഴിമാടങ്ങളിൽ കിടത്തേണ്ടിവരുന്നു.
എന്തൊരു സൊല്ലയാണത്!
വല്ലാതെ വെറുങ്ങലിച്ച അവരുടെ മുഖങ്ങൾ
എന്തോ പറഞ്ഞു നമ്മെ കുറ്റപ്പെടുത്തുന്നു,
അല്ലെങ്കിൽ നമ്മെ താക്കീതു ചെയ്യുന്നു;
നമ്മുടെ മനഃസാക്ഷിക്കുത്താണവർ,
നാം പിന്തുടരാൻ പാടില്ലാത്ത മാതൃകയാണവർ;
നമ്മുടെ ജീവിതങ്ങളിൽ എന്നുമെന്നും സംഭവിക്കുന്ന
ഏറ്റവും മോശമായ കാര്യമാണവർ.
മരിച്ചവരെ സംബന്ധിച്ച ഏറ്റവും മോശമായ കാര്യം
ഒരു വിധേനയും നിങ്ങൾക്കവരെ കൊല്ലാനാകില്ല എന്നതത്രെ.
അവരുടെ നിരന്തരമായ സംഹാരകർമ്മമാവട്ടെ,
അക്കാരണത്താൽ എണ്ണിയാലൊടുങ്ങാത്തതും.
ഒരു വികാരവുമില്ലാത്തവർ, അകന്നവർ,
നിർബന്ധബുദ്ധികൾ, തണുത്തവർ,
തങ്ങളുടെ ഔദ്ധത്യവും തങ്ങളുടെ മൌനവും കൊണ്ട്
എന്തൊക്കെയാണു തങ്ങൾ തകർക്കുന്നതെന്നവരറിയുന്നുമില്ല.
No comments:
Post a Comment