അത്രയധികം പുസ്തകങ്ങൾ; പുസ്തകങ്ങൾ കൊണ്ടു കനത്ത ചുമരുകൾ പടുത്ത ഒരു ക്ഷേത്രം; എങ്ങനെയെന്നറിയാതെ, എവിടെയെന്നറിയാതെ അതിനുള്ളിൽ ഞാൻ എത്തിപ്പെട്ടു; എനിക്കതിൽ ശ്വാസം മുട്ടുകയായിരുന്നു; മച്ചിനു പൊടി കൊണ്ടു നരച്ച നിറമായിരുന്നു. ഒരൊച്ചയുമില്ല; അതിമഹത്തായ ആശയങ്ങൾ ചലനം നിലച്ചു കിടക്കുകയായിരുന്നു; അവ ഉറക്കമായിരുന്നു, അല്ലെങ്കിൽ മരിച്ചുകിടക്കുകയായിരുന്നു. അത്ര ഉഷ്ണമായിരുന്നു, ആ ദാരുണമായ കൊട്ടാരത്തിനുള്ളിൽ അത്ര ഇരുട്ടായിരുന്നു.
നഖങ്ങൾ കൊണ്ടു ചുരണ്ടിച്ചുരണ്ടി വലതുവശത്തെ ചുമരിൽ ഞാനൊരു തുളയുണ്ടാക്കി; അതൊരു ജനാലയായി; അതിലൂടെ എന്റെ കണ്ണിൽ ഇരുട്ടടച്ചുകൊണ്ട് സൂര്യൻ തള്ളിക്കയറിവന്നു; എങ്കില്ക്കൂടി പുറത്തേക്കു നോക്കുന്നതിൽ നിന്ന് എന്നെത്തടയാൻ അതിനായില്ല.
അങ്ങവിടെ തെരുവായിരുന്നു; പക്ഷേ കൊട്ടാരം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഞാനിപ്പോൾ നേർക്കു നേർ നിൽക്കുന്നത് മറ്റൊരു തരം പൊടിയ്ക്കു മുന്നിലാണ്, നടപ്പാതയെ ചുറ്റി മറ്റൊരു തരം ചുമരുകൾക്കു മുന്നിലാണ്.
No comments:
Post a Comment