എന്നെ സംബന്ധിച്ചിടത്തോളം മരങ്ങളെപ്പോലെ ഇത്ര സൂക്ഷ്മദർശികളായ ഉപദേശികൾ വേറെയില്ല. കാടുകളുടെയും കാവുകളുടെയും രൂപത്തിൽ കുടുംബങ്ങളും ഗോത്രങ്ങളുമായി ജീവിക്കുന്ന അവരെ ഞാൻ ആദരിക്കുന്നു. അതിനെക്കാൾ അവരെ ഞാൻ ആദരിക്കുന്നത് അവർ ഒറ്റയ്ക്കു നില്ക്കുമ്പോഴാണ്. ഏകാകികളായ വ്യക്തികളെപ്പോലെയാണ് അപ്പോഴവർ. ഏതോ ദൌർബല്യം കാരണം ഒളിച്ചോടുന്ന സന്ന്യാസിമാരെപ്പോലെയല്ല, മഹാന്മാരായ ഏകാകികളെപ്പോലെ- ബീഥോവനെപ്പോലെ, നീത്ഷേയെപ്പോലെ. അവരുടെ മേലാപ്പിൽ ലോകത്തിന്റെ മർമ്മരം നാം കേൾക്കുന്നു, അവരുടെ വേരുകൾ അനന്തതയിലേക്കിറങ്ങിച്ചെല്ലുന്നു. സ്വന്തം പ്രാണശക്തിയെല്ലാമെടുത്ത് അവർ പൊരുതുന്നത് ഒന്നിനു വേണ്ടി മാത്രമാണ്: സ്വന്തം പ്രമാണങ്ങൾക്കു മാത്രം വിധേയരായി സ്വയം സാക്ഷാല്ക്കരിക്കുക, സ്വന്തമായൊരു രൂപം പടുത്തുയർത്തുക, തങ്ങളെത്തന്നെ പ്രതിനിധാനം ചെയ്യുക. മനോഹരമായ, ബലിഷ്ഠമായ ഒരു മരത്തെക്കാൾ മാതൃകാർഹമായി മറ്റൊന്നില്ല. ഒരു മരത്തെ വെട്ടിവീഴ്ത്തുമ്പോൾ, പ്രാണനിറ്റുന്ന മുറിവു വെയിലത്തു തുറന്നുകാട്ടി അതു കിടക്കുമ്പോൾ അതിന്റെ വാർഷികവലയങ്ങളിൽ ഒരു ചരിത്രമാകെ നമുക്കു വായിക്കാം: അതിന്റെ മുറിപ്പാടുകൾ, അതിന്റെ സമരങ്ങൾ, അതിന്റെ വേദനകൾ, ദീനങ്ങൾ, ആഹ്ളാദങ്ങൾ, ഐശ്വര്യങ്ങൾ, സങ്കോചത്തിന്റെ, സമൃദ്ധിയുടെ വർഷങ്ങൾ, ചെറുത്തുനിന്ന ആക്രമണങ്ങൾ, അതിജീവിച്ച കൊടുങ്കാറ്റുകൾ. ഏതു ചെറുപ്പക്കാരനായ പണിക്കാരനുമറിയാം, ഏറ്റവും കടുപ്പവും കുലീനത്വവുമുള്ള മരത്തിന്റെ വാർഷികവലയങ്ങൾ അടുത്തടുത്തായിരിക്കുമെന്ന്, മലകളുടെ ഉയരങ്ങളിലും എന്നും അപകടങ്ങളെ നേരിട്ടുമാണ് ഏറ്റവും കരുത്തും ഉറപ്പുമുള്ള ആദർശവൃക്ഷങ്ങൾ വളരുന്നതെന്ന്...
No comments:
Post a Comment